#പുസ്തകങ്ങളിൽ നിന്ന് മാത്രം പോരാ; നേരിട്ടും പഠിക്കണം. അതെ, ഞങ്ങൾ വ്യത്യസ്തരാണ്. ഇതൊരു അവധിയില്ലാ പള്ളിക്കൂടം
_പതിവ് ശീലങ്ങളിൽ നിന്നും വ്യത്യസ്തമായി കുട്ടികൾക്ക് യാത്രയപ്പ് ഒരുക്കി മടവൂർ ഗവൺമെൻറ് എൽ പി എസ് .പഠനം പൂർത്തിയാക്കി വിദ്യാലയത്തിൽ നിന്നും പടികളിറങ്ങുന്ന നാലാം ക്ലാസിലെ കൂട്ടുകാർക്കാണ് കെ.എസ്.ആർ.ടി.സി യുടെ ഓപ്പൺ ഡബിൾഡക്കർ ബസ്സിൽ അധ്യാപക രക്ഷകർതൃ സമിതി പഠനയാത്ര ഒരുക്കി വ്യത്യസ്തമായ ഒരു യാത്രയയപ്പ് സംഘടിപ്പിച്ചത്. തലസ്ഥാന നഗരിയുടെ വിസ്മയക്കാഴ്ചകളും വിജ്ഞാനവും ഒത്തുചേർന്നപ്പോൾ യാത്രയയപ്പിന് അനുബന്ധമായി നടന്ന ഏകദിന പഠനയാത്ര അന്വർഥമാവുകയായിരുന്നു. ജനാധിപത്യത്തിന്റെ ചരിത്ര _ വർത്തമാനങ്ങൾ വെളിവാക്കുന്ന നിയമസഭാ മ്യൂസിയം ,ശാസ്ത്ര വിസ്മയങ്ങൾ സ്പഷ്ടീ കരിക്കുന്ന പ്രിയദർശിനി പ്ലാനിറ്റോറിയം, ജൈവ വൈവിധ്യ സമ്പുഷ്ടമായ മൃഗശാല, കലാ സാംസ്കാരിക സംഗമ വേദിയായ കനകക്കുന്ന് കൊട്ടാരം, രാജഭരണത്തിന്റെ ചരിത്രം പറയുന്ന കുതിരമാളിക തുടങ്ങി തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥാപനങ്ങളും ചരിത്രസ്മാരകങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും വിദ്യാർഥികൾ സന്ദർശിച്ചു.കേരളത്തിൽ തന്നെ ആദ്യമായി പഠനയാത്രയ്ക്ക് ഓപ്പൺ ഡബിൾ ഡെക്കർ ബസ് തെരഞ്ഞെടുത്ത മടവൂർ ഗവൺമെൻറ് എൽ പി എസിലെ കുരുന്നുകളെ മധുരം നൽകിയാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർ സ്വീകരിച്ചത്. 'ബജറ്റ് ടൂറിസം' പദ്ധതിക്ക് കൈത്താങ്ങാവുംവിധം പൊതു ഗതാഗതത്തിന് പിന്തുണയേകി പഠന യാത്ര ആസൂത്രണം ചെയ്ത സ്കൂൾ അധികൃതരെ കെഎസ്ആർടിസി ജീവനക്കാർ അഭിനന്ദിച്ചു. വേനലവധിക്കിടയിലും പഠനയാത്ര ബോർഡും തൂക്കി നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ ഡബിൾ ഡെക്കർ ബസ് എത്തുമ്പോൾ ചുറ്റും കൂടി കുശലം ചോദിക്കുന്നവരോട് പ്രഥമാധ്യാപകൻ എ. ഇക്ബാൽ ഇങ്ങനെ കൂടി പ്രതികരിച്ചു. "പുസ്തകങ്ങളിൽനിന്ന് മാത്രം പോരാ; നേരിട്ടും പഠിക്കണം. അതെ,ഞങ്ങൾ വ്യത്യസ്തരാണ്....... ഇതൊരു അവധിയില്ലാ പള്ളിക്കൂടം..