പതിവായി മോഷണ മുതൽ വാങ്ങി പൊളിച്ചുവിൽക്കുന്ന ആക്രിക്കട ഉടമയും മോഷ്ടാവും ഒടുവിൽ പിടിയിലായി. കൊല്ലം ഈസ്റ്റ് പൊലീസാണ് ഇരുവരെയും കുടുക്കിയത്. അഷ്ടമുടി, കണ്ണാടിമുക്ക്, ഉത്രാടം വീട്ടിൽ ചുടലമുത്തു (20), തൃക്കരുവ, കാഞ്ഞാവെളി, തെക്കേചേരി, എം.കെ മൻസിലിൽ അബ്ദുൾ റഷീദ് (33) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.കൊല്ലം റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മോഷണം പോയിരുന്നു. തുടർന്ന് വാഹന ഉടമ പൊലീസിൽ പരാതി നൽകി.പരാതിയുടെ അടിസ്ഥാനത്തിൽ അഷ്ടമുടി സ്വദേശി ചുടലമുത്തുവിനെ ചോദ്യം ചെയ്തപ്പോഴാണ് മോഷണത്തിന്റെ ചുരുൾ അഴിഞ്ഞത്. പല സ്ഥലങ്ങളിൽ നിന്നായി മോഷ്ടിക്കുന്ന ഇരുചക്രവാഹനം ഉൾപ്പടെയുള്ള വണ്ടികൾ ആക്രിക്കടയിൽ എത്തിച്ച് രഹസ്യമായി പൊളിച്ച് വിൽക്കുകയാണ് ചെയ്യുന്നത്.