ഡീസലിന് ഉയർന്ന വില നൽകണം,കെഎസ്ആർടിസിക്ക് തിരിച്ചടി

കൊച്ചി: സാമ്പത്തികപ്രതിസന്ധിയില്‍ വലയുന്ന കെഎസ്‌ആര്‍ടിസിക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. കെഎസ്‌ആര്‍ടിസിക്ക് റീട്ടെയ്ല്‍ കമ്പനികൾക്കുള്ള നിരക്കില്‍ ഇന്ധനം നല്‍കണമെന്ന ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.എണ്ണ കമ്പനികൾ നല്‍കിയ അപ്പീലില്‍ ആണ് നപടി.

റീട്ടെയ്ല്‍ കമ്പനികൾക്ക് നല്‍കുന്ന നിരക്കില്‍ ഇന്ധനം നല്‍കാന്‍ എണ്ണവിതരണ കമ്പനികൾക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കെഎസ്‌ആര്‍ടിസി നല്‍കിയ ഹര്‍ജിയിലാണ് നേരത്തെ ഹൈക്കോടതി അനുകൂല ഉത്തരവു പുറപ്പെടുവിച്ചത്. ബള്‍ക്ക് യൂസര്‍ എന്ന പേരില്‍ ഡീസല്‍ ലിറ്ററിന് 120 രൂപയിലധികമാണ് എണ്ണ വിതരണ കമ്പനികൾ ഈടാക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് കെഎസ്‌ആര്‍ടിസി ഹര്‍ജി നല്‍കിയത്. ഇത് വിവേചനപരമാണെന്ന് കോര്‍പ്പറേഷന്‍ വാദിച്ചു.

കച്ചവട കണ്ണോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലെന്നും സാധാരണക്കാര്‍ക്ക് യാത്രാ സൗകര്യം ഉറപ്പാക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്നും കെഎസ്‌ആര്‍ടിസി ചൂണ്ടിക്കാട്ടി. കൂടാതെ നിലവില്‍ നഷ്ടത്തിലാണ് സ്ഥാപനം ഓടുന്നതെന്നും കെഎസ്‌ആര്‍ടിസി ബോധിപ്പിച്ചു. ഈ വാദം അംഗീകരിച്ച്‌ കൊണ്ടായിരുന്നു ഹൈക്കോടതി നടപടി.