പൊരിങ്ങൽകുത്ത് ചെറുകിട ജലവൈദ്യുത പദ്ധതി; ഉദ്ഘാടനം ഇന്ന്.

പൊരിങ്ങൽകുത്ത് ചെറുകിട ജലവൈദ്യുത പദ്ധതി (24 മെഗാവാട്ട്) യുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഇന്ന് (04.05.2022) ഉച്ചയ്ക്ക് 12 ന് നിർവ്വഹിക്കും. പൊരിങ്ങൽകുത്ത് ഗവ. എൽ പി സ്കൂൾ അങ്കണത്തിലാണ് ചടങ്ങ്.

തൃശ്ശൂര്‍‍‍‍ ജില്ലയിലെ‍‍ ചാലക്കുടി താലൂക്കില്‍‍ അതിരപ്പിള്ളി പഞ്ചായത്തിലാണ് പൊരിങ്ങൽകുത്ത് പദ്ധതി സ്ഥിതി ചെയ്യുന്നത്.  24 MW ശേഷിയുള്ള പദ്ധതിയിൽ നിന്ന് 45.02 ദശലക്ഷം യൂണിറ്റ് വൈദ്യുതി പ്രതിവർഷം ഉത്പാദിപ്പിക്കാനാകും.  ഏകദേശം 32 ദശലക്ഷം ഘനമീറ്റര്‍‍‍ സംഭരണശേഷിയുള്ള പൊരിങ്ങല്‍‍കുത്ത് അണക്കെട്ടിലേക്ക് പ്രതിവര്‍‍ഷം ശരാശരി 1295 ദശലക്ഷം ഘനമീറ്റര്‍‍ ജലം ഒഴുകിയെത്തുന്നുണ്ട്.  ഇതില്‍‍ സിംഹഭാഗവും മഴക്കാലത്താണ് ഒഴുകിയെത്തുന്നത് എന്നുള്ളതുകൊണ്ട് ശരാശരി 47 ശതമാനം വരുന്ന വെള്ളം മാത്രമാണ് നമുക്ക് ഉപയോഗിക്കുവാന്‍‍ കഴിയുന്നത്.  36 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള നിലവിലെ പൊരിങ്ങല്‍‍കുത്ത് ജലവൈദ്യുത നിലയത്തിനും 16 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള വിപുലീകരണപദ്ധതിയ്ക്കും ആവശ്യമായ ജലം കഴിഞ്ഞ് ഇപ്പോഴും മഴക്കാലത്ത് അധിക ജലം തുറന്നുവിടേണ്ടതായി വരുന്നു.  ഇങ്ങനെ മഴക്കാലത്ത് ഒഴുകിയെത്തുന്ന അധിക ജലം പരമാവധി ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടുകൂടിയാണ്  24 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ചെറുകിട ജലവൈദ്യുത പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
      
പൊരിങ്ങല്‍‍‍കുത്ത് റിസര്‍‍വോയറില്‍‍ സ്ഥാപിച്ചിരിക്കുന്ന ഇന്‍‍ടേക്ക്, 1158 മീറ്റര്‍‍ നീളമുള്ള ഭൂഗര്‍‍ഭതുരങ്കം, 20 മീറ്റര്‍‍ വ്യാസമുള്ള സര്‍‍ജ്, 191 മീറ്റര്‍‍ നീളമുള്ള ഇന്‍‍ക്ലയിൻഡ് പ്രഷര്‍‍ഷാഫ്റ്റ്, 625 മീറ്റര്‍‍‍ നീളമുള്ള ഹൊറിസോണ്ടല്‍‍ പ്രഷര്‍‍ഷാഫ്റ്റ്, 130 മീറ്റര്‍‍‍ നീളമുള്ള പെന്‍‍സ്റ്റോക്ക്, 24 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള വൈദ്യുത നിലയം എന്നിവയാണ്  പദ്ധതിയുടെ പ്രധാനഘടകങ്ങള്‍‍ 

വൈദ്യുതി ഉത്പാദനത്തിന് ശേഷം വെള്ളം ചാലക്കുടി പുഴയിലേക്ക് തന്നെ ഒഴുക്കിവിടുന്നു.  ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി നിലവിലുള്ള പ്രസരണ ലൈനുകള്‍‍ വഴി ചാലക്കുടി 220 കെവി സബ്‍‍‍‍സ്റ്റേഷനിലേക്ക് എത്തിച്ച് വിതരണം ചെയ്യുവാനാണ് വിഭാവനം ചെയ്തിരിക്കുന്നത്.  പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍‍ പെരിങ്ങല്‍‍‍‍കുത്ത് റിസര്‍‍വോയറിലെ അധിക ജലം ഉപയോഗിച്ച് സ്ഥാപിത ശേഷി 48 മെഗാവാട്ടായി ഉയര്‍‍ത്തുവാന്‍‍ സാധിക്കും.

ഈ സർക്കാർ അധികാരമേറ്റതിനുശേഷം വൈദ്യുതോത്പാദന രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. നാളിതുവരെ 156 മെഗാവാട്ട് ശേഷിയുള്ള ഉത്പാദന പദ്ധതികള്‍ പൂര്‍ത്തിയായി.  2 മെഗാവാട്ടിന്റെ അപ്പര്‍ കല്ലാര്‍ , 8 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ആനക്കാംപൊയിൽ , 4.5മെഗാവാട്ട് ശേഷിയുള്ള അരിപ്പാറ എന്നിവയാണ് തൊട്ടുമുമ്പ് കമ്മീഷൻ ചെയ്ത ജലവൈദ്യുത പദ്ധതികൾ. 

ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് അദ്ധ്യക്ഷനാകുന്ന ഉദ്ഘാടനചടങ്ങിൽ ബെന്നി ബഹനാൻ എം പി മുഖ്യാതിഥിയായി പങ്കെടുക്കും. കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. ബി അശോക് ഐ എ എസ് ചടങ്ങിന് സ്വാഗതം ആശംസിക്കും. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഡേവിസ് മാസ്റ്റർ, ജില്ല കളക്ടർ ഹരിത വി കുമാർ ഐ എ എസ്, കെ എസ് ഇ ബി ഡയറക്ടർമാരായ അഡ്വ. വി. മുരുഗദാസ്, സിജി ജോസ് തുടങ്ങിയവർ പങ്കെടുക്കും.