വത്തിക്കാൻ സിറ്റി: ദേവസഹായം പിള്ളയെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന ചടങ്ങിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയില്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ആദ്യ അല്‍മായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള.
ദേവസഹായം പിള്ളയോടൊപ്പം മറ്റ് ഒൻപത് വാഴ്ത്തപ്പെട്ടവരെയും മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. അഞ്ചു പേര്‍ ഇറ്റലിക്കാരാണ്. മൂന്ന് പേര്‍ ഫ്രഞ്ചുകാരും ഒരാള്‍ ഹോളണ്ടുകാരനുമാണ്. ഹോളണ്ട് സ്വദേശി ടൈറ്റസ് ബ്രാന്‍ഡ്‌സ്മ, ഫ്രഞ്ച് വൈദികന്‍ സേസര്‍ ദെ ബ്യു, ഇറ്റലി സ്വദേശികളായ വൈദികര്‍ ലൂയിജി മരിയപലാസോളോ, ജസ്റ്റിന്‍ റുസ്സൊലീലൊ, ഫ്രാന്‍സുകാരനായ സന്ന്യസ്തന്‍ ചാള്‍സ് ദെ ഫുക്കോ, ഫ്രഞ്ചുകാരിയായ മരീ റിവിയെ, ഇറ്റലിക്കാരികളായ അന്ന മരിയ റുബാത്തോ, കരോലീന സാന്തൊകനാലെ, മരിയ മന്തോവാനി എന്നിവരെയാണ് ദേവസഹായം പിള്ളയോടൊപ്പം വിശുദ്ധരായി പ്രഖ്യാപിച്ചത്.
ദേവസഹായത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ ദേശീയതല ആഘോഷം ഭൗതിക ശരീരം അടക്കം ചെയ്ത നാഗര്‍കോവില്‍ കോട്ടാര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ ജൂണ്‍ 5ന് നടക്കും