പി സി ജോർജിനെതിരെ കരിങ്കൊടി, ചീമുട്ടയേറ്; അഭിവാദ്യമർപ്പിച്ച് ബിജെപി പ്രവർത്തകർ

തിരുവനന്തപുരം:വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത പി സി ജോർജിനെതിരെ ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം എ.ആർ ക്യാമ്പിന്‌ മുന്നിലാണ്‌ ഡിവെഎഫ്‌ഐ പ്രവർത്തകരുടെ പ്രതിഷേധം. പട്ടത്ത്‌ പി സി ജോർജിന്റെ വാഹനത്തിന്‌ നേരെ ചീമുട്ടയേറ്‌ ഉണ്ടായി. കനത്ത പൊലീസ്‌ വിന്ന്യാസമാണ്‌ എ. ആർ ക്യാമ്പിന്‌ മുന്നിലുള്ളത്‌.

അതേ സമയം തിരുവനന്തപുരം വട്ടപ്പാറയില്‍ വച്ച്പി.സി.ജോര്‍ജുമായി വന്ന വാഹനവും പിന്നാലെയുള്ള പോലീസ് വാഹനവും ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു.വാഹനം തടഞ്ഞുനിര്‍ത്തി പി.സി.ജോര്‍ജിന് അഭിവാദ്യമര്‍പ്പിച്ച ശേഷമാണ് വാഹനം കടത്തിവിട്ടത്. പി.സി.ജോര്‍ജിനെ പ്രവര്‍ത്തകള്‍ ഷാളണിയിക്കുകയും ചെയ്തു.

തിരുവനന്തപുരം ഫോർട്ട്‌ പൊലീസാണ്‌ പുലർച്ചെ അഞ്ചിന്‌ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ജോർജിനെ കസ്‌റ്റഡിയിലെടുത്തത്‌. ഡിജിപി അനിൽ കാന്തിന്റെ നിർദേശപ്രകാരമാണ്‌ കേസെടുത്തത്‌. ഐപിസി 153 എ വകുപ്പു പ്രകാരമാണ്‌ കേസ്‌.