തിരുവനന്തപുരം: ഓട്ടോ, ടാക്സി, ബസ് പുതിയ നിരക്കുകൾ ഞായറാഴ്ചമുതൽ നിലവിൽവരും. ഓർഡിനറി ബസുകൾക്ക് കുറഞ്ഞ നിരക്ക് പത്തുരൂപയും ഓട്ടോറിക്ഷയ്ക്ക് 30 രൂപയും നൽകണം.
നാലുചക്ര ഓട്ടോ, ടാക്സി എന്നിവയുടെ നിരക്കുകളും ഉയരും. ഓർഡിനറി ബസ് നിരക്കിന് ആനുപാതികമായി കെ.എസ്.ആർ.ടി.സി.യുടെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകളുടെ നിരക്കുകളും ഉയരും.
ഓർഡിനറിയുടെ മിനിമം യാത്രാദൂരം 2.5 കിലോമീറ്ററായി നിലനിർത്തിയെങ്കിലും ഫാസ്റ്റിൽ കുറഞ്ഞനിരക്കിൽ അഞ്ചുകിലോമീറ്റർ സഞ്ചരിക്കാം. സൂപ്പർഫാസ്റ്റുകളുടേത് 10 കിലോമീറ്ററാണ്.
എക്സ്പ്രസ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ എയർ എക്സ്പ്രസ്, സൂപ്പർ ഡീലക്‌സ്, സെമീ സ്ലീപ്പർ, സിംഗിൾ ആക്‌സിൽ സർവീസുകൾ, മൾട്ടി ആക്‌സിൽ സർവീസുകൾ, ലോ ഫ്ളോർ എ.സി. എന്നിവയുടെ കുറഞ്ഞനിരക്ക് വർധിപ്പിച്ചിട്ടില്ല.
സൂപ്പർ എക്സ്പ്രസുകളിൽ മിനിമം നിരക്ക് മാറ്റാതെതന്നെ മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം വർധിപ്പിച്ചിട്ടുണ്ട്. നിലവിലെ 28 രൂപയ്ക്ക് 10 കിലോമീറ്ററാണ് എക്സ്പ്രസ്, സൂപ്പർ എക്സ്പ്രസ് ബസുകളിൽ സഞ്ചരിക്കാവുന്നത്. ഇനി 28 രൂപയ്ക്ക് 15 കിലോമീറ്റർ സഞ്ചരിക്കാം.
കെ.എസ്.ആർ.ടി.സി. നോൺ എ.സി ജൻറം ബസുകളുടെ കുറഞ്ഞനിരക്ക് 13 രൂപയിൽനിന്ന് 10 ആക്കി കുറച്ചു. 2.5 കിലോമീറ്ററാണ് സഞ്ചരിക്കാവുന്ന ദൂരം. ജൻറം എ.സി. ബസുകളുടെ കുറഞ്ഞനിരക്ക് 26 രൂപയായി നിലനിർത്തി. കിലോമീറ്റർ നിരക്ക് 1.87 രൂപയിൽനിന്ന് 1.75 രൂപയായി കുറച്ചു. എ.സി. ലോഫ്ലോറിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ചുകിലോമീറ്ററാണ്. വിദ്യാർഥികളുടെ നിരക്കിൽ മാറ്റമില്ല. പഴയനിരക്ക് തുടരും.