ഇത് മാറ്റത്തിലേക്കുള്ള ചുവടുവെപ്പ്; ഇന്ത്യയിലെ ആദ്യ 5ജി വിഡിയോ കോൾ ചെയ്തത് കേന്ദ്രമന്ത്രി…

ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത നെറ്റ്‍വർക്ക് സംവിധാനം ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യ 5ജി ഓഡിയോ, വിഡിയോ കോളുകൾ ചെയ്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. മദ്രാസ് ഐഐടിയാണ് നെറ്റ്‌വർക്ക് വികസിപ്പിച്ചെടുത്തത്. രാജ്യത്ത് നടക്കാനിരിക്കുന്ന വലിയ മാറ്റങ്ങളിലേക്കുള്ള ചുവടുവെപ്പാണ് ഇതെന്നാണ് വിലയിരുത്തൽ. ലോകമെമ്പാടും 5ജി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും ഉടൻ തന്നെ 5ജി ആരംഭിക്കുമെന്ന് പ്രതീക്ഷിയിലാണ്. ഇതുവരെ 5ജി സ്പെക്ട്രത്തിന്റെ ലേലം നടന്നിട്ടില്ല. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ്.ആത്മനിർഭർ പദ്ധതിയുടെ ഏറ്റവും നിർണായകമായ നീക്കങ്ങളിൽ ഒന്നാണിതെന്നും സൈബർ സുരക്ഷ ഉറപ്പാക്കാൻ തദ്ദേശീയ 4ജി, 5ജി സാങ്കേതിക വിദ്യകൾ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നെറ്റ്‌വർക്ക് ഉപയോഗിച്ച് വിഡിയോ കോൾ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ട്വിറ്ററിന്റെ ഇന്ത്യൻ ബദലായ കൂ വിലാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. സ്റ്റാർട്ടപ്പുകൾക്കും മറ്റ് വ്യവസായങ്ങൾക്കും 5ജി ഉപകരണങ്ങളും സാങ്കേതിക വിദ്യയും വികസിപ്പിക്കാൻ ആവശ്യമായ 5ജി ടെസ്റ്റ്-ബെഡ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തിരുന്നു.മദ്രാസ് ഐഐടിയിൽ നടന്ന ചടങ്ങിലാണ് ഇന്ത്യ ആദ്യമായി 5ജി കോൾ പരീക്ഷിച്ചത്. 5ജി നെറ്റ്‌വർക്കിൽ വിഡിയോ കോൾ ചെയ്യുന്ന വൈഷ്ണവിന്റെ വിഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു. ഒരേ 5ജി നെറ്റ്‌വർക്കിന് കീഴിലാണ് ഇരുവരും കാൾ ചെയ്തത്. നമ്മുടെ സ്വന്തം 4ജി, 5ജി ടെക്‌നോളജി സംവിധാനം ഇന്ത്യയിൽ വികസിപ്പിച്ചെടുത്തതും നിർമിച്ചതുമാണ്. ഇത് പുതിയൊരു മാറ്റത്തിലേക്കുള്ള തുടക്കമാണെന്നും ഈ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് നമുക്ക് ലോകം കീഴടക്കാമെന്നും മന്ത്രി പറഞ്ഞു.