സെന്റ് ജമാസ് സ്‌കൂളിലെ മുന്‍ അധ്യാപകനാണ് ശശികുമാര്‍. കഴിഞ്ഞ മൂന്നു ടേമായി സിപിഎമ്മിന്റെ മലപ്പുറം നഗരസഭയിലെ കൗണ്‍സിലറായിരുന്നു ഇയാള്‍. മാര്‍ച്ചിലാണ് ശശികുമാര്‍ സ്കൂളില്‍ നിന്ന് വിരമിച്ചത്. വിരമിച്ചതിനു ശേഷം അധ്യാപകന്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിന് പിന്നാലെയാണ് പീഡന പരാതികള്‍ ഉയര്‍ന്നുവന്നത്.
അധ്യാപകനായിരുന്ന 30 വര്‍ഷത്തിനിടെ സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം ഉയര്‍ന്നത്. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്. മലപ്പുറം വനിതാ സ്റ്റേഷനില്‍ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തതോടെയാണ് ശശികുമാര്‍ ഒളിവില്‍ പോയത്.
അറുപതോളം വിദ്യാര്‍ഥിനികള്‍ പീഡിപ്പിക്കപ്പെട്ടെന്ന് സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ പറയുന്നു. 2019ല്‍ സ്കൂള്‍ അധികൃതരോട് ചില വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ആരോപിച്ചു.
അതേ സമയം സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു അന്വേഷിക്കും.