അക്ഷയ തൃതീയ കൊണ്ടാടി കേരളവും,4000 കിലോയുടെ സ്വർണം വിറ്റെന്ന് റിപ്പോർട്ട്

കൊച്ചി:അക്ഷയ തൃതീയ ദിനമായ ഇന്നലെ സംസ്ഥാനത്ത് ഏകദേശം 4,000 കിലോയുടെ സ്വര്‍ണവില്‍പ്പന നടന്നെന്ന് റിപ്പോര്‍ട്ട്.കേരളത്തില്‍ ഏകദേശം 2000 – 2,250 കോടി രൂപയുടെ സ്വര്‍ണവ്യാപാരം നടന്നതായാണ് കണക്കുകളെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എകെജിഎസ്‌എംഎ) അറിയിച്ചു. ഇന്നലെ ഇന്ത്യയൊട്ടാകെ ഏകദേശം 15,000കോടി രൂപയുടെ സ്വര്‍ണവ്യാപാരം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ കണക്കാക്കുന്നത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്. സ്വര്‍ണവില കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കുറഞ്ഞതും വ്യാപാരികള്‍ക്ക് അനുകൂലമായി. അക്ഷയ തൃതീയയോട് അനുബന്ധിച്ചുള്ള ഓഫറുകളും വിപണിക്ക് ഉണര്‍വേകി.

2020, 2021 വര്‍ഷങ്ങളില്‍ കോവിഡ് 19നേത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ മൂലം അക്ഷയതൃതീയ വ്യാപാരം ഓണ്‍ലൈനിലാണ് നടന്നത്.