അനധികൃത മദ്യ കച്ചവടം മടവൂർ സ്വദേശി 32 കാരൻ പള്ളിക്കൽ പോലീസിന്റെ പിടിയിൽ.

പള്ളിക്കൽ: കഴിഞ്ഞ ദിവസം പള്ളിക്കൽ പോലീസ് നടത്തിയ വ്യാപക പരിശോധനയിൽ നിരവധി വിദേശ മദ്യക്കുപ്പികളുമായി മടവൂർ മാങ്കുഴി കുന്നുംപുറത്ത് വീട്ടിൽ മസൂദിന്റെ മകൻ സമീർ(32) പിടിയിലായി. കടക്കൽ, കിളിമാനൂർ തുടങ്ങിയ വിദേശമദ്യ വിൽപ്പനശാലകളിൽ നിന്ന് കുറഞ്ഞ മദ്യം വാങ്ങി 100 മുതൽ 200 രൂപ വരെ അമിത വില ഈടാക്കിയാണ് ആവശ്യക്കാർക്ക് വിറ്റഴിക്കുന്നത്. മദ്യം വീട്ടിൽ സൂക്ഷിച്ചതിന്റെ പേരിൽ മുമ്പ് എക്സൈസിന്റെ നോട്ടപ്പുള്ളി കൂടിയായിരുന്നു ഇയാൾ. അതിനാൽ പ്രതിദിനം 100 കുപ്പികൾ വരെ പല പ്രാവശ്യങ്ങളിലായി വാങ്ങികൂട്ടി ഒഴിഞ്ഞ പറമ്പിലും ആൾത്താമസമില്ലാത്ത കെട്ടിടങ്ങളിലും സൂക്ഷിച്ച് വക്കും. ആവശ്യക്കാരുമായി ചില രഹസ്യ ഇടങ്ങളിൽ വച്ച് കൂടിക്കാഴ്ച നടത്തി ഇടപാട് നടത്താറാണ് ഇയാളുടെ പതിവ്. ദൂരം കൂടുന്നതിന് അനുസരിച്ച് മദ്യത്തിന്റെ വിലയും വർദ്ധിപ്പിച്ചിരുന്നു. ഇത്തരത്തിൽ ഒരോ ദിവസവും മദ്യക്കച്ചവടം നടത്തി 5000 രൂപയോളം ലാഭം പ്രതി സമ്പാദിച്ചിരുന്നു. വിലകുറഞ്ഞ മദ്യം കഴിച്ച് പ്രദേശത്തെ നിരവധി പേർക്ക് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് തങ്കക്കല്ല് കശുവണ്ടി ഫാക്ടറിക്ക് സമീപം ഓട്ടോ റിക്ഷയിൽ വച്ച് ചില്ലറ മദ്യക്കച്ചവടം നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലാവുന്നത്. പ്രതിയെ പിടികൂടന്ന സമയം മദ്യകുപ്പികളും 7000 രൂപയും ഇയാളിൽ നിന്ന് പോലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതിയുടെ വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ കുഴിച്ചിട്ട നിലയിലും മദ്യകുപ്പികൾ പോലീസിന് ലഭിച്ചു. അബ്കാരി നീയമ പ്രകാരം കേസ് രെജിസ്റ്റർ ചെയ്ത് ഇയാളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതി മദ്യകച്ചവടം നടത്താൻ ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷ കണ്ടുകെട്ടി സർക്കാരിലേക്ക് മുതൽകൂട്ടും. ഇയാൾ കിളിമാനൂർ എക്സൈസ് റേഞ്ച് പരിധിയിലും പള്ളിക്കൽ സ്റ്റേഷൻ പരിധിയിലും നിരവധി അബ്കാരി അടിപിടി കേസുകളിലും പ്രതിയാണ്.