ഡൽഹിയിൽ മൂന്ന് നില കെട്ടിടത്തിൽ വൻ തീപിടുത്തം; 27 പേർ വെന്തുമരിച്ചു.

ന്യൂഡൽഹി: ഡൽഹിയിൽ മൂന്നുനിലക്കെട്ടിടത്തിൽ വെള്ളിയാഴ്ചയുണ്ടായ തീപ്പിടിത്തത്തിൽ 27 പേർ വെന്തുമരിച്ചു. പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്കയിൽ വൈകീട്ട് നാലേ മുക്കാലോടെയാണ് സംഭവം. ഒന്നാം നിലയിലെ സി.സി.ടി.വി. നിർമാണ യൂണിറ്റിലായിരുന്നു അഗ്നിബാധ.ഒരുസ്ത്രീ മരിച്ചെന്നാണ് ആദ്യം അഗ്നിരക്ഷാസേന അറിയിച്ചതെങ്കിലും രാത്രി പത്തിനുശേഷമാണ് കൂടുതൽപേർക്കു ജീവൻ നഷ്ടപ്പെട്ടതായുള്ള വിവരം പുറത്തുവന്നത്. മുപ്പതിലേറെ പേർക്കു പൊള്ളലേറ്റിട്ടുണ്ട് . മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത . കെട്ടിടത്തിൽ കുടുങ്ങിയ 50 പേരെ രക്ഷപ്പെടുത്തി . രാത്രിവൈകിയും രക്ഷാദൗത്യം തുടർന്നു.സംഭവത്തിൽ കെട്ടിട ഉടമയെ കസ്റ്റഡിയിലെടുത്തു . മുണ്ട്ക മെട്രോ സ്റ്റേഷനു സമീപത്താണ് മൂന്നുനിലക്കെട്ടിടം . വിവിധ കമ്പനികൾക്ക് ഓഫീസ് പ്രവർത്തിക്കാൻ വാടകയ്ക്കു നൽകാറുള്ളതാണ് ഈ കെട്ടിടമെന്ന് അധികൃതർ അറിയിച്ചു.അപകടം നടന്നയുടൻ 24 അഗ്നിരക്ഷാ വാഹനങ്ങൾ പാഞ്ഞെത്തി . എന്നാൽ , കെട്ടിടത്തിൽ തീയും പുകയും നിറഞ്ഞതിനാൽ രക്ഷാദൗത്യം നീണ്ടു . തലസ്ഥാനത്തെ കൊടും ചൂടും സ്ഥിതിഗതികൾ രൂക്ഷമാക്കി . തീ പിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല . ദുരന്തത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് , ഉപരാഷ്ട്രപതി എം . വെങ്കയ്യ നായിഡു , കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി തുടങ്ങിയവർ അനുശോചിച്ചു.