ആറ്റിങ്ങൽ • അർധരാത്രിയിൽ കെഎസ്ആർടിസി ബസിനുള്ളിൽ പരാക്രമം നടത്തിയ സംഘത്തിലെ 2 പെൺകുട്ടികളടക്കം 3 പേരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. പിടിയിലായവർ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി പൊലീസ് സംശയം പ്രകടിപ്പിച്ചു. ഇവരുടെ രക്ത സാംപിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്ന് ആറ്റിങ്ങൽ എസ് ഐ സെന്തിൽകുമാർ പറഞ്ഞു.മട്ടാഞ്ചേരി സ്വദേശി തസ്നി (24) , തൃശൂർ സ്വദേശി അശ്വതി (24), എഴുകോൺ സ്വദേശി ജിബിൻ (24 ) എന്നിവരാണ് അറസ്റ്റിലായത്. ഒപ്പം പിടിയിലായ ഒരു പെൺകുട്ടിയെ നിരപരാധിയാണന്നു കണ്ടതിനെ തുടർന്ന് വിട്ടയച്ചു.മറ്റൊരു പെൺകുട്ടി സ്റ്റേഷന് സമീപം ബസ് നിർത്തിയ ഉടൻ ഓട്ടോയിൽ കയറി കടന്നുകളഞ്ഞു. ഞായറാഴ്ച അർധരാത്രിയായിരുന്നു സംഭവം. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് നിറയെ യാത്രക്കാരുമായി വന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. കല്ലമ്പലത്തു നിന്നും 4 പെൺകുട്ടികളും ഒരു യുവാവും ബസിൽ കയറിയിരുന്നു. ഇവർ വർക്കല പോയി മടങ്ങി വരുകയാണെന്നാണ് പൊലീസിനോട് പറഞ്ഞത്.ബസിൽ കയറിയ പെൺകുട്ടികൾ യാത്രക്കാരോടും ബസ് ജീവനക്കാരോടും അപമര്യാദയായി പെരുമാറുകയും അസഭ്യം വിളിക്കുകയും ചെയ്തതായി യാത്രക്കാർ പറഞ്ഞു. തുടർന്ന് ബസ് ആറ്റിങ്ങൽ കച്ചേരി ജംക്‌ഷന് സമീപം നിർത്തിയ ശേഷം ജീവനക്കാർ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.അറസ്റ്റിലായ സംഘം സ്റ്റേഷനിലുള്ളിലും അഴിഞ്ഞാടി. സംഘം തിരുവനന്തപുരം കേന്ദ്രമാക്കി പാർട് ടൈം ജോലികൾ നോക്കുന്നവരാണെന്നാണ് പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായവരെ തിങ്കളാഴ്ച ഉച്ചയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.