സോഷ്യൽ മീഡിയകളിലെ ചതിക്കുഴികളിൽ വീണ് ജീവിതം തന്നെ പൊലിഞ്ഞുപോയവർ നിരവധിയാണ്. സാമ്പത്തികമായും, ലൈംഗികമായും മാത്രമല്ല, വൈവിധ്യമാർന്ന ലഹരിയിലേക്കും വഴിതെറ്റിച്ച് കൊണ്ടുപോകാൻ മൊബൈൽ ഫോണിന്റെ ഒരു മൂലയിൽ ചിലർ കെണിയൊരുക്കി കരുതിയിരിക്കുന്നുണ്ട് എന്നകാര്യം ഇനിയെങ്കിലും ഓർത്തിരിക്കുക.
മാനസികമായി മടുപ്പ് അനുഭവിക്കുന്നവരും, വ്യക്തിത്വ വൈകല്യമുള്ളതുമായ കൌമാരക്കാരാണ് സോഷ്യൽ മീഡിയയിലെ വേട്ടക്കാർക്കുമുന്നിൽ ഏറ്റവും കൂടുതൽ ഇരകളാകുന്നത്.
ജീവിതത്തിൽ ശൂന്യത അനുഭവിക്കുന്ന ഇവരോട്, മധുരമായി സംസാരിച്ചും, ആശ്വസിപ്പിച്ചും വീട്ടുകാരേക്കാൾ കരുതൽ നൽകുന്നു എന്ന്, വാക്കുകൾകൊണ്ട് തെറ്റിദ്ധരിപ്പിക്കാൻ അസാമാന്യ കഴിവാണ് ഇത്തരം കുറ്റവാളികൾക്ക് ഉണ്ടാകുക. പിന്നീട് ഇവരോട് അനാരോഗ്യകരമായ ബന്ധംപുലർത്തുകയും ലഹരിക്ക് അടിമപെടുത്തുകയും ലൈംഗികമായി ചൂഷണത്തിന് വിധേയമാക്കുകയും ചെയ്യും. നിങ്ങൾ കഴിഞ്ഞാൽ അവർ അടുത്ത ഇരയിലേക്ക് ഉന്നംവയ്ക്കുന്നുണ്ടാകും.
ഒരൊറ്റ ക്ളിക്കിൽ തന്നെ ലക്ഷപ്രഭുവോ കോടീശ്വരനോ ആകാൻ വെമ്പുന്നവർ മാത്രമല്ല, സാമ്പത്തിക പരാധീനതകളിൽ പെട്ട് പാടുപെടുന്ന സാധാരണക്കാരും ഉടൻ പണം ലഭിക്കുമെന്ന എന്ന പരസ്യവാചകത്തിൽ വീണ് കെണികളിൽ തലവച്ച് നരകിക്കുന്നതും അടുത്തിടെയായി കണ്ടുവരുന്നുണ്ട്. ഇത്തരം ലോൺ ആപ്പുകളിൽ വഴി പണം മാത്രമല്ല അഭിമാനവും നഷ്ടപ്പെടുന്നവർ നിരവധിയാണ്.
ഇത്തരം ദുരനുഭവങ്ങൾ ഇനിയും സംഭവിക്കാൻ ഇടവരുത്തരുത്. സൈബർ കുറ്റകൃത്യങ്ങളെകുറിച്ച് കുട്ടികളും രക്ഷിതാക്കളും ഒരുപോലെ ബോധവാന്മാരാകുക. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ 1930 എന്ന ടോൾഫ്രീ നമ്പറലേക്ക് വിളിക്കുക. കേരളാ പോലീസ് എപ്പോഴും നിങ്ങൾക്കൊപ്പമുണ്ട്.