18 സംസ്ഥാനങ്ങളിലൂടെ 50 ദിവസത്തെ യാത്ര; മകനോടൊപ്പം ഇന്ത്യചുറ്റിയ മലയാളി യുവതി

'50 ദിവസം, 18 സംസ്ഥാനങ്ങൾ,1 കേന്ദ്രഭരണ പ്രദേശം, 15000 കിലോമീറ്റർ, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നൂറിൽ പരം സ്മാരകം/സ്ഥലങ്ങൾ.' കൊച്ചിയിൽ നിന്നുള്ള ട്രാവൽ ബ്ലോഗറും ആയുർവേദ പ്രാക്ടീഷണറുമായ ഡോ. മിത്ര സതീഷ് അങ്ങനെ ആ സ്വപ്നയാത്ര പൂര്‍ത്തിയാക്കി.

യാത്ര നടത്തി മടങ്ങിയെത്തിയ സന്തോഷത്തിലാണ് മിത്ര. പതിനൊന്നു വയസ്സുള്ള മകനോടൊപ്പം കാറില്‍ ഇന്ത്യ കണ്ടുവന്ന അമ്മ എന്ന നിലയില്‍ യാത്രാ ലോകത്ത് പ്രശസ്തയാണ് മിത്ര സതീഷ്‌. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പുകളിലൂടെയും പത്രവാര്‍ത്തകളിലൂടെയും ഇന്ത്യ മുഴുവനും മിത്രയുടെ യാത്ര കണ്ടിരുന്നു.

ഏതെങ്കിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പോകുന്നതിനേക്കാൾ വഴി മാറി സഞ്ചരിക്കുമ്പോഴാകും ഇറങ്ങിത്തിരിച്ച ആ യാത്ര സമ്പൂർണ്ണമാകുന്നത്. യാത്രകളെ അങ്ങനെ വിശ്വസിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്ന വ്യക്തിയാണ് മിത്ര. തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജിലെ അദ്ധ്യാപികയാണ് മിത്ര സതീഷ്.

ഒരു അസാദി ഡ്രൈവ് എന്ന ഇൗ യാത്ര മിത്രയുടെ രണ്ടാമത്തെ ലോങ് ട്രിപ്പാണ്. ഇത്തവണ കാഴ്ചകൾ കാണുക എന്നതിലുപരി , രാജ്യത്തിന്റെ വിവിധ കോണുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്വാത്രന്ത്യ സമര സ്മാരകങ്ങൾ സന്ദർശിക്കുക എന്നതായിരുന്നു പദ്ധതി. ഇന്ത്യൻ സ്വാതന്ത്ര്യലബ്ദിയുടെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷമായ 'ആസാദി കാ അമ്യത് മഹോത്സവ'ത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ' ഒരു ആസാദി ഡ്രൈവ് ' എന്ന പേരിലാണ് മിത്ര യാത്ര തിരിച്ചത്. മിത്രയും നാരായണനും 50 ദിവസം കൊണ്ട് 15,000 കിലോമീറ്റർ പിന്നിട്ടു.

ഇരുപത്തിയഞ്ചു ദിവസം പിന്നിടുമ്പോൾ 11 സംസ്ഥാനങ്ങളിലായി 65 ഓളം സ്മാരകങ്ങൾ സന്ദർശിച്ചു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ വേലു നാച്യാരും, കുയിലിയും , കട്ടബോമ്മനും എല്ലാം ഉൾപ്പെടും സ്വാതന്ത്ര്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത പന്ത്രണ്ട്ക്കാരൻ ബാജി രൗട് മുതൽ എൺപത്തിരണ്ടുകാരൻ കുന്വർ സിംഗ് വരെ വിവിധ പ്രായത്തിലുളളവരുടെ സ്മാരകങ്ങൾ സന്ദർശിച്ചു.

ആസാമിലെ പതരിഘാട്, ഒഡിഷയിലെ ഈറം, മദ്ധ്യപ്രദേശിലെ ചരൺ പാദുക തുടങ്ങിയ സ്ഥലങ്ങളിൽ ജാലിയൻവാലാബാഗ് കൂട്ടക്കൊല പോലെ കൂട്ടക്കൊല നടന്നിരുന്നു. ആ സ്മാരകങ്ങളും സന്ദർശിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിന്റെ പ്രധാന സംഭവങ്ങൾ അരങ്ങേറിയ ചമ്പാരൻ, ചൗരി ച്ചൗര, കാകോറി മുതലായ സ്ഥലങ്ങൾ കാണാൻ പറ്റി.

അതായത്, ഒരു ദിവസം ശരാശരി 300 കിലോമീറ്റർ ദൂരം. 800- 900 കിലോമീറ്റർ പിന്നിട്ട ദിനങ്ങളും ഉണ്ടായിരുന്നു. ഓരോ ഇടങ്ങളിലെയും നാട്ടുകാരെ കാണാനും ജീവിതരീതികളെ കുറിച്ച് അറിയാനും യാത്രയില്‍ ധാരാളം സമയം ചെലവഴിച്ചു. 2019- ൽ മാത്രമാണ് ഡോക്ടര്‍ യാത്ര ചെയ്യാന്‍ ആരംഭിച്ചത് എന്ന കാര്യം കേള്‍ക്കുമ്പോഴാണ് ഈ യാത്ര ഒരു അദ്ഭുതമായി തോന്നുന്നത്.

കൊച്ചിയില്‍ നിന്നും തുടങ്ങി തിരുവനന്തപുരം - മധുരൈ - ചെന്നൈ - ഗുണ്ടൂർ - വിശാഖപട്ടണം - ഭുവനേശ്വർ - കട്ടക്ക് - റാഞ്ചി - തമാലിക് - കൊൽക്കത്ത - ഗുവാഹത്തി - ജോവായ് - സിലിഗുരി - ചമ്പാരൻ - പട്ന - ചൗരി ചൗര - വാരണാസി - ലഖ്നൗ - കാൺപൂർ - സിംഗപൂർ - ഝാൻസി - ഗ്വാളിയോർ - ആഗ്ര - നൈനിറ്റാൾ - മീററ്റ് - ഡൽഹി - ലുഡിയാന - ജലന്ദർ - അമൃത്സർ - ഹുസൈൻവാല - ഔവ - ഉദയ്പൂർ - അഹമ്മദാബാദ് - ഖേവാഡിയ - ദണ്ഡി - മുംബൈ - പൂനെ - ഗോവ - ഹുബ്ലി - ബെംഗളൂരു, തിരുപ്പൂർ എന്നിങ്ങനെ പോയി തിരിച്ചു കൊച്ചിയില്‍ എത്തിയ യാത്രയാണിത്. ഈ യാത്രയില്‍ ഏറെക്കാലമായി കാണണം എന്ന് ആഗ്രഹിച്ച മൗലിന്നങ്, കാമാഖ്യ ക്ഷേത്രം, സോനഗചി, ശേരോ കഫെ, ഖജുരാഹോ, വാരണാസി, ഓർച്ച , നൈനിതൽ, ബികാനീർ, ലഖ്നൗ, പ്രയാഗ്രാജ് തുടങ്ങിയ ഒട്ടനവധി സ്ഥലങ്ങളും സന്ദർശിച്ചു എന്നു ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

എസ് ക്രോസ് ഡീസല്‍ കാറിലായിരുന്നു യാത്ര. ഡീസലിനായി മൊത്തം 77,000 രൂപയും ടോളുകളില്‍ 11000 രൂപയും ചെലവായി. യാത്രക്കിടയില്‍ അസുഖങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉപയോഗിക്കാനായി ആയുര്‍വേദ മരുന്നുകള്‍ കൂടെ കരുതിയിരുന്നു.

കൂടാതെ, മിൽക്ക് കാർട്ടണുകൾ, കോൺഫ്ലേക്കുകൾ, കെറ്റിൽ പോലുള്ള അവശ്യവസ്തുക്കൾ മുതലായവയും ഒപ്പം കരുതിയിരുന്നു. ടൂറിസം മന്ത്രാലയത്തിന്‍റെ പിന്തുണയോടെയായിരുന്നു മിത്രയുടെ യാത്ര. മിത്രയും മകനും മാർച്ച് 5- നാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.