ഇന്നു ചെറിയ പെരുനാള്‍. എല്ലാവര്‍ക്കും മീഡിയ 16 ന്റെ ചെറിയ പെരുനാൾ ആശംസകൾ

◼️ഇന്നു ചെറിയ പെരുനാള്‍. എല്ലാവര്‍ക്കും മീഡിയ 16 ന്റെ  ചെറിയ പെരുനാൾ ആശംസകൾ

◼️കേരളത്തിനു സന്തോഷ് ട്രോഫി പെരുനാള്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നാലിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് കേരളത്തിന്റെ ചുണക്കുട്ടന്മാര്‍ പശ്ചിമ ബംഗാളിനെ തുരത്തി കിരീടത്തില്‍ മുത്തമിട്ടത്. സാധാരണ സമയത്ത് ഗോള്‍രഹിത സമനില. അധിക സമയത്ത് ഓരോ ഗോളുകളുമായി ബലാബലം. ഇതോടെയാണ് പെനാല്‍റ്റി അനിവാര്യമായത്. കേരളത്തിന്റെ സമനില ഗോള്‍ മുഹമ്മദ് സഫ്നാദാണു നേടിയത്. കേരളം ഏഴാം തവണയാണു സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കിയത്. 29 വര്‍ഷത്തിനുശേഷമാണ് കേരളത്തിനു സന്തോഷ് ട്രോഫി ലഭിച്ചത്. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഫുട്ബോള്‍ പ്രേമികളുടെ ആരവങ്ങളോടെയാണ് കേരള താരങ്ങളുടെ വിജയാഘോഷം.

◼️പി.ടി. തോമസിന്റെ നിര്യാണംമൂലം ഒഴിവുവന്ന തൃക്കാക്കര നിയോജകമണ്ഡലത്തില്‍ ഈ മാസം 31 നു വോട്ടെടുപ്പ്. ജൂണ്‍ മൂന്നിനു വോട്ടെണ്ണല്‍. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനാണ് ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് പതിനൊന്നാണ്. 12 നു സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കും.

◼️ചെറിയ പെരുന്നാള്‍ പരിഗണിച്ച് ഇന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു നിയന്ത്രിത അവധി. സംസ്ഥാനത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ച് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവധിയാണ്.

◼️ഇന്നത്തെ പരീക്ഷകള്‍ മാറ്റിവച്ചതായി ആരോഗ്യ സര്‍വകലാശാല, കണ്ണൂര്‍, എംജി, കുസാറ്റ് സര്‍വകലാശാലകളും അറിയിച്ചു.

◼️സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് മരടില്‍ പൊളിച്ച ഫ്‌ളാറ്റുകള്‍ക്കു നിര്‍മ്മാണാനുമതി നല്‍കിയവരെ കണ്ടെത്താന്‍ ഏകാംഗ കമ്മീഷനായി ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനെ സുപ്രീം കോടതി നിയമിച്ചു. നിര്‍മ്മാണത്തിന്റെ ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരാണോ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളാണോ എന്ന് കമ്മീഷന്‍ കണ്ടെത്തണം.

◼️പ്ലസ് ടു കെമിസ്ട്രി പരീക്ഷാ മൂല്യനിര്‍ണയത്തിനുള്ള ഉത്തരസൂചിക പുതുക്കാന്‍ 15 അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. മൂന്നു കോളജ് അധ്യാപകരും 12 ഹയര്‍സെക്കന്‍ഡറി അധ്യാപകരും അടങ്ങുന്ന സമിതി ഇന്നു യോഗം ചേരും. ചോദ്യകര്‍ത്താവ് തയ്യാറാക്കിയ ഉത്തരസൂചികയും സ്‌കീം ഫൈനലൈസേഷനില്‍ 12 അധ്യാപകര്‍ പുനക്രമീകരിച്ച സൂചികയും പരിശോധിക്കും. പുതിയ സൂചിക ഇന്നുതന്നെ തയ്യാറാക്കി നാളെ മുതല്‍ മൂല്യനിര്‍ണയം ആരംഭിക്കും

◼️നടിയെ പീഡിപ്പിച്ച കേസിലെ പ്രതി വിജയ് ബാബു മെയ് 19 ന് ഹാജരാകാമെന്ന് കൊച്ചി സിറ്റി പൊലീസിനെ അറിയിച്ചു. ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള യാത്രയിലായതിനാല്‍ സാവകാശം തരണമെന്നാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു പോലീസിനോട് ആവശ്യപ്പെട്ടത്. മുന്‍കൂര്‍ ജാമ്യാപേക്ഷ മെയ് 18 നാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

◼️മലപ്പുറം വേങ്ങരയിലും കൊല്ലം ശാസ്താംകോട്ടയിലും ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഹോട്ടല്‍ അടപ്പിച്ചു. വേങ്ങര ഹൈസ്‌കൂള്‍ പരിസരത്തെ മന്തി ഹൗസാണ് അടപ്പിച്ചത്. ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച എട്ടു പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. കോഴി ഇറച്ചിയില്‍ നിന്നാണ് വിഷബാധയുണ്ടായത്. ശാസ്താംകോട്ടയിലെ ഫാത്തിമ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മൂന്നു പേര്‍ക്കാണു ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

◼️സംസ്ഥാനത്ത് ഷവര്‍മ്മ നിര്‍മാണത്തില്‍ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ഇതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ കഴിയുന്ന കുട്ടികളുടെ നില ഗുരുതരമല്ല. ഈ കുട്ടികള്‍ക്ക് സൗജന്യചികിത്സ നല്‍കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

◼️ഭക്ഷ്യ വിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്തിരുന്ന രണ്ടു പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ആശുപത്രിയിലായവര്‍ ഷവര്‍മ്മ  കഴിച്ച ഐഡിയല്‍ ഫുഡ് പോയിന്റ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ണര്‍ മുല്ലോളി അനെക്സ്ഗര്‍, ഷവര്‍മ്മ തയ്യാറാക്കുന്ന നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

◼️കാസര്‍കോട് ജില്ലയിലെ കുണ്ടംകുഴിക്ക് അടുത്ത് പയസ്വിനി പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നു പേര്‍ മുങ്ങി മരിച്ചു.  മനീഷ് (16), ദീക്ഷ (30), നിധിന്‍ (40) എന്നിവരാണ് മരിച്ചത്. കര്‍ണാടക സ്വദേശികളും തോണിക്കടവില്‍ താമസക്കാരുമാണ് ഇവര്‍.

◼️വയനാട്ടില്‍ വേനല്‍ മഴയെത്തുടര്‍ന്ന് ഇടിമിന്നേലേറ്റും മരം വീണുമുണ്ടായ അപകടങ്ങളില്‍ രണ്ടു പേര്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി ചീരാല്‍ കോളിയാടി കുന്നംമ്പറ്റ കാട്ടുനായ്ക കോളനിയിലെ ബിനു സോമന്‍ (32) ആണ് മിന്നലേറ്റ് മരിച്ചത്. പനമരം കമ്പളക്കാട് കോട്ടത്തറ കരിങ്കുറ്റിയില്‍ ഹരിദാസന്റെ മകന്‍ വിഷ്ണു (26) ആണ് മരം വീണു മരിച്ചത്. അപകടത്തില്‍ അരുണ്‍ (27) എന്നയാള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.  

◼️സ്വര്‍ണ്ണ കടത്തുമായി ബന്ധമുള്ള രണ്ടു യുവാക്കളെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ച് സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട നാലംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. മലപ്പുറം തയ്യില്‍കടവ് സ്വദേശികളായ ഇല്ലിക്കല്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ (31),  പൂനാടത്തില്‍ ജയരാജന്‍ (51), കടലുണ്ടി ആണ്ടിശ്ശേരി തൊടിപുഴക്കല്‍ രതീഷ് (32), എന്നിവരെയും ഇവര്‍ക്ക് വാഹനം എത്തിച്ചു നല്‍കിയ തയ്യില്‍കടവ് ഇല്ലിക്കല്‍ മുഹമ്മദ് റൗഫിനെയുമാണ് അറസ്റ്റ് ചെയ്തത്.

◼️ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ ഭക്തന്‍ മുങ്ങി മരിച്ചതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശുദ്ധക്രിയ നടത്തി. ഇതുമൂലം ഇന്നലെ രാവിലെ 11 മണി വരെ നാലമ്പലത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചില്ല. ഞായറാഴ്ച രാത്രി ക്ഷേത്രകുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയയാളാണ് മുങ്ങി മരിച്ചത്.

◼️തിരുവനന്തപുരം പോത്തന്‍കോടിന് അടുത്ത് കൊയ്ത്തൂര്‍കോണത്ത് ഒന്‍പതു വയസുകാരന്‍ കുളത്തില്‍ വീണു മരിച്ചു. ഖബറഡി നഗറില്‍ മുഹമ്മദ് ഷായുടെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍ (9) ആണ് മരിച്ചത്.

◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനു സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ച ഇന്നു തിരുവനന്തപുരത്ത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രാഥമിക ചര്‍ച്ചകളും നടക്കും.

◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് എന്‍ഡിഎയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത്തവണ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

◼️തിരുവനന്തപുരം ശ്രീകാര്യത്ത് ഇറച്ചിക്കടയിലെ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. ശ്രീകാര്യം സ്വദേശികളായ ഷിബു, മുനീര്‍ എന്നിവര്‍ക്കു കുത്തേറ്റു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട്  രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

◼️തേഞ്ഞിപ്പലത്ത് ഡിവൈഎഫ്ഐ പേള്ളിക്കല്‍ മേഖല സെക്രട്ടറി അനിലാലിനു പോലീസിന്റെ മര്‍ദ്ദനം. മിശ്ര വിവാഹം സംബന്ധിച്ച് പരാതി നല്‍കാനെത്തിയ ആള്‍ക്കൊപ്പമാണ് അനിലാല്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. വാക്കുതര്‍ക്കത്തിനിടെയാണ് എസ് എച്ച് ഒ  ഷൈജു അനിലാലിനെ മര്‍ദ്ദിച്ചതെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. എന്നാല്‍ അനിലാല്‍ പൊലീസിനെ ആക്രമിച്ചെന്നാണ് പൊലീസിന്റെ ആരോപണം.

◼️പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം വയ്യാനം ഇട്ടിവ ചരുവിള പുത്തന്‍വീട്ടില്‍ കൃഷ്ണരാജി (21)നെയാണ് നൂറനാട് പൊലീസ് പിടികൂടിയത്.

◼️മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേസില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്.

◼️കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്നു വയനാട് സന്ദര്‍ശിക്കും. ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട യോഗത്തിലും ജനസമ്പര്‍ക്ക പരിപാടികളിലും പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധി പ്രതിനിധാനം ചെയ്തിരുന്ന അമേഠിയില്‍നിന്നുള്ള ലോക്സഭാംഗമാണ് മന്ത്രി സ്മൃതി ഇറാനി.

◼️ഇന്ന് അക്ഷയ തൃതീയ. സ്വര്‍ണം വാങ്ങുന്നതിന് ഏറ്റവും മികച്ച ദിനമായി വിശ്വസിക്കപ്പെടുന്ന ഈ ദിനത്തെ വരവേല്‍ക്കാന്‍ സംസ്ഥാനത്തെ സ്വര്‍ണ വിപണി ഒരുങ്ങികഴിഞ്ഞു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്.

◼️സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നു. അക്കൗണ്ട് ബ്ലോക്കായി എന്ന തരത്തില്‍ മെസേജ് ലഭിക്കുന്ന ഉപയോക്താക്കള്‍ ശ്രദ്ധിക്കണം. അത്തരം സന്ദേശങ്ങള്‍ വ്യാജമാണെന്ന് എസ്ബിഐ വ്യക്തമാക്കി. ഒരുതരത്തിലുള്ള വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിശദാംശങ്ങളും പങ്കിടാന്‍ പാടില്ലെന്നും ബാങ്ക് ഓര്‍മിപ്പിച്ചു.

◼️മുടങ്ങി കിടക്കുന്ന 7150 മെഗാവാട്ട് വരുന്ന താപ വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കും. ഇതില്‍ 2400 മെഗാവാട്ട് വരുന്ന താപവൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങും. ഊര്‍ജ്ജ പ്രതിസന്ധി പരിഹാരിക്കാന്‍   കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

◼️ഏപ്രില്‍ മാസത്തില്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നു. മാര്‍ച്ചില്‍ 7.60 ശതമാനം ആയിരുന്നത് ഏപ്രിലില്‍ 7.83  ശതമാനമായി ഉയര്‍ന്നു. കൂടുതല്‍ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത് ഹരിയാനയിലാണ്, 34.5 ശതമാനം. തൊട്ടുപിന്നില്‍ 28.8 ശതമാനവുമായി രാജസ്ഥാനാണ്.

◼️ശ്മശാനത്തിലെ ജാതി വിവേചനത്തിന് മൂന്നു പേരെ മധ്യപ്രദേശില്‍ അറസ്റ്റു ചെയ്തു. ഗുണ ജില്ലയില്‍ ബന്ധുവിന്റെ മൃതദേഹവുമായി എത്തിയ ദളിത് കുടുംബത്തെ ശ്മശാനത്തിലെ ഉയര്‍ന്ന തട്ടില്‍ കയറി ചടങ്ങ് നടത്തുന്നതില്‍ നിന്ന് വിലക്കി. താഴ്ന്ന ജാതിക്കാര്‍ തറ നിരപ്പില്‍ നിന്ന് മരണാനന്തര ചടങ്ങ് നടത്തിയാല്‍ മതിയെന്നും ഉയരമുള്ള തട്ട് മേല്‍ജാതിക്കാര്‍ക്ക് മാത്രം ഉളളതാണെന്നുമായിരുന്നു തടസം ഉന്നയിച്ചവരുടെ വാദം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അറസ്റ്റു ചെയ്തത്.

◼️വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ജര്‍മ്മനിയും തീരുമാനിച്ചു. ബെര്‍ലിനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി കൂടിക്കാഴ്ച നടത്തി.

◼️റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ  ഇരു രാജ്യങ്ങള്‍ക്കുമൊപ്പമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സമാധാനത്തിനൊപ്പമാണ്. യുദ്ധം ആഗോള സമാധാനത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ പര്യടനത്തില്‍ ജര്‍മ്മന്‍ ചാന്‍സിലറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

◼️ലോകമഹാ യുദ്ധകാലത്ത് ജൂതന്മാരായ 60 ലക്ഷം പേരെ കൊലപ്പെടുത്തിയ ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജൂതവംശജനെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി. റഷ്യന്‍ മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കടുത്ത പ്രതിഷേധവുമായി ഇസ്രായേല്‍. പൊറുക്കാനാവാത്ത തെറ്റാണ് റഷ്യന്‍ മന്ത്രി പറഞ്ഞതെന്നും മാപ്പു പറയണമെന്നും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

◼️ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ക്കുശേഷം രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് കീഴടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വീണ്ടും വിജയവഴിയില്‍. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. ഈ ജയത്തോടെ 10 കളികളില്‍ എട്ട് പോയന്റ് നേടിയ കൊല്‍ക്കത്ത ഏഴാം സ്ഥാനത്തേക്ക് കയറി. തുടര്‍ച്ചയായ രണ്ടാം പരാജയം വഴങ്ങിയ രാജസ്ഥാന്‍ 10 കളികളില്‍ 12 പോയന്റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു.

◼️ജിഎസ്ടി പിരിവ് സര്‍വകാല റെക്കോര്‍ഡില്‍. ഏപ്രിലില്‍ 1.68 ലക്ഷം കോടി രൂപയാണ് ചരക്കുസേവന നികുതിയായി പിരിച്ചത്. സാമ്പത്തിക രംഗത്ത് ഉണ്ടായ മുന്നേറ്റമാണ് ജിഎസ്ടിയില്‍ പ്രതിഫലിച്ചത്. മാര്‍ച്ചില്‍ 1.42 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി പിരിവ്. ഇതില്‍ 25000 കോടി രൂപയുടെ വര്‍ധനയാണ് ഏപ്രിലില്‍ ഉണ്ടായത്. കേന്ദ്ര ജിഎസ്ടി പിരിവ് മാത്രം 33,159 കോടി രൂപ വരും. സംസ്ഥാന ജിഎസ്ടി 41,793 കോടി രൂപയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

◼️ഓഹരി വിപണിയിലേക്ക് എത്താനുള്ള പദ്ധതികള്‍ ഒഴിവാക്കി ഐനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ് ലിമിറ്റഡ് (ഐജിഇഎസ്എല്‍). 740 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പ്പന ഓഫര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ഐനോക്സ് വിന്‍ഡ് അറിയിച്ചു. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) 370 കോടി രൂപയുടെ പുതിയ ഓഹരികള്‍ ഇഷ്യൂ ചെയ്യാന്‍ കമ്പനി പദ്ധതിയിട്ടിരുന്നു. കൂടാതെ ഇക്വിറ്റി സ്റ്റോക്കുകളുടെ ഓഫര്‍ ഫോര്‍ സെയ്ല്‍ (ഒഎഫ്എസ്) വഴി 370 കോടിയും സമാഹരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കാറ്റാടി ഫാം പദ്ധതികളുടെ ദീര്‍ഘകാല പ്രവര്‍ത്തനവും പരിപാലനവും സേവനങ്ങളും നല്‍കുന്ന കമ്പനിയാണ് ഐനോക്‌സ് ഗീന്‍ എനര്‍ജി സര്‍വീസസ് ലിമിറ്റഡ്.

◼️സിജു വില്‍സണിനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന വരയന്‍ എന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനം റിലീസ് ആയി. 'കായലോണ്ട് വട്ടം വരച്ചേ' എന്ന ഗാനം ആലപിച്ചിരിക്കുന്നത്  സായി ഭദ്രയാണ്. പ്രകാശ് അലക്സാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബി. കെ. ഹരിനാരായണന്റെതാണ് വരികള്‍. മെയ് 20 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. ലിയോണ ലിഷോയ്, മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹന്‍, രാജേഷ് അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്, സുന്ദര്‍ പാണ്ഡ്യന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. സിജു വില്‍സണോടൊപ്പം ബെല്‍ജിയന്‍ മലിനോയ്സ് ഇനത്തില്‍പ്പെട്ട നാസ് എന്ന നായ, ടൈഗര്‍ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

◼️അരുണ്‍ വിജയ് നായകനാകുന്ന ചിത്രമാണ് യാനൈ. ഹിറ്റ് മേക്കര്‍ ഹരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു വന്‍ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് 'യാനൈ'യിലൂടെ ഹരി.  ജൂണ്‍ 17ന് ആണ് ചിത്രം റിലീസ് ചെയ്യുക. ജി വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മലയാളിയായ ആര്യ ദയാല്‍ ചിത്രത്തിനായി പാടിയ ഗാനം വലിയ ഹിറ്റായിരുന്നു. വന്‍ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഭാര്യാസഹോദരന്‍ കൂടിയായ അരുണ്‍ വിജയ്യനെ നായകനാക്കി ഹരി സിനിമ സംവിധാനം ചെയ്യുന്നത്. പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തിലെ നായിക.

◼️2022 ഏപ്രിലില്‍ 15,085 യൂണിറ്റുകള്‍ വിറ്റഴിച്ചതായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്രഖ്യാപിച്ചു. ഒരു വര്‍ഷം മുമ്പ് ഇതേ മാസത്തെ അപേക്ഷിച്ച് 57 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 9,600 കാറുകള്‍ വിറ്റഴിച്ചു. രാജ്യത്ത് ആരംഭിച്ചതിന് ശേഷം രണ്ട് ദശലക്ഷം യൂണിറ്റ് മൊത്ത വില്‍പ്പന എന്ന നാഴികക്കല്ല് എത്തിയതായും വാഹന കമ്പനി നേരത്തെ അറിയിച്ചിരുന്നു. അടിസ്ഥാനപരമായി മാരുതി സുസുക്കി ബലേനോയുടെ റീബാഡ്ജ് ചെയ്ത പതിപ്പായ പ്രീമിയം ഹാച്ച്ബാക്ക് അതിന്റെ വില്‍പ്പനയുടെ തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

◼️കണ്ണുകള്‍ തുറന്നുപിടിച്ച് യാത്ര ചെയ്യുന്ന ഒരു നല്ല യാത്രക്കാരിയുടെ നേര്‍ക്കാഴ്ചകള്‍ ആമി ലക്ഷ്മിയുടെ നാല് ലാറ്റിനമേരിക്കന്‍ യാത്രകളെ അടയാളപ്പെടുത്തുന്നു. കൊളംബിയ, പെറു, ബൊളീവിയ, അര്‍ജന്റീന എന്നീ രാജ്യങ്ങളിലൂടെയുള്ള ലക്ഷ്മിയുടെ പര്യടനങ്ങളെ ആകര്‍ഷകമാക്കിത്തീര്‍ക്കുന്നത് നാടുകാണലിന്റെ രസകരങ്ങളായ വിശേഷങ്ങള്‍ മാത്രമല്ല, ഗ്രന്ഥകാരിയുടെ ചരിത്രപരവും സാംസ്‌കാരികവുമായ ജിജ്ഞാസയും അതിനു പിന്നിലെ വായനാപാരമ്പര്യവുമാണ്. മാര്‍കേസിന്റെ ദേശങ്ങളും മയക്കുമരുന്നു കച്ചവട കേന്ദ്രങ്ങളും മാച്ചു പിച്ചുവും ചെഗുവേരയുടെ ഓര്‍മ്മകളും ആമസോണ്‍ കാടുകളുമെല്ലാം ഈ ഗ്രന്ഥത്തിന്റെ താളുകളില്‍ നിറയുന്നു. 'ലാറ്റിനമേരിക്കന്‍ യാത്രകള്‍'. ആമി ലക്ഷ്മി. മാതൃഭൂമി ബുക്സ്. വില 180 രൂപ.

◼️ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, അകാലത്തിലുള്ള മരണം എന്നിങ്ങനെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ്  പൊണ്ണത്തടി.  സാധാരണയിലും വൈകി ആര്‍ത്തവവിരാമം സംഭവിക്കുന്ന സ്ത്രീകളില്‍ ഹൃദയസ്തംഭനത്തിനുള്ള സാധ്യതയും അമിതവണ്ണം വര്‍ധിപ്പിക്കുന്നതായി പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സാധാരണഗതിയില്‍ 45 നും 55നും ഇടയിലാണ് സ്ത്രീകളില്‍ ആര്‍ത്തവവിരാമം ആരംഭിക്കുന്നത്. ആര്‍ത്തവവിരാമത്തിനു ശേഷം സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ പോലുള്ള ഹോര്‍മോണുകള്‍ കുറയുന്നത് ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും പറയുന്നു. ഇതിനാല്‍തന്നെ അമിതവണ്ണം മൂലമുള്ള ഹൃദയസ്തംഭന സാധ്യത നേരത്തേ ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍ കൂടുതലാകുമെന്ന് കരുതിയിരുന്നതെങ്കിലും നേരെ തിരിച്ചാണ് കാര്യങ്ങളെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയയിലെ ഗവേഷകര്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടുന്നു. ഈ സ്ത്രീകളുടെ അരവണ്ണത്തിന്റെ അടിസ്ഥാനത്തിലും ഹൃദയസ്തംഭന സാധ്യത ഗവേഷകര്‍ വിലയിരുത്തി. വൈകി ആര്‍ത്തവവിരാമം സംഭവിച്ചവരില്‍ ഓരോ 15.2 സെന്റിമീറ്റര്‍(6.2 ഇഞ്ച്) വീതം അരവണ്ണം വര്‍ധിച്ചപ്പോള്‍ ഹൃദയസ്തംഭന സാധ്യത മൂന്നിരട്ടിയായി. അതേ സമയം ആര്‍ത്തവവിരാമം നേരത്തെ സംഭവിച്ചവരില്‍ അരവണ്ണത്തിലെ വര്‍ധന ഹൃദയസ്തംഭന സാധ്യതയില്‍ വലിയ സ്വാധീനമുണ്ടാക്കിയില്ല. ഹൃദയസ്തംഭന സാധ്യതയുള്ള സ്ത്രീകളെ കണ്ടെത്തി നേരത്തെയുള്ള പരിശോധനകള്‍ നടത്തുന്നതിന് പഠനത്തിലെ കണ്ടെത്തലുകള്‍ സഹായകമാകുമെന്ന് ഗവേഷണ സംഘം വിലയിരുത്തുന്നു.

*ശുഭദിനം*

ആ കുടുംബനാഥന്റെ അവസാന നിമിഷമായിരുന്നു അത്.  കുടുംബം മുഴുവനും ചുറ്റും കൂടി നില്‍ക്കുന്നു.  യാത്ര ചോദിക്കുന്നതുപോലെ കണ്ണുകള്‍ തുറന്നടഞ്ഞു. എല്ലാ മക്കളേയും അയാള്‍ മാറി മാറി നോക്കി ഒരേ ഒരു വാക്ക് ആവര്‍ത്തിച്ചു പറയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.  കാതുകൂര്‍പ്പിച്ചപ്പോള്‍ മക്കള്‍ ഒരു വാക്ക് കേട്ടു.. നാരങ്ങാ.. നാരകം... ആര്‍ക്കും ഒന്നും മനസ്സിലായില്ല.  ചിലപ്പോള്‍ നട്ടുവളര്‍ത്തിയ മധുരനാരങ്ങ രുചിച്ച് ജീവിതത്തില്‍ നിന്നും പോകാനായിരിക്കും.. ഒരു മകന്‍ ഓടിപ്പോയി ഒരു മധുരനാരങ്ങപറിച്ച് അതിന്റെ നീര് വായിലേക്ക് ഉറ്റിച്ചുകൊടുത്തു. ഏതാനും നിമിഷങ്ങള്‍.. അയാള്‍ എന്നേക്കുമായി കണ്ണടച്ചു.  അച്ഛന്‍ നട്ടുവളര്‍ത്തിയ നാരങ്ങാമരം പ്രിയതരമായ ഓര്‍മ്മയായി മുറ്റത്ത് പൂത്ത് നിന്നു.  വര്‍ഷങ്ങള്‍ കടന്നുപോയി തറവാട് വില്‍പനയ്ക്ക് വെച്ചു. ആ വീടും ഭൂമിയും മറ്റൊരാളുടെ കയ്യിലെത്തി.  അയാളവിടെ പുതിയ കെട്ടിടം പണിയാനുള്ള ജോലികളാരംഭിച്ചു.  നാരകം പിഴുതെടുത്ത് മണ്ണ്കുഴിച്ചപ്പോള്‍ വലിയൊരു പെട്ടി ലഭിച്ചു.  അതില്‍ നിറയെ സ്വര്‍ണ്ണകൂമ്പാരങ്ങള്‍.  അവസാനനിമിഷവും ആ കുടുംബനാഥന്‍ ആവര്‍ത്തിച്ചുപറഞ്ഞവാക്കിന്റെ പൊരുളതായിരുന്നു. പക്ഷേ, മക്കള്‍ അതിനെ മറ്റൊരുരീതിയിലാണ് ഗ്രഹിച്ചത്.  കാലം അത് മറ്റൊരാള്‍ക്ക് കൊടുത്തു.  അതുപോലെ തന്നെ ഈ ലോകത്തെ മുഴുവന്‍ നിധിയും ഒളിച്ചുവെച്ചിരിക്കുന്ന ഒരു വാക്കുണ്ട്. സത്യം! ഭൂമിയിലെ ഏതോ കോണില്‍ ജനിച്ച് ജീവിച്ച് മരിക്കുന്നതിനിടെ സത്യത്തിനും കുറച്ച് മൂല്യങ്ങള്‍ക്കും കാവലിരിക്കേണ്ട ജോലി കൂടി ഈശ്വരന്‍ നമ്മെ ഏല്‍പ്പിച്ചിട്ടുണ്ട്.  കൗതുകങ്ങളുടെ ഒരു കാറ്റത്തും ഈ സത്യത്തെ പറത്തിക്കളയാതിരിക്കണമെന്ന് ദൈവവും നമ്മോട് പറയുന്നുണ്ട്... അത് നമുക്കും കാതോര്‍ക്കാം -
ചെറിയ പെരുനാൾ ആശംസകളോടെ....
മീഡിയ16