◼️വരുമാനക്കമ്മി നികത്താന്‍ കേന്ദ്ര സര്‍ക്കാര്‍ 14 സംസ്ഥാനങ്ങള്‍ക്ക് 7,183.42 കോടി രൂപ അനുവദിച്ചു. കേരളത്തിന് 1,097.83 കോടി രൂപയാണു ലഭിക്കുക.
◼️കേരളം ഇസ്ലാമിക തീവ്രവാദത്തെ വളര്‍ത്തുന്ന കേന്ദ്രമായെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ദേശവിരുദ്ധ ശക്തികളെ തുടച്ചുനീക്കും. കേരളത്തിലെ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ഒരു വിഭാഗത്തിനു മാത്രമാണ് നല്‍കുന്നത്. മറ്റുള്ളവരെ അവഗണിക്കുകയാണെന്നും നദ്ദ കുറ്റപ്പെടുത്തി. കോഴിക്കോട് ബിജെപി പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ജെ.പി. നദ്ദ.
◼️വിഴിഞ്ഞം തുറമഖത്ത് ഡിസംബറില്‍ ആദ്യ കപ്പല്‍ എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തുറമുഖവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 1,050 കോടി രൂപ ദേശീയ സാഗര്‍മാല അപെക്സ് കമ്മിറ്റി അനുവദിച്ചെന്നും മന്ത്രി അറിയിച്ചു.
◼️എറണാകുളം- ജില്ലയിലെ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റിയതിനെതിരെ യുഡിഎഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കു പരാതി നല്‍കി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിറകേ, എറണാകുളം - കോഴിക്കോട് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍മാരെ പരസ്പരം മാറ്റിയിരുന്നു. 2011-ല്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തില്‍ നടപടി നേരിട്ട ഭരണാനുകൂല സംഘടന നേതാവിനെയാണ് പുതിയ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറായി എറണാകുളത്ത് നിയമിച്ചതെന്നു പരാതിയില്‍ പറയുന്നു.
◼️കെ.എസ്.ഇ.ബി ചെയര്‍മാനും ഓഫീസേഴ്സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി. കെഎസ്ഇബിയില്‍ സംഘടന പ്രവര്‍ത്തന സ്വാതന്ത്ര്യം ഊര്‍ജ വകുപ്പു സെക്രട്ടറി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ചര്‍ച്ച വിജയകരമാണെന്നും ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു. എന്നാല്‍ ഡയസ്നോണ്‍, സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമുണ്ടായിട്ടില്ല.
◼️പാലക്കാട് ആര്‍എസ്എസ് നേതാവ് സഞ്ജിത് വധക്കേസില്‍ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. ആലത്തൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ അധ്യാപകനും പോപ്പുലര്‍ ഫ്രണ്ട് ആലത്തൂര്‍ ഡിവിഷണല്‍ പ്രസിഡന്റുമായ ബാവ മാസ്റ്ററാണ് അറസ്റ്റിലായത്. സഞ്ജിതിനെ കൊല്ലാന്‍ ഗൂഢാലോചന നടന്നത് ബാവയുടെ നേതൃത്വത്തിലാണെന്നു പോലീസ് പറയുന്നു. ഇയാളെ തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നാണ് പിടികൂടിയത്. കേസില്‍ ഇനിയും എട്ടു പേരെ പിടികൂടാനുണ്ട്.
◼️പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ വധക്കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെകൂടി അറസ്റ്റു ചെയ്തു. ജില്ലാ നേതാക്കളായ സുചിത്രന്‍, ഗിരീഷ്, ജിനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന, പ്രതികള്‍ക്ക് സഹായം ചെയ്യല്‍ എന്നിവയില്‍ ഉള്‍പ്പെട്ടതിനാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
◼️ആലപ്പുഴ നൂറനാട്ടെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണത്തില്‍ പബ്ളിക് പ്രോസിക്യൂട്ടറും പ്രതി. മാവേലിക്കര ജില്ലാ കോടതിയിലെ പബ്ളിക് പ്രോസിക്യൂട്ടറായ അഡ്വ. സോളമനെയാണ് പ്രതി ചേര്‍ത്തത്. കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ ഇയാള്‍ ആക്രമണത്തിന് നിര്‍ദ്ദേശിക്കുന്ന വിഡിയോ പ്രചരിച്ചിരുന്നു. കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ സിപിഐ കൊടിമരം നാട്ടിയതാണ് സംഘര്‍ഷങ്ങള്‍ക്കു കാരണം.
◼️വന്യജീവികളില്‍നിന്നു കൃഷി സംരക്ഷിക്കാന്‍ നിര്‍മ്മിച്ച വൈദ്യുതി വേലിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ 16 ലക്ഷം രൂപയും പലിശയും ചെലവും പ്രതികള്‍ നല്‍കണമെന്ന് കോടതി വിധി. കര്‍ഷകരായ കട്ടിപ്പാറ ചമല്‍ സ്വദേശികളായ ബൈജുതോമസ്, കെ.ജെ. ജോസ്, വി.വി. ജോസഫ് എന്നിവരും കെഎസ്ഇബിയും ചേര്‍ന്ന് തുക നല്‍കണമെന്നാണ് കോഴിക്കോട് രണ്ടാം അഡീഷണല്‍ സബ്‌കോടതി വിധിച്ചത്. താമരശ്ശേരി കട്ടിപ്പാറ സ്വദേശി ശ്രീനേഷ് എന്ന 28 കാരനാണ് 2017 ഒക്ടോബറില്‍ വൈദ്യുതാഘാതമേറ്റ് മരിച്ചത്.
◼️നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. ധര്‍മജന്‍ മുഖ്യ പങ്കാളിയായ മീന്‍ വില്‍പന ശ്രംഖലയായ ധര്‍മൂസ് ഫിഷ് ഹബിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് 43 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. പരാതിക്കാരനായ കോതമംഗലം സ്വദേശി ആസിഫ് അലിയാര്‍ കോടതിയെ സമീപിച്ചു. കോടതി ഉത്തരവനുസരിച്ചാണ് ധര്‍മ്മൂസ് ഫിഷ് ഹബില്‍ പാര്‍ടണര്‍മാരായ 11 പേര്‍ക്കെതിരേ കേസെടുത്തത്.
◼️ബിവറേജസ് മദ്യശാലയില്‍നിന്ന് ജീവനക്കാര്‍ പണവും മദ്യവും മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പിറവം രാമമംഗലത്തെ മദ്യശാലയില്‍നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മൂന്നു ജീവനക്കാരെ സ്ഥലം മാറ്റിയിട്ടുണ്ട്. കേസെടുത്തിട്ടില്ല.
◼️ശാന്തന്‍പാറയില്‍ ഏലത്തോട്ടത്തില്‍ ദമ്പതിമാര്‍ മരിച്ച നിലയില്‍. പേത്തൊട്ടി സ്വദേശികളായ പാണ്ഡ്യരാജ്, ഭാര്യ ശിവരഞ്ജിനി എന്നിവരാണ് മരിച്ചത്. വീട്ടില്‍നിന്നു രണ്ടു കിലോമീറ്റര്‍ മാറിയുള്ള ഏലത്തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി ഇവരെ കാണാനില്ലായിരുന്നു.
◼️നടിയെ ആക്രമിച്ച കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ഹൈക്കോടതി. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് നീക്കിയതോടെ നടിയെ ആക്രമിച്ച കേസിന്റെയും ചുമതലയില്‍നിന്നും മാറ്റിയോ എന്നാണു ചോദ്യം. ഈ മാസം 19 നകം മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. എസ് ശ്രീജിത്തിനെ മാറ്റിയതിനെതിരെ ബൈജു കൊട്ടാരക്കര നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
◼️ലക്കിടിയില്‍ ബൈക്ക് യാത്രികനായ ഇരുപതുകാരന്റെ മരണത്തിനിടയാക്കി നിര്‍ത്താതെ പോയ പാഴ്‌സല്‍ ലോറി വൈത്തിരി പൊലീസ് പിടിച്ചെടുത്തു. സിസിടിവി ക്യാമറകളുടെ സഹായത്തോടെ മലപ്പുറം തിരൂരില്‍നിന്നാണ് ലോറി കണ്ടെത്തിയത്. കര്‍ണാടക രജിസ്ട്രേഷനുള്ള പാര്‍സല്‍ ലോറിയുടെ ഡ്രൈവര്‍ മൈസൂരു സ്വദേശി ശശികുമാറിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
◼️തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരിയായ അധ്യാപിക കാറിടിച്ചു മരിച്ചു. പള്ളിച്ചല്‍ പെരിങ്ങോട് തിരുഹൃദയ ഭവനില്‍ ബിജുകുമാറിന്റെ ഭാര്യ ഡി. ഗീതയാണു മരിച്ചത്. പേയാട് സെന്റ് സേവ്യേഴ്സ് സ്‌കൂളിലെ അധ്യാപികയാണ്.
◼️ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷ പദവിയിലേക്ക് ക്രൈസ്തവ സമുദായത്തെ പരിഗണിക്കണമെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റമഞ്ചിയോസ് ഇഞ്ചനാനിയല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയോട് ആവശ്യപ്പെട്ടു. കോഴിക്കോട് നടത്തിയ കൂടിക്കാഴ്ചയിലാണ് സംഭവം. കസ്തൂരിരംഗന്‍ വിജ്ഞാപനത്തിലെ ആശങ്കകളും കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. കേന്ദ്രമന്ത്രി വി മുരളീധരനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
◼️ഒന്നര കിലോ കഞ്ചാവുമായി കാര്‍ യാത്രക്കാരനായ യുവാവ് മലപ്പുറം മുണ്ടേരിയില്‍ അറസ്റ്റിലായി. പൊഴുതന അച്ചൂര്‍ ഇടിയംവയല്‍ ഇല്ലിയന്‍ വീട്ടില്‍ മുഹമ്മദ് റാഫി (24) ആണ് പിടിയിലായത്.
◼️സിനിമാ തിയറ്ററില്‍ കെജിഎഫ് കാണാനെത്തിയവര്‍ തമ്മില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കവും ഏറ്റുമുട്ടലും. പരിക്കേറ്റ പാറത്തോട് സ്വദേശി പറപ്പള്ളില്‍ സുമേഷ് (31)ന്റെ പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം കുളത്തുരാത്ത് മൂന്നു പേരെ അറസ്റ്റു ചെയ്തു. അമല്‍, മഞ്ഞപ്പാറ പ്ലാത്തോട്ടത്തില്‍ ബിബിന്‍, നെടുങ്കണ്ടം കുളമ്പേല്‍ സച്ചിന്‍ എന്നിവരെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റുചെയ്തത്.
◼️മദ്യലഹരിയില്‍ പിന്നാക്ക സമുദായാംഗമായ യുവാവിനെ മര്‍ദിച്ച കേസില്‍ ചേമ്പളം സ്വദേശികളായ മൂന്ന് പേര്‍ അറസ്റ്റില്‍. ചേമ്പളം മുള്ളുകാലായില്‍ ഷാരോണ്‍ (30), ചേമ്പളം മഠത്തില്‍വീട്ടില്‍ ദിപിന്‍ (31), വട്ടപ്പാറ പുളിമൂട്ടില്‍ വീട്ടില്‍ സോനു (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചേമ്പളം മരുതുങ്കല്‍ ലിനോ ബാബു (30) വിന്റെ പരാതിയിലാണ് അറസ്റ്റ്.
◼️ഇടുക്കിയില്‍ റവന്യൂ വകുപ്പു സ്റ്റോപ് മെമ്മോ നല്‍കിയിട്ടും സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം തുടരുന്നു. ഇടുക്കിയില്‍ എംഎം മണി എംഎല്‍എയുടെ നാടായ ഇരുപതേക്കറിലെ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയത്.
◼️ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ വിവാഹത്തില്‍ നടന്‍ മമ്മൂട്ടിയും വ്യവസായി എം.എ. യൂസഫലിയും അടക്കമുള്ള പ്രമുഖര്‍. മമ്മൂട്ടിക്കൊപ്പം നിര്‍മാതാവ് ആന്റോ ജോസഫും വിവാഹത്തില്‍ പങ്കെടുത്തു. ദില്‍നയാണ് ഹരികൃഷ്ണന്റെ വധു. കോഴിക്കോട്ടെ ഹോട്ടലിലായിരുന്നു വിവാഹം.
പൂര വിളമ്പരത്തിന് ആനയ്ക്കു വിലക്ക്, പകരം ഡമ്മിയാനയെ ഇറക്കി പൂരം വിളംബരം നടത്തിയ തൃശൂര്‍ കോര്‍പ്പറേഷനെ പരിഹസിച്ച് പ്രതിപക്ഷം. ഇതാദ്യമായി തൃശൂര്‍ കോര്‍പറേഷന്‍ നടത്തിയ പൂരം വിളംബര പരിപാടിയിലാണ് ഒറിജിനല്‍ ആനയ്ക്കു പകരം ഡമ്മി ആനയെ ഇറക്കി മേയറും കൂട്ടരും ഒരുദിവസം നീണ്ട പൂരവിളംബരം കളറാക്കിയത്. ചൊവ്വാഴ്ചയാണു തൃശൂര്‍ പൂരം. നാളെ സാമ്പിള്‍ വെടിക്കെട്ട്.
ലൗ ജിഹാദ് വിവാദത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കേരള സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ന്യൂനപക്ഷ മോര്‍ച്ച നല്‍കിയ പരാതിയിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നടപടി.
◼️കേരളത്തിന്റെ സന്തോഷ് ട്രോഫി താരങ്ങള്‍ക്ക് സമ്മാനമായി പ്രഖ്യാപിച്ചിരുന്ന ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടുമായ ഡോ. ഷംഷീര്‍ വയലില്‍ സമ്മാനിച്ച ചെക്ക് കൈമാറല്‍ ചടങ്ങ് മൂന്നു തലമുറയില്‍പ്പെട്ട താരങ്ങളുടെ അപൂര്‍വ സംഗമവേദിയായി. ഒന്നിച്ചു ഫോട്ടോയെടുക്കുകയും ചെയ്തു.
◼️വണ്ടിപ്പെരിയാര്‍ സത്രം സന്ദര്‍ശിച്ചു മടങ്ങിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികളെ സാമൂഹിക വിരുദ്ധര്‍ ആക്രമിച്ചു. സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം നാലു പേര്‍ക്കെതിരെ വണ്ടിപ്പെരിയാര്‍ പോലീസ് കേസെടുത്തു. ഏലപ്പാറയില്‍നിന്നും സത്രം കാണെനെത്തിയ സംഘത്തിനാണ് മര്‍ദ്ദനമേറ്റത്. ഇവരുടെ വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്തു.
◼️പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടനാട് വെസ്റ്റ് വെട്ടിപ്പുഴയില്‍ സതീശന്റെ മകന്‍ അനന്തു (22)ആണ് അറസ്റ്റിലായത്. തിരുവല്ലയിലെ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം ഫോണ്‍ നമ്പര്‍ വാങ്ങി. പരീക്ഷക്ക് സ്‌കൂളില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ് ബൈക്കില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു കേസ്.
◼️പഞ്ചാബ് പൊലീസ് ഡല്‍ഹിയില്‍നിന്നു കസ്റ്റഡിയിലെടത്ത ബിജെപി നേതാവ് തജീന്ദര്‍ പല്‍ സിങ് ബഗ്ഗയെ ഡല്‍ഹി പൊലീസും ഹരിയാന പോലീസും ചേര്‍ന്ന് മോചിപ്പിച്ചു. പോലീസ് സംഘങ്ങള്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടുന്ന അവസ്ഥയായിരുന്നു. വിദ്വേഷം, മതവൈരം എന്നിവയുണ്ടാക്കിയതിനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തിയതിനുമാണ് ബഗ്ഗയെ പഞ്ചാബ് പോലീസിന്റെ പത്തംഗ സംഘം പിടികൂടിയത്. ബഗ്ഗയുടെ പിതാവ് പരാതിപ്പെട്ടതോടെ ഡല്‍ഹി പോലീസ് രംഗത്തിറങ്ങി. അപ്പോഴേക്കും പഞ്ചാബ് പോലീസ് ഡല്‍ഹി അതിര്‍ത്തി കടന്ന് ഹരിയാനയിലെ കുരുക്ഷേത്രയില്‍ എത്തിയിരുന്നു. ഹരിയാന പോലീസിനെക്കൊണ്ട് ഡല്‍ഹി പോലീസ് പഞ്ചാബ് പോലീസ് സംഘത്തെ തടഞ്ഞുവയ്പിച്ചു. വൈകാതെ ഡല്‍ഹി പോലീസ് സംഘം എത്തി ബിജെപിക്കാരനായ ബഗ്ഗയെ മോചിപ്പിക്കുകയായിരുന്നു.
◼️ഡല്‍ഹിയിലെ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ 3,500 പേരെ കരിമ്പട്ടികയില്‍ പെടുത്തിയ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. നോട്ടീസ് നല്‍കാതെ എങ്ങനെ കരിമ്പട്ടികയില്‍ പെടത്തുമെന്നു കോടതി ചോദിച്ചു. ടൂറിസ്റ്റു വിസയിലെത്തി തബ്ലീഗ് പ്രവര്‍ത്തനങ്ങള്‍ നടത്തിയതു നിയമവിരുദ്ധമാണെന്ന് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി. കേസ് ബുധനാഴ്ചത്തേക്കു മാറ്റി.
◼️തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കുമെന്നും രാഹുല്‍ പറഞ്ഞു. വാറങ്കലില്‍ കര്‍ഷകരുമായുള്ള കൂടിക്കാഴ്ചയിലാണ് രാഹുല്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.
◼️മുംബൈയിലെ നൈറ്റ് ക്ലബില്‍ ബ്രിട്ടീഷ് എംബസി ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റു ചെയ്തു. ബാന്ദ്രയിലെ ഒരു നൈറ്റ് ക്ലബിലാണ് സംഭവം. ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം എത്തിയ 44 കാരി ശുചിമുറിയിലേക്കു പോയപ്പോള്‍ പിന്തുടന്ന് ഉപദ്രവിക്കുകയായിരുന്നു. പ്രതി ഖന്‍ശ്യാം ലാല്‍ ചന്ദ് യാദവ് എന്ന മുപ്പത്തഞ്ചുകാരനെ ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
◼️ജമ്മു കശ്മീരിലെ അനന്തനാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അഫ്റഫ് മൌലവി ഉള്‍പ്പെടെ മൂന്നു ഭീകരരെയാണ് വധിച്ചത്.
◼️മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി മൗലികാവകാശമല്ലെന്ന് അലഹബാദ് ഹൈക്കോടതി. പള്ളികളില്‍ ഉച്ചഭാഷണി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.
◼️ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ. പ്രതിപക്ഷ സമരത്തെ നേരിടാന്‍ പ്രസിഡന്റ് ഗോട്ടബയ രജപക്സെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും രാജിവക്കില്ലെന്ന് പ്രധാനമന്ത്രിയും പ്രസിഡന്റിന്റെ സഹോദരനുമായ മഹിന്ദ രജപക്സെ ആവര്‍ത്തിച്ചു.
◼️ഐപിഎല്ലില്‍ ആവേശം അവസാന പന്ത് വരെ നീണ്ട് നിന്ന മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അഞ്ച് റണ്‍സിന്റെ നാടകീയ ജയം സ്വന്തമാക്കി പട്ടികയിലെ അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സ്. മുബൈ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ഡാനിയല്‍ സാംസ് എറിഞ്ഞ അവസാന ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രമായിരുന്നു ഗുജറാത്തിന് വേണ്ടിയിരുന്നത്. എന്നാല്‍ വെറും 3 റണ്‍സ് മാത്രമാണ് സാംസ് വഴങ്ങിയത്.
◼️ചൈനയില്‍ സെപ്റ്റംബറില്‍ നടത്താനിരുന്ന ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചു. കൊവിഡ് വ്യാപനംമൂലമാണ് ഗെയിംസ് മാറ്റിയത്. പുതിയ തീയതി പിന്നീടേ തീരുമാനിക്കൂ.
◼️2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ എഫ്എംസിജി കമ്പനിയായ ഡാബര്‍ ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 21.98 ശതമാനം ഇടിഞ്ഞ് 294.34 കോടി രൂപയായി. 2021 ജനുവരി-മാര്‍ച്ച് പാദത്തില്‍ 377.29 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. വിറ്റുവരവിന്റെ കാര്യത്തില്‍ ഡാബര്‍ ഇപ്പോള്‍ 10,000 കോടി രൂപയുടെ കമ്പനിയാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഡാബറിന്റെ വരുമാനം 10,888.68 കോടി രൂപയിലെത്തി. അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 7.74 ശതമാനം ഉയര്‍ന്ന് 2,517.81 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തില്‍ ഇത് 2,336.79 കോടി രൂപയായിരുന്നു.
◼️ഐഡിബിഐ ബാങ്കിന്റെ നികുതിയ്ക്കുശേഷമുള്ള ലാഭം നാലാംപാദത്തില്‍ 35 ശതമാനം വര്‍ധിച്ച് 691 കോടി രൂപയായി. കുറഞ്ഞ പ്രൊവിഷനിങ്ങും, ആസ്തിയിലുണ്ടായ പുരോഗതിയും, കടത്തിന്റെ മികച്ച തിരിച്ചുപിടിക്കലുമാണ് ഇതിന് സഹായിച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ബാങ്കിന്റെ നികുതിയ്ക്കു ശേഷമുള്ള ലാഭം 512 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തിലെ നികുതിയ്ക്കുശേഷമുള്ള ലാഭം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 1,359 കോടി രൂപയില്‍ നിന്നും 79 ശതമാനം ഉയര്‍ന്ന് 2,439 കോടി രൂപയായി. ബാങ്കിന്റെ അറ്റ പലിശ വരുമാനം നാലാംപാദത്തില്‍ 25 ശതമാനം ഇടിഞ്ഞ് 2,420 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3,240 കോടി രൂപയായിരുന്നു അറ്റ പലിശ വരുമാനം.
◼️വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'കാതുവാക്കുള രണ്ടു കാതല്‍' ചിത്രത്തിന്റെ ഗാനം റിലീസ ചെയ്തു. വിഘ്നേഷ് ശിവന്‍ ആണ് സംവിധാനം. വിജയ് സേതുപതിയും സാമന്ത, നയന്‍താരയും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരേസമയം ഖദീജ, കണ്‍മണി എന്നീ രണ്ട് യുവതികളോട് പ്രണയം തോന്നുന്ന റാംബോയെയും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം പറയുന്നത്. ഏപ്രില്‍ 28ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
◼️അനൂപ് മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'പദ്മ'. 'പദ്മ'യിലെ 'പവിഴ മന്ദാര' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. അനൂപ് മേനോന്റെ തന്നെ വരികള്‍ക്ക് നിനോയ് വര്‍ഗീസ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തില്‍ നായകന്‍. സുരഭി ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒട്ടേറെ പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
◼️2022 ഏപ്രിലില്‍ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മൊത്തം 3,61,027 യൂണിറ്റ് ഇരുചക്രവാഹനങ്ങള്‍ വിറ്റതായി റിപ്പോര്‍ട്ട്. കമ്പനിയുടെ ആഭ്യന്തര വില്‍പ്പന, പ്രത്യേകിച്ച്, ഒരു വര്‍ഷം കൊണ്ട് 33 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഏപ്രിലിലെ 2,40,101 യൂണിറ്റില്‍ നിന്ന് 2022 ഏപ്രിലില്‍ 3,18,732 യൂണിറ്റുകള്‍ ആയാണ് വര്‍ദ്ധിച്ചത്. കയറ്റുമതിയെ സംബന്ധിച്ചിടത്തോളം, ഈ എണ്ണം 42,295 യൂണിറ്റായിരുന്നു, ഇത് കഴിഞ്ഞ വര്‍ഷത്തെ കയറ്റുമതി 42,945 യൂണിറ്റിന് സമാനമാണ്.
◼️ഗാഢമായ വായന, മനനം, നിരീക്ഷണം, കാണാവുന്നതും കേള്‍ക്കാവുന്നതുമായ കലകളെ ഉള്‍ക്കൊണ്ട് താരതമ്യപഠനം തുടങ്ങി സകലകലാവല്ലഭത്വത്തിന്റെ സമ്പൂര്‍ണ്ണനിദര്‍ശനങ്ങള്‍ ഈ പുസ്തകത്തിന്റെ അലങ്കാരവും ആകര്‍ഷണീയതയുമാകുന്നു. നാട്യകല: സിദ്ധാന്തവും പ്രയോഗവും, നാട്യകല: അഭിനയപാഠം എന്നീ 'നാട്യകല' പരമ്പരയുടെ തുടര്‍ച്ചയായ ഈ കൃതി നൃത്തപഠനത്തിന്റെ പരിശീലനപാഠങ്ങളാണ്. നൃത്തകല അഭ്യസിക്കുന്നവര്‍ക്കും അഭ്യസിപ്പിക്കുന്നവര്‍ക്കും അനിവാര്യമായ പുസ്തകം. 'നാട്യകല: താളം, നട്ടുവം'. പി.ജി. ജനാര്‍ദ്ദനന്‍. മാതൃഭൂമി. വില 152 രൂപ.
◼️ചെറിയ ഫ്രീക്വന്‍സിയുള്ള വൈദ്യുതിയേക്കാള്‍ വലിയ ഫ്രീക്വന്‍സിയുള്ള തരംഗങ്ങളാണ് വേദന നിയന്ത്രിക്കാന്‍ ഫലപ്രദമെന്ന് കണ്ടെത്തിയിരിക്കുകയാണ് കാലിഫോര്‍ണിയ സര്‍വകലാശാല സാന്‍ ഡിയാഗോ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍. തരംഗങ്ങള്‍ കടത്തി വിടുമ്പോള്‍ വേദന കുറയുന്ന തോന്നല്‍ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്ത രീതിയിലാണ് അനുഭവപ്പെടുന്നതെന്നും ഗവേഷകര്‍ പറയുന്നു. 2004നും 2020നും ഇടയില്‍ സ്പൈനല്‍ കോര്‍ഡ് സ്റ്റിമുലേഷന്‍(എസ് സി എസ്) ചികിത്സ ലഭിച്ച 237 രോഗികളെയാണ് ഗവേഷകര്‍ പരിശോധിച്ചത്. ഇതില്‍ 94 രോഗികള്‍ക്ക്(40 സ്ത്രീകളും 54 പുരുഷന്മാരും) ഹൈ ഫ്രീക്വന്‍സി എസ് സി എസ് ലഭിച്ചപ്പോള്‍ 70 സ്ത്രീകളും 73 പുരുഷന്മാരും ഉള്‍പ്പെടെ 143 പേര്‍ക്ക് ലോ ഫ്രീക്വന്‍സി എസ് സി എസാണ് ലഭിച്ചത്. ചികിത്സയ്ക്കായി ഇലക്ട്രോഡുകള്‍ വച്ച് മൂന്നും ആറും മാസങ്ങള്‍ക്ക് ശേഷം ഗവേഷകര്‍ രോഗികളുടെ വേദന കുറയുന്നതിന്റെ തോത് (പെര്‍സീവ്ഡ് പെയ്ന്‍ റിഡക്ഷന്‍-പിപിആര്‍) അളന്നു. ഉയര്‍ന്ന ഫ്രീക്വന്‍സിയിലുള്ള തരംഗങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് കൂടുതല്‍ പിപിആര്‍ നല്‍കിയതെന്ന് ഇതിലൂടെ കണ്ടെത്തുകയായിരുന്നു. വേദന സംഹാരികള്‍ കുറച്ച് ഉപയോഗിക്കേണ്ടി വന്നതും ഉയര്‍ന്ന ഫ്രീക്വന്‍സി ഉപയോഗിച്ചവരിലാണെന്ന് ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാരിലാണ് ഹൈ ഫ്രീക്വന്‍സി തരംഗങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സ വഴി വേദന കുറഞ്ഞതായ തോന്നല്‍ കൂടുതലായി ഉണ്ടായതെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
*ശുഭദിനം*
ആ കൂട്ടുകാര്‍ ചേര്‍ന്ന് കടല്‍ത്തീരത്ത് മണലുകൊണ്ട് വീടുകളുണ്ടാക്കി. ഇതിനിടയില്‍ ഒരു കുട്ടിയുടെ കാല്‍തട്ടി മറ്റൊരാളുടെ വീട് തകര്‍ന്നു. ഇത് കണ്ട് ആ വീടിന്റെ ഉടമയായ കുട്ടി അവനെ തല്ലി. കൂടെ മറ്റ് കൂട്ടുകാരും അവനെ ഉപദ്രവിച്ചു. അവന്‍ സങ്കടംകൊണ്ട് മണലില്‍ കമഴ്ന്നുകിടന്നു. ഇതിനിടിയില്‍ ഒരു വലിയ തിരമാല വന്ന് എല്ലാ വീടുകളും നശിപ്പിച്ചു. അതോടെ എല്ലാവരും കളി നിര്‍ത്തി തിരിച്ചുപോവുകയും ചെയ്തു. മനുഷ്യര്‍ പലപ്പോഴും അങ്ങിനെയാണ്. ഒരാള്‍ക്ക് വന്ന ദുരന്തം അതേ അര്‍ത്ഥത്തിലും ആഴത്തിലും ചുറ്റുമുള്ള എല്ലാവര്‍ക്കും വന്നാല്‍ ആ കാരണംകൊണ്ട് തന്നെ എല്ലാവരുടേയും ദുഃഖം ലഘൂകരിക്കപ്പെടും. പങ്കുവെയ്ക്കാന്‍ ആളുണ്ടായല്ലോ എന്ന ചിന്തയേക്കാള്‍, തനിക്ക് വന്ന ആപത്ത് മറ്റുളളവര്‍ക്കും വന്നല്ലോ എന്ന ചിന്തയില്‍ നിന്നാണ് പലര്‍ക്കും ആശ്വാസം ലഭിക്കുന്നത്. തനിക്ക് മാത്രം വന്ന നാശത്തില്‍ ഒരാള്‍ ആയുഷ്‌കാലം അകപ്പെട്ട് പോകുന്നത് സംഭവത്തിന്റെ നശീകരണശേഷി കൊണ്ടല്ല. ആ സംഭവത്തോടുള്ള നിരാശാജനകമായ പ്രതികരണം കൊണ്ടാണ്. എനിക്ക് മാത്രം എന്താണ് ഇങ്ങനെ, മറ്റുള്ളവരെല്ലാം എത്ര നന്നായാണ് ജീവിക്കുന്നത്, അവര്‍ക്കെന്താണ് ഇങ്ങനെയൊന്നും സംഭവിക്കാത്തത് തുടങ്ങിയ ചിന്തകളാണ് ചെറിയ പരിക്കേറ്റവരെ പോലും നിര്‍ജ്ജീവമാക്കുന്നത്. ഒന്ന് നമുക്ക് ഓര്‍ക്കാം. എല്ലാ വീടുകളും മണ്‍വീടുകളാണ്. ഒന്നിനും ആജീവനാന്ത ഗാരന്റിയില്ല. ഒഴുക്കിലകപ്പെടാനോ ഉണങ്ങി വിണ്ടുകീറാനോ സാധ്യത കൂടുതലാണ്. അതുകൊണ്ട് അന്യന്റെ പിഴവുകളെ അല്‍പം ആദരവോടെ നമുക്ക് സമീപിക്കാന്‍ ശീലിക്കാം - *ശുഭദിനം.*
MEDIA 16 News