*മീഡിയ16*പ്രഭാത വാർത്തകൾ*2022 | മെയ് 6 | വെള്ളി*

◼️തൃക്കാക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധനാണ് കോതമംഗലം സ്വദേശിയായ ഡോ. ജോ ജോസഫ്. സിപിഎം പാര്‍ട്ടി ചിഹ്നത്തിലാകും മത്സരിക്കുക. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ് വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. അഡ്വ. കെ എസ് അരുണ്‍ കുമാറിന് വേണ്ടി ഒരു വിഭാഗം നേതാക്കള്‍ വാദിച്ച് പ്രചാരണം ആരംഭിച്ചിരുന്നു.

◼️തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിത്വം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് ഡോ. ജോ ജോസഫ്. പതിവു പോലെ ആശുപത്രിയില്‍ ശസ്ത്രക്രിയകളുടെ തിരക്കിലായിരുന്നു. ഇതിനിടെയാണ് സ്ഥാനാര്‍ത്ഥിയാകണമെന്ന നിര്‍ദേശം ഉണ്ടായത്. ഇടതുപക്ഷം ഹൃദയപക്ഷമാണ്. ഡോ. ജോ ജോസഫ് പറഞ്ഞു.

◼️കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രിവരെ പണിമുടക്ക്. ശമ്പളം അടക്കമുള്ള വിഷയങ്ങളില്‍ മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം ആരംഭിച്ചത്. പത്താം തീയതിയോടെ ശമ്പളം നല്‍കാമെന്നാണ് എംഡി ബിജു പ്രഭാകര്‍ പറഞ്ഞത്. എന്നാല്‍ 10 ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ പറഞ്ഞു. ജോലിക്കു ഹാജരാകാത്തവര്‍ക്കെതിരേ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

◼️വിതുരയില്‍ ഭാര്യാപിതാവ് സുന്ദരനെ കുത്തിക്കൊന്ന കേസില്‍ പ്രതി മകളുടെ ഭര്‍ത്താവും ചുള്ളിമാനൂര്‍ സ്വദേശിയുമായ രാകേഷ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷ തിരുവനന്തപുരം ആറാം അഡീഷണല്‍ കോടതി നാളെ വിധിക്കും.  2017 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹശേഷം ഭാര്യയുടെ വീട്ടിലായിരുന്നു രാകേഷ് താമസം. രാകേഷിന് ഉച്ചഭക്ഷണം കൊടുക്കാന്‍ വൈകിയതിന് മകളെ കയ്യേറ്റം ചെയ്തത് തടയാന്‍ ശ്രമിച്ചപ്പോഴാണ് സുന്ദരനു കുത്തേറ്റത്.

◼️നടി മഞ്ജുവാര്യരെ ശല്യം ചെയ്തിരുന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പലതവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നെന്ന് പോലീസ്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ 2019 മുതല്‍ ശല്യം ചെയ്യുന്നുണ്ടെന്നാണ് മഞ്ജുവാര്യരുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കയറ്റം എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചു പ്രവര്‍ത്തിച്ചത്.

◼️തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് ആഭ്യന്തര അന്വേഷണ സമിതിയുടെ പുതിയ റിപ്പോര്‍ട്ട്. രണ്ടു പേര്‍ക്കെതിരെ കൂടി നടപടി ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിക്കായി നഗരസഭ നിയമോപദേശം തേടി. 33 ലക്ഷം രൂപ വെട്ടിച്ച കേസാണിത്.

◼️യമനില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കര്‍. ജോണ്‍ ബ്രിട്ടാസ് എംപി നല്‍കിയ കത്തിനാണ് കേന്ദ്രമന്ത്രിയുടെ മറുപടി. നിയമപരമായ വഴികള്‍ മാത്രമല്ല, ആചാരങ്ങളും പാരമ്പര്യങ്ങളും അനുസരിച്ച് അവര്‍ക്ക് മാപ്പ് ലഭ്യമാക്കാനുള്ള സാധ്യതയും സാമൂഹിക സംഘടനകളുമായി ചേര്‍ന്ന് സര്‍ക്കാര്‍ പരിശോധിക്കുകയാണെന്ന് കേന്ദ്രമന്ത്രി  അറിയിച്ചു.

◼️തിരുവനന്തപുരം കാരയ്ക്കാമണ്ഡപം റഫീഖ് വധക്കേസില്‍ ഏഴു പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും ഏഴുലക്ഷം രൂപ പിഴയും ശിക്ഷ. കാരയ്ക്കാമണ്ഡപം സ്വദേശികളായ അന്‍സക്കീര്‍, നൗഫല്‍, ആരിഫ്, മാലിക്, ആഷര്‍, ആഷിഖ്, റഹ്‌മാന്‍ എന്നിവരെയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

◼️സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. പരിശോധിച്ച 822 കടകളില്‍ 68 കടകള്‍ പൂട്ടിച്ചു. ഇവയില്‍ 40 കടകള്‍ പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സ് ഇല്ലാതെയായിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് 28 കടകള്‍ അടപ്പിച്ചത്. 233 കടകള്‍ക്ക് വിവിധ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കിയിട്ടുണ്ട്. വൃത്തിഹീനമായി സൂക്ഷിച്ച 120 കിലോ ഇറച്ചിയും പിടികൂടി നശിപ്പിച്ചു.

◼️തൃക്കാക്കരയില്‍ എല്‍ഡിഎഫിനുവേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് നേരത്തെ സ്ഥാനാര്‍ത്ഥിയെന്നു പ്രചരിക്കപ്പെട്ട സിപിഎം നേതാവ് അഡ്വ. കെ എസ് അരുണ്‍ കുമാര്‍. സ്ഥാനാര്‍ഥി കാര്യത്തില്‍ ആശയക്കുഴപ്പങ്ങളില്ല. ഇടതു മുന്നണി നിയമസഭയില്‍ സെഞ്ച്വറി തികയ്ക്കുമെന്നും അരുണ്‍ കുമാര്‍.

◼️മലയാളി വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. രാവിലെ തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍മാരാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക.

◼️കെഎസ്ഇബിയിലെ പ്രശ്ന പരിഹാരത്തിനായി ഊര്‍ജ്ജ സെക്രട്ടറി വിളിച്ചുകൂട്ടുന്ന ചര്‍ച്ച ഇന്ന്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ചര്‍ച്ച. തൊഴിലാളി യൂണിയനുകളും ചെയര്‍മാനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍  ഇന്നലെ വൈദ്യുതിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയുണ്ടാക്കിയിരുന്നു. ഡയസ്നോണ്‍, സസ്പെന്‍ഷന്‍, സ്ഥലം മാറ്റ നടപടികള്‍ എന്നിവ പിന്‍വലിക്കണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടുണ്ട്. പ്രകോപനം ഒഴിവാക്കി മുന്നോട്ടുപോകാനാണ് മന്ത്രി നല്‍കിയ നിര്‍ദേശം.

◼️കോഴിക്കോട് സിറ്റിയിലെ ഇലക്ട്രോണിക് ആന്‍ഡ് ഇലക്ട്രിക്കല്‍ വ്യാപാരസ്ഥാപനത്തില്‍ നിന്ന് രണ്ടു ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടി. പാലക്കാട് പട്ടാമ്പി ആമയൂര്‍ സ്വദേശി വെളുത്താകത്തൊടി അബ്ബാസ് ആണ് തൊണ്ടി സഹിതം പൊലീസിന്റെ പിടിയിലായത്.

◼️നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ പൊലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. കേസില്‍ പ്രതിയായതോടെ വിദേശത്തേക്കു മുങ്ങിയ വിജയ് ബാബുവിനെതിരെ ഇന്റര്‍പോള്‍ സഹായത്തോടെയാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയത്. മുന്‍കൂര്‍ ജാമ്യഹര്‍ജി 18 നു പരിഗണിച്ചശേഷം 19 നു ഹാജരാകാമെന്നാണ് വിജയ്ബാബു പോലീസിനെ അറിയിച്ചിരുന്നത്.

◼️താമരശ്ശേരി ചുരത്തില്‍ അമിതഭാരം കയറ്റിയുള്ള ലോറികളെ നിയന്ത്രിക്കണമെന്ന് വയനാട് കളക്ടര്‍ എ. ഗീത. കഴിഞ്ഞ മാസം ചുരത്തില്‍നിന്നു കല്ലുവീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കളക്ടറുടെ അഭിപ്രായപ്രകടനം. ചുരം റോഡ് നിലവില്‍ കോഴിക്കോട് ജില്ലയുടെ ഭാഗമാണ്.

◼️ഹോട്ടല്‍ ഭക്ഷണത്തില്‍ പാമ്പിന്റെ തോല്. തിരുവനന്തപുരം നെടുമങ്ങാട് ചന്തമുക്കിലെ ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്പിന്റെ തോല് കണ്ടെത്തിയത്. ചെല്ലാംകോട് സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയയുടെ പരാതിയനുസരിച്ച് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി. ഹോട്ടല്‍ അടപ്പിച്ചു. ഭക്ഷണം പൊതിഞ്ഞ പേപ്പറില്‍ പാമ്പ് പൊഴിച്ച തൊലി പറ്റിപ്പിടിച്ചിരുന്നതാണെന്നാണ് നിഗമനം.

◼️വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മാനന്തവാടി ഗോരിമൂല കുളത്തില്‍ വീട്ടില്‍ വിപിന്‍ ജോര്‍ജ് ( 37), കോട്ടയം രാമപുരം സ്വദേശി രാഹുല്‍ രാജന്‍ (36) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.

◼️കെ റെയില്‍ സര്‍വ്വെക്കല്ല് പൊതുമുതലാണെന്ന് നിയമോപദേശം. എടക്കാട് സിഐക്കാണ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയത്. കല്ലു പിഴുത ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തേക്കും. കണ്ണൂര്‍ ചാലയില്‍ കെ റെയില്‍ കല്ലുകള്‍ തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

◼️പെരിന്തല്‍മണ്ണയില്‍ ഭാര്യയെയും മകളെയും ഗുഡ്സ് ഓട്ടോയില്‍ സ്ഫോടനം നടത്തി കൊലപ്പെടുത്തിയ മുഹമ്മദ് പോക്സോ കേസ് പ്രതിയെന്ന് പൊലീസ്. കാസര്‍കോടാണ് മുഹമ്മദിനെതിരെ പോക്സോ കേസുള്ളത്. ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചെന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

◼️24 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പെരിങ്ങല്‍കുത്ത് ജലവൈദ്യുത പദ്ധതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലയിലെ പൊരിങ്ങല്‍കുത്ത് ജലസംഭരണിയിലെ വെള്ളം പ്രയോജനപ്പെടുത്തി 450 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും. പെരിങ്ങല്‍കുത്ത് ഡാമിലെ വെള്ളം പ്രയോജനപ്പെടുത്തി വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന മൂന്നാമത്തെ കേന്ദ്രമാണ് ഉദ്ഘാടനം ചെയ്തത്.

◼️നൂറനാട് വീണ്ടും സംഘര്‍ഷം. കായംകുളം നൂറനാട് കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസ് സിപിഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിനു പിറകേ, സിപിഐ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസിടപെട്ട് തടഞ്ഞതോടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം മടങ്ങിയതിന് പിന്നാലെ സംഘടിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഐ ഓഫീസിലേക്ക് പ്രകടനം നടത്തി.

◼️തിരുവനന്തപുരം കാരക്കോണത്ത് ഉത്സവ എഴുന്നള്ളിപ്പിനെത്തിച്ച ആനയോട് യുവാക്കളുടെ പരാക്രമം. ശല്യം സഹിക്കാനാകാതെ ഇടഞ്ഞ ആന മണിക്കൂറുകളോളം നടുറോഡില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം കാരക്കോണം മുര്യാതോട്ടത്തായിരുന്നു സംഭവം. ആനയുടെ കൊമ്പിലും വാലിലും പിടിച്ചുവലിച്ച് പ്രകോപിപ്പിച്ചതാണ് ആന ഇടയാന്‍ കാരണം.

◼️കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഡിഗ്രി മൂന്നാം സെമസ്റ്റര്‍ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച സംഭവം വൈസ് ചാന്‍സലര്‍ അന്വേഷിക്കും. പ്രാഥമികാന്വേഷണം നടത്തിയ രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് സിന്റിക്കറ്റ് യോഗം ചര്‍ച്ച ചെയ്ത് വിസിക്കു കൈമാറി. വിസിയുടെ അന്വേഷണ റിപ്പോര്‍ട്ട് 21 ന് ചേരുന്ന പ്രത്യേക സിന്റിക്കറ്റ് പരിഗണിക്കും.

◼️ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ മലയാളി ഉംറ തീര്‍ഥാടകന്‍ മരിച്ചു. തൃശൂര്‍ മാമ്പറ എരയംകുടി അയ്യാരില്‍ ഹൗസില്‍ എ.കെ. ബാവു (79) ആണ് റെഹേലിയിലുള്ള കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ മരിച്ചത്. 

◼️കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 45 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാനതീയതി ജൂണ്‍ ഒന്ന്.

◼️യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വാര്‍ഷിക പരീക്ഷ കലണ്ടര്‍ 2023 പുറത്തിറക്കി. സിവില്‍ സര്‍വീസ് പരീക്ഷ പ്രിലിമിനറി ഈ മാസം 28 നു നടക്കും. അപേക്ഷകര്‍ക്ക് യുപിഎസ്ഇ യുടെ വെബ്‌സൈറ്റില്‍നിന്ന് പരീക്ഷ കലണ്ടര്‍ ഡൗണ്‍ലോഡ് ചെയ്യാം.

◼️ആന്ധ്രാപ്രദേശില്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ ബലാത്സംഗ സംഭവങ്ങളെക്കുറിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി തനേതി വനിതയുടെ പ്രതികരണം വിവാദമായി. 'മാനസിക സാഹചര്യ'വും ദാരിദ്ര്യവുമാണ് ബലാല്‍സംഗത്തിനു കാരണമെന്നും യഥാര്‍ത്ഥത്തില്‍ പ്രതികള്‍ ബലാത്സംഗം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

◼️ജമ്മുകാഷ്മീരില്‍ മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയായി. നിയമസഭ സീറ്റുകള്‍ 83 ല്‍ നിന്ന് 90 ആയി ഉയര്‍ത്തി. 37 സീറ്റുള്ള ജമ്മുവില്‍ പുനര്‍നിര്‍ണയത്തോടെ 43 സീറ്റുകളാകും. കാഷ്മീരിലേത് 46 ല്‍ നിന്ന് 47 ആകും. പാര്‍ലമെന്റ് സീറ്റുകളുടെ എണ്ണത്തില്‍ മാറ്റമില്ല. എന്നാല്‍ മണ്ഡലത്തിന്റെ അതിരുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

◼️ഗുജറാത്തിലെ മെഹ്സാനയില്‍ പൊലീസിന്റെ അനുമതിയില്ലാതെ റാലി നടത്തിയെന്ന കേസില്‍ ജിഗ്നേഷ് മേവാനി എംഎല്‍എയ്ക്കു മൂന്നു മാസം തടവുശിക്ഷ. 2017 ല്‍ ഗോവധത്തിന്റെ പേരില്‍ സാമൂഹ്യദ്രോഹികള്‍ അഞ്ചു ദളിതരെ മര്‍ദിച്ച് അവശരാക്കിയില്‍ പ്രതിഷേധിച്ച് ആസാദി മാര്‍ച്ച് നടത്തിയതിനാണ് ശിക്ഷ. 1000 രൂപ പിഴയും അടയ്ക്കണം. 10 പേരെയാണ് കോടതി ശിക്ഷിച്ചത്.

◼️കൊവിഡ് മഹാമാരി അവസാനിച്ചാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാള്‍ സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. 2019 ഡിസംബറിലാണ് പൗരത്വ നിയമ ഭേദഗതി ബില്‍ പാസാക്കിയത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ മുസ്ലീം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് നിയമഭേദഗതി.

◼️ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഇന്ത്യയിലെ കോവിഡ് മരണ കണക്കിനെ ചൊല്ലി വിവാദം. 5.23 ലക്ഷം പേര്‍ മരിച്ചെന്നാണ് ഇന്ത്യയുടെ കണക്ക്. എന്നാല്‍ ഇന്ത്യയില്‍ 47 ലക്ഷം പേര്‍ മരിച്ചെന്ന കണക്കാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടത്. ഇന്ത്യ മരണം ശരിയായി രേഖപ്പെടുത്തിയിട്ടില്ലെന്നും ആക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ ലോകാരോഗ്യസംഘടനയുടേത് കള്ളക്കണക്കാണെന്ന് ഇന്ത്യ വിമര്‍ശിച്ചു.

◼️തട്ടിപ്പുകാരനായ പ്രതിശ്രുത വരനെ വധുവായ എസ്ഐ അഴിക്കുള്ളിലാക്കി. ആസാം പൊലീസില്‍ സബ് ഇന്‍സ്പെക്ടറായ ജുന്‍മോണി റാഭയാണു പ്രതിശുത വരന്‍ റാണ പഗാഗിനെ അറസ്റ്റു ചെയ്തത്. വ്യാജ വിവരങ്ങള്‍ നല്‍കി എസ്ഐയെ വഞ്ചിക്കുകയും വ്യാജ ജോലി വാഗ്ദാനം നല്‍കി ഒട്ടേറെപ്പേരില്‍നിന്നു പണം കൈപ്പറ്റുകയും ചെയ്തെന്ന് ആരോപിച്ചുള്ള കേസുകളിലാണ് അറസ്റ്റ്.  ഒഎന്‍ജിസിയില്‍ പിആര്‍ ഓഫിസറാണെന്നു കള്ളം പറഞ്ഞാണ് ഇയാള്‍ വനിതാ എസ്ഐയുമായി വിവാഹം നിശ്ചയിച്ചത്. ഇയാള്‍ തൂപ്പുകാരനാണെന്ന് പിന്നീടാണ് മനസിലായത്.

◼️അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനി മാധ്യമ രംഗത്ത് നിക്ഷേപം വര്‍ധിപ്പിക്കുന്നു. പ്രാദേശിക ടിവി, പ്രിന്റ് മാധ്യമങ്ങളിലേക്ക് നിക്ഷേപം വര്‍ധിപ്പിക്കാനാണ് നീക്കം.

◼️പൊതുമേഖലാ ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ അറുന്നൂറോളം ശാഖകള്‍ അടച്ചുപൂട്ടുന്നു. വര്‍ഷങ്ങളായുള്ള കടുത്ത സാമ്പത്തിക സമ്മര്‍ദ്ദമാണു കാരണം. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ബാങ്കിന് നിലവില്‍ 4,594 ശാഖകളുണ്ട്.

◼️പ്രതിരോധം അടക്കമുള്ള മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ഫ്രാന്‍സും ഇന്ത്യയും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും തമ്മില്‍ പാരീസില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ. ഇരു രാജ്യങ്ങളും ബഹിരാകാശ നയതന്ത്ര ചര്‍ച്ച ഈ വര്‍ഷം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

◼️കൊളംബിയയിലെ മയക്കുമരുന്നു മാഫിയാ തലവന്‍ ഒറ്റാനിയേല്‍ എന്നറിയപ്പെടുന്ന ദയിറോ അന്‍േറാണിയോ ഉസുഗയെ കൊളംബിയ അമേരിക്കയ്ക്കു കൈമാറി. കുറ്റവാളികളെ കൈമാറുന്ന കരാറനുസരിച്ചാണു കൈമാറിയത്. അമേരിക്കയുടെയും ബ്രിട്ടന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ കൊളംബിയന്‍ കരസേനയും വ്യോമസേനയും പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിയത്. പ്രതിവര്‍ഷം 200 ടണ്‍ കൊക്കെയിന്‍ ഇടപാട് നടത്തിയിരുന്ന സംഘത്തലവന്റെ തലയ്ക്ക് അമേരിക്ക 37 കോടി രൂപ വില പ്രഖ്യാപിച്ചിരുന്നു.

◼️ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 21 റണ്‍സിന് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 34 പന്തില്‍ നിന്ന് 62 റണ്‍സെടുത്ത നിക്കോളാസ് പുരനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. നേരത്തെ 58 പന്തില്‍ നിന്ന് 92 റണ്‍സോടെ പുറത്താകാതെ നിന്ന വാര്‍ണറുടേയും  35 പന്തില്‍ 67 റണ്‍സെടുത്ത റോവ്മാന്‍ പവലിന്റേയും മികവിലാണ് ഡല്‍ഹി കൂറ്റന്‍ സ്‌കോര്‍ നേടിയത്.

◼️ഇന്ത്യന്‍ ക്രിക്കറ്റ് താരം വൃദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രശസ്ത ക്രിക്കറ്റ് ജേണലിസ്റ്റ് ബോറിയ മജുംദാറിന് ബി.സി.സി.ഐ രണ്ടുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. അഭിമുഖം നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് സാഹ പരാതി നല്‍കിയിരുന്നു.

◼️കഴിഞ്ഞ എട്ടുമാസത്തിനിടെ ഇന്ത്യയുടെ വിദേശ നാണയശേഖരത്തില്‍ നിന്ന് കൊഴിഞ്ഞത് 4,200 കോടി ഡോളര്‍ (ഏകദേശം 3.16 ലക്ഷം കോടി രൂപ). കഴിഞ്ഞ ആഗസ്റ്റില്‍ ശേഖരം 64,200 കോടി ഡോളറായിരുന്നു; കഴിഞ്ഞവാരമുള്ളത് 60,000 കോടി ഡോളറില്‍. റഷ്യ-യുക്രെയിന്‍ യുദ്ധം, മൂലധന വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക് എന്നിവമൂലം ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതിനാല്‍ രൂപയുടെ മൂല്യത്തകര്‍ച്ച തടയാനായി ശേഖരത്തില്‍ നിന്ന് റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചതാണ് ഇടിവിന് കാരണം. ഏപ്രില്‍ 22ന് സമാപിച്ച ആഴ്ചയില്‍ ശേഖരം 327.1 ഡോളര്‍ ഇടിഞ്ഞ് 60,042.3 ഡോളറായി. വിദേശ കറന്‍സി ആസ്തി  283.5 കോടി ഡോളര്‍ താഴ്ന്ന് 53,393.3 ഡോളറായി. 37.7 കോടി ഡോളര്‍ താഴ്ന്ന് 4,276.8 കോടി ഡോളറാണ് കരുതല്‍ സ്വര്‍ണശേഖരം.

◼️കൂടുതല്‍ മേഖലകളില്‍ സാന്നിധ്യമുറപ്പിക്കാന്‍ ഒരുങ്ങി ഭക്ഷ്യ എണ്ണ ഉല്‍പ്പാദകരായ അദാനി വില്‍മര്‍. മകോര്‍മിക് സ്വിറ്റ്സര്‍ലന്‍ഡ് ജിഎംബിഎച്ചില്‍ നിന്ന് 'കോഹിനൂര്‍' ബ്രാന്‍ഡ് ഏറ്റെടുക്കുന്നുവെന്നാണ് കമ്പനിയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. 'കോഹിനൂര്‍' ബ്രാന്‍ഡ് മാത്രമല്ല, മക്കോര്‍മിക് സ്വിറ്റ്‌സര്‍ലന്‍ഡ് ജിഎംബിഎച്ചില്‍ നിന്നും റെഡി ടു ഈറ്റ്, റെഡി ടു കുക്ക് സെഗ്മെന്റുകളും കമ്പനി ഏറ്റെടുത്തിട്ടുണ്ട്. അതേസമയം സ്റ്റാപ്പ്ള്‍സ് വിഭാഗത്തിലേക്കും ശക്തമായ സാന്നിധ്യമാകുന്ന പുതിയ ഏറ്റെടുക്കലിന്റെ ഇടപാട് മൂല്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഫോര്‍ച്യൂണ്‍ എണ്ണയോടൊപ്പം ബസ്മതി സെഗ്മെന്റില്‍ ഫോര്‍ച്യൂണ്‍ ബസ്മതി റൈസും സജീവ സാന്നിധ്യമാണ്. ഇന്ത്യയില്‍ ഏറെ ജനപ്രീതി ആര്‍ജിച്ച ഒരു വിശ്വസനീയ ബ്രാന്‍ഡാണ് കോഹിനൂര്‍.

◼️ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച വിശ്വ പ്രസിദ്ധമായ ചില്‍ഡ്രന്‍ ഒഫ് ഹെവന്‍ അക്കാ കുരുവി എന്ന പേരില്‍ തമിഴില്‍ പുനരാവിഷ്‌കാരം. ഉയിര്‍, മൃഗം, സിന്ധു സമവെളി, കാങ്കാരു എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സാമി ആണ് അക്കാ കുരുവിയുടെ സംവിധാനം. ബാല താരങ്ങളും മലയാളികളുമായ മാഹിനും, ഡാവിയുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരുടെ മാതാപിതാക്കളായി പ്രശസ്ത ക്ലാസിക്കല്‍ നര്‍ത്തകി താരാ ജഗദാംബയും സെന്തില്‍ കുമാറും അഭിനയിക്കുന്നു. വര്‍ഷ ബൊല്ലമ്മ അതിഥി വേഷത്തില്‍ എത്തുന്നു .രണ്ട് ഷൂസിനെ കേന്ദ്രീകരിച്ചാണ് പ്രമേയം. ഇളയരാജ ആണ് സംഗീത സംവിധാനം.

◼️മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് ഗോഡ്ഫാദറില്‍ നായകനായ ചിരഞ്ജീവിയും ബോളിവുഡ് സൂപ്പര്‍താരം സല്‍മാനും ഒരുമിച്ച് നൃത്തരംഗത്ത്. പ്രഭുദേവയാണ് ചിത്രത്തിന്റെ നൃത്ത സംവിധായകന്‍. ബോംബിങ് സ്വിങിങ് സോംഗ് എന്നാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ തമന്‍ ഇതിനെ സമൂഹ മാദ്ധ്യമത്തിലൂടെ വിശേഷിപ്പിക്കുന്നത്. ഗാനരംഗത്തിന്റെ ചിത്രീകരണം ഉടന്‍ ഹൈദരാബാദില്‍ ആരംഭിക്കും. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സല്‍മാന്‍ഖാന്‍ പുനരവതരിപ്പിക്കുന്നത്. നയന്‍താരയാണ് നായിക. സത്യദേവ്, സംവിധായകന്‍ പുരി ജഗന്നാഥ് എന്നിവരും താരനിരയിലുണ്ട്. കൊണിഡേല പ്രൊഡക്ഷനും സൂപ്പര്‍ഗുഡ് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നു.

◼️ഉപ ബ്രാന്‍ഡായ കിയ ഓള്‍ ഇലക്ട്രിക് ക്രോസ് ഓവറായ ഇ.വി6 അവതരിപ്പിച്ചതിന് പിന്നാലെ, മാതൃബ്രാന്‍ഡായ ഹ്യുണ്ടായിയും ഇന്ത്യയിലെ ഇ-വാഹന വിപണിയില്‍ പോര് കടുപ്പിക്കാനിറങ്ങുന്നു. കമ്പനിയുടെ പുത്തന്‍ ഇലക്ട്രിക് മോഡലായ അയോണിക് 5 ഈവര്‍ഷം രണ്ടാം പകുതിയോടെ വിപണിയിലെത്തും. അയോണ്‍, യുണീക് എന്നീ പദങ്ങള്‍ ഒന്നിപ്പിച്ച് ഹ്യുണ്ടായ് നല്‍കിയ പേരാണ് അയോണിക്. ഇ-വാഹനങ്ങള്‍ക്കായി ഹ്യുണ്ടായ് ഗ്രൂപ്പ് സജ്ജമാക്കിയ ഇലക്ട്രിക് - ഗ്ളോബല്‍ മോഡുലാര്‍ പ്ളാറ്റ്‌ഫോമിലാണ് (ഇ-ജി.എം.പി) അയോണിക് 5ന്റെ നിര്‍മ്മാണം. അടുത്തിടെ വേള്‍ഡ് കാര്‍ ഒഫ് ദി ഇയര്‍ പുരസ്‌കാരം അയോണിക് 5നെ തേടിയെത്തിയിരുന്നു.

◼️ഭാവന യാഥാര്‍ത്ഥ്യത്തെക്കാള്‍ സാക്ഷാത്ക്കരിക്കപ്പെടുന്ന ഇടമാണ് പി.എന്‍. ഗോപീകൃഷ്ണന്റെ കവിത. അത് കേവലം ഭാവനാശേഷി ഉണ്ടാക്കുന്ന അയഥാര്‍ത്ഥ കല്‍പ്പനകളുടെ കഥയല്ല. വാക്കുകളുടെ വെറും വിന്യാസമോ പുതുതായെന്തെങ്കിലുമാക്കാനുള്ള കവിയുടെ ശ്രമമോ മാത്രമല്ല. ഭാഷയുടെ ഹത്യയ്ക്കെതിരേയുള്ള ഔഷധവും പോരാട്ടവും കരച്ചിലുമാണത്. വിമര്‍ശനത്തിന്റെയും സ്വയം വിമര്‍ശനത്തിന്റെയും നിരന്തരമായ അരങ്ങെന്ന നിലയില്‍ അത് ലോകത്തെ വീക്ഷിക്കുന്നു. 'കവിത മാംസഭോജിയാണ്'. മാതൃഭൂമി. വില 184 രൂപ.

◼️സാര്‍സ് കോവ്-2 വൈറസിന്റെ വായുവിലൂടെയുള്ള വ്യാപനം സ്ഥിരീകരിച്ച്  ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയുടെ പുതിയ പഠനം. പുറത്തെ ഇടങ്ങളേക്കാള്‍ അടച്ചിട്ട മുറികളിലെ വൈറല്‍ ആര്‍എന്‍എയുടെ സാന്നിധ്യം കൂടുതലായിരിക്കുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. ചണ്ഡീഗഢ് ഐഎംടെക്കും ഹൈദരാബാദിലെയും മൊഹാലിയിലെയും ആശുപത്രികളും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. കോവിഡ്19 രോഗികള്‍ താമസിച്ച ആശുപത്രികള്‍, രോഗികള്‍ അല്‍പ സമയം മാത്രം ചെലവഴിച്ച മുറികള്‍, കോവിഡ് രോഗികള്‍ ക്വാറന്റീനില്‍ ഇരിക്കുന്ന വീടുകള്‍ എന്നിവിടങ്ങളിലെ വായു സാംപിളുകളുടെ പരിശോധനയിലാണ് വൈറസിന്റെ വായുവിലൂടെയുള്ള വ്യാപനം തെളിഞ്ഞത്. കോവിഡ് രോഗികളുടെ ചുറ്റുമുള്ള വായുവില്‍ വൈറസ് സാന്നിധ്യം തുടര്‍ച്ചയായി കണ്ടെത്താന്‍ സാധിക്കുമെന്നും ഒരു സ്ഥലത്തെ രോഗികളുടെ എണ്ണം ഉയരുന്നതിന് അനുസരിച്ച് വായുവിലെ വൈറസിന്റെ പോസിറ്റിവിറ്റി നിരക്കും കൂടുമെന്നും ഗവേഷകര്‍ പറയുന്നു. അണുബാധയുടെ തീവ്രത എത്രയാണെങ്കിലും കോവിഡ് ബാധിച്ച രോഗികള്‍ തുടര്‍ച്ചയായി വൈറസ് കണികകള്‍ പുറന്തള്ളിക്കൊണ്ടിരിക്കുമെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.  വായുവില്‍ തങ്ങി നില്‍ക്കുന്ന ഈ കണികകള്‍ രോഗം പരുത്തുമെന്നും ദീര്‍ഘ ദൂരത്തേക്ക് ഇതിന്റെ വ്യാപനം ഉണ്ടാകുമെന്നും ഗവേഷണത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. അടഞ്ഞ ഇടങ്ങളില്‍ കുറേ സമയത്തേക്ക് വൈറസ് തങ്ങി നില്‍ക്കും. ഒരു മുറിയില്‍ രണ്ടോ അതിലധികമോ കോവിഡ് രോഗികള്‍ ഉണ്ടെങ്കില്‍ ചുറ്റുമുള്ള വായുവില്‍ വൈറസ് കണ്ടെത്താനുള്ള സാധ്യത 75 ശതമാനമാണ്. ഒരു രോഗിയെ ഉള്ളൂവെങ്കില്‍ ഈ പോസിറ്റീവിറ്റി നിരക്ക് 15.8 ശതമാനമായി കുറയും. വൈറല്‍ ആര്‍എന്‍എയുടെ സാന്നിധ്യം ആശുപത്രി പോലുള്ള ഇടങ്ങളില്‍ കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. മാസ്‌കുകളുടെ ഉപയോഗം വലിയ തോതില്‍ വൈറസ് വ്യാപനം  കുറയ്ക്കുമെന്നും ജേണല്‍ ഓഫ് എയറോസോള്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

*ശുഭദിനം*

രാജാവ് വലിയൊരു കല്ല് വഴിയുടെ ഒത്ത നടുക്ക് വച്ച് പോയി.  അതുവഴി പോയവരെല്ലാം ആ കല്ല് കണ്ട് മനസ്സില്‍ രാജാവിനെ ചീത്തവിളിച്ചു. ഒരു ദിവസം അടുത്ത നാട്ടിലെ ഒരാള്‍ ആ വഴിയെത്തി.  വഴിമുടക്കി നില്‍ക്കുന്ന ആ കല്ലിനെ അയാള്‍ നോക്കി.  കയ്യിലുള്ള സാധനങ്ങളെല്ലാം താഴെ വെച്ച് അയാള്‍ ആ കല്ല് തള്ളിനീക്കാന്‍ നോക്കി.  പലരും അത് കണ്ടെങ്കിലും ആരും അയാളെ സഹായിക്കാന്‍ തയ്യാറായില്ല.  കാരണം അത് രാജാവ് വെച്ച കല്ലല്ലേ.. പക്ഷേ, ഏറെ നേരം പണിപ്പെട്ട് അയാള്‍ ആ കല്ല് തള്ളിനീക്കി. അയാള്‍ ആകെ ക്ഷീണിച്ചു.  തന്റെ അധ്വാനം വിജയം കണ്ട സന്തോഷത്തില്‍ മടങ്ങാന്‍ നില്‍ക്കുമ്പോഴാണ് ആ കല്ലിന് താഴെ ഒരു പൊതി.  അത് തുറന്നപ്പോള്‍ നിറയെ സ്വര്‍ണ്ണനാണയങ്ങള്‍, ഒപ്പം ഒരു കുറിപ്പും.  ' അപരിചിതനായ യാത്രക്കാരാ, ഞാന്‍ കൊണ്ടിട്ട കല്ല് നീക്കിയതിന് നന്ദി.  ഈ സമ്മാനം താങ്കള്‍ക്കുള്ളതാണ്. മനസ്സുറപ്പും മടുക്കാത്ത നിശ്ചയദാര്‍ഢ്യവുമാണ് താങ്കളെ ഈ സമ്മാനത്തിന് അര്‍ഹനാക്കിയത്.'  നമ്മുടെ ജീവിതത്തിലും ആരുടെ മുന്നിലാണ് ഇത്തരമൊരു പാറക്കല്ല് ഇല്ലാത്തത്, സുഖമായി നീങ്ങിയ ജീവിത്തില്‍ വന്നുവീണ ദുരിതമാകാം, രോഗമാവാം, തൊഴില്‍ നഷ്ടമാകാം, ഒപ്പമുണ്ടായിരുന്ന ആളിന്റെ നഷ്ടമാകാം, മടുപ്പിക്കുന്ന കാത്തിരിപ്പാകാം, അടഞ്ഞുപോയ വഴികളാകാം, പിന്നോട്ട് വലിക്കുന്ന കാരണങ്ങളാകാം, മതിയെന്നു തളര്‍ത്തുന്ന മനസ്സാകാം, വിജയം കാണാത്ത പരിശ്രമങ്ങളാകാം, വിലപ്പെട്ടതെന്തോ വീണുപോയതാകാം, വിലപ്പെട്ട ആരെയോ നഷ്ടമായതാകാം... മഞ്ചാടിക്കുരു ഇത്തിരിയേ ഉള്ളൂ എങ്കിലും കണ്ണിനു മുന്നില്‍ വെച്ചാല്‍ കാഴ്ച മറയും.  കല്ല് നീക്കിയാലെ കാഴ്ച വിശാലമാകൂ.. ആരും സഹായത്തിനില്ലെങ്കിലും നമ്മുടെ മുന്നിലെ ആ കല്ല് നമുക്ക് മാറ്റാം.. കാഴ്ചകള്‍ വിശാലമാക്കാം - *ശുഭദിനം* .
മീഡിയ16