*മീഡിയ16*പ്രഭാത വാർത്തകൾ*2022 | മെയ് 5 | വ്യാഴം*

◼️റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിച്ചു. ബാങ്കുകള്‍ വിവിധ വായ്പകളുടെ പലിശ നിരക്ക് വൈകാതെത്തന്നെ വര്‍ധിപ്പിക്കും. റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ച് 4.40 ശതമാനമാക്കിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണു വെളിപെടുത്തിയത്. റിപ്പോ നിരക്ക് 2020 മെയ് മുതല്‍ നാലു ശതമാനമായി തുടരുകയായിരുന്നു. റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്കു നല്‍കുന്ന വായ്പയുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് ഉയര്‍ത്തുന്നതിനു മുന്‍പേ പ്രധാന ബാങ്കുകളെല്ലാം വായ്പാ നിരക്ക് വര്‍ധിപ്പിച്ചിരുന്നു. കോവിഡിന്റെ സാമ്പത്തിക പ്രതിസന്ധികളില്‍നിന്നു കരകയറുന്നതിനിടെ പലിശ വര്‍ധന സാധാരണക്കാര്‍ക്കു ഭാരമാകും.

◼️ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് വീണ്ടും ഡബ്ല്യുസിസി. സിനിമാസംഘടനകള്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച നിരാശാജനകമായിരുന്നെന്നും ഡബ്ല്യുസിസി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ എതിര്‍പ്പില്ലെന്ന് താരസംഘടനയായ അമ്മയുടെ ഭാരവാഹികള്‍ പ്രതികരിച്ചു. എന്നാല്‍ പ്രസിദ്ധീകരിക്കരുതെന്നാണ് ഫിലിം ചേംബര്‍ ഭാരവാഹികള്‍ നിലപാടെടുത്തത്.

◼️സില്‍വര്‍ ലൈന്‍ ബദല്‍ സംവാദത്തില്‍ പദ്ധതിയെ അനുകൂലിക്കുന്നവരും സര്‍വേക്കല്ലിടലിനെ എതിര്‍ത്തു. ഉദ്യോഗസ്ഥരുടെ അനാവശ്യമായ ആവേശംമൂലമാണ് കല്ലിടല്‍ സംഘര്‍ഷം ഉണ്ടാകുന്നതെന്നാണ് അവരുടെ അഭിപ്രായം. സില്‍വര്‍ ലൈന്‍ പദ്ധതി പ്രളയത്തിനു കാരണമാകുമെന്ന വാദത്തില്‍ കഴമ്പുണ്ടെന്നു കുഞ്ചെറിയ പി ഐസക് പറഞ്ഞു. പദ്ധതി സാമ്പത്തികമായും സാങ്കേതികമായും പ്രായോഗികമല്ലെന്നാണ് റെയില്‍വെ മുന്‍ ചീഫ് എന്‍ജിനീയര്‍ അലോക് കുമാര്‍ വര്‍മ അഭിപ്രായപ്പെട്ടത്. പുനരധിവാസം പഠിക്കാന്‍ സാങ്കേതിക സമിതിയെ നിയോഗിക്കണമെന്നും ആവശ്യം ഉയര്‍ന്നു.

◼️അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിനു മുമ്പ് സംസ്ഥാനത്തെ എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം ഉണ്ടാകുമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 33,115 അങ്കണവാടികളില്‍ 24,360 അങ്കണവാടികള്‍ സ്വന്തം കെട്ടിടത്തിലും 6498 അങ്കണവാടികള്‍ വാടക കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. മന്ത്രി പറഞ്ഞു.

◼️കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ പണമില്ല. ശമ്പളക്കാര്യം ചര്‍ച്ച ചെയ്യാന്‍ അംഗീകൃത തൊഴിലാളി യൂണിയനുകളെ ഗതാഗത മന്ത്രി ആന്റണി രാജു ചര്‍ച്ചയ്ക്കു വിളിച്ചു. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകള്‍ അറിയിച്ചിരിക്കേയാണ് ഇന്ന് മൂന്നിന് മന്ത്രിയുടെ ചേംബറില്‍ ചര്‍ച്ചയ്ക്കു വിളിച്ചത്.

◼️കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനു മുന്നില്‍ കൊടിമരം സ്ഥാപിച്ചതിനെച്ചൊല്ലി ചാരുംമൂട്ടില്‍ സിപിഐ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. നിരവധി പൊലീസുകാര്‍ക്കും പരിക്കുണ്ട്. ആലപ്പുഴയിലെ അഞ്ച് പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് ഓഫീസിനു സമീപം  സിപിഐ കൊടിമരം നാട്ടിയതിനെതിരേ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കൊടിമരം നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ വീണ്ടും കൊടിമരം സ്ഥാപിച്ചു. തടയാന്‍ അധികൃതരെ അറിയിച്ചെങ്കിലും ആരും എത്തിയില്ല. ഇതോടെ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കവും കൈയാങ്കളിയുമായി.

◼️സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി തൃക്കാക്കര സ്ഥാനാര്‍ഥിയായി കെ.എസ്. അരുണ്‍കുമാറിനെ തീരുമാനിച്ച വിവരം മാധ്യമങ്ങള്‍ക്കു നല്‍കിയതില്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. സംസ്ഥാന കമ്മിറ്റി, എല്‍ഡിഎഫ് എന്നിവിടങ്ങളിലെ അംഗീകാരത്തിനുശേഷമാണ് സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാപിക്കേണ്ടത്. നടപടിക്രമം പൂര്‍ത്തിയാകുംമുമ്പ് അരുണ്‍കുമാറിന്റെ ബയോഡാറ്റ അടക്കമുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയതാണ് സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയത്.

◼️ഖത്തറില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. ഒന്നര വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്നുപേര്‍ രക്ഷപ്പെട്ടു. ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് (37), പൊന്നാനി മാറഞ്ചേരി പുറങ്ങുകുണ്ടുകടവ് കളത്തില്‍പടിയില്‍ താമസിക്കുന്ന റസാഖ് (31), മലപ്പുറം കീഴുപറമ്പ് സ്വദേശി മാരാന്‍കുളങ്ങര ഇയ്യക്കാട്ടില്‍ മഹമൂദിന്റെ മകന്‍ എം കെ ഷമീം (35) എന്നിവരാണ് മരിച്ചത്.

◼️കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യ വിഷബാധയുണ്ടായ ഷവര്‍മ്മയുടെ സാമ്പിളുകളില്‍ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. ഐഡിയല്‍ ഫുഡ് പോയന്റില്‍നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച് പരിശോധനയ്ക്ക് അയച്ച സാമ്പിളുകളില്‍ ഷിഗെല്ല ബാക്ടീരിയ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

◼️മാനന്തവാടിയില്‍ ബാര്‍ അസോസിയേഷന്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്നു റിപ്പോര്‍ട്ട്. സംഭവത്തില്‍ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ള 21 പേര്‍ ചികിത്സ തേടി.

◼️മലയാളി വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. അന്വേഷണസംഘത്തിന്റെ ആവശ്യം ആര്‍ഡിഒ അംഗീകരിച്ചു.

◼️മതവിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റു ചെയ്ത പി.സി ജോര്‍ജ്ജിനു ലഭിച്ച ജാമ്യം റദ്ദാക്കാന്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടി. മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കണോ, ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് മജിസ്ട്രേറ്റ് കോടതിയെത്തന്നെ സമീപിക്കണോയെന്നാണ് പരിശോധിക്കുന്നത്.

◼️പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികള്‍ ഉപയോഗിച്ച ബൈക്കുകളുടെ അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തു. കൊല നടത്തിയശേഷം പട്ടാമ്പിയിലെ വര്‍ക്ക്ഷോപ്പില്‍ എത്തിച്ച്  പൊളിച്ച് മാറ്റിയ ബൈക്കുകളുടെ ഭാഗങ്ങളാണ് കണ്ടെത്തിയത്.

◼️കാസര്‍കോട് ചെറുവത്തൂരിനടുത്ത് ദേശീയപാതയില്‍ സ്വകാര്യബസ് മറിഞ്ഞു. പിലിക്കോട് മട്ടലായിയിലാണ് അപകടമുണ്ടായത്. ബസിലെ ജീവനക്കാരും യാത്രക്കാരുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

◼️തിരുവനന്തപുരത്തേക്കു മടങ്ങേണ്ടിയിരുന്ന 23 ഉംറ തീര്‍ഥാടകര്‍ ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങി. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചോടെ മസ്‌കറ്റ് വഴിയുള്ള വിമാനത്തില്‍ പോകാനിരുന്ന തിരുനന്തപുരം, കൊല്ലം ജില്ലകളില്‍നിന്നുള്ള തീര്‍ഥാടകരെയാണ്  എയര്‍പോര്‍ട്ടിനകത്തേക്കു കടത്തിവിടാതെ തടഞ്ഞത്. ഒടുവില്‍ ഇന്നലെ ഇവരെ അകത്തു പ്രവേശിപ്പിച്ചു. രാത്രിയോടെ വിമാനത്തില്‍ നാട്ടിലേക്കു തിരിച്ചു.

◼️താരസംഘടനയായ 'അമ്മ'യ്‌ക്കെതിരെ വിമര്‍ശനവുമായി ഷമ്മി തിലകന്‍. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട ചര്‍ച്ചയില്‍ പങ്കെടുത്ത അമ്മയിലെ പ്രതിനിധികള്‍ക്കെതിരെ 'പൊന്നുരുക്കുന്നിടത്ത് പൂച്ചകള്‍ക്ക് എന്താണാവോ കാര്യം?' എന്നാണ് ഷമ്മി ഫേസ് ബുക്കില്‍ കുറിച്ചത്. ചര്‍ച്ചയില്‍ പങ്കെടുത്ത അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു, ട്രഷറര്‍ സിദ്ദിഖ് എന്നിവരുടെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് പരിഹാസം.

◼️സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യത. എല്ലാ ജില്ലകളിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

◼️കെഎസ്ഇബി ചെയര്‍മാനും ഓഫീസേഴ്സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഇന്നു വീണ്ടും മന്ത്രിതല ചര്‍ച്ച. ഉച്ചയ്ക്കു 12 ന് വൈദ്യുതിമന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയില്‍ ഊര്‍ജ്ജവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെ.എസ്.ഇ.ബി ചെയര്‍മാന്‍, ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

◼️ട്രഷറി തട്ടിപ്പുകേസിലെ മുഖ്യപ്രതി പെരുനാട് സബ്ട്രഷറിയിലെ കാഷ്യറായിരുന്ന സി.ടി. ഷഹറീനെ  ക്രൈംബ്രാഞ്ച് പിടികൂടി. പത്തനംതിട്ട ജില്ലാ ട്രഷറിയിലും പെരുനാട്, മല്ലപ്പള്ളി, എരുമേലി സബ് ട്രഷറികളിലുമാണ് തട്ടിപ്പ് നടന്നത്. സി.ടി.ഷഹീര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.  മരിച്ചുപോയ ആളുടെ സ്ഥിര നിക്ഷേപത്തില്‍നിന്നാണ് തട്ടിപ്പു നടന്നത്. വ്യാജ അക്കൗണ്ട് ഉണ്ടാക്കി 8.13 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്.

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ.  കമ്മീഷണര്‍ ആര്‍ ഇളങ്കോ റിപ്പോര്‍ട്ട് ഡിഐജി രാഹുല്‍ ആര്‍ നായര്‍ക്കു കൈമാറി. സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളുള്ള അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഉത്തരവ് ഇറങ്ങിയാല്‍ ആയങ്കിക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനാകില്ല. ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പൊലീസില്‍ പരാതി നല്‍കിയതിനു പിറകേയാണ് കാപ്പ ചുമത്തിയത്.

◼️ഗുരുവായൂര്‍ സ്വദേശി ഷാര്‍ജയില്‍ കടലില്‍ മുങ്ങി മരിച്ചു. മുഹമ്മദ് എമില്‍ എന്ന ഇരുപത്തിനാലുകാരനാണ് മരിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം ഹംരിയ കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു.

◼️മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും താഴോട്ട്. 142 ാം സ്ഥാനത്തുനിന്ന് 150 ാം സ്ഥാനത്തേക്കാണ് പതിച്ചത്. റിപ്പോര്‍ട്ടേഴ്സ് ബിയോണ്ട് ബോര്‍ഡേഴ്സ് പുറത്തുവിട്ട സൂചികയിലാണ് ഈ വിവരം. സൂചികയില്‍ ഒന്നാം സ്ഥാനത്ത് ഡെന്മാര്‍ക്കും രണ്ടാം സ്ഥാനത്തു സ്വീഡനുമാണ്. ഇറാന്‍, എറുത്രിയ രാജ്യങ്ങളാണ് ഏറ്റവും പിറകില്‍.

◼️കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സേവന കയറ്റുമതി റെക്കോര്‍ഡിട്ടു. 25,440 കോടി ഡോളറിന്റെ സേവന കയറ്റുമതിയാണ് ഇന്ത്യ നേടിയത്. 2019-20 ലെ 21,320 കോടി ഡോളറിന്റെ സേവന കയറ്റുമതിയെന്ന നേട്ടത്തെയാണ് മറികടന്നത്. ടെലികമ്മ്യൂണിക്കേഷന്‍സ്, കമ്പ്യൂട്ടര്‍, ഇന്‍ഫര്‍മേഷന്‍ സേവനങ്ങള്‍, ബിസിനസ്സ് സേവനങ്ങള്‍, ഗതാഗതം തുടങ്ങിയ സേവനങ്ങളുടെ കയറ്റുമതിയാണ് ഇത്രയും നേട്ടമുണ്ടാക്കിയത്.

◼️പ്രധാനമന്ത്രി നരേന്ദ്രമോദി യൂറോപ്യന്‍ സന്ദര്‍ശനത്തിനിടെ വിവിധ രാജ്യങ്ങളിലെ  പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ഫിന്‍ലന്‍ഡ്, സ്വീഡന്‍, ഐസ്ലന്‍ഡ്, നോര്‍വേ പ്രധാനമന്ത്രിമാരുമായാണ് നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയത്.

◼️ഇന്ത്യന്‍ അതിര്‍ത്തികളില്‍ വിന്യസിപ്പിച്ചിരിക്കുന്ന സൈനികരോടു ഹിന്ദി പഠിക്കണമെന്ന് ചൈന ആവശ്യപ്പെട്ടെന്നു റിപ്പോര്‍ട്ട്. ഹിന്ദി പഠിപ്പിക്കാന്‍ ഏതാനും പേരെ റിക്രൂട്ടു ചെയ്യാനുള്ള നടപടികളും ആരംഭിച്ചു. ഇന്ത്യയിലേക്കു നുഴഞ്ഞു കയറുന്നതിനാണോ സൈനികരെ ഹിന്ദി പഠിപ്പിക്കുന്നതെന്നു സംശയിക്കുന്നുണ്ട്.

◼️ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെതിരേ ലോഗോ കോപ്പിയടിച്ചതിന് കേസ്. ഫേസ് ബുക്ക് പേരുമാറ്റി മെറ്റ  ആയപ്പോള്‍ ലോഗോയും മാറ്റിയിരുന്നു. മെറ്റ ഉപയോഗിക്കുന്ന ഇന്‍ഫിനിറ്റി ലോഗോ തങ്ങളുടേതാണെന്ന് ആരോപിച്ച് സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലോക്ക്‌ചെയിന്‍ കമ്പനി ഡിഫിനിറ്റി യുഎസിലെ നോര്‍ത്ത് കാലിഫോര്‍ണിയ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 2017 മുതല്‍ തങ്ങള്‍ ഉപയോഗിക്കുന്ന ലോഗോയാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ മെറ്റ കോപ്പിയടിച്ചതെന്നാണ് ഡിഫിനിറ്റിയുടെ ആരോപണം.

◼️ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നാലാം സ്ഥാനത്ത്. 13 റണ്‍സിനായിരുന്നു ബാംഗ്ലൂരിന്റെ ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ 11 കളികളില്‍ നിന്ന് 12 പോയിന്റോടെയാണ് ബാംഗ്ലൂര്‍ നാലാം സ്ഥാനം ഉറപ്പിച്ചത്. ഏഴാം തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു.

◼️ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ വിയ്യാറയലിനെ തോല്‍പ്പിച്ച് ലിവര്‍പൂള്‍ ഫൈനലിലേക്ക് പ്രവേശിച്ചു. രണ്ടാം പാദത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ചെമ്പടയുടെ വിജയം. പത്താം തവണയാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരിന് യോഗ്യത നേടുന്നത്.

◼️2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റാദായം 65 ശതമാനം വര്‍ധിച്ച് 2,767.40 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് 1,682.37 കോടി രൂപ അറ്റാദായം നേടിയിരുന്നു. 2022 ജനുവരി-മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ മൊത്ത വരുമാനം 8,892.26 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7,953.12 കോടി രൂപയായിരുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ അറ്റാദായം 23.1 ശതമാനം വര്‍ധിച്ച് 8,572.69 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6,964.84 കോടി രൂപയായിരുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, മൊത്ത നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ 7,425.51 കോടിയില്‍ നിന്ന് 2022 ല്‍ 6,469.74 കോടി രൂപയായി.

◼️അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിന് 2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ നികുതി കിഴിച്ചുള്ള ലാഭത്തില്‍ 2 ശതമാനം ഇടിവ്. ലാഭം 325.76 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 332.53 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. ജനുവരി-മാര്‍ച്ച് കാലയളവില്‍ കമ്പനിയുടെ ഏകീകൃത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 13,688.95 കോടി രൂപയില്‍ നിന്ന് 25,141.56 കോടി രൂപയായി ഉയര്‍ന്നിരുന്നു. ഇക്കാലയളവില്‍ കമ്പനിയുടെ ചെലവ് 13,213.95 കോടി രൂപയില്‍ നിന്ന് 24,673.25 കോടി രൂപയായി ഉയര്‍ന്നു.

◼️ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. ഡാര്‍വിന്‍ കുര്യാക്കോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിനു വി എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ.  ടൊവിനൊ തോമസ് കാക്കിയണിയുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അന്വേഷണങ്ങളുടെ കഥയല്ല, അന്വേഷകരുടെ ജീവിത കഥയാണ് ചിത്രം പറയുന്നത് എന്നായിരുന്നു ടൈറ്റില്‍ ലുക്ക് പുറത്തുവിട്ടപ്പോള്‍ പറഞ്ഞിരുന്നത്.  തമിഴിലെ ഹിറ്റ് സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ ആദ്യമായി മലയാളത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിനുണ്ട്. കായംകുളം സ്വദേശിയും പ്രശസ്ത മോഡലുമായ ആദ്യ പ്രസാദ് ആണ് ചിത്രത്തില്‍ ടൊവീനോയുടെ നായികയാവുന്നത്.  

◼️ദൃശ്യം 2 നു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. 12ത്ത് മാന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ കഥാപാത്രമാവുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഡയറക്ട് റിലീസ് ആയി എത്തുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തിയിരിക്കുകയാണ്. മെയ് 20ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും. 2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍ ആണ് എത്തിയിരിക്കുന്നത്. നവാഗതനായ കെ ആര്‍ കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

◼️ഏപ്രില്‍ മാസത്തെ വാഹന വില്‍പ്പനയില്‍ മുന്നേറ്റവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര. വാഹന വില്‍പ്പനയില്‍ 25 ശതമാനം വര്‍ധനവാണ് മഹീന്ദ്ര നേടിയത്. ഏപ്രിലില്‍ വിറ്റഴിച്ചത് 45,640 യൂണിറ്റുകള്‍. ആഭ്യന്തര വിപണിയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന 23 ശതമാനം വര്‍ധിച്ച് 22,526 യൂണിറ്റിലെത്തി. വാണിജ്യ വാഹന വില്‍പ്പന കഴിഞ്ഞ മാസം 20,411 യൂണിറ്റായി ഉയര്‍ന്നു. യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍, 2022 ഏപ്രിലില്‍ മഹീന്ദ്ര 22,168 വാഹനങ്ങള്‍ വിറ്റു. യുവി, കാറുകള്‍, വാനുകള്‍ എന്നിവയുള്‍പ്പെടെയുള്ള യാത്രാ വാഹന വിഭാഗത്തില്‍നിന്ന് കഴിഞ്ഞമാസം 22,526 വാഹനങ്ങള്‍ വിറ്റു. കയറ്റുമതി 2,703 യൂണിറ്റായിരുന്നു. ഇന്ത്യയില്‍ ഏറെ ജനപ്രീതിയുള്ള സെഗ്മെന്റായ എസ്യുവി വിഭാഗത്തിലെ ഏപ്രിലിലെ വില്‍പ്പന 22 ശതമാനം വര്‍ധിച്ച് 22,168 യൂണിറ്റായി.

◼️ഇന്ന് പ്രചാരത്തിലുള്ള വലിയ മാനേജ്മെന്റ് തത്ത്വങ്ങള്‍ക്കെല്ലാം അപ്പുറമായി നീണ്ടകാലത്തെ തൊഴിലനുഭവങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത വൈവിധ്യമുള്ള മുത്തുകളാണ് ഇവിടെ നിരത്തിവെച്ചിരിക്കുന്നത്. നീണ്ടകാലം വിവിധ മേഖലകളില്‍ വിവിധ തലങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിച്ച ഗ്രന്ഥകാരന്‍ സ്വന്തം തൊഴിലനുഭവങ്ങളിലൂടെ ജീവിതവിജയത്തിന്റെ വാതിലുകള്‍ തുറന്നിടുന്നു. 'നേടാനാവാത്തതായി ഒന്നുമില്ല'. ഡോ. ഇ കെ ഹരികുമാര്‍. മാതൃഭൂമി. വില 252 രൂപ.

◼️സാധാരണ ഗതിയില്‍ പ്രമേഹ രോഗികള്‍ ഒഴിവാക്കുന്ന ഒന്നാണ് വാഴപ്പഴം. പഴം കഴിച്ചാല്‍ പഞ്ചസാരയുടെ തോത് പെട്ടെന്ന് ഉയരുമോ എന്ന ഭയമാണ് ഇതിന് പിന്നില്‍. പഴം കഴിക്കാതിരുന്നാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം പോലുള്ള പോഷണങ്ങളാണ് നഷ്ടമാകുന്നത്. രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം നിലനിര്‍ത്താനും പൊട്ടാസ്യം സഹായിക്കും. പക്ഷാഘാതത്തിന്റെ സാധ്യത കുറയ്ക്കാനും എല്ലുകളെ ആരോഗ്യത്തോടെ വയ്ക്കാനും വൃക്കയില്‍ കല്ലുകളുണ്ടാകാതിരിക്കാനും പഴത്തിന്റെ ഉപയോഗം സഹായിക്കും. പ്രീബയോട്ടിക്സിന്റെ സമ്പന്ന  സ്രോതസ്സായ പഴത്തില്‍ വൈറ്റമിന്‍ ബി6, വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, മഗ്നീഷ്യം എന്നിവയും അടങ്ങിയിരിക്കുന്നു. പഴത്തില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത പഞ്ചസാര സാധാരണ പഞ്ചസാരയില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രമേഹ രോഗികള്‍ പഴം കഴിക്കുമ്പോള്‍  ചില കാര്യങ്ങളില്‍ കരുതല്‍ വേണം. ഉയര്‍ന്ന ഗ്ലൈസിമിക് ഇന്‍ഡക്സ് അടങ്ങിയതായതിനാല്‍ പഴുത്ത പഴം ഒരു സ്നാക്കായിട്ട് വേണം കഴിക്കാന്‍. എട്ടരയ്ക്ക് പ്രഭാതഭക്ഷണം കഴിക്കുന്നവര്‍ക്ക് 11 മണിക്ക് ഒരു പഴമാകാം. അതേ സമയം പ്രമേഹ രോഗികള്‍ പ്രഭാത ഭക്ഷണമായ ഉപ്പുമാവിനോ പുട്ടിനോ ഒപ്പം പഴുത്ത പഴം കഴിക്കരുത്. 100 ഗ്രാം പഴം ഒരു സ്നാക്കായി കഴിച്ചാല്‍ പഞ്ചസാരയുടെ തോതില്‍ കാര്യമായ വ്യത്യാസം വരില്ലെന്നും വിഭ ചൂണ്ടിക്കാട്ടി.  എന്നാല്‍ പ്രഭാത ഭക്ഷണത്തിനോ, ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ ഒപ്പം പഴം കഴിച്ചാല്‍ ഇവയിലെ കാര്‍ബോഹൈഡ്രേറ്റും പ്രധാന ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റും എല്ലാം ചേര്‍ന്ന് ഗ്ലൂക്കോസ് തോത് ഉയര്‍ത്തും. പഞ്ചസാരയുടെ തോത് നിയന്ത്രണത്തില്‍ നിര്‍ത്തിയിരിക്കുന്നവര്‍ക്ക് ഒരു ചെറു പഴം സ്നാക്കായി കഴിക്കാം. പഴുക്കാത്ത പഴം പച്ചക്കറിയായി പരിഗണിച്ച് കറി വച്ചോ മെഴുക്ക് പുരട്ടി വച്ചോ ഒക്കെ കഴിക്കുന്നതില്‍ പ്രശ്നങ്ങളില്ലെന്നും ഡയറ്റീഷന്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

*ശുഭദിനം*

തിരുവന്തപുരം നിഷിലെ ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററില്‍ പാര്‍വ്വതിയേയും ലക്ഷ്മിയേയും ആ അമ്മ ചേര്‍ത്തത് ഒന്നരവയസ്സുള്ളപ്പോഴാണ്.  ഇവര്‍ക്ക് രണ്ടുവയസ്സായപ്പോഴാണ് അവരുടെ അച്ഛന്‍ മരിക്കുന്നത്.  അന്ന് ആ അമ്മയ്ക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ല.  അവര്‍ക്ക് ഈ ഇരട്ടമക്കളെകൂടാതെ ഒരു മകന്‍ കൂടിയുണ്ടായിരുന്നു.  ഈ കുട്ടികളെപോലെ തന്നെ മകനും അമ്മ സീതയ്ക്കും കേള്‍വിക്കുറവ് ഉണ്ടായിരുന്നു.  ഈ മൂന്ന് മക്കളെ വളര്‍ത്താന്‍ ആ അമ്മ ആദ്യം ഇന്‍ഷുറന്‍സ് ഏജന്റായി പ്രവര്‍ത്തിച്ചു.  പിന്നെയും നിരവധി ജോലികള്‍.  അവസാനം സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വഴി ഒരു സര്‍ക്കാര്‍ ജോലി ലഭിച്ചത് ഇവരുടെ ജീവിതത്തില്‍ ഏറെ വെളിച്ചം നിറച്ചു.  നാട്ടിലെ സ്‌ക്കൂളില്‍ പ്രാഥമിക പഠനം കഴിഞ്ഞ് തിരുവനന്തപരും എബ്രഹാം മെമ്മോറിയല്‍ സ്‌കൂളില്‍ ചേര്‍ന്ന് ഹൈസ്‌ക്കൂള്‍ പഠനം. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്  ഇരുവരുടേയും സ്വ്പനത്തില്‍ സിവില്‍ സര്‍വ്വീസ് കടന്നുവന്നുത്. പക്ഷേ, ജന്മനാല്‍ പരിമിതികളുള്ള ഈ കുട്ടികള്‍ക്ക് അവിടെ എത്തിച്ചേരാനാകുമോ എന്ന് എല്ലാവരും സംശയം പ്രകടിപ്പിച്ചു.  പക്ഷേ, അവര്‍ മാത്രം തങ്ങളുടെ പ്രതീക്ഷ നഷ്ടപ്പെടുത്തിയതേയില്ല.  തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ പാര്‍വ്വതിക്കും ലക്ഷ്മിക്കും കേരള പൊതുമരാമത്ത് വകുപ്പിലും കേന്ദ്രപൊതുമരാമത്ത് വകുപ്പിലുമായി ജോലി കിട്ടി. പക്ഷേ, അവരുടെ സ്വപ്നം അവിടംകൊണ്ട് അവര്‍ അവസാനിപ്പിച്ചില്ല.  സിവില്‍ സര്‍വ്വീസ് ലക്ഷ്യം വെച്ച് കഠിനമായി പ്രയത്‌നിച്ചു.  പഠനത്തിനായി അവര്‍ക്ക് കോച്ചിങ്ങ് സെന്ററുകളെ ആശ്രയിക്കാന്‍ സാധിക്കുമായിരുന്നില്ല.  അതുകൊണ്ടുതന്നെ പ്രത്യേകം നോട്ടുകള്‍ എടുത്ത് തയ്യാറെടുത്തു. അങ്ങനെ സിവില്‍ സര്‍വ്വീസ് പരീക്ഷ കഴിഞ്ഞപ്പോള്‍ അടുത്തടുത്ത രണ്ടു റാങ്കുകളില്‍ ഇരുവരും.. ഇന്ത്യന്‍ എഞ്ചിനീയറിങ്ങ് സര്‍വ്വീസിലേക്ക് ഇരുവരും ചുവടുവെയ്ക്കുമ്പോള്‍ അത് ആ അമ്മയുടെ ആത്മസമര്‍പ്പണത്തിനുകൂടിയുള്ള അംഗീകാരമായി മാറി..  ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോള്‍ ചെറിയ ചെറിയ ഇടര്‍ച്ചകള്‍ സംഭവിച്ചേക്കാം.. അവിടെ നമുക്ക് ഈ മൂന്ന് മുഖങ്ങളെ ഓര്‍ക്കാം - *ശുഭദിനം.* 

MEDIA 16 NEWS