◼️തൃക്കാക്കരയില്‍ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥി. കെപിസിസി നിര്‍ദേശിച്ച പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചു. പതിവിനു വിപരീതമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം അതിവേഗത്തിലായി. അന്തരിച്ച സിറ്റിംഗ് എംഎല്‍എ പി.ടി. തോമസിന്റെ ഭാര്യയാണ് ഉമ. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഇന്നലെ വൈകുന്നേരത്തോടെ ഉമ പ്രചാരണരംഗത്തേക്കിറങ്ങി.
◼️കാസര്‍കോട് ചെറുവത്തൂരിലെ കൂള്‍ബാറില്‍ ഷവര്‍മയില്‍ ഭക്ഷ്യ വിഷബാധക്കു കാരണം ഷിഗെല്ല ബാക്റ്റീരിയ. മരിച്ച ദേവനന്ദ അടക്കം ഷവര്‍മ കഴിച്ചവര്‍ക്കെല്ലാം ഷിഗെല്ല അണുബാധയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള നാല് കുട്ടികള്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. നിയന്ത്രിക്കാനാവാത്ത വയറിളക്കമാണ് രോഗലക്ഷണം.
◼️റെയില്‍വേ റിസര്‍വേഷന്‍ ഇല്ലാത്ത ടിക്കറ്റുകളും ജനറല്‍ കംപാര്‍ട്ടുമെന്റുകളും പുനഃസ്ഥാപിച്ചു. വേണാട്, പരശുറാം, ഇന്റര്‍സിറ്റി, വഞ്ചിനാട് എന്നിവയ്ക്കാണ് കൂടുതല്‍ ജനറല്‍ കോച്ചുകള്‍ അനുവദിച്ചത്. യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഈ ട്രെയിനുകളെയാണ്.
◼️തൃശൂര്‍ ജില്ലയിലെ പറപ്പൂര്‍ മൂള്ളൂര്‍ ഐനിക്കാട് പാടത്ത് രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. പ്രദേശത്തെ പൂരത്തിനു വന്ന മലപ്പുറം വട്ടംകുളം സ്വദേശി ഷാഹുല്‍ (16), പൊറത്തൂര്‍ സ്വദേശി ശ്രീഹരി (12) എന്നിവരാണു മരിച്ചത്.
◼️പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകത്തില്‍ മൂന്നു പേര്‍ കൂടി പിടിയില്‍. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ഒരാളും ഗൂഢാലോചനയില്‍ പങ്കെടുത്ത, മുഖ്യ പ്രതികള്‍ക്കാവശ്യമായ സഹായം നല്‍കിയ രണ്ടു പേരുമാണ് പിടിയിലായത്. മൂവരേയും ഇന്നു കോടതിയില്‍ ഹാജരാക്കും. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 19 ആയി.
◼️മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സോളാര്‍ കേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിബിഐ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടത്തിയത് അഞ്ചര മണിക്കൂര്‍. ക്ലിഫ് ഹൗസിലെ ഊട്ടുമുറിക്കു സമീപത്തെ അതിഥികളെ സ്വീകരിക്കുന്ന മുറിയില്‍ ഉമ്മന്‍ചാണ്ടി പീഢിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ മൊഴി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പരാതിക്കാരിയേയും എത്തിച്ചാണ് തെളിവെടുപ്പു നടത്തിയത്.
◼️രാഹുല്‍ ഗാന്ധി വയനാട്ടില്‍ ലോക്സഭാംഗമെന്ന നിലയിലുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിലെ നിരവധി കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുമോ എന്ന ചോദ്യത്തിന് രാഹുല്‍ അമേത്തിയെ ഉപേക്ഷിച്ചതുപോലെ താന്‍ അമേത്തിയെ ഉപേക്ഷിച്ച് എങ്ങോട്ടും ഓടിപ്പോകില്ലെന്നാണു മറുപടി നല്‍കിയത്.
◼️വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി 92,000 ഡോളര്‍ ബ്ലഡ്മണിയായി വേണ്ടിവരുമെന്ന് മോചനത്തിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്ന റിട്ടയേഡ് ജസ്റ്റിസ് കുര്യന്‍ ജോസഫ്. 70 ലക്ഷത്തോളം രൂപയാണ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്കു നഷ്ടപരിഹാരമായി നല്‍കേണ്ടത്. വിഷയത്തില്‍ വ്യവസായി യൂസഫലികൂടി ഇടപെടുന്നുണ്ട്. ചര്‍ച്ചകളിലും ദയാധനം സമാഹരിക്കുന്നതിലും യൂസഫലിയുടെ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
◼️മങ്കര അയ്യര്‍മലയില്‍ കത്തിക്കരിഞ്ഞ നിലയില്‍ അസ്ഥികൂടം. അയ്യര്‍മല തേരുപറമ്പില്‍ നിന്ന് അകലെയുള്ള ഗുഹയിലാണ് നാട്ടുകാര്‍ അസ്ഥികൂടം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
◼️പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയത്തിനുള്ള പുതുക്കിയ ഉത്തരസൂചിക പുറത്തിറക്കി. മൂല്യനിര്‍ണയ ക്യാംപുകള്‍ ഇന്നു പുനരാരംഭിക്കും. അധ്യാപകര്‍ തയ്യാറാക്കിയ ഫൈനലൈസേഷന്‍ സ്‌കീമിനു പകരം ചോദ്യകര്‍ത്താവ് തയ്യാറാക്കിയ ഉത്തരസൂചിക ഉപയോഗിച്ച് മൂല്യനിര്‍ണയം നടത്താന്‍ നിര്‍ദേശിച്ചതില്‍ പ്രതിഷേധിച്ച് അധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചിരുന്നു.
◼️ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സാംസ്‌കാരിക മന്ത്രി വിളിച്ചുചേര്‍ത്ത യോഗം ഇന്ന്. രാവിലെ പതിനൊന്നിന് തിരുവനന്തപുരത്താണ് യോഗം. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അടക്കം സിനിമാ മേഖലയിലെ എല്ലാ സംഘടനകളും പങ്കെടുക്കും.
◼️തിരുവനന്തപുരം പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയുടെ ശുചിമുറി ഉപയോഗിക്കാന്‍ നല്‍കാത്തതിന്റെ പേരില്‍ തമിഴ്നാട്ടുകാരായ വിനോദയാത്രാ സംഘം ആശുപത്രിക്കുനേരെ ആക്രമണം നടത്തി. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സംഘം ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെയാണ് ആക്രമിച്ചത്.
◼️വയനാട് ചുരത്തിലെ വൈത്തിരി കവാടത്തിനു സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കല്‍പ്പറ്റ കുടാലായികുന്ന് തയ്യില്‍ വീട്ടില്‍ മജീദിന്റെ മകന്‍ മുഹമ്മദ് ഹര്‍ഷല്‍ (19 )ആണ് മരിച്ചത്.
◼️ആസാമില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ പങ്കെടുത്ത പരിപാടിക്കിടെ അശ്ലീല ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. സംഭവത്തില്‍ പോലീസും ജില്ലാ മജിസ്ട്രേട്ടും അന്വേഷണം ആരംഭിച്ചു. പ്രൊജക്ടര്‍ ഓപ്പറേറ്ററെ കസ്റ്റഡിയിലെടുത്തു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മെഥനോള്‍ കലര്‍ന്ന എം-15 പെട്രോള്‍ അവതരിപ്പിക്കുന്ന ചടങ്ങിനിടെയാണ് സംഭവം. സൂം മീറ്റിങ് വഴി ചടങ്ങ് തത്സമയം സ്ട്രീം ചെയ്തിരുന്നു. ട്വിറ്ററില്‍ പങ്കുവച്ച യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് സൂം മീറ്റിംഗിലേക്കു കയറിയ ഒരാള്‍ അശ്ലീല ദൃശ്യങ്ങള്‍ അപ് ലോഡ് ചെയ്യുകയായിരുന്നു.
◼️കര്‍ണാടകയില്‍ ബസവരാജ് ബൊമ്മയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റില്ലെന്ന് ബിജെപി നേതൃത്വം. അദ്ദേഹത്തെ മാറ്റുമെന്ന അഭ്യൂഹം ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് തള്ളി. കര്‍ണാകയിലെത്തിയ കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് അരുണ്‍ സിംഗിന്റെ വിശദീകരണം.
◼️ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലെ ആശ്രമത്തിലെ സത്സംഗത്തില്‍ പങ്കെടുത്ത് മടങ്ങവേ ടോമ്പോയും എസ് യുവിയും കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു. അഞ്ചു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ആറ് പേര്‍ക്ക് പരിക്കേറ്റു. പാട്യാലി ബദൗണ്‍-മെയിന്‍പുരി ഹൈവേയിലാണ് ടെമ്പോ എതിരേവന്ന എസ്യുവിയില്‍ ഇടിച്ചത്.
◼️രാജ്യത്ത ടോള്‍ ബൂത്തുകളിലൂടെയുള്ള ടോള്‍ പിരിവ് വൈകാതെ നിര്‍ത്തും. ഫാസ്റ്റാഗും ഇല്ലാതാകും. ജിപിഎസ് സംവിധാനം വഴി ടോള്‍ പാതയിലൂടെ എത്ര ദൂരം സഞ്ചരിച്ചെന്നു കണക്കാക്കി അതിനനുസൃതമായി വാഹനമുടമയുടെ ബാങ്ക് അക്കൗണ്ടില്‍നിന്നു ടോള്‍ ഈടാക്കുന്ന രീതിയാണ് നടപ്പാക്കാനിരിക്കുന്നത്.
◼️രാഹുല്‍ ഗാന്ധി നിശാവിരുന്നിലല്ല, നേപ്പാളില്‍ സുഹൃത്തിന്റെ വിവാഹ വിരുന്നിലാണു പങ്കെടുത്തതെന്ന് കോണ്‍ഗ്രസ്. ബിജെപി നുണപ്രപാചരണം നടത്തുകയാണ്. മോദിയെ പോലെ ക്ഷണിക്കാതെ പോയതല്ല. വിവാഹത്തിനു പോയത് വലിയ കുറ്റകൃത്യം പോലെയാണ് ബിജെപി പ്രചരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദിപ് സുര്‍ജേവാല പറഞ്ഞു.
◼️കോണ്‍ഗ്രസില്‍ ചേരാനുള്ള ക്ഷണം നിരസിച്ച തെരഞ്ഞെടുപ്പു വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍ പുതിയ പാര്‍ട്ടി ആരംഭിക്കുന്നു. ബിഹാര്‍ കേന്ദ്രീകരിച്ച് 'ജന്‍ സുരാജ്' എന്ന പേരില്‍ പ്രചാരണം തുടങ്ങി. ഇനി യഥാര്‍ത്ഥ യജമാനന്മാരായ ജനങ്ങള്‍ക്കൊപ്പം എന്നു ട്വീറ്റ് ചെയ്യുകയും ചെയ്തു.
◼️പിതൃത്വ അവകാശക്കേസില്‍ ധനുഷിന് മദ്രാസ് ഹൈക്കോടതിയുടെ സമന്‍സ്. ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശപ്പെട്ട് മേലൂര്‍ സ്വദേശികളായ കതിരേശന്‍- മീനാക്ഷി ദമ്പതികള്‍ നല്‍കിയ കേസിലാണ് സമന്‍സ്. ധനുഷ് മുന്‍പ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് ആരോപിക്കുന്ന അപ്പീല്‍ ഹര്‍ജിയിലാണ് സമന്‍സ് അയച്ചത്.
◼️ഔറംഗബാദില്‍ നടന്ന റാലിയില്‍ പ്രകോപനപരമായി പ്രസംഗിച്ചതിന് മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെക്കെതിരെ കേസ്. റാലിയുടെ സംഘാടകരായ മൂന്നു നേതാക്കള്‍ക്കെതിരെയും ഔറംഗബാദ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
◼️പശുവിനെ കശാപ്പു ചെയ്തെന്നാരോപിച്ച് ഒരു സംഘമാളുകള്‍ രണ്ട് ആദിവാസി യുവാക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ സിയോണി ജില്ലയിലാണ് സംഭവം. 15 മുതല്‍ 20 പേരടങ്ങുന്ന ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരാണ് അക്രമികള്‍.
◼️ഇന്ത്യന്‍ നാവികസേനയെ കരുത്തുറ്റതാക്കാനുള്ള അന്തര്‍വാഹിനി നിര്‍മാണ പദ്ധതിയായ പ്രൊജക്ട് 75 നോടു സഹകരിക്കില്ലെന്നു ഫ്രാന്‍സ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് ഏതാനും മണിക്കൂര്‍ മുമ്പാണ് ഫ്രാന്‍സിന്റെ നാവികസേന ഈ തീരുമാനം അറിയിച്ചത്. ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച ഇന്നു നടക്കും.
◼️ലോകത്തെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയില്‍ നിക്ഷേപം നടത്തിയില്ലെങ്കില്‍ നഷ്ടം സംരംഭകര്‍ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡെന്മാര്‍ക്ക് സന്ദര്‍ശിക്കുന്ന മോദി ഇന്ത്യ- ഡെന്മാര്‍ക്ക് ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു. കോപ്പന്‍ ഹേഗനില്‍ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റി ഫ്രെഡറിക്‌സണും ഒപ്പമുണ്ടായിരുന്നു. ഊര്‍ജ്ജം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഡെന്‍മാര്‍ക്കുമായി കൂടുതല്‍ സഹകരണം ഉണ്ടാകുമെന്ന് മോദി പറഞ്ഞു.
◼️ഐപിഎല്ലില്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ എട്ടു വിക്കറ്റിന് കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി പഞ്ചാബ് കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തപ്പോള്‍ 53 പന്തില്‍ 62 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാന്റെ മികവില്‍ പഞ്ചാബ് 16 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
◼️ഇന്ത്യയില്‍ ഫൈവ് ജി സേവനം ഓഗസ്റ്റ്- സെപ്റ്റംബര്‍ കാലയളവില്‍ ആരംഭിച്ചേക്കും. ഫൈവ് ജി സേവനം സമയബന്ധിതമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഫൈവ് ജി സേവനം ആരംഭിക്കുന്നതിന് മുന്‍പ് സ്‌പെക്ട്രം ലേലം നടക്കും. ജൂണ്‍ തുടക്കത്തില്‍ ഇത് ആരംഭിക്കാനാണ് സാധ്യത. 7.5ലക്ഷം കോടി രൂപ മൂല്യം വരുന്ന മെഗാ സ്‌പെക്ട്രം ലേലത്തിനാണ് ട്രായ് തയ്യാറെടുക്കുന്നത്. 2025 ഓടേ ലോക ജനസംഖ്യയുടെ മൂന്നില്‍ ഒന്ന് ഫൈവ് ജിയിലേക്ക് മാറുമെന്നാണ് കരുതുന്നത്. ഫൈവ് ജി സേവനം വികസിപ്പിക്കുന്നതില്‍ ദക്ഷിണ കൊറിയ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളാണ് മുന്‍പന്തിയില്‍ നില്‍ക്കാന്‍ സാധ്യത.
◼️ഇന്ത്യയിലെ വൈറ്റ് കോളര്‍ തൊഴില്‍ വിപണി സുസ്ഥിരമായ വീണ്ടെടുക്കല്‍ പാതയില്‍. ബിസിനസ്സ് പ്രവര്‍ത്തനങ്ങളിലെ തിരിച്ചുവരവും വര്‍ദ്ധിച്ചുവരുന്ന അവശ്യകതയും കമ്പനികളെ നിയമനം വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇത് ഏപ്രിലില്‍ വൈറ്റ് കോളര്‍ ജോലികളുടെ എണ്ണം മുന്‍കാല ശരാശരിയേക്കാള്‍ കൂടുതലാകാന്‍ കാരണമായി. സ്‌പെഷ്യലിസ്റ്റ് സ്റ്റാഫിംഗ് സ്ഥാപനമായ എക്‌സ്‌ഫെനോ, ലിങ്ക്ഡ്ഇന്‍, എന്നിവയില്‍ നിന്ന് ശേഖരിച്ച ഡാറ്റ അനുസരിച്ച്, ഏപ്രിലില്‍ സജീവമായ തൊഴിലവസരങ്ങളുടെ എണ്ണം 3,05,000 ആയിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 53 ശതമാനമാണ് വര്‍ധന. ഇത് കോവിഡിന് മുമ്പുള്ള പ്രതിമാസ ശരാശരി 230,000-240,000 ഒഴിവുകളേക്കാള്‍ കൂടുതലാണ്. കൂടാതെ മാര്‍ച്ചിലെ ജോലികളുടെ സംഖ്യയായ 310,000 ന് തുല്യമാണ്.
◼️ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തല്ലുമാലയിലെ ആദ്യഗാനം റിലീസ് ചെയ്തു. 'കണ്ണില്‍ പെട്ടോളെ' എന്ന് തുടങ്ങുന്ന ഗാനം വിഷ്ണു വിജയ് ആണ് ഒരുക്കിയിരിക്കുന്നത്. വിഷ്ണുവും ഇര്‍ഫാന ഹമീദും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്. ടൊവീനോ തോമസും കല്യാണി പ്രിയദര്‍ശനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ ഈ ഗാനം കളര്‍ഫുള്‍ എന്നാണ് പ്രേക്ഷകരുടെ ആദ്യപ്രതികരണം. ഫ്രീക്ക് ലുക്കിലാണ് ഇരുവരും ഗാനരംഗങ്ങളിലുടനീളം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
◼️സുരേഷ് ഗോപിയുടേതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് 'പാപ്പന്‍'. ജോഷിയാണ് 'പാപ്പന്‍' എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുല്‍ സുരേഷിനെയും പോസ്റ്ററില്‍ കാണാം. ഈദ് മുബാറക്ക് ആശംസകളുമായിട്ടാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. 'എബ്രഹാം മാത്യു മാത്തന്‍' എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. 'പാപ്പന്‍' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍, ഇത് ഒരു മര്‍ഡര്‍ ഇന്‍വെസ്റ്റിഗേഷന്‍ ആണ് എന്ന് വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, തുടങ്ങിയവരും അഭിനയിക്കുന്നു.
◼️ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗണ്‍ , രാജ്യത്തെ തങ്ങളുടെ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് വിലവര്‍ദ്ധനവ് പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. കമ്പനി അതിന്റെ ടൈഗണ്‍ , ടിഗ്വാന്‍ എന്നീ മോഡലുകള്‍ക്ക് വേരിയന്റുകളെ ആശ്രയിച്ച് 2.5 ശതമാനം മുതല്‍ നാല് ശതമാനം വരെ വിലവര്‍ദ്ധന പ്രഖ്യാപിച്ചു. പുതുക്കിയ വില മെയ് 2 മുതല്‍ നിലവില്‍ വന്നു. ഒരു വര്‍ഷത്തിലേറെയായി അര്‍ദ്ധചാലകങ്ങളുടെയും മറ്റ് ഭാഗങ്ങളുടെയും ക്ഷാമം കാരണം വാഹന വിതരണ ശൃംഖലയില്‍ വാഹന നിര്‍മ്മാതാക്കള്‍ കടുത്ത തടസ്സം നേരിടുന്നു.
◼️അമേരിക്കയില്‍ കുടിയേറിയ മലയാളി എഴുത്തുകാരില്‍ ഈ നാട് വരഞ്ഞിട്ട അനുഭവങ്ങളുടെ നേരെഴുത്താണ് 'കഥക്കൂട്ടം'. തിരഞ്ഞെടുത്ത 65 കഥകളുടെ സമാഹാരം. ഭാഷയെ മനസ്സിലിട്ട് താലോലിക്കുന്ന അമേരിക്കന്‍ മലയാളിയുടെ സര്‍ഗ്ഗസിദ്ധിയുടെ സാക്ഷ്യപത്രമാണ് ഇതിലെ ഓരോ രചനയും. മലയാളിയുടെ ജീവിതത്തിലൂടെ കടന്നുപോയത് മാത്രമല്ല ആഴത്തില്‍ സ്പര്‍ശിച്ച പല സംഭവപരമ്പരകളും ചിത്രീകരിക്കുന്ന കഥകളാണ് മിക്കതും. 'അമേരിക്കന്‍ കഥകൂട്ടം'. ബെന്നി കുര്യന്‍. ഗ്രീന്‍ ബുക്സ്. വില 427 രൂപ.
◼️വേനലില്‍ എളുപ്പം ദഹിക്കുന്ന തരം ലഘുവായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അമിത ഭക്ഷണം ഈ കാലാവസ്ഥയില്‍ ഒഴിവാക്കണം. സാധാരണ താപനിലയിലുള്ള വെള്ളത്തില്‍ പുതിനയിലയോ നാരങ്ങയോ ഒരു നുള്ള് പഞ്ചസാരയോ ഇട്ട് കഴിക്കുന്നത് വേനലില്‍ ശരീരത്തിന്റെ ചൂടകറ്റാന്‍ നല്ലതാണ്. ലസ്സി, ഹെര്‍ബല്‍ ചായ എന്നിവയും ചൂടിനെ പ്രതിരോധിക്കാന്‍ കഴിക്കാവുന്നതാണ്. ദഹനപ്രക്രിയയെ താറുമാറാക്കുമെന്നതിനാലും ശരീരത്തില്‍ വിഷാംശങ്ങള്‍ അടിയാന്‍ കാരണമാകുമെന്നതിനാലും ഐസിട്ട പാനീയങ്ങള്‍ ഒഴിവാക്കണം. പഞ്ചസാരപ്പാനിയോ തേനോ വേനലിന് പറ്റിയതല്ല. സാലഡുകള്‍ രാത്രികാലങ്ങളില്‍ കഴിക്കാതെ ഉച്ചഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് ദഹനത്തിന് നല്ലത്. പഴുക്കാത്ത പഴങ്ങളും കാരറ്റ്, ബീറ്റ് റൂട്ട്, റാഡിഷ്, ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, കടുക് പോലുള്ള വസ്തുക്കളും വേനല്‍ക്കാലത്ത് ഒഴിവാക്കാം. അമിത എരിവുള്ളതും ചൂടുള്ളതുമായ ഭക്ഷണവിഭവങ്ങളും വേണ്ടെന്ന് വയ്ക്കാം. മധുരവും കയ്പ്പും ഉള്ള ഭക്ഷണങ്ങള്‍ വേനലിന് പറ്റിയതാണെന്നും ആയുര്‍വേദ വിദഗ്ധര്‍ പറയുന്നു. പഴുത്ത പഴങ്ങള്‍, സാലഡ്, പാല്‍, വെണ്ണ, നെയ്യ്, കോട്ടേജ് ചീസ്, യോഗര്‍ട്ട്, വല്ലപ്പോഴും ഐസ്‌ക്രീം എന്നിവയും ഉഷ്ണകാലത്ത് കഴിക്കാന്‍ മികച്ചതാണ്. ആപ്പിള്‍, ബെറി, ചെറി, കരിക്ക്, മുന്തിരി, നാരങ്ങ, മാങ്ങ, തണ്ണിമത്തന്‍, പൈനാപ്പിള്‍, പ്ലം, മാതളനാരങ്ങ എന്നിവയും വേനല്‍ക്കാലത്ത് കഴിക്കാനായി നിര്‍ദേശിക്കപ്പെടുന്നു.