◼️തൃക്കാക്കര ഇന്നു പോളിംഗ് ബൂത്തിലേക്ക്. വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പു പൂര്‍ത്തിയാകുന്നതുവരെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നാം തീയതിയാണു വോട്ടെണ്ണല്‍.
◼️സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടികളുടെ ഭാഗമായി 41,000 പട്ടയങ്ങള്‍ വിതരണം ചെയ്യും. 33,839 ലാന്റ് ട്രിബ്യൂണല്‍ പട്ടയങ്ങളും 7,182 ലാന്റ് അസൈന്‍മെന്റ് പട്ടയങ്ങളും അടക്കം 41,021 പട്ടയങ്ങളാണ് വിതരണത്തിനൊരുങ്ങിയത്. കഴിഞ്ഞ വര്‍ഷം 54,000 കുടുംബങ്ങള്‍ക്കു പട്ടയം നല്‍കിയെന്നാണു റവന്യൂ വകുപ്പിന്റെ അവകാശവാദം.
◼️കേരളത്തില്‍ കാലവര്‍ഷം തുടങ്ങി. എന്നാല്‍ പത്തു ദിവസത്തേക്ക് അതിശക്തമായ മഴയുണ്ടാകില്ല. ഇന്ന് തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്.
◼️പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല കൊലക്കേസില്‍ ആറു പേരെ അറസ്റ്റു ചെയ്തു. പഞ്ചാബ് സര്‍ക്കാര്‍ ജൂഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഗുണ്ടാതലവന്മാരായ ലോറന്‍സ് ബിഷ്ണോയി, കാല ജത്തേരി, കാല റാണ എന്നിവരെ ഡല്‍ഹി പൊലീസ് തീഹാര്‍ ജയിലിലെ സെപ്ഷ്യല്‍ സെല്ലിലെത്തി ചോദ്യം ചെയ്തു. ഇവരുടെ നിര്‍ദ്ദേശപ്രകാരം കാനഡയിലുള്ള ലക്കിയെന്ന ഗുണ്ടയാണ് കൊല നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതേസമയം, തന്നെ കൊലപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ സുരക്ഷ ആവശ്യപ്പെട്ട് ജയിലിലുള്ള ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയി കോടതിയെ സമീപിച്ചു.
◼️കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഷെല്‍ കമ്പനികളിലൂടെ അനധികൃതമായി പണം കൈപ്പറ്റിയെന്ന കേസിലാണ് അറസ്റ്റ്. 2015- 16 കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന സത്യേന്ദ്ര ജെയിന്‍ വിവിധ കടലാസ് കമ്പനികളിലൂടെ 4.81 കോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്നാണു കണ്ടെത്തല്‍. ഈ പണമുപയോഗിച്ച് മന്ത്രി ഡല്‍ഹിയില്‍ വാങ്ങിയ ഭൂമി ഇഡി കണ്ടുകെട്ടിയിരുന്നു.
◼️ആസാം നാഗോണിലെ ബട്ടദ്രാവ പൊലീസ് സ്റ്റേഷനു ജനക്കൂട്ടം തീവച്ച സംഭവത്തിലെ പ്രതി ആഷിഖുല്‍ ഇസ്ലാം പോലീസ് ജീപ്പിടിച്ചു കൊല്ലപ്പെട്ടു. പൊലീസ് വാഹനത്തില്‍നിന്നു ചാടിയപ്പോള്‍ പിന്നിലുണ്ടായിരുന്ന മറ്റൊരു പൊലീസ് വാഹനം ഇടിക്കുകയായിരുന്നെന്നാന്ന് നാഗോണ്‍ പൊലീസ് സൂപ്രണ്ട് ലീന ഡോളി പറയുന്നത്.
◼️നേപ്പാളില്‍ തകര്‍ന്നു വീണ വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ 21 മൃതദേഹങ്ങളും തിരിച്ചറിയനാകാത്ത അവസ്ഥയിലാണെന്നു നേപ്പാള്‍ ആഭ്യന്തര മന്ത്രാലയം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോയി. അപകടം നടന്ന് 20 മണിക്കൂറിനു ശേഷമാണ് നേപ്പാള്‍ സൈന്യം തകര്‍ന്ന വിമാനത്തിനരികില്‍ എത്തിയത്. പതിനാലായിരം അടി ഉയരത്തിലുള്ള മലയിലാണ് വിമാനം തകര്‍ന്നു വീണത്.
◼️തിരുവനന്തപുരം ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ 'ദുര്‍ഗാവാഹിനി' പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. വിഎച്ച്പിയുടെ പഠനശിബിരത്തിന്റെ ഭാഗമായാണ് മെയ് 22 ന് പെണ്‍കുട്ടികള്‍ ആയുധമേന്തി റാലി നടത്തിയത്. പഠനശിബിരത്തിന്റെ ഭാഗമായി പദ സഞ്ചലനത്തിനുമാത്രമാണ് പൊലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടികള്‍ വാളുമേന്തി 'ദുര്‍ഗാവാഹിനി' റാലി നടത്തുകയായിരുന്നു.
◼️നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു നാളെ കൊച്ചിയില്‍ എത്തും. അഭിഭാഷകന്‍ അസൗകര്യം അറിയിച്ചതിനാല്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി വീണ്ടും മാറ്റി. വിദേശത്തുള്ള വിജയ് ബാബു നാട്ടില്‍ എത്താതെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. വിമാനത്താവളത്തില്‍ പോലീസ് അറസ്റ്റിന് ശ്രമിക്കുന്ന സാഹചര്യത്തില്‍ ഇന്നലത്തെ യാത്ര വിജയ് ബാബു മാറ്റുകയായിരുന്നു.
◼️മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലെ മൂര്‍ക്കനാട്ടില്‍ മില്‍മ പാല്‍പ്പൊടി യൂണിറ്റ് ആരംഭിക്കുമെന്ന് മില്‍മ. 12.5 ഏക്കര്‍ സ്ഥലത്താണ് സംസ്ഥാനത്തെ ആദ്യത്തെ പാല്‍പ്പൊടി ഫാക്ടറി സ്ഥാപിക്കുക. അടുത്ത വര്‍ഷം മാര്‍ച്ചോടെ യൂണിറ്റ് തുടങ്ങാനാകും. 100 കോടി രൂപ മുതല്‍ മുടക്കിലാണ് പാല്‍പ്പൊടി യുണിറ്റ് തയ്യാറാകുന്നത്.
◼️പത്തനംതിട്ട നഗരത്തിലെ സ്വകാര്യ കണ്ണാശുപത്രിയുടെ ലിഫ്റ്റില്‍ രോഗി തലകീഴായി കുടുങ്ങി. ചിറ്റാര്‍ സ്വദേശി മറിയാമ്മ തോമസാണ് അര മണിക്കൂറോളം ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയത്. ഒപ്പം ഉണ്ടായിരുന്ന ജീവനക്കാരിയുടെ കൈപിടിച്ച് പുറത്തേക്ക് ഇറങ്ങുന്നതിനിടയില്‍ ഒരു കാല്‍ ലിഫ്റ്റിന്റെ ഇടയില്‍ കുടുങ്ങി. ഈ സമയം ലിഫ്റ്റ് മുളിലേക്ക് ഉയര്‍ന്നു. മറിയാമ്മ തോമസ് തലകീഴായി മറിഞ്ഞു. അഗ്നിശമന സേനാംഗങ്ങള്‍ എത്തി വാതിലുകള്‍ പൊളിച്ചാണ് രക്ഷപ്പെടുത്തിയത്.
◼️മുന്‍മന്ത്രി കെ.ടി ജലീലിന്റെ മക്കളുടെ നിക്കാഹിന് മുസ്ലിം ലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.ക കുഞ്ഞാലിക്കുട്ടി എത്തിയത് വിവാദമായി. എആര്‍ നഗര്‍ ബാങ്ക് ക്രമക്കേടില്‍ കുഞ്ഞാലിക്കുട്ടിയും ജലീലും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന് മുന്‍ എംഎസ്എഫ് നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.
◼️ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന പിഎ മുഹമ്മദ് റിയാസിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ സ്ത്രീധനമാണ് മന്ത്രിപദവിയെന്ന് ആക്ഷേപിച്ച് മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജി. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പില്‍ മന്‍സൂര്‍ അനുസ്മരണ ചടങ്ങിലാണ് വിവാദ പരാമര്‍ശം.
◼️ചരക്ക് സേവന നികുതി ഉദ്യോഗസ്ഥരുടെ പീഡനത്തിനെതിരെ കടകളടച്ചിട്ട് സമരം ചെയ്യുമെന്ന് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരികള്‍. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്റെ കൊച്ചിയില്‍ നടന്ന യോഗം പ്രസിഡന്റായി ഡോ ബി ഗോവിന്ദനെയും ജനറല്‍ സെക്രട്ടറിയായി കെ സുരേന്ദ്രനെയും ട്രഷററായി അഡ്വ എസ് അബ്ദുല്‍ നാസറിനെയും തെരഞ്ഞെടുത്തു.
◼️ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച റാലിയില്‍ പത്തു വയസുകാരനെ വിദ്വേഷ മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിച്ചത് 26 ാം പ്രതി സുധീറാണെന്ന് പോലീസ്. തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയാണ് സുധീര്‍. കുട്ടിയുടെ പിതാവ് അസ്‌കറിന്റെ അടുത്ത സുഹൃത്താണ് ഇയാള്‍.
◼️ചിത്രീകരണത്തിനിടെ നടന്‍ ആസിഫ് അലിക്കു പരുക്കേറ്റു. 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിംഗിന് ഇടയിലാണ് പരുക്കേറ്റത്. ആസിഫ് അലിയെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◼️ഇടുക്കി വാഗമണില്‍ ഓഫ്റോഡ് റേസിംഗ് നടത്തിയ സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജ് അയ്യായിരം രൂപ പിഴ അടച്ചു. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും അനുമതി ഇല്ലാതെ നടത്തിയ റെയ്‌സില്‍ പങ്കെടുത്തതിനും ആണ് മാട്ടോര്‍ വാഹനവകുപ്പു പിഴ ചുമത്തിയത്.
◼️എന്റോസള്‍ഫാന്‍ ദുരിത ബാധിതയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കാസര്‍കോട് ജില്ലയിലെ ബളാന്തോട് ചാമുണ്ഡിക്കുന്നിലാണ് സംഭവം. എന്റോസള്‍ഫാന്‍ ബാധിതയായ 28 കാരി രേഷ്മയെ കൊലപ്പെടുത്തിയ ശേഷമാണ് അമ്മ വിമല ആത്മഹത്യ ചെയ്തത്.
◼️കതകിനിടയില്‍പ്പെട്ട് കൈവിരലുകള്‍ക്കു ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന് ശസ്ത്രക്രിയക്കായി 36 മണിക്കൂര്‍ ജലപാലനമില്ലാതെ കാത്തിരിക്കേണ്ടി വന്നെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിര്‍ദേശം നല്‍കി. അനസ്തേഷ്യ, ഓര്‍ത്തോ, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ക്കെതിരെയാണ് പരാതി.
◼️ജഡ്ജിമാരുടെ അടിവസ്ത്രത്തിന്റെ നിറം കാവിയാണെന്നു പ്രസംഗിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാവ് യഹിയ തങ്ങള്‍ക്കെതിരെ കോടതിലക്ഷ്യത്തിന് അനുമതി തേടി. അഡ്വക്കേറ്റ് ജനറലിന് ഹൈക്കോടതി അഭിഭാഷകന്‍ അരുണ്‍ റോയ് ആണ് അപേക്ഷ നല്‍കിത്. വിദ്വേഷ മുദ്രാവാക്യക്കേസില്‍ റിമാന്‍ഡിലായ പി.കെ യഹിയ തങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യത്തിനു പൊലീസ് കേസെടുത്തിരുന്നു.
◼️ലോട്ടറി സമ്മാനത്തുകയില്‍നിന്നു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പണം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു വിഷു ബംബര്‍ ലോട്ടറിയടിച്ചവര്‍. കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശന്‍, ഡോക്ടര്‍ പ്രദീപ് എന്നിവര്‍ക്കാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്. തമിഴ്നാട് ആരോഗ്യവകുപ്പില്‍ ഡോക്ടറാണ് എ. പ്രദീപ്.
◼️ഭര്‍ത്യഗൃഹത്തിലെ അലമാരയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ വടകര അഴിയൂര്‍ സ്വദേശിനി റിസ്വാനയുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് ഷംനാസും ഭര്‍തൃ പിതാവ് അഹമ്മദും അറസ്റ്റിലായി. ജില്ലാ ക്രൈം ബ്രാഞ്ചാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
◼️ഇടുക്കി പൂപ്പാറയില്‍ ഇതരസംസ്ഥാനക്കാരിയായ 15 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തതിനു പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് അടക്കം നാലു പേരെ പോലീസ് അറസ്റ്റുചെയ്തു. രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് മദ്യപിച്ചിരുന്നു. അതിനിടെ സ്ഥലത്തെത്തിയ പ്രതികള്‍ ആണ്‍സുഹൃത്തിനെ മര്‍ദ്ദിച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
◼️ഇന്നു വിരമിക്കാനിരിക്കെ ജിഎസ്ടി ഉദ്യോഗസ്ഥന്‍ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. കൊല്ലം സ്വദേശിയായ അസിസ്റ്റന്റ് ടാക്സ് ഓഫീസര്‍ നോര്‍ബര്‍ട്ടിനെയാണ് വയനാട് എടവകയിലെ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
◼️എറണാകുളത്ത് പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി മോഷണം. അയ്യായിരം രൂപയാണു തട്ടിയെടുത്തത്. രാത്രി പത്തോടെ പെട്രോള്‍ പമ്പ് അടച്ചതിനു പിറകേ, എഞ്ചിന്‍ ഓയില്‍ ചോദിച്ച് ഹെല്‍മറ്റ് ധരിച്ച് എത്തിയാളാണ് കവര്‍ച്ച നടത്തിയത്. സിസിടിവിയിലുള്ള ഇയാളുടെ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.
◼️ഗുരുവായൂര്‍ തമ്പുരാന്‍പടിയില്‍ സ്വര്‍ണം മൊത്തവ്യാപാരി ബാലന്റെ വീട്ടില്‍നിന്ന് മൂന്നു കിലോ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതി കേരളത്തില്‍ വേറേയും കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നു പോലീസ്. പ്രതി തമിഴ്നാട് ട്രിച്ചി സ്വദേശി ധര്‍മ്മരാജിനെ ചണ്ഡിഗഡില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
◼️തൊടുപുഴ പെരുവന്താനത്ത് ഭാര്യയെ കഴുത്തറുത്തു കൊന്ന കേസില്‍ പ്രതി ദേവസ്യക്കു ജീവപര്യന്തം ശിക്ഷ. പെരുവന്താനം കോട്ടാരത്തില്‍ ദേവസ്യക്കാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ ദേവസ്യ ഭാര്യ മേരിയെ മദ്യപിച്ചെത്തി രാത്രിയില്‍ കഴുത്തറുത്ത് കൊന്നെന്നാണ് കേസ്. 2015 മെയ് 26നാണ് രാത്രിയാണ് കേസിനാസ്പദമായ സംഭവം.
◼️തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കുള്ളില്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ചു. ഡിപ്പോ എഞ്ചിനയറായ മലപ്പുറം സ്വദേശി വി പി മനോജാണ് മരിച്ചത്. കണ്ണൂര്‍ ഡിപ്പോയില്‍ ജോലി ചെയ്തിരുന്ന മനോജിനെ അച്ചടക്ക നടപടിയുടെ ഭാഗമായി പാപ്പനംകോടേക്ക് സ്ഥലം മാറ്റിയതായിരുന്നു.
◼️കൊച്ചി മെട്രോ ട്രെയിനില്‍ 'കത്തിച്ചു കളയൂ, കൊച്ചിയില്‍ ആദ്യ ആക്രമണം' എന്നു സ്്രേപ പെയിന്റുകൊണ്ട് എഴുതിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ആലുവ മുട്ടം യാര്‍ഡിലെ പമ്പ എന്ന മെട്രോ ട്രെയിന്‍ ബോഗിയിലാണ് ഭീഷണി സന്ദേശം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമെങ്കിലും പ്രതിയെ തിരിച്ചറിയാനാകുന്നില്ലെന്നാണ് വിവരം.
◼️വയനാട് ബത്തേരി കൈപ്പഞ്ചേരിയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ നിലമ്പൂര്‍ കൊലക്കേസ് പ്രതി ഷൈബിന്‍ അഷ്റഫിനെ പ്രതി ചേര്‍ത്തു. സ്ഫോടക വസ്തുക്കള്‍ ഷൈബിന്റെ വീട്ടില്‍നിന്നും കിട്ടിയതാണെന്ന മറ്റു പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
◼️കണ്ണൂര്‍ ചെറുപുഴയില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന കിണറ്റില്‍ മനുഷ്യന്റെ അസ്ഥികൂടം. വെള്ളൂര്‍ സ്വദേശിയുടെ കോലുവള്ളി കള്ളപ്പാത്തിയിലെ പുരയിടത്തിലെ കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
◼️ബംഗളൂരു പ്രസ് ക്ലബില്‍ കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ ദേഹത്ത് കറുത്ത മഷി ഒഴിച്ചു. വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് ചിലര്‍ ഹാളിലേക്ക് എത്തി രാകേഷ് ടിക്കായത്തിന്റെ ദേഹത്ത് മഷിയൊഴിച്ചത്. കര്‍ഷകസംഘടനകള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തിനു കാരണമെന്ന് പൊലീസ്. കര്‍ണാടകയിലെ കര്‍ഷക നേതാവ് കൊടിഹള്ളി ചന്ദ്രശേഖറിന്റെ അനുയായികളാണ് മഷി ഒഴിച്ചത്. കര്‍ഷകരുടെ വിജയം അംഗീകരിക്കാത്തവരാണ് അക്രമികളെന്നു രാകേഷ് ടികായത്ത്.
◼️ജൂണ്‍ പത്തിനു നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപി 18 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കി. 15 സംസ്ഥാനങ്ങളിലായി 57 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ സ്ഥാനാര്‍ഥികളാകും. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിക്കും മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനും സീറ്റില്ല.
◼️ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട മുംബൈ ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസ് അന്വേഷിച്ച മുന്‍ എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം. ചെന്നൈയില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ടാക്സ്‌പേയര്‍ സര്‍വീസസിലേക്കാണ് സ്ഥലംമാറ്റം.
◼️രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാനങ്ങള്‍ക്കു ജിഎസ്ടി ഇനത്തില്‍ അധികമായി കിട്ടിയത് 49,229 കോടി രൂപയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷക വിഭാഗം.
◼️ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 119.8 ഡോളര്‍ വരെ ഉയര്‍ന്നു. രണ്ടു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ ക്രൂഡ് ഓയില്‍ വില. വരും ദിവസങ്ങളില്‍ ക്രൂഡ് വില 120 ഡോളര്‍ കടന്ന് കുതിക്കുമെന്നാണ് റിപ്പോര്‍ട്ട്.
◼️ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ ലാഭം കുറഞ്ഞു. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക പാദത്തിലെ ലാഭം 2409 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 17.41 ശതമാനം കുറവാണിത്. 2021 - 22 സാമ്പത്തിക വര്‍ഷം 4043.12 കോടി രൂപയാണ് ലാഭം. മുന്‍വര്‍ഷത്തേക്കാള്‍ അപേക്ഷിച്ച് 39.4 ശതമാനം കൂടുതലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ വരുമാനം 2,11,471 കോടി രൂപയാണ്. തൊട്ടുമുന്‍പത്തെ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 11.64 ശതമാനം കൂടുതലാണിത്.
◼️കുവൈറ്റിലെ പെട്രോള്‍ പമ്പുകളില്‍ വാഹനമുടമകള്‍ ഇനി സ്വയം ഇന്ധനം നിറയ്ക്കണം. ഇന്ധനം നിറയ്ക്കുന്ന ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിന് ഇനി പണം നല്‍കണം. ജീവനക്കാരുടെ ക്ഷാമം രൂക്ഷമായതിന് പിന്നാലെയാണ് കമ്പനികള്‍ പ്രവര്‍ത്തന രീതി മാറ്റുന്നത്.
◼️പതിനഞ്ചാമത് ഐപിഎല്‍ എഡിഷനില്‍ വ്യക്തിഗത മികവിനുള്ള അവാര്‍ഡുകള്‍ വാരിക്കൂട്ടി രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്‌ലര്‍. 863 റണ്‍സ് നേടി സീസണിലെ ഏറ്റവും കൂടുതല്‍ റണ്‍ നേടിയതിനുള്ള ഓറഞ്ച് ക്യാപ് നേടിയതിനു പുറമെ, ഏറ്റവും കൂടുതല്‍ സികസറുകളും ഫോറുകളും പായിച്ചതിനുള്ള അവാര്‍ഡും ജോസ് ബട്ലര്‍ തന്നെയാണ് സ്വന്തമാക്കിയത്. സീസണിലെ ഗെയിംചേഞ്ചറായതിനും പവര്‍ ഓഫ് ദി പ്ലയര്‍ ആയതിനും വിലയേറിയ താരത്തിനുള്ള അവാര്‍ഡും കൂടി ലഭിച്ചതോടെ മൊത്തം ആറ് അവാര്‍ഡുകളിലായി അറുപത് ലക്ഷം രൂപയാണ് ജോസ് ബട്ലര്‍ സ്വന്തമാക്കിയത്.
◼️പ്രമുഖ ടെലികോം ഓപ്പറേറ്റര്‍ സംവിധാനമായ വോഡഫോണ്‍ ഐഡിയയുടെ ഓഹരികള്‍ ആമസോണ്‍ ഏറ്റെടുക്കുവാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇ-കൊമേഴ്സ് രംഗത്തെ വമ്പന്‍മാരായ ആമസോണ്‍ 20,000 കോടി രൂപ വരെ നിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് വിവരം. മുന്‍പ് നേരിട്ട വലിയ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് ഗവണ്‍മെന്റ് സഹായത്തോടെയാണ് വോഡഫോണ്‍ ഐഡിയ വീണ്ടും സജീവമായയത്. കമ്പനിയുടെ ആകെ വരുമാനവും പലിശയും ഇക്വിറ്റിയിലേക്ക് മാറ്റുമ്പോള്‍ ഇതിന്റെ 35.8 ശതമാനം സര്‍ക്കാരിന്റെ ഉടമസ്ഥതയിലായിരിക്കുമെന്നും കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 5ജിയുടെ ലേല സമയത്ത് എതിരാളികളായ എയര്‍ടെല്ലിനോടും ജിയോയോടും മത്സരിക്കാനുള്ള കരുത്ത് കൂടിയാകും ഈ കൂട്ടുകെട്ട്.
◼️ചൈനയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യുഎസ്. 2021-22 കാലയളവില്‍ ഇന്ത്യയും യുഎസും ചേര്‍ന്ന് 119.42 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടത്തിയത്. മൂന്‍വര്‍ഷം ഇത് 80.51 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യ 76.11 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ കയറ്റി അയച്ചപ്പോള്‍ 43.31 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ഇക്കാലയളവില്‍ ചൈനയും ഇന്ത്യയുമായി 115.42 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. മുന്‍വര്‍ഷം ഇത് 86.4 ബില്യണ്‍ ഡോളര്‍ ആയിരുന്നു. യുഎഇ ആണ് ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളി (72.9 ബില്യണ്‍ ഡോളര്‍). സൗദി അറേബ്യ (42.85 ബില്യണ്‍ ഡോളര്‍), ഇറാഖ് (34.33 ബില്യണ്‍ ഡോളര്‍), സിംഗപ്പൂര്‍ (30 ബില്യണ്‍ ഡോളര്‍) എന്നിവരാണ് പിന്നാലെ.
◼️ഇന്നലെ വരെ എന്ന് പേരിട്ടിരിക്കുന്ന ജിസ് ജോസ് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. ആസിഫ് അലി, നിമിഷ സജയന്‍, ആന്റണി വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥ ബോബി- സഞ്ജയ്യുടേതാണ്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിസ് ജോയ് ആണ്. റെബ മോണിക്ക ജോണ്‍, ഇര്‍ഷാദ് അലി, റോണി ഡേവിഡ് രാജ്, ശ്രീലക്ഷ്മി, അതുല്യ ചന്ദ്ര എന്നിവരാണ് മറ്റു താരങ്ങള്‍. ഒരു ചലച്ചിത്ര താരമാണ് ആസിഫ് അലിയുടെ കഥാപാത്രം.
◼️ബോളിവുഡ് താരം കങ്കണയുടെ ഏറ്റവും പുതിയ ചിത്രം ധാക്കഡ് താരത്തിന് കരിയറിലെ ഏറ്റവും വലിയ പരാജയമാണ് സമ്മാനിച്ചത്. 100 കോടി ബഡ്ജറ്റിലെത്തിയ ചിത്രം നേടിയത് വെറും മൂന്ന് കോടിയാണ്. പരാജയങ്ങളില്‍ പതറാതെ തന്റെ പുതിയ ചിത്രമായ എമര്‍ജന്‍സിയുടെ പണിപ്പുരയിലേക്ക് കടന്നിരിക്കുകയാണ് നടി. ചിത്രം സംവിധാനം ചെയ്യുന്നതും നിര്‍മ്മിക്കുന്നതും കങ്കണ റണാവത്ത് തന്നെയാണ്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ ഇത് ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമല്ല, ഒരു ഗ്രാന്‍ഡ് പിരീഡ് ചിത്രമാണെന്ന് താരം പറഞ്ഞിട്ടുണ്ട്.
◼️ഹ്യുണ്ടായിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെന്യൂ ഫെയ്സ്ലിഫ്റ്റ് ഉടന്‍ എത്തുകയാണ്. കോംപാക്റ്റ് എസ്യുവിയുടെ അനൗദ്യോഗിക ബുക്കിംഗുകള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. വെന്യു ഫെയ്സ്ലിഫ്റ്റില്‍ എക്സ്റ്റീരിയറിലും ഇന്റീരിയറിലും വിപുലമായ മാറ്റങ്ങള്‍ ഉണ്ടാകും. നിലവിലെ 8 ഇഞ്ച് സ്‌ക്രീനിന് പകരം 10.25 ഇഞ്ച് സ്‌ക്രീനാണ് വരുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഒരു ഡിജിറ്റല്‍ യൂണിറ്റായിരിക്കും. നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിന്‍ 83 പിഎസും 114 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. ഇത് 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.
◼️കൊസവോ എന്ന രാജ്യത്താണ് കഥ നടക്കുന്നത്. കാമുകനു വേണ്ടി ഓരോ വര്‍ഷവും വൈനുണ്ടാക്കി കാത്തിരിക്കുന്ന 'ദുഷാന' എന്ന മുത്തശ്ശിയുടെ കഥ. വൈനറികളാണ് പശ്ചാത്തലം. ആല്‍വിന്‍ ജോര്‍ജ്. ഡിസി ബുക്സ്. വില 370 രൂപ.
◼️വണ്ണമുള്ളവര്‍ മാമ്പഴം കഴിക്കുമ്പോള്‍ അത് പലരും വിലക്കാറുണ്ട്. മാമ്പഴം വണ്ണം കൂട്ടുമെന്ന വാദമാണ് ഇതിന് പിന്നില്‍. എന്നാല്‍ മിതമായ അളവില്‍ മാമ്പഴം കഴിക്കുകയാണെങ്കില്‍ അത് വണ്ണം കൂട്ടുകയില്ല എന്ന് മാത്രമല്ല, മിതമായ അളവിലാണെങ്കില്‍ മാമ്പഴം വണ്ണം കുറയ്ക്കാന്‍ പോലും സഹായിക്കും. മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന 'ബയോ ആക്ടീവ് കോമ്പൗണ്ടുകള്‍', 'ഫൈറ്റോകെമിക്കലുകള്‍' എന്നിവ കൊഴുപ്പ് അടങ്ങിയ കോശങ്ങളെ അടിച്ചമര്‍ത്തുമത്രേ. ഇനിയും കൊഴുപ്പ് അടിയാതിരിക്കാന്‍ ഇത് സഹായിക്കും. ഇതുവഴി വണ്ണം നിയന്ത്രിക്കാന്‍ മാമ്പഴം സഹായിക്കുന്നു. മാമ്പഴം ഷുഗറിന് ഇടയാക്കുമോ എന്നതാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരാശങ്ക. മാമ്പഴത്തിന്റെ ഗ്ലൈസമിക് സൂചിക ശരാശരി 50 ആണ്. ഇത് അത്ര പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ല. പക്ഷേ മിതമായ അളവിലായിരിക്കണം കഴിക്കുന്നത് എന്ന് മാത്രം. മാമ്പഴത്തിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍-സി, വൈറ്റമിന്‍- എ എന്നി കണ്ണുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. കൂടാതെ ഇതിലുള്ള ഫോളേറ്റ്, വൈറ്റമിന്‍-കെ, വൈറ്റമിന്‍-ഇ, പലവിധത്തിലുള്ള ബി വൈറ്റമിനുകള്‍ എല്ലാം ശരീരത്തിലെ വിവിധ ആവശ്യങ്ങള്‍ക്ക് വളരെയധികം ഉപകരിക്കുന്നതാണ്.
*ശുഭദിനം*
1940 കളില്‍ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നിന്ന് ഇന്ത്യാവിഭജനത്തിന് മുന്‍പ് ഡല്‍ഹിലേക്ക് കുടിയേറിപാര്‍ത്ത ഒരു കുടുംബത്തിലെ അംഗമായിരുന്നു അമര്‍നാഥ് അഹൂജ. സ്വാതന്ത്ര്യസമരം കത്തിക്കാളിനില്‍ക്കുന്നസമയം. ചില പൊതുയോഗങ്ങളിലെല്ലാം ഉച്ചഭാഷിണികള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് യോഗത്തിന് ഉച്ചഭാഷിണി ഉണ്ടെന്ന് നോട്ടീസില്‍ പ്രത്യേകം അച്ചടിക്കുമായിരുന്നു. അന്നത്തെ ഉച്ചഭാഷിണികള്‍ക്കെല്ലാം വിദേശകമ്പനികളുടെ പബ്ലിക് അഡ്രസ്സ് സിസ്റ്റങ്ങളാണ് ഇന്ത്യയിലെ മൈക്ക് ഓപ്പറേറ്റര്‍മാര്‍ ഉപയോഗിച്ചിരുന്നത്. എവിടെ ഉച്ചഭാഷിണി ഉണ്ടോ അവിടെയെല്ലാം അമര്‍നാഥ് ഉണ്ടാകും, മൈക്ക് ഓപ്പറേറ്റര്‍മാരുടെ സഹായിയായി. അങ്ങനെ അവരുടെ കൂടെചേര്‍ന്ന് അതിന്റെ സാങ്കേതികവിദ്യകള്‍ അവന്‍ പഠിച്ചെടുത്തു. കാര്യങ്ങള്‍ ഒരുവിധം പഠിച്ചുകഴിഞ്ഞപ്പോള്‍ അച്ഛന്റെ സഹായത്തോടെ പഴയ രണ്ട് ആംപ്ലിഫയറുകളും ഏതാനും കോളാമ്പിമൈക്കുകളും സ്വന്തമാക്കി അവന്‍ ഒരു മൈക്ക് ഓപ്പറേറററായി മാറി. മൈക്ക് ഓപ്പറേറ്ററായപ്പോഴാണ് ഈ രംഗത്തെ കൂടുതല്‍ പ്രശ്‌നങ്ങള്‍ അവനെ തേടിയെത്തിയത്. വിദേശനിര്‍മ്മിതമായ ആംപ്ലിഫയറുകള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുന്നവയായിരുന്നില്ല. തകരാര്‍ പറ്റിയാല്‍ പാട്‌സുകള്‍ വിദേശത്തുനിന്നും കൊണ്ടുവരണം. ഇനി പാട്‌സുകള്‍ ഉണ്ടെങ്കില്‍ തന്നെ അത് പരിഹരിക്കാന്‍ അറിയുന്ന ടെക്‌നീഷ്യന്‍മാരും തീരെ കുറവ്. തകരാര്‍ പറ്റിയ സ്വന്തം ഉപകരണങ്ങള്‍ അങ്ങനെ സ്വയം നന്നാക്കി പഠിക്കാന്‍ അമര്‍നാഥ് തീരുമാനിച്ചു. അങ്ങനെ വിദേശത്തും സ്വദേശത്തുമുള്ള നിരവധി എഞ്ചിനീയര്‍മാരുടെ പിന്നാലെ മാസങ്ങളോളം നടന്ന് അമര്‍നാഥ് സ്വയം ഒരു ടെക്‌നീഷ്യനായി മാറി. വീണ്ടും പ്രശ്‌നങ്ങള്‍ തലപൊക്കി. ആംപ്ലിഫയറുകള്‍ കേടായാല്‍ പുതിയത് വാങ്ങാന്‍ വലിയ വിലകൊടുക്കണം, മാത്രമല്ല. അത് വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുകയും വേണം. അവസാനം സ്വയം ആപ്ലിഫയര്‍ നിര്‍മ്മാണം പഠിക്കാന്‍ തീരുമാനിച്ചു. അഴിച്ചും പണിതും മാറ്റം വരുത്തിയും നിരവധി പരാജയങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് യോജിച്ച ഒരു ആംപ്ലിഫയര്‍ അമര്‍നാഥ് നിര്‍മ്മിച്ചു. അങ്ങനെ ഇന്ത്യന്‍ നിര്‍മ്മിത ആംപ്ലിഫയര്‍ 1942 ല്‍ പുറത്തിറങ്ങി. വെറും 25 വാട്‌സ് ശേഷിയുള്ള മോഡല്‍. ASE എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന അഹൂജ സൗണ്ട് എക്വിപ്‌മെന്റ്‌സ് തീ പിടിച്ച വിലയും നന്നാക്കാന്‍ പണച്ചെലവും വരുന്നതുമായ വിദേശ ആംപ്ലിഫയറുകളുടെ സ്ഥാനത്ത് , താങ്ങാവുന്ന വിലയും തകരാറുകള്‍ വന്നാല്‍ കുറഞ്ഞ ചിലവില്‍ റിപ്പയര്‍ ചെയ്യാന്‍ സാധിക്കുന്നതുമായ അഹൂജ ആംപ്ലിഫയറുകള്‍ പുറത്തിറക്കി. ചരിയൊരു സമയത്തിനുള്ളില്‍ അഹൂജ ആംപ്ലിഫയറുകള്‍ ഇന്ത്യയിലും പിന്നീട് വിദേശത്തും പടര്‍ന്നുപന്തലിച്ചു. മഞ്ഞുറഞ്ഞ കാശ്മീരിലും അതികഠിനമായ ചൂടുള്ള രാജസ്ഥാനിലും, മഴ നിലയ്ക്കാത്ത ചിറാപുഞ്ചിയിലുമെല്ലാം കാലാവസ്ഥകളെ അതിജീവിച്ച് അഹൂജ തന്റെ ജൈത്രയാത്ര തുടര്‍ന്നു. 2022ല്‍ നീണ്ട 8 ശതാബ്ദങ്ങള്‍ പൂര്‍ത്തിയാക്കി 5 ഭൂഖണ്ഡങ്ങളിലെ 50തിലധികം രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്വന്തം അഹൂജ പടന്നുപന്തലിച്ചു നില്‍ക്കുന്നു... തോല്‍ക്കാന്‍ മനസ്സിലാത്തവന്റെ മുന്നില്‍ പാറക്കെട്ടുകളും കൊടുംകാടുകളും കടലുമെല്ലാം വഴിമാറുക തന്നെ ചെയ്യും. പരിശ്രമം കൊണ്ട് കീഴടക്കാനാകാത്ത വിജയങ്ങളില്ല. പ്രയത്‌നമാകട്ടെ നമ്മുടെ വിജയമന്ത്രം - *ശുഭദിനം.*
മീഡിയ16