◼️എംപിമാര്‍ക്ക് ഇനി ഒറ്റ പെന്‍ഷന്‍മാത്രമെന്നു കേന്ദ്ര സര്‍ക്കാര്‍. മുന്‍ എംപിമാര്‍ മറ്റു പദവികളിലേയും പെന്‍ഷന്‍ വാങ്ങുന്നത് വിലക്കി പാര്‍ലമെന്റ് സംയുക്ത സമിതി വിജ്ഞാപനമിറക്കി. മറ്റു പെന്‍ഷനുകള്‍ വാങ്ങുന്നില്ലെന്ന് മുന്‍ എംപിമാര്‍ എഴുതി നല്‍കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളിലെ ഏതെങ്കിലും പദവിയിലിരുന്നും ഇനി എംപി പെന്‍ഷന്‍ വാങ്ങാനാവില്ല. നിയമസഭ പെന്‍ഷനും എംപി പെന്‍ഷനും ഒന്നിച്ചും വാങ്ങാനാവില്ല.
◼️സംസ്ഥാനത്തു ബിവറേജസ് കോര്‍പറേഷന്റെ 91 മദ്യശാലകള്‍കൂടി തുറക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തു പൂട്ടിയ മദ്യശാലകള്‍ ഉള്‍പ്പെടെ 91 ഷോപ്പുകളാണു തുറക്കുന്നത്. സൗകര്യമുള്ള സ്ഥലങ്ങളില്‍ പ്രീമിയം കൗണ്ടറുകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ഉത്തരവ്.
◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്നു വൈകുന്നേരത്തോടെ കൊട്ടിക്കലാശം. ചൊവ്വാഴ്ചയാണു വോട്ടെടുപ്പ്. നാളെ നിശബ്ദ പ്രചാരണം മാത്രം. മൂന്നാം തീയതി വോട്ടെണ്ണും. ആരോപണ, പ്രത്യാരോപണങ്ങളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാന നേതാക്കളുമെല്ലാം തൃക്കാക്കരയില്‍ തമ്പടിച്ചിരിക്കുകയാണ്. വോട്ടെടുപ്പു ദിവസം വൈകിട്ട് ആറു വരെ എക്‌സിറ്റ് പോള്‍ വിലക്കിയിട്ടുണ്ട്.
◼️മതവിദ്വേഷ പ്രസംഗക്കേസിലെ തുടരന്വേഷണത്തിനായി ഇന്നു ഹജരാകണമെന്ന തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നോട്ടീസ് പി.സി. ജോര്‍ജ് തള്ളി. ആരോഗ്യപ്രശ്നങ്ങള്‍ മൂലം മറ്റൊരു ദിവസത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പി.സി. ജോര്‍ജ്ജ് മറുപടി നല്‍കി. ഇന്നു തൃക്കാക്കരയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗിക്കാനാണ് പി.സി. ജോര്‍ജ്ജിന്റെ തീരുമാനം. പിണറായി സര്‍ക്കാര്‍ പോലീസിനെക്കൊണ്ടു രാഷ്ട്രീയം കളിപ്പിക്കുകയാണെന്ന് ജോര്‍ജ്.
◼️സിനിമാ അവാര്‍ഡു നിര്‍ണയരീതിക്കെതിരേ സംവിധായകന്‍ പ്രിയനന്ദന്‍. തന്റെ 'ധബാരി കുരുവി' എന്ന ചിത്രം ആദ്യ റൗണ്ടില്‍ തെരഞ്ഞെടുക്കപ്പെട്ടതായിരുന്നു. പിന്നീട് എന്തുകൊണ്ട് അന്തിമ ജൂറിക്കു മുന്നില്‍ വന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഹോം സിനിമയെ ഒഴിവാക്കിയതും ശരിയായ രീതിയല്ല. നിര്‍മാതാവിനെതിരേ കേസുണ്ടോയെന്നു നോക്കിയല്ല സിനിമ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
◼️തൃക്കാക്കരയില്‍ കള്ളവോട്ടിനു ശ്രമമുണ്ടായാല്‍ കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥന്‍ പെന്‍ഷന്‍ വാങ്ങില്ലെന്നും, ജയലിലാക്കാന്‍ സുപ്രിം കോടതിവരെ പോകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തൃക്കാക്കരയിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◼️ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ കുട്ടിയുടെ പിതാവ് അടക്കം നാലു പേരെ അറസ്റ്റു ചെയ്തു. കുട്ടിയുടെ പിതാവ് അഷ്‌കര്‍, പോപ്പുലര്‍ ഫ്രണ്ട് പള്ളുരുത്തി ഡിവിഷന്‍ ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന്‍ സെക്രട്ടറി നിയാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◼️എസ്എന്‍ഡിപി യോഗം ബൈലോ പരിഷ്‌ക്കരണം അനുവദിച്ച ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണഘടന കാലോചിതമായി പരിഷ്‌കരിക്കും. ജനറല്‍ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരേ എറണാകുളം ജില്ലാ കോടതി പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചിരുന്നു.
◼️ജനവാസമേഖലകളില്‍ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കി ഉത്തരവിറങ്ങി. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലവന്മാര്‍ക്ക് അധികാരം നല്‍കുന്നതാണ് ഉത്തരവ്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ തലവന്മാര്‍ക്ക് ഒണററി വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ പദവി നല്‍കിയിട്ടുണ്ട്. അതേസമയം വിഷപ്രയോഗത്തിലൂടെയോ ഷോക്കേല്‍പ്പിച്ചോ സ്ഫോടകവ്സതുക്കള്‍ ഉപയോഗിച്ചോ കാട്ടുപന്നികളെ കൊല്ലാനാകില്ല.
◼️കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റായി എം.വി. വിനീതയും ജനറല്‍ സെക്രട്ടറിയായി ആര്‍. കിരണ്‍ ബാബുവും തെരഞ്ഞെടുപ്പക്കപ്പെട്ടു. ഇതാദ്യമായാണ് ഒരു വനിത മാധ്യമപ്രവര്‍ത്തകരുടെ സംഘടനാ പ്രസിഡന്റാകുന്നത്. തൃശൂര്‍ പ്രസ് ക്ലബ് സെക്രട്ടറിയായിരുന്ന വീക്ഷണം പത്രത്തിന്റെ തൃശൂര്‍ ലേഖികയാണ് എം.വി. വിനീത. ന്യൂസ് 18 ചാനലിന്റെ സ്പെഷല്‍ കറസ്പോണ്ടന്റാണ് കിരണ്‍ ബാബു.
◼️സംസ്ഥാനത്ത് ഇന്നും മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നു യെല്ലോ അലേര്‍ട്ട്.
◼️ഗവിയിലെ വനം വകുപ്പ് സ്റ്റേഷനില്‍ വനിത വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ മനോജ് ടി മാത്യുവിനെ സസ്പെന്‍ഡു ചെയ്തു. താല്‍ക്കാലിക വനിതാവാച്ചറായ ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. മറ്റു ജീവനക്കാര്‍ ഓടിയെത്തി വനിതാ വാച്ചറെ രക്ഷിച്ചെന്നാണു റിപ്പോര്‍ട്ട്. വണ്ടിപ്പെരിയാര്‍ പൊലീസും കേസെടുത്തിട്ടുണ്ട്.
◼️ഒന്നാം പിണറായി സര്‍ക്കാര്‍ അംഗീകരിച്ച സബര്‍ബന്‍ റെയില്‍വെ പദ്ധതി പിന്നീട് ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. സബര്‍ബന്‍ റെയില്‍വെ പദ്ധതി നടപ്പാക്കാന്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ വളവുകള്‍ നിവര്‍ത്തി ഒട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം പരിഷ്‌കരിച്ചാല്‍ മതി. 15,000 കോടി രൂപയും 300 ഏക്കര്‍ സ്ഥലവും മാത്രമേ ആവശ്യമുള്ളൂ. ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.
◼️അഴിമതിയുടെ കാര്യത്തില്‍ ഇരു മുന്നണികളും തമ്മില്‍ വ്യത്യാസമില്ലെന്നു കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരന്‍. പാലാരിവട്ടം യുഡിഎഫിന്റെ പഞ്ചവടിപാലമാണെങ്കില്‍, കൂളിമാട് എല്‍ഡിഎഫിന്റെ പഞ്ചവടിപ്പാലമാണ്. തൃക്കാക്കരയില്‍ വര്‍ഗീയത പറഞ്ഞാണു മുഖ്യമന്ത്രി വോട്ട് പിടിക്കുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനു പ്രചരണാര്‍ത്ഥം കൊച്ചിയിലെത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.
◼️കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നികുതി വെട്ടിച്ചു കടത്താന്‍ ശ്രമിച്ച 350.71 കിലോ സ്വര്‍ണം പിടികൂടി. പിഴ ഈടാക്കിയതിലൂടെ സര്‍ക്കാരിന് 14.62 കോടി രൂപ ലഭിച്ചെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്.
◼️ബാര്‍ട്ടണ്‍ഹില്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനില്‍ കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ജീവന്‍ എന്ന വിഷ്ണു, മനോജ് എന്നിവര്‍ക്കു ജീവപര്യന്തം കഠിന തടവും 1,45,000 രൂപ പിഴയും ശിക്ഷ. ഒന്നാം പ്രതി വിഷ്ണുവിന് 15 വര്‍ഷം പരോള്‍ നല്‍കരുതെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. ഭിന്നശേഷിക്കാരിയായ അനില്‍ കുമാറിന്റെ ഭാര്യക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോററ്റിക്കു നിര്‍ദ്ദേശം നല്‍കി. കൂറുമാറിയ എട്ട് സാക്ഷികള്‍ക്ക് എതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും കോടതി ഉത്തരവിട്ടു.
◼️കോഴിക്കോട് കല്ലായി കണ്ണഞ്ചേരി സ്വദേശി കണ്ണന്‍കുട്ടി മകന്‍ മാടായി വീട്ടില്‍ ബാബുരാജ്(48) വധക്കേസില്‍ പ്രതി പൊക്കുന്ന് സ്വദേശി മുരളിക്ക് (44) ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും ശിക്ഷ. പിഴത്തുക മരിച്ച ബാബുരാജിന്റെ ഭാര്യയ്ക്കു നല്‍കണമെന്നു കോഴിക്കോട് ഒന്നാം ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജി ഉത്തരിവിട്ടു. പിഴയൊടുക്കാത്ത പക്ഷം മൂന്നു വര്‍ഷംകൂടി കഠിന തടവ് അനുഭവിക്കണം.
◼️ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ ഉയര്‍ന്ന ബലാത്സംഗ കേസില്‍ പൊലീസ് കോടതിയില്‍ വീണ്ടും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എളമക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആലുവ കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൊലീസ് അന്വേഷണം നിര്‍ജ്ജീവമാണെന്ന് കാണിച്ച് യുവതി കോടതിയെ സമീപിച്ചിരുന്നു.
◼️ഗാനമേളക്കിടെ ഗായകന്‍ ഇടവ ബഷീര്‍ കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ ബ്ലൂ ഡയമണ്ട്സിന്റെ സുവര്‍ണ ജുബിലി ആഘോഷങ്ങള്‍ക്കിടെ പാതിരപ്പള്ളി ക്യാംലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ പാടിക്കൊണ്ടിരിക്കേയാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിനിമകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്.
◼️ആലപ്പുഴ ആറാട്ടുപുഴയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കൊല്ലശ്ശേരില്‍ മുഹമ്മദ് ഹനീഫ, വൈക്കത്ത് പടിറ്റത്തില്‍ അബ്ദുല്‍ സലാം എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിക്കുകയായിരുന്നു.
◼️കൊല്ലം പത്തനാപുരത്ത് സെല്‍ഫി എടുക്കുന്നതിനിടെ മൂന്നു കുട്ടികള്‍ ആറ്റില്‍ വീണു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. പത്താംക്ലാസ് വിദ്യാര്‍ത്ഥിനി അപര്‍ണ്ണയാണ് ഒഴുക്കില്‍പ്പെട്ടത്. സഹോദരങ്ങളായ അനുഗ്രഹയും അഭിനവും രക്ഷപ്പെട്ടു.
◼️അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. കാവുണ്ടിക്കല്‍ ഊരിലെ മണികണ്ഠന്‍ -കൃഷ്ണ വേണി ദമ്പതികളുടെ മൂന്നുദിവസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം.
◼️തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ 80 കുട്ടികള്‍ക്കു കോവിഡ് വാക്സിന്‍ മാറി നല്‍കി. 12 നും 14 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് കോര്‍ബി വാക്സിനു പകരം കോ വാക്സിന്‍ നല്‍കിയത്. ഡിഎംഒയോട് അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
◼️ലഡാക്കില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശിയായ സൈനികന്‍ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം ഇന്നു രാവിലെ പത്തോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തും. 11.30 മുതല്‍ തിരൂരങ്ങാടി യത്തീംഖാനയിലും തുടര്‍ന്ന് പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പൊതുദര്‍ശനത്തിന് വെക്കും. മൂന്നു മണിയോടെയാണു കബറടക്കം.
◼️പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് വധത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വണ്ടൂര്‍ സ്വദേശി മിഥുന്‍ (28) ആണ് പിടിയിലായത്. ഒളിവില്‍ കഴിയുന്ന പ്രതിയെ സഹായിച്ചതിനാണ് അറസ്റ്റ്.
◼️കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും നിരവധി ഇരുചക്രവാഹനങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി കുറ്റിച്ചിറ കൊശാനി വീട്ടില്‍ ഹംദാന്‍ അലി എന്ന റെജു ഭായ് (42) പിടിയിലായി.
◼️കോട്ടയം മണര്‍കാട് വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിനു തീപിടിച്ചു. ഡ്രസ് വേള്‍ഡ് എന്ന സ്ഥാപനത്തിന്റെ ഗോഡൗണിനാണ് തീപിടിച്ചത്. തുണിത്തരങ്ങളെല്ലാം കത്തിനശിച്ചു.
◼️കാന്‍സര്‍ ബാധിച്ചോ അപകടങ്ങള്‍ മൂലമോ താടിയെല്ലിനും കവിളെല്ലിനുമുണ്ടാകുന്ന വൈകല്യങ്ങള്‍ പരിഹരിക്കാന്‍ അമൃത വിശ്വവിദ്യാപീഠം വികസിപ്പിച്ച 'നാനോടെക്സ് ബോണ്‍' എന്ന ഗ്രാഫ്റ്റിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ക്ലിനിക്കല്‍ പരീക്ഷണാനുമതി. അസ്ഥി വളരാനായി സഹായിക്കുന്ന സുഷിരമുള്ള ജീര്‍ണിക്കുന്ന സിന്തറ്റിക് ഗ്രാഫ്റ്റാണിത്.
◼️കിലെ ഐ.എ.എസ് അക്കാഡമിയില്‍ സിവില്‍ സര്‍വ്വീസ് പ്രിലിമിനറി/ മെയിന്‍സ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടിയ ആശ്രിതര്‍ ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് വാങ്ങിയ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. ഒരു വര്‍ഷമാണ് പരിശീലനം. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 13.
◼️പോസ്റ്റ് ഓഫീസ് ഓഫ് ഇന്ത്യ ഗ്രാമീണ്‍ ഡാക് സേവക് തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായിരിക്കണം. അവസാന തീയതി ജൂണ്‍ അഞ്ചാണ്.
◼️ഇന്ത്യ സിമന്റ്‌സ് വില 55 രൂപ വര്‍ധിപ്പിക്കുന്നു. കടബാധ്യതകള്‍ തിരിച്ചടയ്ക്കാന്‍ ഭൂമി വില്‍ക്കാനും ഇന്ത്യ സിമന്റ്‌സ് പദ്ധതിയിടുന്നുണ്ട്. ജൂണ്‍ ഒന്നിന് ഒരു സിമന്റ് ചാക്കിന് 20 രൂപ വര്‍ധിപ്പിക്കും. ജൂണ്‍ 15ന് 15 രൂപയും ജൂണ്‍ 30ന് 20 രൂപയും വര്‍ധിപ്പിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ എന്‍ ശ്രീനിവാസന്‍ വ്യക്തമാക്കി.
◼️പേരക്കുട്ടിയെ പീഡിപ്പിച്ചെന്ന മരുമകളുടെ പരാതിയില്‍ പോക്സോ കേസില്‍ കുടുങ്ങിയ ഉത്തരാഖണ്ഡിലെ മുന്‍മന്ത്രി രാജേന്ദ്ര ബഹുഗുണ വീടിനു മുകളിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി സ്വയം വെടിവച്ചു മരിച്ചു. 59 കാരനായ രാജേന്ദ്ര ബഹുഗുണ, പോലീസിനെ വിളിച്ചുവരുത്തി അവര്‍ക്കു മുന്നിലാണ് വെടിവച്ചത്. മകന്‍ അജയ് ബഹുഗുണയുടെ പരാതിയില്‍ മരുമകള്‍, അവളുടെ അച്ഛന്‍, അയല്‍വാസി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
◼️ഭിന്നശേഷിയുള്ള കുട്ടിയെ വിമാനത്തില്‍ കയറാന്‍ അനുവദിക്കാതിരുന്ന സംഭവത്തില്‍ വിമാന കമ്പനിയായ ഇന്‍ഡിഗോയ്ക്ക് അഞ്ചു ലക്ഷം രൂപ പിഴ. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണു പിഴ ചുമത്തിയത്. ഇക്കഴിഞ്ഞ മെയ് ഏഴിനാണ് കുട്ടി കുടുംബത്തിനൊപ്പം റാഞ്ചി വിമാനത്താവളത്തില്‍ വിമാനം കയറാനായി എത്തിയത്. കുട്ടിയെയും കുടുംബത്തെയും വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ലെന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണു നടപടി.
◼️എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഒരു ദിവസം വൈകിയത് യാത്രക്കാരെ വലച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് അബുദാബി വിമാനത്താവളത്തില്‍നിന്ന് തിരുവനന്തപുരത്തേക്കു പോകേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിയത്. ഈ വിമാനം വെള്ളിയാഴ്ച രാത്രി 8.30നാണ് പുറപ്പെട്ടത്.
◼️ചെന്നൈ പല്ലവാരത്ത് ഭാര്യയേയും മക്കളേയും വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ഓണ്‍ലൈന്‍ വഴി വാങ്ങിയ ഇലക്ട്രിക് വാള്‍ ഉപയോഗിച്ചായിരുന്നു കൊല. ഐടി കമ്പനിക്കാരനായ പ്രകാശാണ് ഭാര്യ ഗായത്രി, മക്കളായ നിത്യശ്രീ, ഹരികൃഷ്ണന്‍ എന്നിവരെ കഴുത്തറുത്തു കൊന്ന് ജീവനൊടുക്കിയത്. വിവാഹ വാര്‍ഷിക ദിനത്തിലായിരുന്നു കൊലപാതകങ്ങളും ആത്മഹത്യയും.
◼️ജമ്മു കാഷ്മീരില്‍ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. അനന്തനാഗിലെ ബിജ്ബിഹാര മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണു രണ്ടു ഭീകരരെ വധിച്ചത്. ഇവരില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു.
◼️ഡ്രോണ്‍ കമ്പനിയായ ജനറല്‍ എയറോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 50 ശതമാനം ഓഹരികള്‍ അദാനി എന്റര്‍പ്രൈസസ് സ്വന്തമാക്കി. ഓഹരികള്‍ ഏറ്റെടുക്കാനുള്ള കരാറില്‍ ഇരു കമ്പനികളും ഒപ്പുവച്ചു. എന്തു നിരക്കിലാണ് ഓഹരി ഇടപാടു നടന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
◼️ഇരുപത് രാജ്യങ്ങളിലായി ഇരുന്നൂറിലേറെ പേര്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സ്മാള്‍ പോക്സ് പോലുള്ള അസുഖമാണിത്. ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ മറ്റുള്ളവരിലേക്കു പകരാം. കടുത്ത പനി, കടുത്ത തലവേദന, പുറം വേദന, പേശികളില്‍ വേദന തുടങ്ങിയവയാണ് ലക്ഷണം. ദേഹമാകമാനം സ്മോള്‍ പോക്സ് പോലെ കുരുക്കള്‍ ഉണ്ടാകും.
◼️കിഴക്കന്‍ മേഖലയില്‍നിന്നും പിന്മാറേണ്ടിവരുമെന്ന് യുക്രൈന്‍. റഷ്യയുടെ യുക്രൈന്‍ അധിനിവേശം നാലാം മാസത്തിലേക്ക് കടക്കുമ്പോഴാണ് യുക്രൈന്‍ ആദ്യമായി തങ്ങളുടെ പിന്മാറ്റത്തെക്കുറിച്ചു സൂചന നല്‍കുന്നത്.
◼️ഏഷ്യകപ്പ് ഹോക്കി സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് വിജയം. കരുത്തരായ ജപ്പാനെയാണ് ഇന്ത്യ കീഴടക്കിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.
◼️ഐപിഎല്ലില്‍ ഇന്ന് കലാശപ്പോരാട്ടം. കിരീടപ്പോരാട്ടത്തിനായി സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍സും ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. മത്സരം രാത്രി എട്ടിന് ആരംഭിക്കും.
◼️2022 വനിതാ ട്വന്റി 20 ചലഞ്ച് കിരീടത്തില്‍ മുത്തമിട്ട് ഹര്‍മന്‍പ്രീത്കൗറിന്റെ സൂപ്പര്‍നോവാസ്. ആവേശകരമായ ഫൈനലില്‍ ദീപ്തി ശര്‍മ ക്യാപ്റ്റനായ വെലോസിറ്റിയെ നാല് റണ്‍സിന് തകര്‍ത്താണ് സൂപ്പര്‍നോവാസ് കിരീടം സ്വന്തമാക്കിയത്.
◼️ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്വെദേവും നാലാം സീഡ് സ്റ്റെഫാനോസ് സിറ്റ്‌സിപാസും വെറ്ററന്‍ താരം മരിയന്‍ സിലിച്ചും നാലാം റൗണ്ടില്‍ പ്രവേശിച്ചു.
◼️2021-2022 ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മഡ്രിഡിന്. ഫൈനലില്‍ കരുത്തരായ ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് റയല്‍ കിരീടത്തില്‍ മുത്തമിട്ടത്. മത്സരത്തിന്റെ 59-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറാണ് റയലിനായി വിജയഗോള്‍ നേടിയത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയെങ്കിലും ലിവര്‍പൂളിന് ഗോളുകളൊന്നും നേടാനായില്ല.
◼️ഇന്ത്യയുടെ വിദേശനാണ്യശേഖരം 4.23 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 597.509 ബില്യണ്‍ ഡോളറായെന്ന് ആര്‍ബിഐ. മെയ് 20 വരെയുള്ള കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണിത്. മെയ് 13ന് രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരം 2.676 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 593.279 ബില്യണ്‍ ഡോളറിലെത്തിയെന്ന് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. എഫ്സിഎ കഴിഞ്ഞ വാരം 3.825 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 533.378 ബില്യണ്‍ ഡോളറായി. രാജ്യത്തെ സ്വര്‍ണ ശേഖരത്തിന്റെ മൂല്യം 253 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 40.823 ബില്യണ്‍ ഡോളറായി. അന്താരാഷ്ട്ര നാണ്യ നിധിയിലെ ഇന്ത്യയുടെ റിസര്‍വ് സ്ഥാനം 51 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 5.002 ബില്യണ്‍ ഡോളറായി.
◼️ബെംഗളുരു ആസ്ഥാനമായുള്ള കാര്‍ഷിക ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പായ ജനറല്‍ ഏയ്റോനോട്ടിക്സ് റോബോട്ടിക്സിന്റെ 50 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള കരാറിലേര്‍പ്പെട്ട് അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ്. അദാനി എന്റര്‍പ്രൈസസിന്റെ ഉപകമ്പനിയാണ് അദാനി ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡാറ്റ അനലിറ്റിക്സും ഉപയോഗിച്ച് സാങ്കേതികവിദ്യ പ്രാപ്തമാക്കിയ വിള സംരക്ഷണ സേവനങ്ങള്‍, വിളകളുടെ ആരോഗ്യ നിരീക്ഷണം, വിളവ് നിരീക്ഷണ സേവനങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ഡ്രോണുകള്‍ വികസിപ്പിക്കുന്നതില്‍ ജനറല്‍ എയറോനോട്ടിക്സ് വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. നയങ്ങളുടെ ആവിഷ്‌കരണത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഡ്രോണ്‍, ഡ്രോണ്‍ സേവന വിപണി അതിവേഗം വളര്‍ന്ന് 2026-ഓടെ 30,000 കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
◼️ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു ജി രാഘവ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം വാശിയുടെ ടീസര്‍ പുറത്തെത്തി. അഭിഭാഷകരാണ് ടൊവിനോയുടെയും കീര്‍ത്തിയുടെയും കഥാപാത്രങ്ങള്‍. ഒരു കേസില്‍ എതിര്‍ഭാഗത്തു നിന്ന് വാദിക്കേണ്ടിവരുകയാണ് ഇരുവരും. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അച്ഛന്‍ നിര്‍മ്മിക്കുന്ന ഒരു ചിത്രത്തില്‍ കീര്‍ത്തി ആദ്യമായാണ് നായികയാവുന്നത്. അനു മോഹന്‍, അനഘ നാരായണന്‍, ബൈജു, കോട്ടയം രമേശ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◼️ഇന്ദ്രന്‍സ്, ഉര്‍വശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പ സംവിധാനം നിര്‍വഹിക്കുന്ന 'ജലധാര പമ്പ്സെറ്റ് സിന്‍സ് 1962' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പുറത്തിറങ്ങി. ആക്ഷേപഹാസ്യ ഗണത്തില്‍പ്പെടുന്നതാണ് ചിത്രം. സാഗര്‍, ജോണി ആന്റണി, ടി ജി രവി, സനുഷ, നിഷ സാരംഗ് തുടങ്ങിയവരും അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ പകുതിയോടെ പാലക്കാട് തുടങ്ങും. ആഷിഷ് ചിന്നപ്പ, പ്രജിന്‍ എം പി എന്നിവര്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ സനു കെ ചന്ദ്രന്റേതാണ്.
◼️എച്ച്എല്‍എക്സ് 125 ഗോള്‍ഡ്, എച്ച്എല്‍എക്സ് 150 ഗോള്‍ഡ് എന്നിവയുടെ ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍ പുറത്തിറക്കി ടിവിഎസ്. ഈ രണ്ട് മോഡലുകളും കെനിയയില്‍ വില്‍ക്കും. എച്ച്എല്‍എക്‌സ് ശ്രേണിയിലെ ടിവിഎസിന്റെ രണ്ട് ലക്ഷം വില്‍പ്പന ആഘോഷിക്കുന്നതിനാണ് ഈ ഗോള്‍ഡ് എഡിഷനുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് 2013-ല്‍ വില്‍പ്പനയ്‌ക്കെത്തി, അതിനുശേഷം ഈ എന്‍ട്രി ലെവല്‍ ടൂവീലറിന് ഡെലിവറികളിലും വാണിജ്യ ടാക്സി വിഭാഗങ്ങളിലും അതിന്റേതായ ഇടം സൃഷ്ടിക്കാന്‍ കഴിഞ്ഞു. ടിവിഎസ് അനുസരിച്ച്, എച്ച്എല്‍എക്സ് ശ്രേണി ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ലാറ്റം മേഖലകളില്‍ വില്‍ക്കുന്നു.
◼️ചിത്രകാരനായ തന്റെ കാമുകനെ തേടിയിറങ്ങുന്ന ലോറ ചെന്നെത്തുന്നത് നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഒരു ഗ്രാമത്തിലാണ്. അവിടെ മരണപ്പെട്ട കണ്ണയ്യന്‍, കാദംബരി എന്നിവരുടെ പ്രണയകഥ കൊണ്ടെത്തിക്കുന്നത് ലോറയുടെ കാമുകന്റെ കൊലപാതകത്തിലാണ്. കാവും പാടവും അമ്പലവും നിറഞ്ഞ അതിമനോഹരമായ ഗ്രാമപശ്ചാത്തലത്തില്‍ നടക്കുന്ന നിഗൂഢമായ പ്രണയകഥ. 'നേര്‍പാതി'. സുധ തെക്കേമഠം. ഡിസി ബുക്സ്. വില 220 രൂപ.
◼️കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് ഇപ്പോഴും പല തരത്തിലുമുള്ള പഠനങ്ങളും നടന്നുവരികയാണ്. ഇതുമായി ചേര്‍ത്തുവയ്ക്കാവുന്നൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിത്. നമ്മുടെ വയറ്റിനകത്തുള്ള ബാക്ടീരിയകളുടെ സമൂഹത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ കൊവിഡ് രോഗവുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. ഗട്ട് എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. വയറ്റിനകത്തുള്ള ബാക്ടീരിയല്‍ സമൂഹത്തിന്റെ സന്തുലിതാവസ്ഥ തകരുമ്പോള്‍ അത് കൊവിഡ് പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് ബാധിക്കപ്പെട്ട രോഗികളില്‍ പരിശോധന നടത്തിയപ്പോള്‍ ഇക്കാര്യം വ്യക്തമായെന്നും പഠനം പറയുന്നു. രോഗം പിടിപെടാനുള്ള സാധ്യത മാത്രമല്ല, രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യതയും ഇക്കൂട്ടരില്‍ കൂടുതലാണത്രേ. ഇതിന് പുറമെ ലോംഗ് കൊവിഡ് സാധ്യതയും ഇവരില്‍ കൂടുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. കൊവിഡ് ബാധിക്കപ്പെട്ടവരില്‍ വലിയൊരു വിഭാഗം പേരും പിന്നീട് നേരിടുന്ന ഗുരുതരമായ പ്രശ്നമാണ് ലോംഗ് കൊവിഡ്. വയറ്റിനകത്തെ ബാക്ടീരിയല്‍ സമൂഹത്തിന്റെ സന്തുലിതാവസ്ഥ തകരുന്നത് നമ്മുടെ ശരീരത്തില്‍ ആകെയും ആവരണമെന്ന പോലെ നില്‍ക്കുന്ന 'എപ്പിത്തീലിയം' എന്ന ഭാഗത്തിന് കേട് സംഭവിക്കുന്നതിന് കാരണമാകുന്നു. ഇത് പിന്നീട് ശരീരകോശങ്ങളില്‍ 'എസിഇ2' എന്ന എന്‍സൈം കൂട്ടുന്നു. ഈ എന്‍സൈമിലേക്കാണ് കൊവിഡ് രോഗകാരിയായ വൈറസ് വന്ന് ഒട്ടുന്നത്. ഈ രീതിയിലാണ് വയറ്റിനകത്തെ ബാക്ടീരിയല്‍ സമൂഹം ബാധിക്കപ്പെടുന്നത് കൊവിഡ് അണുബാധയ്ക്ക് കാരണമായി തീരുന്നത്. ഇത്തരത്തില്‍ കൊവിഡ് ബാധിക്കുന്നവരില്‍ ലക്ഷണങ്ങളിലും നേരിയ വ്യതിയാനങ്ങള്‍ കാണാം. പനി, ചുമ, തൊണ്ടവേദന, ജലദോഷം, ശരീരവേദന, തളര്‍ച്ച പോലുള്ള പൊതു ലക്ഷണങ്ങള്‍ക്കൊപ്പമോ അല്ലാതെയോ നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, ദഹനമില്ലായ്മ, വന്‍കുടല്‍വീക്കം, ഏമ്പക്കം, കുടലില്‍ അണുബാധ, വറ്റിനകത്ത് രക്തസ്രാവം എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ കാണുന്നു.
*ശുഭദിനം*
രണ്ടു പക്ഷികള്‍ കടലിനരികില്‍ കൂട് കൂട്ടിയിരുന്നു. വേലിയേറ്റസമയത്ത് കടലില്‍ ആ കൂടുകള്‍ മുങ്ങിപ്പോയി. ആ കൂടിരുന്നിടത്ത് അവശേഷിച്ച മണല്‍ അതിലെ ഒരു പക്ഷി തന്റെ ചിറകില്‍ കോരിയെടുത്ത് കടലിലേക്കിട്ടു. എന്നിട്ട് തന്റെ കൊക്കില്‍ വെള്ളമെടുത്ത് കൂടിരുന്നിടത്തേക്ക് ഒഴിച്ചു. ഇത് പലയാവര്‍ത്തി ചെയ്യുന്നത് കണ്ട് രണ്ടാമത്തെ പക്ഷി ചോദിച്ചു: നീ എന്താണീ ചെയ്യുന്നത്? ആദ്യത്തെ പക്ഷി പറഞ്ഞു: എന്റെ കൂട് ഈ കടല്‍ നശിപ്പിച്ചു. ഞാന്‍ ഈ കടലിനെ വറ്റിക്കും. എന്നിട്ട് കരയെ കടലാക്കും. രണ്ടാമത്തെ പക്ഷി പറഞ്ഞു: ഒരു കൂട് പോയാല്‍ മറ്റൊരു കൂട് ഉണ്ടാക്കാം. എന്നാല്‍ ജീവന്‍ പോയാല്‍ പിന്നെ ഒന്നും തിരിച്ചുപിടിക്കാനാകില്ല.. എതിരാളികളെ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആ എതിരാളി നശീകരണശേഷിയുള്ളയാളാണോ, പുനരുജ്ജീവനശേഷിയുള്ള ആളാണോ.. ഈ മത്സരത്തില്‍ ജയിച്ചാല്‍ എനിക്കെന്തുലഭിക്കും, ജയിക്കുമ്പോഴുളള ലാഭത്തേക്കാള്‍ വലുതാണോ ജയിക്കാന്‍ വേണ്ടിവരുത്തുന്ന നഷ്ടങ്ങള്‍... എല്ലാവരോടും മത്സരിക്കേണ്ടതില്ല. എതിരെ വരുന്നവരെല്ലാം എതിരാളികളാകണമെന്നും ഇല്ല. അവരില്‍ പലരും അവരുടെ സ്ഥിരവഴികളിലൂടെ യാത്രചെയ്യുന്നവരായിരിക്കും. അവരുടെ സഞ്ചാരപഥത്തിലേക്ക് നാം വന്നുകയറിയപ്പോള്‍ നമുക്ക് പരിക്കേറ്റതായിരിക്കാം.. കടലിന് കരയോട് എന്താണ് വിരോധം.. ചിലപ്പോഴൊക്കെ പ്രതിക്രിയകളേക്കാള്‍ പ്രായോഗിക ബുദ്ധിക്കാണ് പ്രാധാന്യം നല്‍കേണ്ടത്.. കലിതുള്ളുന്നവരുടെ അതിവൈകാരികതയ്ക്ക് വിവേകമാകട്ടെ നമ്മുടെ മറുപടി - *ശുഭദിനം.* മീഡിയ16