◼️തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു. ജൂണ്‍ ഒന്നിനു പ്രാബല്യത്തിലാകും. ആയിരം സിസിയില്‍ കവിയാത്ത കാറുകളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന്റെ വാര്‍ഷിക നിരക്ക് 2,094 രൂപയായി. ഇപ്പോള്‍ 2,072 രൂപയാണ്. 1500 സിസിവരെയുള്ള കാറുകളുടേത് 3,221 രൂപയില്‍ നിന്ന് 3,416 രൂപയാക്കി വര്‍ധിപ്പിച്ചു. 1500 സിസിക്കു മുകളിലുള്ളവയുടെ പ്രീമിയം 7,890 രൂപയില്‍ നിന്ന് 7,897 രൂപയാകും. 75 മുതല്‍ 150 വരെ സിസിയുള്ള ബൈക്കുകളുടെ നിരക്ക് 752 രൂപയില്‍നിന്ന് 714 രൂപയായി കുറച്ചു. 150 മുതല്‍ 350 വരെ സിസി ബൈക്കുകള്‍ക്ക് 1,193 രൂപയില്‍നിന്ന് 1366 രൂപയായി വര്‍ധിപ്പിച്ചു. 350 സിസിക്കു മുകളിലുള്ളവയ്ക്ക് 2323 രൂപയില്‍നിന്ന് 2,804 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്.
◼️ലൈംഗിക തൊഴിലാളികള്‍ക്കെതിരേ ക്രിമിനല്‍ നടപടികള്‍ പാടില്ലെന്നും പൊലീസ് മാന്യമായി പെരുമാറണമെന്നും സുപ്രീം കോടതി. കോടതി നിയോഗിച്ച സമിതി ലൈംഗിക തൊഴിലിനെ തൊഴിലായി കണക്കാക്കണമെന്നതടക്കം നല്‍കിയ നാലു ശുപാര്‍ശകളില്‍ കേന്ദ്രത്തിന്റെ അഭിപ്രായം തേടി. വേശ്യാലയങ്ങള്‍ നിയമവിരുദ്ധമെങ്കിലും റെയ്ഡില്‍ ലൈംഗിക തൊഴിലാളികളെ അറസ്റ്റു ചെയ്യരുതെന്ന നിര്‍ദേശവുമുണ്ട്. ലൈംഗിക തൊഴിലാളികള്‍ക്ക് ആധാര്‍ കാര്‍ഡ് അനുവദിക്കണമെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു.
◼️കോണ്‍ഗ്രസില്ലാത്ത ബിജെപി ബദല്‍ മുന്നണി രണ്ടു മാസത്തിനകമെന്ന് തെലുങ്കാന മുഖ്യമന്ത്രിയും തെലുങ്കാന രാഷ്ട്രസമിതി അധ്യക്ഷനുമായ കെ ചന്ദ്രശേഖര്‍ റാവു. പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്നുള്ള ഫെഡറല്‍ മുന്നണി സഖ്യം രപീകരിക്കാന്‍ വിവിധ പാര്‍ട്ടികളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ബെംഗ്ലൂരുവില്‍ ദേവഗൗഡയുടെ വസതിയിലെത്തി ജെഡിഎസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇങ്ങനെ പറഞ്ഞത്. അരവിന്ദ് കെജ്രിവാള്‍, അഖിലേഷ് യാദവ്, ഹേമന്ദ് സോറന്‍ തുടങ്ങിയ നേതാക്കളുമായി ചന്ദ്രശേഖര്‍ റാവു ചര്‍ച്ച നടത്തിയിരുന്നു.
◼️വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം തേടിയുള്ള പി.സി. ജോര്‍ജിന്റെ അപേക്ഷ കോടതി ഇന്നത്തേക്കു മാറ്റി. വിദ്വേഷ പ്രസംഗത്തില്‍ ഒരാളെ കസ്റ്റഡിയില്‍വച്ച് എന്താണ് പോലീസിനു ചെയ്യാനുള്ളതെന്ന് കോടതി ചോദിച്ചു. പോലീസില്‍നിന്ന് വിവരം ശേഖരിച്ചശേഷം മറുപടി പറയാമെന്നാണു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചത്. ഇതോടെ കേസ് മാറ്റുകയായിരുന്നു. ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് മറ്റൊരു ഹര്‍ജികൂടി ജോര്‍ജ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
◼️വര്‍ഗീയ ആക്രമണം നടത്താമെന്നു സംഘപരിവാറിലെ ചിലരുടെ മോഹത്തിനുള്ള തിരിച്ചടിയാണ് പി.സി. ജോര്‍ജിന്റെ അറസ്റ്റെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതൊരു ഫസ്റ്റ് ഡോസാണ്. ആട്ടിന്‍ തോലിട്ട ചെന്നായ വരുന്നത് രക്തം കുടിക്കാനാണ്, ആട്ടിന്‍കൂട്ടത്തിന് അത് നന്നായി അറിയാമെന്നും തൃക്കാക്കരയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവേ പിണറായി പറഞ്ഞു.
◼️മെയ് മാസത്തിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. ഇതിനായി 754.25 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനായി 104.61 കോടി രൂപയും അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 49.41 ലക്ഷം പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനും 6.67 ലക്ഷം പേര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് പെന്‍ഷനും ലഭിക്കും. ആകെ 56.08 ലക്ഷം പേര്‍ക്ക് 858.87 കോടി രൂപയാണ് വിതരണം ചെയ്യുക.
◼️വ്യാജ വീഡിയോ ഉണ്ടാക്കി തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിനെ അപമാനിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റിലായി. പാലക്കാട് സ്വദേശി ശിവദാസന്‍ ആണ് അറസ്റ്റിലായത്. കെടിഡിസി ജീവനക്കാരനായ ഇയാള്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹിയാണ്. തൃക്കാക്കരയിലെ അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
◼️നഗരസഭകളില്‍ നടപ്പാക്കുന്ന അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി വേതനം 299 രൂപയില്‍നിന്ന് 311 രൂപയാക്കി വര്‍ധിപ്പിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണു വര്‍ധന. തൊഴിലാളികളെ മാലിന്യ സംസ്‌കരണ മേഖലയിലും വിനിയോഗിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍ പറഞ്ഞു.
◼️വിഎസ്എസ്സിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ആള്‍ അറസ്റ്റില്‍. നെടുമങ്ങാട് കുറുപുഴ ഇളവട്ടം പച്ചമല തടത്തരികത്ത് വീട്ടില്‍ അനില്‍കുമാറിനെ (42) ആണ് പിടിയിലായത്. ഇയാളുടെ അക്കൗണ്ട് വഴി രണ്ടര കോടിയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി കണ്ടെത്തി.
◼️തന്റെ പേരില്‍ വാട്സ്ആപിലൂടെ വ്യാജ സന്ദേശം അയച്ച് തട്ടിപ്പു നടത്തുന്നത് അന്വേഷിക്കണമെന്ന് അവശ്യപ്പെട്ട് വ്യവസായമന്ത്രി പി രാജീവ് ആഭ്യന്തരവകുപ്പിനും ഡിജിപിക്കും പരാതി നല്‍കി. 8409905089 എന്ന നമ്പറില്‍ മന്ത്രിയുടെ ഫോട്ടോ ഡിപി ആയി നല്‍കിയാണ് സന്ദേശത്തട്ടിപ്പു നടത്തിയത്.
◼️പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാ അധ്യാപക / അനധ്യാപക താത്കാലിക/ദിവസവേതന ഒഴിവുകളിലേക്ക് നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി മാത്രമേ നടത്താവൂവെന്ന് വിദ്യാഭ്യാസവകുപ്പ് ഉത്തരവിട്ടു.
◼️സംസ്ഥാന ചലച്ചിത്ര അവാര്‍ഡു പ്രഖ്യാപനം ഇന്ന്. മത്സരത്തിനെത്തിയ 142 സിനിമകളില്‍നിന്നു 45 ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുന്നില്‍ എത്തിയത്. രണ്ട് പ്രാഥമിക ജൂറികളുടെ വിലയിരുത്തലിനു ശേഷമാണ് ഈ ചിത്രങ്ങള്‍ അന്തിമ ജൂറിക്ക് മുന്നില്‍ എത്തിയത്.
◼️ബ്രിട്ടനില്‍നിന്ന് കളിപ്പാട്ടങ്ങളുടെ ഇടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്ന് മരിജുവാന പിടികൂടി. നെതര്‍ലാന്‍ഡില്‍നിന്ന് മയക്കുമരുന്ന് എത്തിച്ചതിന് ആലുവ ജയിലില്‍ കഴിയുന്ന കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം വടക്കനോളില്‍ ജാസിമിന് പാഴ്സലായി എത്തിയ മയക്കുമരുന്നാണ് എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് സംഘം ഇന്നു ജയിലിലെത്തി ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തും.
◼️ഈ മാസം അവസാനത്തോടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് വിരമിക്കുന്നത് 10,207 ജീവനക്കാര്‍. ശമ്പള വിതരണ സോഫ്റ്റ് വെയറായ സ്പാര്‍ക്കില്‍നിന്നുള്ള വിവരമാണിത്.
◼️അപകടകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കിയ മന്ത്രിസഭാ തീരുമാനത്തിനെതിരേ കത്തയച്ച് ബിജെപി നേതാവ് മനേക ഗാന്ധി എംപി. മനേക ഗാന്ധിയ്ക്കു രേഖാമൂലം മറുപടി നല്‍കാന്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കു വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.
◼️കരിപ്പൂരില്‍ പിടിയിലായ വിമാന ജീവനക്കാരന്‍ ആറു തവണ സ്വര്‍ണം കടത്തിയെന്ന് മൊഴി. ആറു തവണയായി എട്ടര കിലോ സ്വര്‍ണമാണ് ഇയാള്‍ കടത്തിയത്. നാലര കോടിയോളം രൂപയുടെ സ്വര്‍ണമാണിത്. എയര്‍ ഇന്ത്യ കാബിന്‍ ക്രൂവായ ഡല്‍ഹി സ്വദേശി നവനീത് സിംഗ് ഇന്നലെയാണ് പിടിയിലായത്.
◼️നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും മാറ്റി. വിജയ് ബാബു ആദ്യം കേരളത്തില്‍ എത്തി രേഖകളെല്ലാം കോടതിയ്ക്കു നല്‍കിയശേഷം പരിഗണിക്കാമെന്നാണു കോടതി നിലപാടെടുത്തത്. ഈ മാസം 30 ന് കേരളത്തില്‍ തിരിച്ചെത്തിയില്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുമെന്നും ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞു.
◼️ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനില്‍ അഭിഭാഷകരും പൊലീസും തമ്മില്‍ കൈയേറ്റം. ആറ്റിങ്ങല്‍ കോടതിയിലെ അഭിഭാഷകനായ മിഥുനെ പൊലീസ് സ്റ്റേഷനില്‍ തടഞ്ഞതോടെയാണു സംഘര്‍ഷമുണ്ടായത്. പാറാവുകാരനെ തള്ളിത്താഴെയിട്ടെന്ന് പൊലീസ് ആരോപിച്ചു.
◼️പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിനു സമീപം രണ്ടു പൊലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുട്ടിക്കുളങ്ങര സ്വദേശി സജിയാണ് അറസ്റ്റിലായത്. മരിച്ച പൊലീസുകാരുടെ മൃതദേഹം മാറ്റിയിടാന്‍ മുഖ്യപ്രതിയെ സഹായിച്ചത് സജിയാണെന്ന് പൊലീസ് പറഞ്ഞു. പന്നിയെ കൊല്ലാന്‍ വൈദ്യുതി കെണി വച്ച വര്‍ക്കാട് സ്വദേശി സുരേഷിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
◼️കോണ്‍ഗ്രസ്- ബിജെപി ഒത്തുകളിയെന്ന ആരോപണം ഉന്നയിച്ച് പൊതുജനത്തെ വിഡ്ഢികളാക്കാമെന്ന് പിണറായിയും കോടിയേരിയും കരുതേണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ആ പരിപ്പ് ഇവിടെ വേവില്ല. ലാവലിന്‍ കേസിലടക്കം ആരൊക്കെ തമ്മിലാണ് ഒത്തുകളിയെന്ന് ജനങ്ങള്‍ക്കറിയാമെന്നും വേണുഗോപാല്‍ പറഞ്ഞു.
◼️കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കാസര്‍കോട് സ്വദേശിയായ അബ്ദുള്‍ തൗഫീഖ് എന്നയാളില്‍ നിന്ന് 80 ലക്ഷം രൂപ വില വരുന്ന 1516 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. അബുദാബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ കണ്ണൂരിലെത്തിയത്. രാവിലെ രണ്ട് സംഭവങ്ങളിലായി 30 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസും ഡിആര്‍ഐയും പിടിച്ചെടുത്തിരുന്നു. ഇതോടെ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്നലെ ആകെ ഒരു കോടി പത്തു ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു.
◼️നടി അര്‍ച്ചന കവിയുടെ ആരോപണത്തില്‍ ഫോര്‍ട്ട് കൊച്ചി എസ്.എച്ച്.ഒ സി.എസ് ബിജുവിനെ സിറ്റി പൊലീസ് കമ്മീഷണര്‍ താക്കീത് ചെയ്തു. നടി അര്‍ച്ചന കവി പരാതി നല്‍കിയിരുന്നില്ല.
◼️വയോധികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മധ്യവയ്‌സകനെ ലഹരിവിമുക്തി കേന്ദ്രത്തില്‍നിന്ന് തേഞ്ഞിപ്പലം പൊലിസ് അറസ്റ്റു ചെയ്തു. കോഹിനൂര്‍ കോളനിയല്‍ താമസിക്കുന്ന കുന്നംകുളത്ത് വീട്ടില്‍ വേലായുധന്‍ എന്ന ബാബു (54) ആണ് അറസ്റ്റിലായത്.
◼️നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ പൊലീസ് പരിശോധന. റിട്ടയേഡ് എസ്ഐ സുന്ദരന്‍ സുകുമാരന്‍ പ്രതി ഷൈബിനെ സഹായിച്ചിരുന്നെന്ന് കണ്ടെത്തിതിനെ തുടര്‍ന്നാണ് പരിശോധന. സുന്ദരന്റെ ഡയറിക്കുറിപ്പുകള്‍ പിടിച്ചെടുത്തു. സുന്ദരന്‍ സുകുമാരന്‍ ഒളിവിലാണ്.
◼️ആലപ്പുഴ അര്‍ത്തുങ്കലില്‍ 21 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ തോട്ടിലെറിഞ്ഞു. ഭര്‍തൃ സഹോദരന്‍ കുഞ്ഞിനെ രക്ഷിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് ആരോഗ്യവാനാണ്. യുവതിക്ക് മാനസിക അസ്വസ്ഥകളുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
◼️പാലാ പൂവരണിയില്‍ വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മീനച്ചില്‍ കുളിര്‍പ്ലാക്കല്‍ ജോയ്സ് (35) ആണ് പിടിയിലായത്.
◼️സ്ത്രീകളുടെ ശബരിമലയായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിനു വനിതാ സാരഥി. ആറ്റുകാല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ചെയര്‍പേഴ്സണായി ആറ്റുകാല്‍ കുളങ്ങര വീട്ടില്‍ എ. ഗീതാകുമാരിയാണ് ചുമതലയേറ്റത്. 84 അംഗ സമിതിയിലെ എക്സിക്യൂട്ടീവ് അംഗമായിരുന്നു ഗീതാകുമാരി.
◼️പശ്ചിമ ബംഗാളിലും ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കം ചെയ്യുന്നു. പകരം മുഖ്യമന്ത്രിയെ ചാന്‍സലറാക്കുന്ന നിയമഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. തമിഴ്നാട്ടിലും ഇത്തരം നിയമഭേദഗതി വരുത്തിയിരുന്നു. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനം പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ തടഞ്ഞുവച്ച സാഹചര്യത്തിലാണ് ഈ നടപടി.
◼️തലക്ക് 75 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് കാട്ടില്‍ മരിച്ച നിലയില്‍. ജാര്‍ഖണ്ഡ്, ബിഹാര്‍ സര്‍ക്കാരുകള്‍ തലക്ക് 75 ലക്ഷം രൂപ വിലയിട്ട സന്ദീപ് യാദവിനെയാണ് (55) ഗയയിലെ ലുത്വ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലായി ഇയാള്‍ക്കെതിരെ അഞ്ഞൂറോളം കേസുകളുണ്ട്.
◼️താന്‍ ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും വിശ്വസിക്കുന്നുവെന്നും, അന്ധ വിശ്വാസികള്‍ക്ക് വികസനത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിന്റെ 20-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. 'സന്യാസിയായ യോഗി ആദിത്യനാഥ് അന്ധവിശ്വാസത്തില്‍ വിശ്വസിക്കുന്നില്ല, അദ്ദേഹത്തെ അഭിനന്ദിക്കണം. അന്ധവിശ്വാസികളില്‍നിന്ന് തെലങ്കാനയെ രക്ഷിക്കണമെന്നും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു.
◼️തമിഴ് അനശ്വരമായ ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഹിന്ദിക്കൊപ്പം തമിഴും ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
◼️പ്രഭാത സവാരിക്കു തങ്ങള്‍ക്കൊപ്പം വളര്‍ത്തു നായക്കും നടക്കാന്‍ ഡല്‍ഹിയിലെ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ഓഫിസര്‍ സഞ്ജീവ് ഖിര്‍വാറിനെ ലഡാക്കിലേക്കു സ്ഥലം മാറ്റി. ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചല്‍ പ്രദേശിലേക്കും മാറ്റി. ഡല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയമാണ് ഐഎഎസ് ഓഫിസര്‍ കായികതാരങ്ങളെ പ്രവേശിപ്പിക്കാതെ ഒഴിപ്പിച്ചത്. സംഭവം മാധ്യമങ്ങളിലൂടെ പുറത്തവന്നതോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
◼️പട്യാല സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ട മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവിന് ജയിലില്‍ രാജകീയ ഭക്ഷണം. ഡോക്ടര്‍ നിര്‍ദേശിച്ചതിനനുസരിച്ച് ഇളനീര്‍, ലാക്ടോസ് രഹിത പാല്‍, ഒരു ഗ്ലാസ് ജ്യൂസ്, ബദാം എന്നിവയാണ് നല്‍കുക. ജയിലില്‍ ക്ലര്‍ക്കിന്റെ ജോലിയും നല്‍കി. ഫയലുകള്‍ സിദ്ദുവുനെ പാര്‍പ്പിച്ച ബാരക്കിലേക്ക് അയയ്ക്കും.
◼️തനിക്കെതിരെയുള്ള സിബിഐ കേസ് വ്യാജമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റ മകന്‍ കാര്‍ത്തി ചിദംബരം. സിബിഐയുടെ ചോദ്യം ചെയ്യല്‍ തല്‍സമയം സംപ്രേക്ഷണം ചെയ്താല്‍ കേസ് എത്ര പൊള്ളയാണെന്ന് മനസിലാകുമെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു.
◼️ഭാര്യ പീഡിപ്പിക്കുന്ന ഭര്‍ത്താവിനു സുരക്ഷ നല്‍കണമെന്ന് കോടതി ഉത്തരവ്. രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അജിത്ത് യാദവിനെ ഭാര്യ സുമന്‍ യാദവ് മര്‍ദിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിനു പിറകേയാണ് കോടതി ഉത്തരവ്. ക്രിക്കറ്റ് ബാറ്റ്, ഇരുമ്പു പാത്രം തുടങ്ങിയവ ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന വീഡിയോ ആണ് പ്രചരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും അജിത്ത് യാദവിനു സംരക്ഷണം നല്‍കാനും കോടതി ഉത്തരവിട്ടു.
◼️ഗോതമ്പ് കയറ്റുമതി നിരോധനത്തില്‍ ഇളവു വേണമെന്ന് ഇന്ത്യയോട് യുഎഇയും ഒമാനും ഉള്‍പ്പടെ നാലു രാജ്യങ്ങള്‍. ആഭ്യന്തര വിപണിയില്‍ ഗോതമ്പ് വില കുതിച്ചുയരുന്നതു തടയാനാണ് കയറ്റുമതി നിരോധിച്ചത്. ഇതുമൂലം വെട്ടിലായത് മറ്റു രാജ്യങ്ങളാണ്.
◼️ഭൂമിക്കരികിലൂടെ ഇന്നു വൈകുന്നേരം 7.56 ന് വലിയൊരു ഛിന്നഗ്രഹം കടന്നുപോകും. ഭൂമിയില്‍നിന്ന് 40,24,182 കിലോമീറ്റര്‍ അരികിലൂടെയാണ് ഇത് കടന്നുപോകുക. മണിക്കൂറില്‍ 47,232 കിലോമീറ്റര്‍ വേഗതയുണ്ടാകും. ഛിന്നഗ്രഹത്തിന് രണ്ടു കിലോമീറ്റര്‍ വീതിയുണ്ട്. റോമിലെ വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റ് ഛിന്നഗ്രഹത്തിന്റെ ലൈവ് സ്ട്രീം ചെയ്യും.
1996 ലാണ് ഇതിനു മുന്‍പ് ഭൂമിക്കരികിലൂടെ ഈ ഛിന്നഗ്രഹം കടന്നുപോയത്. ഇനി 2055 ജൂണ്‍ 23 ന് ആയിരിക്കും കടന്നുപോകുക.
◼️മലയാളി അത്ലറ്റ് എം. ശ്രീശങ്കറിന് പുരുഷവിഭാഗം ലോങ്ജമ്പിലെ അന്താരാഷ്ട്ര മീറ്റില്‍ സ്വര്‍ണം. ഗ്രീസില്‍ നടക്കുന്ന 12-ാമത് രാജ്യാന്തര ജമ്പിങ് മീറ്റിലാണ് താരത്തിന്റെ സ്വര്‍ണ നേട്ടം. 8.31 മീറ്റര്‍ ചാടിക്കടന്നാണ് ശ്രീശങ്കര്‍ ഒന്നാമനായത്. പാലക്കാട് സ്വദേശിയായ ശ്രീശങ്കര്‍ ലോങ്ജമ്പിലെ ദേശീയ റെക്കോഡിന് ഉടമയാണ്.
◼️ഏഷ്യാ കപ്പ് ഹോക്കിയില്‍ ആതിഥേയരായ ഇന്തോനേഷ്യയെ എതിരില്ലാത്ത 16 ഗോളിന് വീഴ്ത്തി നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ സൂപ്പര്‍ ഫോറിലെത്തി. ജപ്പാന്‍, മലേഷ്യ, ദക്ഷിണ കൊറിയ എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം സൂപ്പര്‍ ഫോറില്‍ ഇടം നേടിയത്. ഇന്തോനേഷ്യയെ 16 ഗോളിന് കീഴടക്കിയാലെ പാക്കിസ്ഥാന്റെ ഗോള്‍ശരാശരി മറികടന്ന് ഇന്ത്യക്ക് സൂപ്പര്‍ ഫോറില്‍ എത്താനാവുമായിരുന്നുള്ളു.
◼️ഐപിഎല്ലിലെ രണ്ടാമത്തെ ഫൈനലിസ്റ്റിനെ ഇന്നറിയാം. ഇന്ന് നടക്കുന്ന രണ്ടാമത്തെ എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരുമായി ഏറ്റുമുട്ടും. മത്സരം രാത്രി 7.30 ന് ആരംഭിക്കും.
◼️ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഓഹരി ഉടമകള്‍ക്ക് മികച്ച ലാഭവിഹിതവുമായി രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍. പൊതുമേഖലാ ബാങ്കുകളുടെ പ്രകടനത്തില്‍ ഏറ്റവും അധികം നേട്ടമുണ്ടാവുക കേന്ദ്രസര്‍ക്കാറിന് ആയിരിക്കും. ബാങ്കുകളില്‍ നിന്ന് കേന്ദ്രത്തിന് ലാഭവിഹിതമായി ലഭിക്കുക ഏകദേശം 8,000 കോടി രൂപയാണ്. ആര്‍ബിഐയുടെ പ്രോംപ്റ്റീവ് കറക്റ്റീവ് ആക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഒഴികെയുള്ളവ 2021-22 കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. എസ്ബിഐയില്‍ നിന്നാണ് കേന്ദ്രത്തിന് ഏറ്റവും കൂടുതല്‍ ലാഭവിഹിതം ലഭിക്കുക. ഏകദേശം 3,600 കോടിയാണ് എസ്ബിഐ നല്‍കുക. യൂണിയന്‍ ബാങ്കില്‍ നിന്ന് ലാഭവിഹിതമായി നിന്ന് 1,084 കോടി രൂപയോളം ലഭിക്കും. കാനറ ബാങ്കില്‍ നിന്ന് 742 കോടിയും ഇന്ത്യന്‍ ബാങ്കും ബാങ്ക് ഓഫ് ഇന്ത്യയും 600 കോടി വീതവും നല്‍കും.
◼️പൊതുമേഖലാ സ്ഥാപനമായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ (പിഎഫ്‌സി) അറ്റാദായത്തില്‍ വര്‍ധന. പ്രധാനമായും ഉയര്‍ന്ന വരുമാനത്തിന്റെ ബലത്തില്‍, പിഎഫ്‌സി കണ്‍സോളിഡേറ്റഡ് അറ്റാദായം 2022 മാര്‍ച്ച് പാദത്തില്‍ 10 ശതമാനം വര്‍ധിച്ച് 4,295.90 കോടി രൂപയിലെത്തി. കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3,906.05 കോടി രൂപയായിരുന്നു. ഈ പാദത്തിലെ മൊത്തവരുമാനം, മുന്‍ വര്‍ഷം ഇതേ കാലയളവിലെ 18,155.14 കോടി രൂപയില്‍ നിന്ന് 18,873.55 കോടി രൂപയായി ഉയര്‍ന്നു. 2021-22 സാമ്പത്തിക വര്‍ഷത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 2020-21 ലെ 15,716.20 കോടി രൂപയില്‍ നിന്ന് 18,768.21 കോടി രൂപയായി ഉയര്‍ന്നു.
◼️മോഹന്‍ലാല്‍ സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രം 'ബറോസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലിന്റെ ബറോസ് എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടതാണ് ചിത്രങ്ങള്‍. ബറോസ് കോട്ടയോട് സാദൃശ്യമുള്ള ഒരു കെട്ടിടത്തിനുള്ളില്‍ നില്‍ക്കുന്നതും അതിന്റെ ഭിത്തിയിലൂടെ നടക്കുന്നതുമൊക്കെയാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' എന്ന സിനിമയിലുള്ള 'ഗ്രാവിറ്റി ഇല്യൂഷന്‍' എന്ന സാങ്കേതിക വിദ്യയും ബറോസില്‍ ഉപയോഗിച്ചിട്ടുണ്ട്. തല മൊട്ടയടിച്ച് താടി വളര്‍ത്തി വെസ്റ്റേണ്‍ ശൈലിയിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്.
◼️സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ഡ്രാമ വെബ് സീരീസായ സ്‌ട്രേഞ്ചര്‍ തിങ്‌സിന്റെ നാലാം ഭാഗത്തില്‍ സംഗീതമൊരുക്കി ഇളയരാജ. ഇളയ രാജ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 'രാജ കയ്യ വച്ചാ.. സ്‌ട്രേഞ്ചാ പോനതില്ല' എന്നായിരുന്നു ഇളയരാജ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. നെറ്റ്ഫ്ലിക്സ് ഇന്ത്യ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സ്‌ട്രേഞ്ചര്‍ തിങ്സിന്റെ നാലാമത്തെ സീസണില്‍ രണ്ട് വോളിയമായാണ് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യുക. ആദ്യത്തെ വോളിയം മെയ് 27നും രണ്ടാം വോളിയം ജൂലൈ ഒന്നിനും റിലീസ് ചെയ്യും. മെയ് 27 ന് തമിഴിലും തെലുങ്കിലും സീരീസ് റിലീസ് ചെയ്യും.
◼️2022 ജൂണ്‍ 2 ന് ഇവി6 എന്ന തങ്ങളുടെ ആദ്യത്തെ ഇവി രാജ്യത്ത് അവതരിപ്പിക്കുമെന്ന് കിയ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പുതിയ കിയ ഇവി6ന്റെ ഹൃദയം 77.4കിലോവാട്ട് ലിഥിയം-അയണ്‍ ബാറ്ററി പായ്ക്ക് ആയിരിക്കും. അത് രണ്ട് വേരിയന്റുകളായി ലഭ്യമാകും. ആര്‍ഡബ്ല്യുഡി വേരിയന്റ് 225ബിഎച്ച്പിയും 350എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ എഡബ്ല്യുഡി വേരിയന്റ് 345ബിഎച്ച്പിയും 605എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. ഉപഭോക്താക്കള്‍ക്ക് ജിടി ലൈന്‍, ജിടി ലൈന്‍ എഡബ്ല്യുഡി എന്നിവയുള്‍പ്പെടെ രണ്ട് വകഭേദങ്ങള്‍ വാഗ്ദാനം ചെയ്യും.
◼️ഇരുളിന്റെ മറപറ്റി മാത്രമല്ല, പകല്‍വെളിച്ചത്തിന്റെ തെളിച്ചത്തിലും നിങ്ങളെ പിന്തുടര്‍ന്നു വേട്ടയാടുന്നവയാണ് ഈ കഥകള്‍. ഇതിലെ വാക്കുകള്‍ക്കും വരികള്‍ക്കും ഇടയില്‍ വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍, 'ഞരമ്പുകളെല്ലാം കൊത്തിപ്പറിച്ചെടുത്ത് വലിച്ചുപുറത്തിടുന്ന' അനുഭവമെന്തെന്ന് വായനക്കാര്‍ അറിയുന്നു. ഇത് ഒരു ക്ഷണപത്രമാണ്. നിഗൂഢതകൊണ്ട് എഴുതിയ, ഭീതിയുടെ കയ്യൊപ്പ് പതിച്ച ക്ഷണപത്രം. അതീതശക്തികള്‍ ഭീകരവാഴ്ച നടത്തുന്ന വിചിത്രവും ദുര്‍ഗ്രഹവുമായ ഒരു ലോകത്തിലേക്കുള്ള ക്ഷണപത്രം. 'ലോകപ്രശസ്ത മിസ്റ്ററി കഥകള്‍'. വിവര്‍ത്തനം. സുരേഷ് എം.ജി. എച്ച്ആന്‍ഡ്സി ബുക്സ്. വില 250 രൂപ.
◼️അമിതഭാരം കുറയ്ക്കാനുള്ള കുറുക്ക് വഴിയായി പലരും അത്താഴംതന്നെ ഉപേക്ഷിച്ച് കാണാറുണ്ട്. രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിനാല്‍ കാലറി ആവശ്യമില്ല എന്ന ചിന്തയാണ് ഇതിനു പിന്നില്‍. എന്നാല്‍ പതിവായി അത്താഴം മുടക്കുന്നത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അത്താഴം മുടക്കുന്നത് കാലറി കുറയ്ക്കാമെങ്കിലും ദീര്‍ഘകാലത്തേക്ക് അത്ര ഉത്പാദനക്ഷമമായ കാര്യമല്ല. രാത്രിഭക്ഷണം മുടക്കുന്നത് പ്രധാനമായും ബാധിക്കുന്നത് നമ്മുടെ ഉറക്കത്തിന്റെ നിലവാരത്തെ ആയിരിക്കുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. രാത്രിയില്‍ വിശന്നിരിക്കുന്നത് ഉറക്കം നഷ്ടമാകാനും ഉറക്കത്തില്‍ ഉണരാനുമൊക്കെ കാരണമാകാം. ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളായ സെറോടോണിനും മെലടോണിനും ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ തോതിലുള്ള കാലറി ആവശ്യമാണ്. അത്താഴം ഉപേക്ഷിക്കുന്നവരില്‍ ഈ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം താറുമാറാകുന്നത് വഴി ഉറക്കത്തിന്റെ നിലവാരം കുറയും. ഇത്തരത്തിലുള്ള ഉറക്കക്കുറവ് വൈറ്റമിന്‍ ഡി അപര്യാപ്തത അടക്കമുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. ഒരാളുടെ പ്രതിരോധശേഷി, ചയാപചയ സംവിധാനം, ഊര്‍ജ്ജത്തിന്റെ തോത്, മൂഡ് എന്നിവയെ എല്ലാം ഇത് ബാധിക്കാം. അത്താഴം മുടക്കുന്നവര്‍ രാത്രിയില്‍ ഏറെ നേരം ഉണര്‍ന്നിരിക്കുന്നത് അനാരോഗ്യകരമായ സ്നാക്സുകള്‍ കഴിക്കുന്നതിലേക്കും നയിക്കാം. ഇത് ഭാരം കുറയ്ക്കുന്നതിന് പകരം കൂട്ടാനാണ് സാധ്യതയെന്ന് ജപ്പാനിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ ഒരു പഠനവും കൂട്ടിച്ചേര്‍ക്കുന്നു. അത്താഴം ഉപേക്ഷിക്കുകയല്ല മറിച്ച് ലഘുവായ തോതിലുള്ള അത്താഴം കഴിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് ഡയറ്റീഷ്യന്മാര്‍ നിര്‍ദ്ദേശിക്കുന്നു. എപ്പോള്‍ അത്താഴം കഴിക്കുന്നു എന്നതും പ്രധാനമാണ്. ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുന്‍പ് അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
*ശുഭദിനം*
അവിടെ തത്വശാസ്ത്രജ്ഞന്മാര്‍ തമ്മില്‍ സംവാദം നടക്കുകയാണ്. മനുഷ്യവര്‍ഗ്ഗം സൃഷ്ടിക്കപ്പെടേണ്ടതുണ്ടോ എന്നതായിരുന്നു തര്‍ക്കവിഷയം. മനുഷ്യര്‍ ആവശ്യമാണെന്ന് ഒരുവിഭാഗവും, അല്ലെന്ന് മറുവിഭാഗവും വാദിച്ചു. കൃത്യമായ ഉത്തരം കണ്ടെത്താനാകാത്തതുകൊണ്ട് അവസാനം ഇങ്ങനെ ഒരു പൊതു അഭിപ്രായത്തിലേക്കെത്തി. മനുഷ്യന്‍ സൃഷ്ടിക്കപ്പെടേണ്ടിയിരുന്നില്ല, പക്ഷേ, സൃഷ്ടിക്കപ്പെട്ട സ്ഥിതിക്ക് ആ സൃഷ്ടി ആവശ്യമായിരുന്നുവെന്ന് നമുക്ക് തെളിയിക്കാനാകണം.. ! ആകൃതികൊണ്ടല്ല, അനുഷ്ഠാനം കൊണ്ട് വേണം ആളുകളെ വിലയിരുത്തപ്പെടേണ്ടത്. എല്ലാ ജീവി വര്‍ഗ്ഗത്തിനും അവരുടേതായ കര്‍ത്തവ്യങ്ങളും ഉത്തരവാദിത്വങ്ങളും ഉണ്ട്. പരസ്പര ബഹുമാനത്തോടെ അത് പൂര്‍ത്തിയാക്കുന്നിടത്താണ് തങ്ങളുടെ അനന്യതയും ആവശ്യകതയും ഓരോരുത്തരും തെളിയിക്കുന്നത്. അവനവന്റെ ജീവിതം അവനവന്റെ തന്നെ ഉത്തരവാദിത്വമാണ്. ഓരോ നിമിഷവും സ്വയം തിരഞ്ഞെടുപ്പാണ്. അതുകൊണ്ട്തന്നെ സ്വയം മഹത്വത്തിലേക്ക് ഉയരാന്‍ നമുക്ക് ശ്രമിക്കാം - *ശുഭദിനം.*
MEDIA 16