◼️നടിയെ ആക്രമിച്ച കേസ് ഭരണത്തിലുള്ള രാഷ്ട്രീയക്കാരെ സ്വാധീനിച്ച് അട്ടിമറിക്കുകയാണെന്ന ആരോപണവുമായി അതിജീവിത ഹൈക്കോടതിയില്‍. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച ദിലീപിന്റെ അഭിഭാഷകരെ അന്വേഷണത്തില്‍നിന്ന് ഒഴിവാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വിചാരണക്കോടതി ജഡ്ജിയ്ക്കെതിരെ അന്വേഷണം വേണം. കുറ്റവാളികളെ രക്ഷിക്കാനാണ് വിചാരണക്കോടതി ജഡ്ജിയുടെ ശ്രമം. ഹൈക്കോടതിയില്‍ കേസ് പരിഗണിക്കന്ന ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബഞ്ചില്‍നിന്നു കേസ് മാറ്റണമെന്നു നേരത്തെ ആവശ്യപ്പെട്ടിരുന്നു.
◼️ലൈംഗിക പീഡനകേസില്‍ കോടതിയില്‍ ഹാജരാകാമെന്ന് പ്രതി വിജയ് ബാബു. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കേസ് പരിഗണിക്കണമന്ന് ആവശ്യപ്പെട്ടപ്പോള്‍ ടിക്കറ്റ് ഹാജരാക്കിയാല്‍ കേസ് പരിഗണിക്കാമെന്നു കോടതി അറിയിച്ചു. അന്വേഷണവുമായി സഹകരിക്കാമെന്നും അഭിഭാഷകന്‍ പറഞ്ഞു. കേസ് ആദ്യം കോടതിയുടെ പരിധിയില്‍ വരട്ടെയെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ മറുപടി.
◼️നടിയെ ബലാല്‍സംഗം ചെയ്തെന്ന കേസിലെ പ്രതി വിജയ് ബാബു ഇന്നു വൈകുന്നേരത്തിനു മുമ്പ് എത്തിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി പോലീസ്. പാസ്പോര്‍ട്ട് റദ്ദാക്കിയതിനാല്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുഖേന പ്രത്യേക യാത്രാരേഖകള്‍ തയാറാക്കേണ്ടിവരും.
◼️ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. കുട്ടിയെക്കൊണ്ട് വര്‍ഗീയ മുദ്രാവാക്യം വിളിപ്പിച്ചെന്നാണ് കേസ്. മത സ്പര്‍ദ്ദ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. രണ്ടു ദിവസം മുമ്പാണ് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനം ആലപ്പുഴയില്‍ നടന്നത്.
◼️കുട്ടികളെ റാലികളില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ ഹൈക്കോടതി. രാഷ്ട്രീയ പാര്‍ട്ടികളുടെ റാലികളില്‍ കുട്ടികളെക്കൊണ്ടു മുദ്രാവാക്യം വിളിപ്പിക്കുന്നതു നിരോധിക്കേണ്ടതല്ലേയെന്ന് ജസ്റ്റിസ് പി ഗോപിനാഥ് ചോദിച്ചു. പോക്സോ കേസ് പരിഗണിക്കുന്നതിനിടെയാണ് പരാമര്‍ശം. പോപുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി മതവിദ്വേഷമുണ്ടാക്കുന്ന മുദ്രാവാക്യം വിളിച്ചതു വിവാദമായിരിക്കേയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
◼️വിസ്മയ കേസില്‍ കുറ്റക്കാരനെന്നു കോടതി വിധിച്ച ഭര്‍ത്താവ് കിരണ്‍കുമാറിനുള്ള ശിക്ഷ ഇന്നു വിധിക്കും. സ്തീധനപീഡനംമൂലം കഴിഞ്ഞ വര്‍ഷം ജൂണ്‍ 21 നു വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസിലാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്നു ശിക്ഷ വിധിക്കുക. ജാമ്യം റദ്ദാക്കിയതോടെ കിരണിനെ ഇന്നലെ ജയിലിലാക്കിയിരുന്നു. സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങളാണു തെളിഞ്ഞത്.
◼️വിദ്വേഷ പ്രസംഗ കേസില്‍ പി.സി. ജോര്‍ജ്ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കേസ് വ്യാഴാഴ്ച പരിഗണിക്കും. അതുവരെ അറസ്റ്റ് പാടില്ല. വിവാദ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ജോര്‍ജ്ജിനോട് കോടതി നിര്‍ദ്ദേശിച്ചു. കൊച്ചി വെണ്ണല ക്ഷേത്രത്തിലെ പ്രസംഗമാണ് വിവാദമായത്. പോലീസ് വീട്ടുകാരേയും മകനേയും ശല്യം ചെയ്യുന്നുണ്ടെന്നു ജോര്‍ജ് പരാതിപ്പെട്ടു. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം എടുത്താണ് പൊലീസ് കേസെടുത്തത്. പ്രസംഗം മുഴുവന്‍ കേള്‍ക്കണം. ജോര്‍ജിന്റെ അഭിഭാഷകന്‍ വാദിച്ചു.
◼️ജോര്‍ജിനെതിരേ കേസെടുത്ത പോലീസ്, ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ നടപടി എടുത്തില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. വോട്ടുബാങ്ക് ലക്ഷ്യമിട്ട് മതഭീകരവാദികളെ സര്‍ക്കാര്‍ സഹായിക്കുന്നു. തൃക്കാക്കരയില്‍ പോപ്പുലര്‍ ഫ്രണ്ട് ഇടതിനോപ്പമാണ്. സുരേന്ദ്രന്‍ ആരോപിച്ചു.
◼️നടിയെ ആക്രമിച്ച കേസ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഒതുക്കിത്തീര്‍ക്കുന്നതിനെതിരേ സമരം വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേസ് ഒതുക്കാന്‍ ഇടനിലക്കാരായ സിപിഎം നേതാക്കളുടെ പേരു പുറത്തു പറയണം. നടി വളരെ ഗുരുതരമായ ആരോപണമാണ് സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. നടി ആക്രമിക്കപ്പെട്ട കേസ് പാതി വെന്ത നിലയിലാണ് കോടതിയിലെത്തിയതെന്നും സതീശന്‍ കുറ്റപ്പെടുത്തി.
◼️നടിയെ ആക്രമിച്ച കേസ് സര്‍ക്കാര്‍ അട്ടിമറിച്ചത് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കായി വാദിച്ച സീനിയര്‍ അഭിഭാഷകനുള്ള പാരിതോഷികമാണെന്ന് കെ. രമ എംഎല്‍എ. അതേ അഭിഭാഷകന്‍തന്നെയാണ് നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനുവേണ്ടി ഹാജരാകുന്നതെന്നു രമ ചൂണ്ടിക്കാട്ടി.
◼️ഏറ്റുമാനൂര്‍-ചിങ്ങവനം ഇരട്ടപ്പാത ഈ മാസം 28 നു കമ്മീഷന്‍ ചെയ്യുമെന്ന് റെയില്‍വേ ചീഫ് സുരക്ഷാ കമ്മീഷണര്‍ അഭയ് കുമാര്‍ റായ്. മോട്ടോര്‍ ട്രോളി ഉപയോഗിച്ചുള്ള പരീക്ഷണം പൂര്‍ത്തിയായി. പുതിയ പാളത്തിലൂടെ എഞ്ചിന്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തി.
◼️സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം 2021- 22 സാമ്പത്തിക വര്‍ഷം 17,262 നികുതി വെട്ടിപ്പു കേസുകള്‍ പിടികൂടി. നികുതിയും പിഴയുമായി 79.48 കോടി രൂപ പിരിച്ചെടുത്തു. രേഖകള്‍ ഇല്ലാതെയും അപൂര്‍ണമായോ തെറ്റായതോ ആയ വിവരങ്ങള്‍ ഫയല്‍ ചെയ്തും നടത്തിയ നികുതി വെട്ടിപ്പ് ശ്രമങ്ങളാണ് പിടികൂടിയതെന്ന് ഇന്റലിജന്‍സ് വിഭാഗം അവകാശപ്പെട്ടു.
◼️അടിമാലി മരംമുറി കേസിലെ ഒന്നാം പ്രതി മുന്‍ റെയ്ഞ്ച് ഓഫീസര്‍ ജോജി ജോണ്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യം തള്ളിയ സുപ്രീം കോടതി കീഴടങ്ങാന്‍ ഉത്തരവിട്ടിരുന്നു. അടിമാലി മങ്കുവയിലെ പുറമ്പോക്കു ഭൂമിയില്‍നിന്ന് റെയിഞ്ച് ഓഫീസറായിരിക്കെ എട്ടു തേക്കു മരങ്ങള്‍ മുറിച്ചുകടത്തിയെന്നാണ് കേസ്. കടത്തിയ തടികള്‍ ജോജിയുടെ അമ്മയുടെ പേരിലുള്ള സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു.
◼️കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ ആവര്‍ത്തനം. ഇന്നലെ നടന്ന നാലാം സെമസ്റ്റര്‍ എംഎസ് സി ഗണിതശാസ്ത്ര പരീക്ഷയുടെ ചോദ്യപേപ്പര്‍ കഴിഞ്ഞ വര്‍ഷത്തേതുതന്നെയാണ്. വൈസ് ചാന്‍സലര്‍ പരീക്ഷ കണ്‍ട്രോളറോട് റിപ്പോര്‍ട്ട് തേടി. അതേസമയം കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ പി.ജെ. വിന്‍സെന്റ് ഇന്നു സ്ഥാനമൊഴിയും. ഇദ്ദേഹം തിരികെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഹിസ്റ്ററി വിഭാഗത്തിലെ അധ്യാപകനായി ജോലിയില്‍ പ്രവേശിക്കും.
◼️പാലക്കാട് സൈരന്ധ്രിയില്‍ കാണാതായ വാച്ചര്‍ രാജനായി പോലിസിന്റെ രണ്ടു സംഘങ്ങള്‍ നടത്തിയ സ്പെഷ്യല്‍ ഡ്രൈവ് അവസാനിപ്പിച്ചു. അഗളി എസ്.ഐയുടെ നേതൃത്വത്തില്‍ ഒരു സംഘം സൈരന്ധ്രി വനത്തിലും തണ്ടര്‍ബോള്‍ട്ടിന്റെ ഒരു സംഘം കെ.പി.എസ്റ്റേറ്റ് വഴി മണ്ണാര്‍ക്കാട് തത്തേങ്ങലത്തുമാണ് തെരച്ചില്‍ നടത്തിയത്. രാജനുമായി മൂന്നര വര്‍ഷമായി പിരിഞ്ഞു കഴിയുന്ന ഭാര്യ പുഷ്പലത അഗളി പോലിസില്‍ ഹാജരായി മൊഴി നല്‍കി.
◼️മലബാര്‍ ദേവസ്വം ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്. ശമ്പള കുടിശിക വിതരണം ചെയ്യുക, അപാകത പരിഹരിച്ച് ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പത്തുമാസത്തെ ശമ്പളം തന്നിട്ടില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. അവധിയില്ല, പെന്‍ഷന്‍ ഇല്ല. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണ് ആവശ്യം.
◼️മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എം.എം. മണി മുതുവാന്‍ സമുദായത്തെ അധിക്ഷേപിച്ചെന്ന് മുതുവാന്‍ സമുദായാംഗങ്ങളുടെ പരാതി. പ്രതിഷേധിച്ച് ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന സമ്മേളം ബഹിഷ്‌ക്കരിക്കുമെന്ന് മുതുവാന്‍ സമുദായത്തിലെ പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതൃത്വത്തിനു കത്തു നല്‍കി.
◼️സ്‌കൂളില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രധാന പ്രതി പിടിയില്‍. കണ്ണൂര്‍ സ്വദേശി ദീപക്ക് ആണ് പിടിയിലായത്. പത്തനംതിട്ട മല്ലപ്പിള്ളി സ്വദേശി അജയകുമാര്‍ എന്ന ഷാജിയാണ് കൊല്ലപ്പെട്ടത്.
◼️ബക്കറ്റിലെ വെള്ളത്തില്‍ വീണു കുഞ്ഞു മരിച്ചു. കോട്ടയം കിടങ്ങൂരിലെ ജയേഷ് - ശരണ്യ ദമ്പതികളുടെ മകള്‍ ഭാഗ്യയാണ് മരിച്ചത്.
◼️കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കാസര്‍കോട്ടേക്കു കൊണ്ടുപോയ റിമാന്‍ഡ് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ മൂന്നു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. എഎസ്ഐ സജീവന്‍, സിപിഒമാരായ ജസീര്‍, അരുണ്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. മയക്കുമരുന്ന് കേസ് പ്രതി ആലമ്പാടി സ്വദേശി അമീര്‍ അലി (23) ആണ് വിലങ്ങുമായി രക്ഷപ്പെട്ടത്.
◼️കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ ഏറ്റെടുത്ത മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് പഴയ ബിംസ് സോഫ്‌റ്റ്വെയര്‍ വഴിയാണ് ശമ്പളം നല്‍കിയിരുന്നത്.
◼️കേന്ദ്രസര്‍ക്കാര്‍ രണ്ടാം വട്ടവും ഇന്ധനനികുതി കുറച്ചിട്ടും നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ജനങ്ങളോട് അല്‍പമെങ്കിലും ആത്മാര്‍ത്ഥയുണ്ടെങ്കില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്കു നികുതി കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ കുറച്ചതിന്റെ ആനുപാതികമായിട്ടുള്ള കുറവ് മാത്രമാണ് കേരളത്തിലടക്കം വരുത്തിയിരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനാണ് സംസ്ഥാനങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◼️നാണ്യപ്പെരുപ്പ നിരക്ക് കുതിച്ചുയര്‍ന്നിരിക്കേ, റിസര്‍വ് ബാങ്ക് പലിശ വര്‍ധിപ്പിച്ചേക്കും. അടുത്ത മാസം ആദ്യവാരത്തില്‍ നടക്കുന്ന പണനയ അവലോകന യോഗത്തില്‍ നിരക്കു വര്‍ധന ഉണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്.
◼️പുതിയതായി നിര്‍മ്മിക്കുമെന്നു നിര്‍ദേശിച്ച ചരക്ക് ഇടനാഴികള്‍ ഉപേക്ഷിച്ച് നിലവിലെ ഇടനാഴികളുടെ ശേഷി വര്‍ധിപ്പിക്കുമെന്നു റെയില്‍വേ മന്ത്രാലയം. ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നങ്ങളാണു പ്രധാന തടസം. ഈസ്റ്റ് കോസ്റ്റ്, ഈസ്റ്റ്-വെസ്റ്റ്, നോര്‍ത്ത്-സൗത്ത് എന്നിങ്ങനെ പുതുതായി നിര്‍ദ്ദേശിച്ചിട്ടുള്ള മൂന്നു സമര്‍പ്പിത ചരക്ക് ഇടനാഴികള്‍ ഒഴിവാക്കും.
◼️ജ്ഞാന്‍വാപി കേസില്‍ വിശദമായി വാദം കേള്‍ക്കുന്നതു സംബന്ധിച്ച് വാരാണസി ജില്ല കോടതി ഇന്നു വിശദമായ ഉത്തരവ് പുറപ്പെടുവിക്കും. കേസ് പരിഗണിക്കുന്നതിനു മുന്നോടിയായി സിവില്‍ കോടതിയിലുണ്ടായിരുന്ന രേഖകള്‍ ജില്ല കോടതിയിലേക്കു മാറ്റിയിട്ടുണ്ട്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് സിവില്‍ കോടതിയിലെ കേസ് ജില്ല കോടതിയിലേക്കു മാറ്റിയത്.
◼️പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയുടെ പട്യാല (റൂറല്‍) എംഎല്‍എ ഡോ ബല്‍ബീര്‍ സിംഗിനും ഭാര്യയ്ക്കും മകനും ക്രിമിനല്‍ കേസില്‍ മൂന്നു വര്‍ഷം തടവുശിക്ഷ. വയലില്‍ നനയ്ക്കാന്‍ എത്തിയപ്പോള്‍ ആക്രമിച്ചെന്ന് ആരോപിച്ച് ഭാര്യയുടെ സഹോദരി രൂപീന്ദര്‍ജിത് കൗറും ഭര്‍ത്താവ് മേവാ സിംഗും 2011 ല്‍ ഡോ. ബല്‍ബീര്‍ സിങ്ങിനെതിരെ ഫയല്‍ ചെയ്ത കേസിലാണു വിധി.
◼️കര്‍ണാടക ശ്രീനിവാസ സാഗര്‍ അണക്കെട്ടിന്റെ മതില്‍ക്കെട്ടിലൂടെ വലിഞ്ഞ് കയറിയ യുവാവ് കാല്‍തെറ്റി താഴെ വീണ് ഗുരുതരമായി പരിക്കേറ്റു. വെള്ളച്ചാട്ടത്തിനിടയിലൂടെ വലിഞ്ഞുകയറിയ യുവാവ് 30 അടി ഉയരത്തില്‍ നിന്നാണ് താഴേക്കു വീണത്. കാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. ചിക്കബെല്ലാപുരില്‍നിന്ന് കൂട്ടുകാര്‍ക്കൊപ്പം അണക്കെട്ട് കാണാന്‍ എത്തിയതായിരുന്നു യുവാവ്. യുവാവിനെതിരെ പൊലീസ് കേസെടുത്തു.
◼️ഡല്‍ഹിയിലെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി വിനയ് കുമാര്‍ സക്സേനയെ നിയമിച്ചു. അനില്‍ ബൈജാല്‍ രാജി വെച്ച ഒഴിവിലേക്കാണ് നിയമനം.
◼️സാമ്പത്തിക സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാനിലെ ക്വാഡ് ഉച്ചകോടിക്ക് എത്തിയ പ്രധാനമന്ത്രിക്കൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള രാഷ്ട്രനേതാക്കള്‍ ചേര്‍ന്ന് ഇന്തോ പസഫിക് സാമ്പത്തിക ചട്ടക്കൂട് പുറത്തിറക്കി. സംയുക്ത വ്യാപാര കരാര്‍ ജോ ബൈഡന്‍ മുന്നോട്ടുവച്ചു.
◼️ആഗോള വെല്ലുവിളികളെ ഇന്ത്യ ധീരമായി നേരിടുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യം ഇന്ത്യയില്‍ കൂടുതല്‍ ശക്തമായി. പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ ജനാധിപത്യം മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ നിക്ഷേപത്തിനും വാണിജ്യാവസരങ്ങള്‍ക്കും ജപ്പാന്‍ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നവെന്നും പ്രധാനമന്ത്രി പറഞ്ഞു.
◼️ഇന്ത്യയും അമേരിക്കയും തമ്മില്‍ നിക്ഷേപ പ്രോത്സാഹന കരാറില്‍ ഒപ്പുവച്ചു. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയും യുഎസ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്‌കോട്ട് നാഥനുമാണ് കരാറില്‍ ഒപ്പുവച്ചത്.
◼️പ്രധാനമന്ത്രി നരേന്ദ്രമോദി സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ഒസാമു സുസുക്കിയുമായി കൂടിക്കാഴ്ച നടത്തി. സുസുക്കിയുടെ ഇന്ത്യയിലെ സേവനങ്ങള്‍ക്കു നന്ദി പ്രകടിപ്പിച്ച പ്രധാനമന്ത്രി കൂടുതല്‍ നിക്ഷേപത്തിനായി ക്ഷണിക്കുകയും ചെയ്തു.
◼️എല്‍ഐസി ഐപിഒ വഴി ഓഹരി വാങ്ങാന്‍ അപേക്ഷിച്ചവരില്‍ 20 ലക്ഷത്തിലേറെ അപേക്ഷകള്‍ തെറ്റായി ഫയല്‍ ചെയ്തത് മൂലം തള്ളിപ്പോയി. ഐപിഒയ്ക്ക് ലഭിച്ച 28 ശതമാനം അപേക്ഷകളാണു തള്ളിയത്. ഇതുവരെയുള്ള ഐപിഒ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ആകെ ലഭിച്ചത് 73,37,841 അപേക്ഷകളാണ്. 20,50,312 അപേക്ഷകളാണു തള്ളിപ്പോയത്.
◼️നിരായുധനായ യുക്രൈന്‍ പൗരനെ കൊലപ്പെടുത്തിയ റഷ്യന്‍ സൈനികനു യുക്രെയിന്‍ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഫെബ്രുവരി 28 ന് വടക്കുകിഴക്കന്‍ യുക്രൈനിയന്‍ ഗ്രാമമായ ചുപഖിവ്കയില്‍ 62 കാരനെ വെടിവച്ച് കൊന്നതിനാണ് 21 കാരനായ ടാങ്ക് കമാന്‍ഡര്‍ വാഡിം ഷിഷിമാരിനെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.
◼️രാഷ്ട്രീയത്തിലേക്കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കപില്‍ദേവ്. ആംആദ്മി പാര്‍ട്ടിയുടെ രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് ഈയിടെ പരന്ന അഭ്യൂഹം. എന്നാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും തനിക്കു ബന്ധമില്ലെന്നു കപില്‍ദേവ് പറഞ്ഞു. അതേസമയം, ഇദ്ദേഹത്തെ രാജ്യസഭയിലേക്കു രാഷ്ട്രപതി നോമിനേറ്റ് ചെയ്യുമെന്നും അഭ്യൂഹങ്ങളുണ്ട്.
◼️ഏഷ്യ കപ്പ് ഹോക്കി ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് സമനില. ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയെ സമനിലയില്‍ തളച്ചത്. ഇരുടീമുകളും മത്സരത്തില്‍ ഓരോ ഗോള്‍ വീതം നേടി.
◼️ഐപിഎല്‍ ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സുമായി രാജസ്ഥാന്‍ റോയല്‍സ് ഇന്ന് ഏറ്റുമുട്ടും. ജയിക്കുന്നവര്‍ക്ക് ഫൈനലിലെത്താം. തോല്‍ക്കുന്നര്‍ എലിമിനേറ്റര്‍ ജയിച്ചെത്തുന്ന ടീമുമായി വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിയഫയറില്‍ കളിക്കും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മില്‍ നാളെയാണ് എലിമിനേറ്റര്‍. ഞായറാഴ്ചയാണ് ഫൈനല്‍.
◼️ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറികള്‍. നിലവിലെ വനിതാ വിഭാഗം ചാമ്പ്യന്‍ ബാര്‍ബോറ ക്രെസിക്കോവ പുറത്ത്. ഫ്രാന്‍സിന്റെ ഡിയാനെ പാരിയാണ് ചെക്ക് റിപ്പബ്ലിക്ക് താരമായ ക്രെസിക്കോവയെ ആദ്യ റൗണ്ടില്‍ അട്ടിമറിച്ചത്. നാല് തവണ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ ജപ്പാന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം നവോമി ഒസാക്കയും ആദ്യ റൗണ്ടില്‍ പുറത്തായി. അമേരിക്കയുടെ അമാന്‍ഡ അനിസിമോവയാണ് ജാപ്പനീസ് താരത്തെ അട്ടിമറിച്ചത്.
◼️ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ റെക്കോഡ് സ്വന്തമാക്കി ലിവര്‍പൂളിന്റെ മുന്നേറ്റതാരം മുഹമ്മദ് സല. പ്രീമിയര്‍ ലീഗിലെ ഒരു സീസണില്‍ ഏറ്റവുമധികം ഗോളും അസിസ്റ്റും നേടുന്ന താരം എന്ന റെക്കോഡാണ് ഈജിപ്ഷ്യന്‍ താരം സ്വന്തമാക്കിയത്. 23 ഗോള്‍ നേടി ടോപ്സ്‌കോററായ സല 13 അസിസ്റ്റുകളും നല്‍കി.
◼️ചൈനയിലെ കോവിഡ് വ്യാപനത്തിന്റെയും നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള ഉല്‍പ്പാദനകേന്ദ്രങ്ങളിലെ പ്രവര്‍ത്തനം ശക്തമാക്കാനൊരുങ്ങി ആപ്പിള്‍. നിലവില്‍ ഇന്ത്യയും വിയറ്റ്‌നാമുമാണ് ചൈനയ്ക്ക് ബദലായി ആപ്പിള്‍ കണക്കാക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഐഫോണ്‍, ഐപാഡ്, മാക്ബുക്ക് ലാപ്‌ടോപ്പ് എന്നിവയുള്‍പ്പെടെ 90 ശതമാനത്തിലധികം ആപ്പിള്‍ ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്നത് ചൈനയില്‍ നിന്നാണ്. കഴിഞ്ഞ വര്‍ഷം ലോകത്തെ ഐഫോണുകളുടെ 3.1 ശതമാനവും ഇന്ത്യയില്‍നിന്നാണ് നിര്‍മിച്ചത്. ഈ വര്‍ഷം ഇത് 6-7 ശതമാനം വരെ വര്‍ധിക്കുമെന്ന് ഗവേഷണ സ്ഥാപനമായ കൗണ്ടര്‍പോയിന്റ് പറയുന്നു.
◼️പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം (2021-22) എ.ടി.എം ഇടപാട് ഫീസിനത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് നേടിയത് 645.67 കോടി രൂപ. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിറുത്താത്തവരില്‍ നിന്ന് പിഴയിനത്തില്‍ 239.09 കോടി രൂപയും നേടി. 2020-21ല്‍ മിനിമം ബാലന്‍സ് നിലനിറുത്താത്തതിന് പിഴയിനത്തില്‍ ബാങ്ക് നേടിയത് 170 കോടി രൂപയായിരുന്നു. 85.18 ലക്ഷം അക്കൗണ്ടുടമകളില്‍ നിന്നാണ് 2021-22ല്‍ ഈയിനത്തില്‍ പിഴ ഈടാക്കിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 31 പ്രകാരം ബാങ്കിലെ 'സീറോ' ബാലന്‍സ് അക്കൗണ്ടുകളുടെ എണ്ണം 6.76 കോടിയാണ്. 2018-19 മുതല്‍ ബാങ്കില്‍ സീറോ ബാലന്‍സ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയുണ്ട്.
◼️നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം തുറമുഖത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ജൂണ്‍ 3 നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്‌കരിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളി പല ഗെറ്റപ്പുകളിലാണ് എത്തുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ് അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍, നിമിഷാ സജയന്‍, ദര്‍ശന രാജേന്ദ്രന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നിങ്ങനെ വമ്ന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
◼️വര്‍ഷങ്ങള്‍ക്ക് ശേഷം ദളപതി 66ലൂടെ പ്രകാശ് രാജും വിജയിയും ഒന്നിക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പ്രകാശ് രാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിജയ്ക്ക് ഒപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. വില്ലിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ദളപതി 66ന് ഉണ്ട്. ചിത്രത്തില്‍ കൊറിയോഗ്രാഫറായി പ്രഭുദേവ എത്തുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്ക്ക് വേണ്ടി പ്രഭുദേവ കൊറിയോഗ്രാഫ് ചെയ്യാന്‍ ഒരുങ്ങുന്നത്. വിജയിയുടെ 'വില്ല്', 'പോക്കിരി' സിനിമകള്‍ക്ക് വേണ്ടിയാണ് അവസാനമായി ഇരുവരും ഒന്നിച്ചത്. ഹൈദരാബാദിലാകും ഗാനത്തിന്റെ ചിത്രീകരണമെന്നാണ് വിവരം.
◼️ഇന്ത്യയില ഏറ്റവും വേഗം വളരുന്ന സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനശ്രേണിയില്‍ സാന്നിദ്ധ്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡായ ഹ്യുണ്ടായ് പരിചയപ്പെടുത്തുന്ന പുത്തന്‍ ടക്‌സണ്‍ ഈ വര്‍ഷം രണ്ടാം പകുതിയോടെ വിപണിയിലെത്തും. 2020ലും 21ലും ഇന്ത്യയിലെ ഏറ്റവും സ്വീകാര്യതയേറിയ എസ്.യു.വി ബ്രാന്‍ഡെന്ന പട്ടം ചൂടിയ ഹ്യുണ്ടായി, ടക്‌സന്റെ നാലാം തലമുറ പതിപ്പാണ് വിപണി പ്രവേശനത്തിന് സജ്ജമാക്കുന്നത്. 2004ലാണ് ടക്‌സന്റെ ആദ്യപതിപ്പ് ആഗോളവിപണിയില്‍ ഹ്യുണ്ടായ് പുറത്തിറക്കിയത്. തുടര്‍ന്ന് ഇതിനകം 70 ലക്ഷം ഉപഭോക്താക്കളെ ടക്‌സണ്‍ സ്വന്തമാക്കി. ഇന്ത്യയില്‍ പ്രീമിയം എസ്.യു.വി രംഗത്ത് ടക്‌സണ്‍ വന്‍ തരംഗമാകുമെന്നാണ് ഹ്യുണ്ടായിയുടെ പ്രതീക്ഷ.
◼️മലയാളസാഹിത്യചരിത്രത്തില്‍െ നോവല്‍വായനയുടെ നിലപാടുകള്‍ മാറ്റങ്ങളാവശ്യപ്പെടുന്നുണ്ട്. ഉത്തരോത്തരം വളര്‍ന്നു വരുന്ന ബൃഹദാഖ്യാനങ്ങള്‍ ഉള്‍പ്പെടുന്ന നോവല്‍സാഹിത്യം ജീവിതഗന്ധിയായും സ്ഥലരാശികളുടെ നിബദ്ധമായും പടര്‍ന്നു കിടക്കുകയാണ്. എഴുത്തുകാരേയും വായനക്കാരേയും സഹൃദയരേയും ഏകോപിപ്പിക്കുന്ന ഒരു വിമര്‍ശനഗ്രന്ഥമാണിത്. 'നോവല്‍ സന്ദര്‍ശനങ്ങള്‍'. ബാലചന്ദ്രന്‍ വടക്കേടത്ത്. ഗ്രീന്‍ ബുക്സ്. വില 310 രൂപ.
◼️എത്രമാത്രം ഉറക്കം വേണമെന്നത് ഒരോ വ്യക്തിയെയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നവജാത ശിശുക്കള്‍ ദിവസവും 16 മുതല്‍ 18 മണിക്കൂര്‍ ഉറങ്ങുന്നു. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ 10 മണിക്കൂറും കൗമാരത്തിലുള്ളവര്‍ 9-10 മണിക്കൂറും പ്രായപൂര്‍ത്തിയായവര്‍ 7- 8 മണിക്കൂറും ഉറങ്ങേണ്ടതാണ്. മതിയായ ഉറക്കം ഊര്‍ജസ്വലയായിരിക്കാനും കുഞ്ഞുങ്ങളില്‍ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും പഠനത്തിനും ആവശ്യമാണ്. അമിതവണ്ണം, വിഷാദം, ഹൃദ്രോഗം, പ്രമേഹം, അപകടങ്ങള്‍ എന്നിവയ്ക്ക് ഉറക്കക്കുറവ് കാരണമായേക്കാം. വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാനാകും. എല്ലാ ദിവസവും ഒരേ സമയത്തുതന്നെ കിടക്കുക. ഒരേ സമയത്ത് എഴുന്നേല്‍ക്കുക. നിങ്ങളുടെ കിടപ്പുമുറി ശാന്തവും ഇരുട്ടുള്ളതും സ്വസ്ഥവുമായിരിക്കണം. കൂടാതെ, അധികം ചൂടോ തണുപ്പോ ഇല്ലാത്ത ഒരു അന്തരീക്ഷവും ആയിരിക്കണം. കിടന്നുകൊണ്ട് ടിവി കാണുകയോ മൊബൈലും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുകയോ ചെയ്യരുത്. നിങ്ങളുടെ കിടക്ക പരമാവധി സുഖപ്രദമാക്കുക. കാപ്പിയും കഫീന്‍ അടങ്ങിയ മറ്റ് ഭക്ഷണപദാര്‍ഥങ്ങളും അമിതഭക്ഷണവും മദ്യവും കിടക്കുന്നതിനുമുമ്പ് കഴിക്കാതിരിക്കുക.
*ശുഭദിനം*
*കവിത കണ്ണന്‍*
1969 അപ്പോളോ വിക്ഷേപണത്തിന് മണിക്കൂറുകള്‍ മുന്‍പ് നാസയിലെ ഏതാനും ചില കംപ്യൂട്ടറുകള്‍ പെട്ടെന്ന് പണിമുടക്കി. കംപ്യൂട്ടറുകള്‍ ശരിയാക്കാനെടുത്ത സമയം ജീവനക്കാരില്‍ ഒരാള്‍ കംപ്യൂട്ടറിലെ കണക്കുകള്‍ എഴുതുവാന്‍ തുടങ്ങി. കംപ്യൂട്ടര്‍ ശരിയായതിന് ശേഷം കംപ്യൂട്ടറിലെ കണക്കുകളും അയാളെഴുതിയ കണക്കുകളും കിറുകൃത്യമായിരുന്നു ഇത് വസിഷ്ഠനാരായണന്‍ സിംഗ്. ബീഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ ബസന്ത്പൂര്‍ ഗ്രാമത്തിലാണ് സിംഗ് ജനിച്ചത്. പോലീസ് കോണ്‍സ്റ്റബിളായ ലാല്‍ബഹുദൂര്‍സിംഗും, ലഹാസോ ദേവിയുമായിരുന്നു നാരായണന്‍സിംഗിന്റെ മാതാപിതാക്കള്‍. നെതര്‍ട്ട് റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാഭ്യാസം കഴിഞ്ഞ് പട്‌ന സയന്‍സ് കോളേജിലാണ് ബിരുദപഠനം നടത്തിയത്. അക്കാലത്ത് കണക്കിലെ അദ്ദേഹത്തിന്റെ കഴിവ് കണ്ട് കോളേജ് പ്രിന്‍സിപ്പല്‍ സിംഗിനെ രണ്ടുവര്‍ഷത്തെ ബിഎസ്സി ഒഴിവാക്കി അവസാനവര്‍ഷ പരീക്ഷയെഴുതാന്‍ അനുവാദം നല്‍കി. അങ്ങനെ 1964 ല്‍ അദ്ദേഹം ബിരുദം നേടി. 19-ാം വയസ്സില്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ പ്രൊഫ. ജോണ്‍ എല്‍ കെല്ലി, വസിഷ്ഠ സിംഗിനെ തന്റെ സര്‍വ്വകലാശാലയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും പിഎച്ച്ഡി നേടിയശേഷം വാഷിംങ്ടണ്‍ സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നേടി. ഇക്കാലയളവിലാണ് നാസയുടെ പ്രൊജക്ടുകളില്‍ അദ്ദേഹം ഭാഗഭാക്കാവുന്നത്. 1974 ല്‍ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫാക്കല്‍റ്റിയായി. 1970 കളുടെ അവസാനത്തോടെ അദ്ദേഹത്തിന് സ്‌കീസോഫ്രീനിയ ബാധിച്ചു. ഏറെ ചികിത്സകള്‍ക്ക് ശേഷം ല്‍ മേധേപുരയിലെ ഭൂപേന്ദ്രനാരായണ്‍ മണ്ഡല്‍ സര്‍വ്വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസറായി തന്റെ അധ്യാപനത്തിലേക്ക് അദ്ദേഹം തിരികെ പ്രവേശിച്ചു. മരണാനന്തരം 2020 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. പരിമിതമായ അവസ്ഥയിലാണ് നമ്മള്‍ ജനിച്ചതെങ്കിലും ജീവിതത്തിന്റെ മുന്നോട്ടുള്ളയാത്രയക്ക് ആ പരിമിതികള്‍ ഒരു ഘടകമല്ലെന്ന് ഇദ്ദേഹത്തിന്റെ ജീവിതം നമുക്ക് വരച്ചുകാട്ടുന്നു. ലക്ഷ്യം സൂക്ഷമവും തീവ്രവുമാണെങ്കിലും ഏത് പരിതസ്ഥികളേയും അതിജീവിച്ച് ആ ലക്ഷ്യത്തിലേക്കെത്താന്‍ നമുക്ക് സാധിക്കുക തന്നെ ചെയ്യും - ശുഭദിനം.
മീഡിയ16