◼️ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കുമ്പോള്‍ ഗുണഭോക്താവിന് അപ്രാപ്യമായ രേഖകള്‍ ആവശ്യപ്പെട്ട് നഷ്ടപരിഹാരം തടയരുതെന്ന് സുപ്രീം കോടതി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിമുകള്‍ വൈകിക്കുന്നതു തെറ്റാണെന്നും സുപ്രീം കോടതി പറഞ്ഞു. ട്രക്ക് മോഷ്ടിച്ചതിന് പഞ്ചാബ് സ്വദേശിയുടെ നഷ്ടപരിഹാര ക്ലെയിം തള്ളിയ വിധി റദ്ദാക്കിയാണ് ജസ്റ്റിസ് എം.ആര്‍ ഷാ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
◼️പാക്കിസ്ഥാനില്‍നിന്ന് 1,500 കോടി രൂപയുടെ മയക്കുമരുന്നു കടത്തിയതു സംബന്ധിച്ച അന്വേഷണം കൂടുതല്‍ പേരിലേക്കു വ്യാപിപ്പിക്കുന്നു. 18 തമിഴരും നാലു മലയാളികളുമാണ് രണ്ടു ബോട്ടുകളില്‍നിന്നായി പിടിയിലായത്. ഇവര്‍ക്കു പിറകിലുള്ള കണ്ണികളിലേക്കാണ് ഡിആര്‍ഐ അന്വേഷണം വ്യാപിപ്പിക്കുന്നത്. കപ്പലില്‍ കൊണ്ടു വന്ന ഹെറോയിന്‍ അഗത്തി പുറങ്കടലില്‍ ബോട്ടുകളിലേക്കു മാറ്റുകയായിരുന്നു. പാക്കറ്റുകളില്‍ 'പ്രോഡക്ട് ഓഫ് പാകിസ്ഥാന്‍' എന്ന ലേബലുണ്ട്. അഡ്വ ബിഎ ആളൂരാണ് പ്രതികള്‍ക്കായി ഹാജരാകുന്നത്.
◼️ഐപിഎല്‍ വാതുവയ്പു നടത്തിയ അന്തര്‍ സംസ്ഥാന സംഘം ഡല്‍ഹിയില്‍ പിടിയില്‍. ആറുപേരെ അറസ്റ്റു ചെയ്തു. രാഹുല്‍ ഗാര്‍ഗ് (30), കുണാല്‍ ഗാര്‍ഗ് (30), സഞ്ജീവ് കുമാര്‍ (50), അശോക് ശര്‍മ(51), ധര്‍മാത്മ ശര്‍മ (46), കനയ്യ (21) എന്നിവരാണ് പിടിയിലായത്. രണ്ട് ലാപ്ടോപ്, മൂന്ന് റൗട്ടറുകള്‍, രണ്ട് എല്‍ഇഡി ടെലിവിഷന്‍ സെറ്റുകള്‍, 10 മൊബൈല്‍ ഫോണുകള്‍, വോയ്സ് റെക്കോര്‍ഡറുകള്‍, 74,740 രൂപ എന്നിവയും സംഘത്തില്‍നിന്ന് പിടിച്ചെടുത്തു.
◼️ഇന്ത്യയിലെ പത്തു ലക്ഷത്തോളം ആശ പ്രവര്‍ത്തകര്‍ക്ക് ലോകാരോഗ്യ സംഘടനയുടെ പുരസ്‌കാരം. ആരോഗ്യമേഖലയിലെ അതുല്യ സേവനത്തിനാണു ലോകത്തിന്റെ അംഗീകാരം. ജനീവയില്‍ ലോകാരോഗ്യ അസംബ്ലിയില്‍ ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്റോസ് അഥാനോമാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആറ് അവാര്‍ഡുകളില്‍ ഒന്നാണ് ആശ പ്രവര്‍ത്തകര്‍ക്കു ലഭിച്ചത്.
◼️സംസ്ഥാനത്ത് ഈ മാസം ഉണ്ടായ വേനല്‍ മഴയില്‍ 161 കോടി രൂപയുടെ കൃഷിനാശം. സംസ്ഥാനത്തെ 41,087 കര്‍ഷകരുടെ വിളകളാണു മഴയില്‍ നശിച്ചതെന്ന് കൃഷി വകുപ്പ്. ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം കൃഷിനാശമുണ്ടായത്. ആലപ്പുഴയിലെ എണ്ണായിരത്തോളം കര്‍ഷകര്‍ക്കായി 56 കോടി രൂപയുടെ നഷ്ടമുണ്ടായി.
◼️തൃക്കാക്കരയില്‍ ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിക്കാതെ ട്വന്റി 20 ആം ആദ്മി പാര്‍ട്ടി സഖ്യം. വിവേകപൂര്‍വം വോട്ടവകാശം വിനിയോഗിക്കാന്‍ ജനക്ഷേമ മുന്നണി പ്രവര്‍ത്തകരോട് സാബു എം. ജേക്കബ് ആഹ്വാനം ചെയ്തു. തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ തന്നെ ജയിച്ച അവസ്ഥയിലാണെന്ന് ജനക്ഷേമ മുന്നണി നേതാക്കളായ സാബു ജേക്കബും പി.സി.സിറിയക്കും വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.
◼️തൃക്കാക്കരയില്‍ ആര്‍ക്കും പരസ്യ പിന്തുണയില്ലെന്ന ജനക്ഷേമ മുന്നണി തീരുമാനം സ്വാഗതം ചെയ്ത് എന്‍ഡിഎഫും യുഡിഎഫും. ജനക്ഷേമ മുന്നണിയുടെ വോട്ടു തങ്ങള്‍ക്കു കിട്ടുമെന്ന് ഇരു മുന്നണികളുടേയും നേതാക്കള്‍ അവകാശപ്പെട്ടു. എല്‍ഡിഎഫിനുവേണ്ടി കണ്‍വീനര്‍ ഇ.പി. ജയരാജനും യുഡിഎഫിനു വേണ്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമാണ് അവകാശവാദങ്ങള്‍ ഉന്നയിച്ചത്.
◼️മുഖ്യമന്ത്രി പിണറായി വിജയനേയും എല്‍ഡിഎഫ് ഭരണത്തേയും പുകഴ്ത്തി പാലക്കാട്ടെ മുന്‍ കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥ്. വികസന കാര്യത്തില്‍ രാഷ്ട്രീയം ഇല്ലെന്നും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രിയെ വേദിയിലിരുത്തി ഗോപിനാഥ് പ്രസംഗിച്ചു. പാലക്കാട്ടെ ഒളപ്പമണ്ണ സ്മാരക ഉദ്ഘാടന വേദിയിലാണ് സംഭവം.
◼️യുഡിഎഫ് 'വികസനം മുടക്കി'കളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈന്‍ പദ്ധതി എല്‍ഡിഎഫിന് വേണ്ടിയുള്ളതല്ല, നാടിനു വേണ്ടിയുള്ളതാണ്. പാലക്കാട് കര്‍ഷക സംഘം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് വികസനം ശാശ്വത പരിഹാരമല്ല. വാഹനം കൂടിയാല്‍ പ്രതിസന്ധി വര്‍ധിക്കും. അതിനാലാണ് കെ റെയില്‍ വികസിപ്പിക്കുന്നതെന്നും പിണറായി പറഞ്ഞു.
◼️പെരിന്തല്‍മണ്ണയില്‍ പ്രവാസി മര്‍ദ്ദനമേറ്റു കൊല്ലപ്പെട്ട കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. കരുവാരക്കുണ്ട് സ്വദേശി നബീല്‍, പാണ്ടിക്കാട് സ്വദേശി മരക്കാര്‍, അങ്ങാടിപ്പുറം സ്വദേശി അജ്മല്‍ എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി യഹിയയെ ഒളിവില്‍ പോകാന്‍ സഹായിച്ചവരാണ് പിടിയിലായത്.
◼️പത്തനംതിട്ട പെരുനാട്ടില്‍ പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസിനെതിരേ അഭിഭാഷകര്‍. കേസിലെ പ്രതികളെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം പെരുനാട് സ്വദേശിയായ അഡ്വ. അനു മാത്യുവിനെ വീട്ടില്‍ കയറി മര്‍ദിച്ചെന്നാണ് പരാതി. അന്വേഷണം ആവശ്യപ്പെട്ട് പത്തനംതിട്ട ബാര്‍ അസോസിയേഷന്‍ രംഗത്തെത്തി. പെരുനാട് സ്റ്റേഷനിലെ സിപിഒ അനില്‍ കുമാറിനെ മര്‍ദ്ദിച്ച പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയ പൊലീസുകാരാണ് വീട്ടില്‍ കയറി ആക്രമണം നടത്തിയത്.
◼️പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയെന്ന കേസില്‍ ജയിക്കുമെന്നു മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ്. നിലമ്പൂരിലെ വീട്ടിലെ തെളിവെടുപ്പിനുശേഷം മടക്കിക്കൊണ്ടുപോകുമ്പോഴായിരുന്നു ഈ പ്രതികരണം. 'വേറെ സംഗതിയൊന്നും ഇല്ല, കേസില്‍ നമ്മള്‍ തന്നെയേ ജയിക്കൂ' എന്നായിരുന്നു ഷൈബിന്‍ പറഞ്ഞത്. മൃതദേഹ അവശിഷ്ടങ്ങള്‍ക്കായി ചാലിയാര്‍ പുഴയില്‍ എടവണ്ണ പാലത്തിനു സമീപം നേവി സംഘത്തിന്റെ തെരച്ചില്‍ അവസാനിപ്പിച്ചു. ലഭിച്ച പ്ലാസ്റ്റിക് കവറുകളും എല്ലുകളോടു സാമ്യമുള്ള വസ്തുവും പരിശോധനയ്ക്ക് അയക്കും. അറവു മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലത്തുനിന്നാണ് ഇവ ലഭിച്ചത്.
◼️സംഗീത സംവിധായകന്‍ ചന്ദ്രന്‍ വയ്യാട്ടുമ്മല്‍ എന്ന പാരീസ് ചന്ദ്രന്‍ കോഴിക്കോട്ട് അന്തരിച്ചു. 66 വയസായിരുന്നു. നിരവധി നാടകങ്ങള്‍ക്കും സിനിമകള്‍ക്കും സംഗീതം ചെയ്തിട്ടുണ്ട്. ബയോസ്‌കോപ്പ് എന്ന സിനിമയ്ക്ക് പശ്ചാത്തലസംഗീതം ഒരുക്കിയതിന് 2008 ലെ സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.
◼️പാലക്കാട് മുടപ്പല്ലൂരില്‍ ബസും ട്രാവലറും കൂട്ടിയിടിച്ച് മൂന്നു മരണം. ട്രാവലറില്‍ യാത്ര ചെയ്യുകയായിരുന്ന ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശികളായ റോസിലി, പൈലി, വര്‍ഗീസ് എന്നിവരാണ് മരിച്ചത്. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. പഴനിയിലേക്കു പോകുകയായിരുന്ന ടൂറിസ്റ്റ് ബസും തൃശൂരിലേക്കു പോയിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്.
◼️കോഴിക്കോട് വടകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കൊട്ടിയൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അമ്മയും മകനും മരിച്ചു. കോഴിക്കോട് കാരപറമ്പ് സ്വദേശികളായ രാകേഷ്, ഗിരിജ എന്നിവരാണ് മരിച്ചത്. ഏഴു പേര്‍ക്ക് പരിക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
◼️കൊല്ലം കൊട്ടാരക്കര വെട്ടിക്കവലയില്‍ വിരമിച്ച കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ നന്ദകുമറിനേയും ഭാര്യ ആന്ദവല്ലിയേയും വിഷം കഴിച്ചു മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. സാമ്പത്തിക ബുദ്ധിമുട്ടാണ് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.
◼️രാജ്യാന്തര ടൂറിസ്റ്റു കേന്ദ്രമായ കോവളത്തിന്റെ വികസനത്തിനു വന്‍പദ്ധതി തയ്യാറാക്കുന്നു. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. ജില്ലാ കളക്ടര്‍ നവജ്യോത് ഖോസയെ പദ്ധതിയുടെ നോഡല്‍ ഓഫീസറായി നിശ്ചയിച്ചു. കോവളം ബീച്ച്, വാക് വേ, ലൈറ്റ് ഹൗസ്, അടിമലത്തുറ ബീച്ച് എന്നിവയുടെ നവീകരണവും അടിസ്ഥാന സൗകര്യ വികസനവുമാണ് നടപ്പാക്കുക.
◼️പത്തു കോടി രൂപയുടെ വിഷു ബമ്പര്‍ തിരുവനന്തപുരം പഴവങ്ങാടിയില്‍ വിറ്റ ടിക്കറ്റിന്. എച്ച് ബി 727990 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്. പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററില്‍ നിന്നാണ് ഈ ടിക്കറ്റ് വിറ്റത്. ഗംഗന്‍ എന്ന ചില്ലറ വില്‍പ്പനക്കാരനാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനമായ 50 ലക്ഷം ഐബി 117539 എന്ന നമ്പറിനാണ്.
◼️ഭാര്യ മരിച്ച് ഒറ്റയ്ക്കു കഴിയുന്ന അച്ഛന്‍ വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ വിരോധത്തില്‍ മകന്‍ വീട് അടിച്ചുതകര്‍ത്തു. കാട്ടാക്കട സ്വദേശി മനോഹരന്റെ വീട്ടിലാണ് മകന്‍ സനല്‍കുമാറും സുഹൃത്തുക്കളും അക്രമം അഴിച്ചുവിട്ടത്. വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്ത സംഘം 45,000 രൂപ അപഹരിച്ചെന്നും വസ്ത്രങ്ങളും അഞ്ചു കോഴികളെയും മോഷ്ടിച്ചെന്നും മനോഹരന്‍ പരാതി നല്‍കി.
◼️മദ്യപിച്ചു ലക്കുകെട്ട് കെഎസ്ആര്‍ടിസി ബസില്‍ മുണ്ടഴിച്ചു ബഹളമുണ്ടാക്കിയതിന് ബസില്‍നിന്ന് ഇറക്കിവിട്ട പഞ്ചായത്ത് മുന്‍മെമ്പര്‍ മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. വെള്ളനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ മണിക്കുട്ടനാണ് അറസ്റ്റിലായത്.
◼️കോഴിക്കോട് നാദാപുരത്തിനടുത്ത് ഇരിങ്ങണ്ണൂരില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥന്‍ കുത്തേറ്റു മരിച്ചു. പറമ്പത്ത് സൂപ്പി എന്ന 63 കാരനാണ് മരിച്ചത്. മനോദൗര്‍ബല്യമുള്ള മകന്‍ മുഹമ്മദാലിയെ (31) കൈ ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച നിലയില്‍ കണ്ടെത്തി.
◼️പാലക്കാട് പല്ലാവൂരില്‍ ഇരുപതിലധികം കുടുംബങ്ങള്‍ ഉപയോഗിച്ചിരുന്ന പൊതുവഴി കെട്ടിയടച്ചതായി പരാതി. പല്ലാവൂര്‍ തെക്കുംപുറം പാടശേഖരത്തിലേക്കും സമീപത്തെ ശ്മശാനത്തിലേക്കുമുളള വഴി മോഹന്‍ദാസ് എന്നയാളാണ് വേലികെട്ടി അടച്ചത്. പൊലീസിലും വില്ലേജിലും പഞ്ചായത്തിലും താലൂക്ക് ഓഫീസിലും നാട്ടുകാര്‍ പരാതി നല്‍കി.
◼️എസ്ബിഐ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തെന്ന സന്ദേശങ്ങളോടു പ്രതികരിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. തട്ടിപ്പുകാരാണ് ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നത്. ഇത്തരം സന്ദേശങ്ങളോടും ഫോണ്‍ വിളികളോടും പ്രതികരിക്കരുത്. സന്ദേശത്തോടൊപ്പം വരുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ അക്കൗണ്ട് വിവരങ്ങള്‍ ചോരുകയും പണം നഷ്ടമാകുകയും ചെയ്യുമെന്ന് മുന്നറിയിപ്പു നല്‍കി.
◼️ചരിത്ര പ്രസിദ്ധമായ കുത്തബ് മിനാറില്‍ കേന്ദ്ര സര്‍ക്കാര്‍ ഖനനം നടത്തുമെന്ന് വ്യാജവാര്‍ത്ത. സര്‍ക്കാര്‍ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി. കിഷന്‍ റെഡി അറിയിച്ചു. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളും മറ്റും കണ്ടെത്താനും ചന്ദ്രഗുപ്ത വിക്രമാദിത്യനാണോ കുത്തബ് മിനാര്‍ പണിതതെന്നു പരിശോധിക്കാനും ഖനനം നടത്തുമെന്നായിരുന്നു വ്യാജപ്രചാരണം.
◼️ഡല്‍ഹി വസന്ത് വിഹാറില്‍ മൂന്നംഗ കുടുംബം ഗ്യാസ് തുറന്നിട്ട് വിഷവാതകം ശ്വസിച്ച് ജീവനൊടുക്കി. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. വസന്ത് വിഹാര്‍ സ്വദേശിനി മഞ്ജു, മക്കളായ അന്‍ഷിക, അങ്കു എന്നിവരാണ് മരിച്ചത്.
◼️തെരുവു നായ്ക്കള്‍ ഓടിച്ച ആറു വയസുകാരന്‍ നൂറടി താഴ്ചയുള്ള കുഴല്‍ കിണറിലേക്കു വീണു മരിച്ചു. പഞ്ചാബില്‍ ഖിയല ബുലന്‍ഡ ഗ്രാമത്തിലാണ് സംഭവം. കുഞ്ഞിനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
◼️ജമ്മു കശ്മീരിലെ റംബാനില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന സംഭവത്തില്‍ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡല്‍ഹി ഐഐടിയിലെ പ്രഫ. ജെ.ടി.സാഹുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷിക്കുക.
◼️ബിജെപി ബംഗാള്‍ ഘടകം മുന്‍ ഉപാധ്യക്ഷന്‍ അര്‍ജുന്‍ സിംഗ് എംപി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനാണ് അര്‍ജുന്‍ സിംഗ് തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്. ബിജെപിക്ക് ഭാവിയില്ലെന്ന് ആരോപിച്ചാണ് അര്‍ജുന്‍ സിംഗിന്റെ ചുവടുമാറ്റം.
◼️രാഹുല്‍ഗാന്ധി ഇറ്റാലിയന്‍ കണ്ണാട മാറ്റിവച്ച് രാജ്യത്തെ വികസനം നോക്കിക്കാണൂവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അരുണാചല്‍ പ്രദേശില്‍ ആയിരം കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
◼️പുള്ളിപ്പുലിയെയും കരിമ്പുലിയെയും വളര്‍ത്തുമൃഗങ്ങളാക്കിയ യുക്രൈനിലെ ഇന്ത്യന്‍ ഡോക്ടര്‍ ഒടുവില്‍ യുദ്ധഭൂമി വിടുന്നു. സമ്പാദ്യമെല്ലാം അവയുടെ സംരക്ഷണത്തിനായി നീക്കിവച്ചാണ് യുക്രെയിന്‍ വിടുന്നത്. ബോംബാക്രമണം ഏശാതിരിക്കാന്‍ ബങ്കറും കൂടുകളും സജ്ജമാക്കി, പരിപാലിക്കാന്‍ കെയര്‍ ടേക്കറേയും അനുദിനം ഭക്ഷണത്തിനു ക്രമീകരണങ്ങളും ഒരുക്കിയാണ് ആന്ധ്രാ സ്വദേശിയായ ഡോ. ഗിരികുമാര്‍ പാട്ടീല്‍ യുക്രൈന്‍ വിടാന്‍ ഒരുങ്ങുന്നത്. കിഴക്കന്‍ യുക്രെയ്‌നിലെ ഡോണ്‍ബാസില്‍ ഓര്‍ത്തോപീഡിക് സര്‍ജനാണ് അദ്ദേഹം. സ്വന്തം ജീവന്‍ അപകടത്തിലായിരിക്കേയാണ് അദ്ദേഹം യുക്രെയിന്‍ വിടാന്‍ തീരുമാനിച്ചത്.
◼️താലിബാന്റെ ഭീഷണിയെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ വാര്‍ത്താ ചാനലുകളിലെ വനിതാ അവതാരകര്‍ വീണ്ടും മുഖം മറച്ചു. മുഖം മറയ്ക്കാതെ ശനിയാഴ്ച പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഇതിനെതിരേ ഭീഷണിയുമായി താലിബാനികള്‍ എത്തിയെന്നാണു റിപ്പോര്‍ട്ട്.
◼️ഒമാനില്‍ മാസ്‌ക് അടക്കമുള്ള കൊവിഡ് മുന്‍കരുതലുകള്‍ ഒഴിവാക്കി. തുറസ്സായ സ്ഥലങ്ങളിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലാതാക്കി.
◼️ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് സൗദി അറേബ്യ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഈ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
◼️ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കെ എല്‍ രാഹുല്‍ നയിക്കും. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ് ടീമിലിടം നേടാനായില്ല. അതേസമയം ഇഷാന്‍ കിഷന്‍, വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് എന്നിവര്‍ ടീമിലെത്തി. പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്, ഇടങ്കയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് എന്നിവരേയും ടീമില്‍ ഉള്‍പ്പെടുത്തി. ജൂണ്‍ ഒമ്പതിനാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ചു ട്വന്റി-20 മത്സരങ്ങള്‍ അടങ്ങിയ പരമ്പര ആരംഭിക്കുന്നത്.
◼️ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് അഞ്ച് വിക്കറ്റ് ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 15.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജയത്തോടെ പഞ്ചാബ് 14 പോയിന്റോടെ ആറാം സ്ഥാനത്ത് സീസണ്‍ അവസാനിപ്പിച്ചു. 12 പോയിന്റുള്ള ഹൈദരാബാദ് എട്ടാം സ്ഥാനത്തും.
◼️നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയല്‍ ലീഗ് കിരീടം നിലനിര്‍ത്തി. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് സിറ്റിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. അഞ്ച് മിനിറ്റുകള്‍ക്കിടെ മൂന്ന് ഗോളുകളാണ് സിറ്റി നേടിയത്. സിറ്റി തോറ്റിരുന്നെങ്കില്‍ ലിവര്‍പൂളിന് കിരീടമുയര്‍ത്താനുള്ള അവസരമുണ്ടായിരുന്നു. അവര്‍ വോള്‍വ്സിനെ 3-1ന് തോല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ സിറ്റിയുടെ ജയം ലിവര്‍പൂളിന്റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു.
◼️ഡെറ്റ് സെക്യൂരിറ്റികള്‍ മാത്രം ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്കായി സ്‌കീംസ് ഓഫ് അറേഞ്ച്മെന്റ് ചട്ടക്കൂട് അവതരിപ്പിക്കാനൊരുങ്ങി സെബി. ഒരു കമ്പനിയും അതിന്റെ ഷെയര്‍ഹോള്‍ഡര്‍മാരും അല്ലെങ്കില്‍ വായ്പാക്കാരും തമ്മിലുള്ള കോടതി അംഗീകരിച്ച കരാറാണ് ക്രമീകരണത്തിന്റെ സ്‌കീം. സെബിയുടെ നോണ്‍ കണ്‍വര്‍ട്ടബിള്‍ സെക്യൂരിറ്റീസ് മാനദണ്ഡങ്ങള്‍ക്ക് കീഴില്‍ ഡെറ്റ് സെക്യൂരിറ്റികള്‍ അല്ലെങ്കില്‍ നോണ്‍-കണ്‍വേര്‍ട്ടിബിള്‍ റിഡീമബിള്‍ പ്രിഫറന്‍സ് ഷെയറുകള്‍ മാത്രം ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ചട്ടക്കൂടുകളൊന്നും നിര്‍ദ്ദേശിച്ചിട്ടില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ഏകദേശം 700 സ്ഥാപനങ്ങള്‍ ഡെറ്റ് സെക്യൂരിറ്റികള്‍ മാത്രം ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കുടിശ്ശിക ഡെറ്റ് സെക്യൂരിറ്റികളുണ്ട്. ജൂണ്‍ 19 വരെ നിര്‍ദ്ദേശങ്ങളിമേല്‍ സെബി അഭിപ്രായം തേടിയിട്ടുണ്ട്.
◼️പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ വീണ്ടും കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും നിയമിതനായി. ഫിന്‍ടെക് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും വിജയ് ശേഖര്‍ ശര്‍മ്മയെ വീണ്ടും നിയമിച്ചതായി കമ്പനി അറിയിച്ചു. 2022 ഡിസംബര്‍ 19 മുതല്‍ പ്രാബല്യത്തില്‍ വരുന്ന അഞ്ച് വര്‍ഷത്തേക്കാണ് ശര്‍മ്മയെ ഈ സ്ഥാനത്തേക്ക് വീണ്ടും നിയമിച്ചത്. കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ മധൂര്‍ ദേവ്റയെ അഡീഷണല്‍ ഡയറക്ടറായി നിയമിച്ചതായും കമ്പനി അറിയിച്ചു. 2022 മെയ് 20ന് പ്രാബല്യത്തില്‍ വരുന്ന നിയമനം അഞ്ച് വര്‍ഷത്തേക്കായിരിക്കും.
◼️പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് വിജയ് നായകനായി ദളപതി 66. ഇപ്പോഴിതാ ചിത്രത്തില്‍ കൊറിയോഗ്രാഫറായി പ്രഭുദേവ എത്തുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്ക്ക് വേണ്ടി പ്രഭു ദേവ കൊറിയോഗ്രാഫ് ചെയ്യാന്‍ ഒരുങ്ങുന്നത്. വിജയിയുടെ 'വില്ല്', 'പോക്കിരി' സിനിമകള്‍ക്ക് വേണ്ടിയാണ് അവസാനമായി ഇരുവരും ഒന്നിച്ചത്. ഹൈദരാബാദിലാകും ഗാനത്തിന്റെ ചിത്രീകരണമെന്നാണ് വിവരം. എസ് തമനാണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.
◼️ദിലീഷ് പോത്തന്‍, മാത്യു തോമസ്, അജു വര്‍ഗീസ്, സൈജു കുറുപ്പ് ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശന്‍ പറക്കട്ടെ' ചിത്രത്തിലെ കണ്ണു കൊണ്ടു നുള്ളി എന്ന മനോഹരഗാനം പുറത്തിറങ്ങി. ഷാന്‍ റഹ്‌മാന്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ജാസി ഗിഫ്റ്റാണ്. മനു മഞ്ജിത്തിന്റേതാണ് വരികള്‍. ജൂണ്‍ 17 മുതല്‍ ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. പുതുമുഖം മാളവിക മനോജാണ് നായികയാകുന്നത്.
◼️ലോകത്തിലെ ഏറ്റവും വിലകൂടിയ കാര്‍ മെഴ്‌സിഡസ് ബെന്‍സിന്റെ ക്ലാസിക് മോഡലായ 300 എസ്എല്‍ആര്‍ ഉഹ്ലെന്‍ഹൗട്ട് കൂപ്പെ തന്നെ. 143 മില്യണ്‍ യുഎസ് ഡോളറിനാണ് കഴിഞ്ഞ ദിവസം ഈ വിന്റേജ് കൂപ്പെ ലേലം ചെയ്തത്. അതായത് ഏകദേശം 1,100 കോടി രൂപയ്ക്ക്. ജര്‍മ്മനിയിലെ സ്റ്റട്ട്ഗാര്‍ട്ടിലുള്ള മെഴ്‌സിഡസ് ബെന്‍സ് മ്യൂസിയത്തില്‍ നടന്ന രഹസ്യ ലേലത്തിലാണ് റെക്കോര്‍ഡ് തുകയ്ക്ക് കാര്‍ വിറ്റുപോയത്. 1955-ല്‍ നിര്‍മ്മിച്ച ഈ വാഹനം മെഴ്‌സിഡസ്-ബെന്‍സ് റേസിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മിച്ച രണ്ട് പ്രോട്ടോടൈപ്പുകളില്‍ ഒന്നാണ്. കാറിന്റെ സ്രഷ്ടാവും ചീഫ് എഞ്ചിനീയറുമായ റുഡോള്‍ഫ് ഉഹ്ലെന്‍ഹോട്ടിന്റെ പേരിലാണ് വാഹനം അറിയപ്പെടുന്നത്. 143 മില്യണ്‍ യുഎസ് ഡോളറിന് വിറ്റുപോയതോടുകൂടി ലോകത്തിലെ ഏറ്റവും വിലകൂടിയ കാറായി ഉഹ്ലെന്‍ഹൗട്ട് കൂപ്പെ മാറി.
ശുഭദിനം മീഡിയ16