*മീഡിയ16*പ്രഭാത വാർത്തകൾ*2022 | മെയ് 21 | ശനി *

◼️കെഎസ്ആര്‍ടിസിയില്‍ പരിഷ്‌കരണം നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്ആര്‍ടിസിക്കെന്നല്ല ഒരു സ്ഥാപനത്തിനും എക്കാലവും പണം നല്‍കാന്‍ സര്‍ക്കാരിനു കഴിയില്ല. കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാനുള്ള സുശീല്‍ ഖന്ന പഠന റിപ്പോര്‍ട്ട് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

◼️ഹൈദരാബാദ് കൂട്ടബലാത്സംഗ കൊലക്കേസിലെ നാലു പ്രതികളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി കണ്ടെത്തി. പത്തു പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നാണു സമിതിയുടെ ശുപാര്‍ശ. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ അടക്കം മാറ്റിയെന്നു സമിതി കണ്ടെത്തി. രക്ഷപ്പെടുന്നതിനിടെ പ്രതികള്‍ പൊലീസിനെതിരെ വെടിയുതിര്‍ത്തെന്ന വാദം തെറ്റാണ്. മുഹമ്മദ് സിറാജുദ്ദീന്‍, കെ രവി, ഷെയ്ക്ക് ലാല്‍ എന്നീ പൊലീസുകാരാണ് വെടിവച്ചത്. 'ദിശ' എന്ന് അറിയപ്പെട്ട ഇരുപത്തഞ്ചുകാരി വെറ്ററിനറി ഡോക്ടറെ 2019 നവംബറില്‍ കൂട്ടബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി കത്തിച്ച കേസിലെ പ്രതികളെയാണ് പോലീസുകാര്‍ വെടിവച്ചുകൊന്നത്. മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചന്നകേശവലു എന്നിവരാണു കൊല്ലപ്പെട്ടത്.

◼️കൊച്ചിയില്‍ 1,500 കോടി രൂപ വിലമതിക്കുന്ന 220 കിലോ ഹെറോയിന്‍ പിടികൂടി. പുറംകടലിലൂടെ രണ്ടു ബോട്ടുകളിലായി ലഹരി കടത്തുകയായിരുന്ന മലയാളികളും തമിഴ്നാട് സ്വദേശികളും അടക്കമുള്ള 20 പേര കോസ്റ്റ് ഗാര്‍ഡും റവന്യൂ ഇന്റലിജന്‍സും അറസ്റ്റു ചെയ്തു. തമിഴ്നാട്ടില്‍ നിന്നുള്ള രണ്ടു മത്സ്യ ബന്ധന ബോട്ടുകളിലായിരുന്നു ഹെറോയിന്‍.

◼️ഇടതുമുന്നണി തെരഞ്ഞെടുപ്പിനു മുന്‍പ് നടപ്പാക്കുമെന്നു പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കുകതന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികളില്‍ നിന്നു പിന്നോട്ടു പോകില്ല. സില്‍വര്‍ ലൈനിന് എതിരായ കുപ്രചരണങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടും. ജനങ്ങളെ ബോധ്യപ്പെടുത്തി ജനപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കും. മുഖ്യമന്ത്രി പറഞ്ഞു.

◼️കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ കഴിയുന്ന മണിച്ചന്റെ മോചനം സംബന്ധിച്ച് ഒരു മാസത്തിനകം തീരുമാനമെടുക്കാന്‍ സംസ്ഥാനത്തിനു സുപ്രീംകോടതി നിര്‍ദ്ദേശം. പേരറിവാളന്റെ മോചനം സംബന്ധിച്ച് സുപ്രീംകോടതി വിധി കൂടി കണക്കിലെടുത്താകണം തീരുമാനമെന്ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ ഇ-ഫയല്‍ പരിശോധിച്ച ശേഷം സുപ്രീംകോടതി അഭിഭാഷകനു തിരിച്ചു നല്‍കി. ഫയല്‍ ഗവര്‍ണറുടെ മുമ്പാകെയാണെന്നാണ് റിപ്പോര്‍ട്ട്.

◼️മണിച്ചന്‍ കേസില്‍ കേരളത്തില്‍ മടങ്ങിയെത്തിയശേഷം തീരുമാനമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഫയല്‍ ഇതുവരെ കണ്ടിട്ടില്ല. സുപ്രീംകോടതി നിര്‍ദ്ദേശം എന്തെന്നറിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

◼️കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ 'ചങ്ങല പൊട്ടിയ നായ' പരാമര്‍ശം അദ്ദേഹത്തിന്റെ സംസ്‌കാരത്തെയാണു പ്രകടമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടുഭാഷാ പ്രയോഗമാണെന്ന സുധാകന്റെ വിശദീകരണം തള്ളിക്കളഞ്ഞ മുഖ്യമന്ത്രി മലബാറിലും തിരുവിതാംകൂറിലും പട്ടി പട്ടിതന്നെയാണെന്നും പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെ സംസ്‌കാരം സമൂഹം വിലയിരുത്തട്ടെ. കേസുമായി മുന്നോട്ടു പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

◼️മുല്ലപ്പെരിയാര്‍ മരംമുറി കേസില്‍ അച്ചടക്ക നടപടി അവസാനിപ്പിച്ചതിനു പിന്നാലെ ബെന്നിച്ചന്‍ തോമസിനെ വനം വകുപ്പ് മേധാവിയാക്കാന്‍ ശുപാര്‍ശ. നിലവില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഇദ്ദേഹം. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇദ്ദേഹത്തെ വനം വകുപ്പ് മേധാവി സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്. മന്ത്രിസഭയാണ് അന്തിമ തീരുമാനം കൈക്കൊള്ളുക.

◼️സര്‍ക്കാര്‍ അഭിഭാഷകര്‍ 60 വയസ്സ് പൂര്‍ത്തിയാകുന്ന മുറക്കു ചുമതല ഒഴിയണമെന്ന് ഉത്തരവ്. ബന്ധപ്പെട്ട അധികാരികള്‍ ഇത് ഉറപ്പാക്കണമെന്നും നിയമസെക്രട്ടറി വി. ഹരിനായര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

◼️മെഡിക്കല്‍ കോളജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്താന്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് എന്ന പദ്ധതി എല്ലാ മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചികിത്സ, അക്കാഡമിക്, ഗവേഷണ രംഗങ്ങളില്‍ മെഡിക്കല്‍ കോളേജുകളുടെ നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

◼️വൈദ്യുതി മുടങ്ങിയതിനു കെഎസ്ഇബി ഓഫിസില്‍ പായ വിരിച്ചു കിടന്നു പ്രതിഷേധിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. കുറിച്ചിക്കല്‍ സ്വദേശി പ്രദീപിനെതിരെയാണു കേസ്. കെഎസ്ഇബി ഓഫീസില്‍ അതിക്രമിച്ച് കയറി ജോലി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച്  കരുവാറ്റ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഹരിപ്പാട് സിഐയ്ക്കു നല്‍കിയ പരാതിയിലാണു നടപടി.

◼️എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാര്‍ക്ക് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടറായും, അസിസ്റ്റന്റ് എക്സൈസ് ഓഫീസര്‍മാര്‍ക്ക് എക്സൈസ് ഇസ്പെക്ടറായുമാണ് പ്രൊവിഷണല്‍ പ്രമോഷന്‍ നല്‍കുക.

◼️ലഹരി ഇടപാടിലൂടെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് സുപ്രീം കോടതി നോട്ടീസ്. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്.

◼️നിലമ്പൂരില്‍  ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായി ചാലിയാര്‍ പുഴയില്‍  തെരച്ചില്‍ തുടരും. നേവിയുടെ കൂടി സഹായത്തോടെയാകും പരിശോധന. ഷാബ ഷരീഫിനെ കൊലപ്പെടുത്തി കവറുകളിലാക്കി പുഴയില്‍ തള്ളിയെന്നാണ് മുഖ്യപ്രതി ഷൈബിനും കൂട്ടാളികളും പൊലീസിനോട് വെളിപ്പെടുത്തിയത്.

◼️മാഹിയിലെ സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. 17 പേരാണു പ്രതികള്‍. ബിജെപി  പ്രവര്‍ത്തകര്‍ രാഷ്ട്രീയ വൈരത്തോടെ നടത്തിയ കൊലപാതകമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ആറുപേരാണ് കൊലപാതകത്തില്‍  നേരിട്ട് പങ്കെടുത്തത്. 11 പേര്‍ക്കെതിരെ ഗൂഡാലോചന കുറ്റമാണ്. ബിജെപി മണ്ഡലം പ്രസിഡന്റ് ലിജേഷിനു കൃത്യത്തില്‍ നേരിട്ടു പങ്കുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

◼️ബലാത്സംഗക്കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബു ദുബായില്‍നിന്ന് ജോര്‍ജിയയിലേക്ക് കടന്നതായി വിവരം. വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയ പൊലീസ് വിസയും റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

◼️തിരുവനന്തപുരത്ത് വാഹന പരിശോധനക്കിടെ മദ്യപിച്ചെത്തിയ സംഘം പോലിസുകാരെ മര്‍ദ്ദിച്ച കേസില്‍ പ്രതികളായ മൂന്നുപേര്‍ പിടിയില്‍. കാട്ടാക്കട സ്വദേശികളായ റിനി ജോണ്‍ (33), ഷൈജു (37), നിധിന്‍ (28) എന്നിവരെയാണ് വെള്ളറട പോലീസ് പിടികൂടിയത്.

◼️കൊച്ചി മെട്രോയുടെ പുതിയ സ്റ്റേഷനുകളായ വടക്കേകോട്ട, എസ് എന്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് ട്രയല്‍ ആരംഭിച്ചു. പേട്ടയില്‍ അവസാനിക്കുന്ന എല്ലാ ട്രയിനുകളും യാത്രക്കാരെ പേട്ടയില്‍ ഇറക്കിയശേഷം എസ് എന്‍ ജംഗ്ഷന്‍ വരെ സര്‍വീസ് നടത്തി തിരികെ പേട്ടയില്‍ എത്തും. ട്രയല്‍ ഏതാനും ദിവസങ്ങള്‍ തുടരും.

◼️മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഇന്ന്. എല്ലാ ജില്ലകളിലേയും പ്രസ് ക്ലബ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഇന്നു നടക്കും.

◼️സൗദി അറേബ്യയില്‍ വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം ചെറിയതുറ സ്വദേശി വിനോജ് ഗില്‍ബെര്‍ട്ട് ജോണ്‍ (42) ആണ്  വടക്കന്‍ പ്രവിശ്യയിലെ ഹായിലില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. ഹായില്‍ - റോദ റോഡില്‍ രാത്രിയായിരുന്നു അപകടം.

◼️കുമളിയില്‍ ചന്ദന ശില്‍പവുമായി അച്ഛനും മകനും ഉള്‍പ്പെടെ മൂന്നുപേരെ വനപാലകര്‍ പിടികൂടി. ഇവരുടെ പക്കല്‍ നിന്നു 876 ഗ്രാം തൂക്കമുള്ള ചന്ദന ശില്‍പം കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാര്‍ അരണക്കല്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന അന്തോണി സ്വാമി, മകന്‍ ഹര്‍ഷവര്‍ധന്‍, ശബരിമല എസ്റ്റേറ്റില്‍ സത്രം പുതുവലില്‍ താമസിക്കുന്ന രാജ എന്നിവരാണ് അറസ്റ്റിലായത്.

◼️ജിദ്ദയില്‍നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയശേഷം മര്‍ദനമേറ്റ് അഗളി സ്വദേശി അബ്ദുല്‍ ജലീല്‍ കൊല്ലപ്പെട്ട കേസില്‍ പെരിന്തല്‍മണ്ണ സ്വദേശി യഹിയ്ക്കായി തെരച്ചില്‍. ശരീരമാസകലം മര്‍ദ്ദനമേറ്റ് അബോധാവസ്ഥായിലായ ജലീലിനെ ആശുപത്രിയിലാക്കിയ ശേഷം യഹിയ മുങ്ങുകയായിരുന്നു. പിന്നില്‍ സ്വര്‍ണ്ണക്കടത്തു സംഘമാണെന്നാണ് പൊലീസ് നിഗമനം.

◼️എടിഎമ്മില്‍നിന്നും പണം പിന്‍വലിക്കാന്‍ അറിയാത്ത തോട്ടം തൊഴിലാളികളെ സഹായിക്കാനെന്ന വ്യാജേനയെത്തി പണം തട്ടിയെടുക്കുന്നയാളെ പൊലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശിയായ ഷിജു രാജിനെയാണ് അറസ്റ്റു ചെയ്തത്. ഇടുക്കിയിലെ തോട്ടം മേഖലയിലുള്ള നിരവധി പേരാണ് തട്ടിപ്പിനിരയായത്.

◼️മലപ്പുറത്ത് ദേശീയപാതയില്‍ മര്‍ദ്ദനത്തിന് ഇരയായ സഹോദരിമാര്‍ പെരിന്തല്‍മണ്ണ മജിസ്ട്രേറ്റിനു മുന്‍പാകെ മൊഴി നല്‍കി. ഇപ്പോഴും പല ഭാഗത്തുനിന്നും സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് സഹോദരിമാരായ അസ്നയും, ഹംനയും പറഞ്ഞു.

◼️ജ്ഞാന്‍വാപി മസ്ജിദ് കേസ് വാരണാസി ജില്ലാ കോടതിയിലേക്കു സുപ്രീംകോടതി മടക്കി. സിവില്‍ കോടതി നടപടികള്‍ നിര്‍ത്തിവക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. മെയ് 17 ലെ ഇടക്കാല ഉത്തരവ് നിലനില്‍ക്കും. എന്നാല്‍ പള്ളിയിലെ നിസ്‌കാരത്തിനു മുമ്പ് ശുചീകരണത്തിന് വെള്ളം ലഭ്യമാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

◼️രാജ്യത്തെ എല്ലാ ബാങ്കുകളുടെയും എടിഎമ്മില്‍നിന്ന് കാര്‍ഡ് ഇല്ലാതെയും പണം പിന്‍വലിക്കാം. കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സൗകര്യം ലഭ്യമാക്കാന്‍ എല്ലാ ബാങ്കുകളോടും എടിഎം ഓപ്പറേറ്റര്‍മാരോടും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. കാര്‍ഡ് രഹിത പണമിടപാടുകള്‍ ചാര്‍ജുകളൊന്നും ഈടാക്കാതെ നല്‍കണമെന്നാണു നിര്‍ദേശം.

ബിജെപിക്കെതിരേ ദേശീയപാര്‍ട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വിവിധ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനത്തിനിറങ്ങി. മുതിര്‍ന്ന ടിആര്‍എസ് നേതാക്കള്‍ക്കൊപ്പം ഡല്‍ഹിയിലാണ് ആദ്യസന്ദര്‍ശനം. ആം ആദ്മി, ജെഡിഎസ്, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തുടങ്ങി പ്രാദേശിക പാര്‍ട്ടികളുടെ നേതാക്കളുമായി ചര്‍ച്ച നടത്തും.

◼️വീസ കൈക്കൂലി കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റ മകന്‍ കാര്‍ത്തി ചിദംബരത്തെ നോട്ടീസ് നല്‍കാതെ അറസ്റ്റു ചെയ്യരുതെന്ന് കോടതി. മൂന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഡല്‍ഹി റോസ് അവന്യൂ കോടതിയെ സമീപിച്ചപ്പോഴാണ് ഉത്തരവിട്ടത്. താപവൈദ്യൂതി നിലയം നിര്‍മിക്കാന്‍ ചൈനീസ് പൗരന്മാര്‍ക്ക് വീസ നല്‍കാന്‍ അന്‍പതു ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസിലാണ് സിബിഐ അറസ്റ്റിന് ഒരുങ്ങുന്നത്.

◼️റെയില്‍വേയില്‍ ജോലിക്കു കോഴയായി ഭൂമി ഏഴുതിവാങ്ങിയെന്ന കേസില്‍ ലാലു പ്രസാദ് യാദവിനെ കൂടാതെ ഭാര്യയും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ റാബ്രി ദേവി, മകളും രാജ്യസഭാ എംപിയുമായ മീസാ ഭാരതി, മകള്‍ ഹേമ യാദവ് എന്നിവരെകൂടി പ്രതികളാക്കി. കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയ സിബിഐയാണ് ഇവര്‍ക്കെതിരേ പുതിയ കേസെടുത്തത്.  

◼️ഷീന ബോറ വധക്കേസില്‍ ആറര വര്‍ഷമായി വിചാരണ തടവുകാരിയായി ബൈക്കുള വനിതാ ജയിലിലായിരുന്ന ഇന്ദ്രാണി മുഖര്‍ജി ജാമ്യത്തിലിറങ്ങി. വിചാരണ ഉടന്‍ അവസാനിക്കില്ലെന്നു കോടതി പറഞ്ഞു. ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി 2020 ഫെബ്രുവരി മുതല്‍ ജാമ്യത്തിലാണ്.

◼️രാജ്യത്ത് നേരിട്ടുള്ള വാര്‍ഷിക വിദേശ നിക്ഷേപം ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍വകാല റിക്കാര്‍ഡിട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. 8357 കോടി യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ഇക്കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ എത്തിയത്.  മുന്‍വര്‍ഷത്തെ വിദേശ നിക്ഷേപത്തേക്കാള്‍ 160 കോടി യുഎസ് ഡോളര്‍ കൂടുതല്‍ നിക്ഷേപം എത്തിയെന്നാണു റിപ്പോര്‍ട്ട്.

◼️ഷംഷാബാദില്‍ കൂട്ടബലാത്സംഗ കൊലക്കേസിലെ പ്രതികളെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ച പത്ത് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന റിപ്പോര്‍ട്ടിനെതിരെ കൊല്ലപ്പെട്ട യുവതിയുടെ കുടുംബം. നീതി നടപ്പാക്കിയ പൊലീസുകാര്‍ക്കെതിരായ ശുപാര്‍ശ നിരാശാജനകമെന്നാണു കൊല്ലപ്പെട്ട ദിശയുടെ കുടുംബത്തിന്റെ പ്രതികരണം.

◼️അമ്പത്താറുകാരന്റെ വൃക്കയില്‍നിന്ന് നീക്കം ചെയ്തത് 206 കല്ലുകള്‍. ഹൈദരാബാദിലെ അവെയര്‍ ഗ്ലെനീഗിള്‍സ് ഗ്ലോബല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണു താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ നല്‍ഗൊണ്ട നിവാസിയായ വീരമല്ല രാമലക്ഷ്മയ്യയുടെ വൃക്കയില്‍നിന്ന് ഇത്രയും കല്ലുകള്‍ നീക്കം ചെയ്തത്. ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ പൂള നവീന്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

◼️യു.എ.ഇക്കും സൗദി അറേബ്യക്കും ഇന്ത്യയില്‍നിന്ന് ആവശ്യമായ ഗോതമ്പ് നല്‍കും. ഇന്ത്യ കയറ്റുമതി നിരോധിച്ചെങ്കിലും ഇരു രാജ്യങ്ങളിലേയും സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് അനുമതി നല്‍കിയത്.

◼️തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണം നുണപ്രചാരണമാണെന്നു ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണെന്നും മസ്‌ക് ട്വീറ്റ് ചെയ്തു. ബിസിനസ് ഇന്‍സൈഡര്‍ എന്ന മാധ്യമമാണ് ആരോപണം പുറത്തുവിട്ടത്. രണ്ടര ലക്ഷം ഡോളര്‍ നല്‍കിയാണ് വിഷയം ഒതുക്കിയതെന്നായിരുന്നു ആരോപണം.  

◼️കുവൈറ്റില്‍ അഞ്ചു ലക്ഷത്തിലേറെ ലിറിക്ക ഗുളികകളും 75 കിലോ മയക്കുമരുന്നും പിടികൂടി. എട്ടു പാര്‍സലുകളിലായെത്തിയ മയക്കുമരുന്നാണ് കുവൈത്ത് എയര്‍പോര്‍ട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ചൈനയില്‍ നിന്നാണ് ഇവയെത്തിയത്. വിപണിയില്‍ 10 ലക്ഷം കുവൈത്ത് ദിനാര്‍ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്.

◼️ലോക ഒന്നാം നമ്പര്‍ താരം അകാനെ യമാഗുച്ചിയെ തകര്‍ത്ത് ഇന്ത്യയുടെ പി.വി സിന്ധു തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍. ഇന്ന് നടക്കുന്ന സെമിഫൈനലില്‍ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ചൈനയുടെ ചെന്‍ യുഫെയ് ആണ് സിന്ധുവിന്റെ എതിരാളി.

◼️ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി പ്ലേ ഓഫില്‍ കടന്ന് രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കേ രാജസ്ഥാന്‍ മറികടന്നു. 44 പന്തില്‍ നിന്ന് 59 റണ്‍സടിച്ച യശസ്വി ജയ്‌സ്വാളും 23 പന്തില്‍ നിന്ന് 40 റണ്‍സടിച്ച ആര്‍. അശ്വിനുമാണ് രാജസ്ഥാന്റെ വിജയശില്‍പികള്‍. ജയത്തോടെ 14 കളികളില്‍ നിന്ന് 18 പോയന്റുമായി രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് രാജസ്ഥാന്‍ പ്ലേ ഓഫിലെത്തിയത്. മേയ് 24-ന് നടക്കുന്ന ഒന്നാം ക്വാളിഫയറില്‍ രാജസ്ഥാന്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.

◼️ഫെഡറല്‍ ബാങ്കിന്റെ ഉപകമ്പനിയായ ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസും ഓഹരി വിപണിയിലേക്ക് എത്തുന്നു. ഇതിനുമുന്നോടിയായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ നിന്നുള്ള ഐപിഒയ്ക്കുള്ള അനുമതി ലഭിച്ചു. ഇത് കൂടാതെ, എയര്‍പോര്‍ട്ട് സര്‍വീസ് അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമായ ഡ്രീംഫോക്സ് സര്‍വീസസ്, സ്പെഷ്യാലിറ്റി മറൈന്‍ കെമിക്കല്‍ നിര്‍മാതാക്കളായ ആര്‍ക്കിയന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് എന്നിവയുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഈ മൂന്ന് കമ്പനികളും ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഐപിഒയ്ക്കായി സെബിക്ക് മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചത്. രേഖകള്‍ പ്രകാരം, ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 900 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയിലൂടെ കൈമാറുക.

◼️ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ 18,000 കോടി രൂപയുടെ നിക്ഷേപവുമായി രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി. ഹരിയാനയിലെ സോനിപത് ജില്ലയിലെ ഐഎംടി ഖാര്‍ഖോദയില്‍ പുതിയ നിര്‍മാണ പ്ലാന്റ് ഒരുക്കുന്നതിനാണ് മാരുതി വമ്പന്‍ നിക്ഷേപം നടത്തുന്നത്. പ്രതിവര്‍ഷം 10 ലക്ഷം യൂണിറ്റ് നിര്‍മാണ ശേഷിയുള്ള പ്ലാന്റായിരിക്കും ഒരുക്കുക. ഹരിയാനയിലെ മാരുതി സുസുകിയുടെ മൂന്നാമത്തെ നിര്‍മാണ പ്ലാന്റായിരിക്കും ഇത്. 800 ഏക്കറില്‍ ഒരുക്കുന്ന നിര്‍മാണപ്ലാന്റിനായി രണ്ട് ഘട്ടങ്ങളിലാണ് നിക്ഷേപം നടത്തുക. ആദ്യഘട്ടത്തിലെ 11,000 കോടിയുടെ നിക്ഷേപത്തിലൂടെ പ്രതിവര്‍ഷം 2.5 യൂണിറ്റ് നിര്‍മാണ ശേഷിയുള്ള പ്ലാന്റ് സജ്ജമാക്കും. ഈ നിര്‍മാണ പ്ലാന്റുകളില്‍നിന്നുള്ള വാഹനങ്ങള്‍ 2025 ഓടെ വിപണിയിലെത്തിക്കാനാകുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

◼️വമ്പന്‍ ഹിറ്റായ ആര്‍ആര്‍ആറിന്റെ വിജയത്തിന് ശേഷം, അടുത്ത ബിഗ് ടിക്കറ്റ് ആക്ഷന്‍ സിനിമയ്ക്കായി തയ്യാറെടുക്കുകയാണ് ജൂനിയര്‍ എന്‍ടിആര്‍. 'എന്‍ടിആര്‍ 30'യിലൂടെ ജനതയുടെ മുഖമായി വരാനാണ് ഒരുക്കം. ഇപ്പോഴിതാ താരത്തിന് പിറന്നാള്‍ സമ്മാനമായി മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. രക്തക്കറ പുരണ്ട കഥാപരിസരമാണ്. ആദ്യ കാഴ്ചയില്‍ തന്നെ ഭയവും ധൈര്യവും തമ്മിലുള്ള പോരാട്ടമാണ്, അരിവാള്‍ കത്തിയും കോടാലിയും പിടിച്ച് നില്‍ക്കുന്ന എന്‍ടിആര്‍ ജൂനിയറാണ് പോസ്റ്ററില്‍.  ഭയത്തെ വ്യക്തിപരമാക്കി, തീം മോഷന്‍ പോസ്റ്ററിലെ വിവരണത്തിന് താരം തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. ജനതാ ഗാരേജിന് ശേഷം മാന്‍ ഓഫ് ദി മാസ്സ് എന്‍ടിആര്‍ ജൂനിയറും പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് കൊരട്ടാല ശിവയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'എന്‍ടിആര്‍ 30'.

◼️'മേജര്‍' എന്ന ചിത്രത്തിലെ 'ഓ ഇഷ' എന്ന പ്രണയ ഗാനം പുറത്തുവിട്ടു. സ്‌കൂള്‍ കാലത്തെ പ്രണയം നായകന്‍ ഓര്‍മിക്കുന്നതാണ് മനോഹര രംഗങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഗാനത്തിന് സംഗീതം നല്‍കിരിക്കുന്നത് ശ്രീചരണ്‍ പഗലയാണ്. വരികള്‍ എഴുതിയിരിക്കുന്നത് സാം മാത്യു. സൂരജ് സന്തോഷും യാമിനിയും ചേര്‍ന്നാണ് ആലാപനം. പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് 'മേജര്‍'. അദിവി ശേഷ് നായകനായെത്തുന്ന ചിത്രം 2022 ജൂണ്‍ 3ന് തിയേറ്ററുകളില്‍ എത്തും. അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരണ്‍ ടിക്കയാണ് സംവിധാനം.

◼️ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ പുതിയ പതിപ്പിനോട്, രാഷ്ട്രീയക്കാര്‍ക്കും സെലിബ്രിറ്റികള്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ ഒരു പ്രത്യേക താല്‍പ്പര്യം ഉണ്ട്. ഇപ്പോഴിതാ, ഈ ഐക്കണിക് എസ്യുവിയുടെ അഞ്ച് ഡോര്‍ പതിപ്പായ ഡിഫെന്‍ഡര്‍ 110 ന്റെ ഏറ്റവും പുതിയ ഉടമയായിയിരിക്കുകയാണ് ബോളിവുഡ് നടന്‍ സണ്ണി ഡിയോള്‍. വെള്ള നിറത്തിലുള്ള കാറാണ് സണ്ണി ഡിയോള്‍ വാങ്ങിയത്. ഡിയോള്‍ കുടുംബം ലാന്‍ഡ് റോവര്‍ റേഞ്ച് റോവറുകളെ കൂടുതലായി ഇഷ്ടപ്പെടുന്നുവെന്നും വ്യത്യസ്ത തലമുറകളില്‍ നിന്നുള്ള നിരവധി റേഞ്ച് റോവര്‍ മോഡലുകള്‍ കുടുംബം സ്വന്തമാക്കിയിട്ടുണ്ട് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 110 എസ്യുവിയുടെ ഏറ്റവും മികച്ച പതിപ്പാണ്. ഒരു കോടിയിലധികം രൂപയാണ് ഇതിന് വില.

◼️ആന്‍ഡ്രിയാ ഡെല്‍ സാര്‍ട്ടൊയുടെ ജീവചരിത്രമാണ് നോവലില്‍ സ്വീകരിച്ചിട്ടുള്ളത്. വായിച്ചു മനസ്സിലാക്കിയ ഒരു സംസ്‌കാരത്തേയും കഥാപാത്രത്തേയും സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്. 'ചായം നദിയോ കടലോ ആകുമ്പോള്‍'. നര്‍ഗീസ്. സൈകതം ബുക്സ്. വില 126 രൂപ.

◼️കോവിഡ് രോഗമുക്തിക്ക് ശേഷം ഒരാള്‍ക്ക് വീണ്ടും കൊറോണ വൈറസ് ബാധിക്കപ്പെടാനുള്ള സാധ്യത ഒമിക്രോണിന്റെ വരവോട് കൂടി 15 മടങ്ങ് വര്‍ധിച്ചതായി യുകെയിലെ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ(ഒഎന്‍എസ്) കണക്കുകള്‍. യുകെയിലെ മാനദണ്ഡങ്ങള്‍ പ്രകാരം കോവിഡ് രോഗമുക്തിക്ക് 90 ദിവസത്തിന് ശേഷം ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് ഫലം വന്നാല്‍ മാത്രമേ അത് വീണ്ടുമൊരു കോവിഡ് ബാധയായി കണക്കാക്കുകയുള്ളൂ. രണ്ട് കോവിഡ് അണുബാധകള്‍ക്കിടയില്‍ 120 ദിവസവും തുടര്‍ച്ചയായി നാല് നെഗറ്റീവ് ആര്‍ടി-പിസിആര്‍ പരിശോധ ഫലവും ഉണ്ടായാല്‍ മാത്രമേ പുനര്‍ അണുബാധയായി അതിനെ കണക്കാക്കുയുള്ളൂ എന്നും ഒഎന്‍എസ് മാര്‍ഗരേഖ പറയുന്നു. നിലവില്‍ ഇംഗ്ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ 10 ശതമാനവും കോവിഡ് പുനര്‍ അണുബാധ മൂലമാണ്. 2021 നവംബറില്‍ ഇത് ഒരു ശതമാനമായിരുന്നു. 2022 ഫെബ്രുവരി ആറ് വരെയുള്ള കണക്ക് പ്രകാരം ഇംഗ്ലണ്ടില്‍ 14.5 ദശലക്ഷം പ്രാഥമിക കോവിഡ് അണുബാധകളും 6.2 ലക്ഷം പുനര്‍ അണുബാധകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതായത് കോവിഡ് ബാധിക്കപ്പെടുന്ന 24 പേരില്‍ ഒരാള്‍ക്ക് എന്ന കണക്കില്‍ രോഗം വീണ്ടും വരുന്നു. രണ്ടാമത് അണുബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 50 ശതമാനത്തിന് മേല്‍ 2021 ഡിസംബറിന് ശേഷം കണ്ടെത്തിയവയാണ്. വീണ്ടും കോവിഡ് ബാധയ്ക്കുള്ള സാഹചര്യം ഒമിക്രോണ്‍ വര്‍ധിപ്പിച്ചതായി ഇത് തെളിയിക്കുന്നു. എന്നാല്‍ വീണ്ടും കോവിഡ് ബാധിക്കപ്പെട്ടവര്‍ക്ക് തീവ്രമല്ലാത്ത തോതിലാണ് വൈറസ് ബാധയുണ്ടാകുന്നതെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആദ്യ അണുബാധയില്‍ നിന്നോ വാക്സിനേഷനില്‍ നിന്നോ ലഭിച്ച പ്രതിരോധ ശക്തിയാണ് ഇതിന് കാരണം.

*ശുഭദിനം*

രാജാവും തന്റെ വിശ്വസ്തനായ അനുചരനും കൂടി കാട്ടിലേക്ക് വേട്ടയ്ക്ക് യാത്രയായി.  രാജാവ് ഒരു പുലിയെ അമ്പെയ്തു.  അമ്പ് ദേഹത്ത് കൊണ്ടെങ്കിലും പുലി രാജാവിനെ ആക്രമിച്ചു.  അനുചരന്‍ ആ പുലിയെ തടഞ്ഞെങ്കിലും ആക്രമണത്തില്‍ രാജാവിന്റെ കൈവിരലുകള്‍ നഷ്ടപ്പെട്ടു.  അപ്പോള്‍ അനുചരന്‍ പറഞ്ഞു: ദൈവം വലിയവനാണ്. ജീവന് ആപത്തൊന്നും സംഭവിച്ചില്ലല്ലോ... ഇത് രാജാവിന് ഇഷ്ടമായില്ല.  രാജാവ് പറഞ്ഞു:  അങ്ങിനെയാണോ, എങ്കില്‍ ഉത്തരവാദിത്വരാഹിത്വത്തിന് നിന്നെ ഞാന്‍ ജയിലില്‍ അടയ്ക്കുകയാണ്.. രാജാവ് അയാളെ ജയില്‍ അടച്ചു.  കുറച്ച് നാള്‍ കഴിഞ്ഞു. മറ്റൊരു ദിവസം രാജാവ് വീണ്ടും മറ്റൊരു ഭൃത്യനുമായി വേട്ടയ്ക്ക് പോയി.  അന്ന് ഉള്‍ക്കാട്ടില്‍ വെച്ച് നരബലി അനുഷ്ഠാനമാക്കിയ ഒരു കൂട്ടം ആളുകളുടെ ഇടയില്‍ പെട്ടു. അവര്‍ രാജാവിനെയും ഭൃത്യനേയും പിടിച്ചുകെട്ടികൊണ്ടുപോയി.  ബലികൊടുക്കാനായി രാജാവിനെ പരിശോധിച്ചപ്പോള്‍ ഒരു കൈവിരല്‍ നഷ്ടപ്പെട്ടതിനാല്‍ അവര്‍ രാജാവിനെ വെറുതെ വിട്ടു.  ഭൃത്യനെ ബലിക്കിരയാക്കുകയും ചെയ്തു.  ജീവന്‍ തിരിച്ചുകിട്ടിയ രാജാവ് ജയിലില്‍ കിടക്കുന്നയാളെ ചെന്നുകണ്ടു. രാജാവ് അയാളോട് പറഞ്ഞു:  എന്റെ വിരല്‍ നഷ്ടപ്പെട്ടതുകൊണ്ട് എനിക്ക് ജീവന്‍ തിരിച്ചുകിട്ടി. എന്റെ കാര്യത്തില്‍ ദൈവം എന്നെ അനുഗ്രഹിച്ചു എന്ന് പറയാം.  പക്ഷേ, താന്‍ ഇപ്പോഴും ജയിലിലാണ്.  തന്റെ അനുഭവത്തില്‍ ദൈവം തന്നെ അനുഗ്രഹിച്ചുവെന്ന് ഇപ്പോഴും വിശ്വസിക്കുന്നുണ്ടോ? '  ഭൃത്യന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു:  അങ്ങയെ മാത്രമല്ല, എന്നെയും ദൈവം അനുഗ്രഹിച്ചിട്ടുണ്ട്. എന്നെ അങ്ങ് ജയിലില്‍ ഇട്ടില്ലായിരുന്നുവെങ്കില്‍ ഇത്തവണ എനിക്ക് അങ്ങയുടെ കൂടെ വേട്ടയ്ക്ക് വരേണ്ടിവരികയും, ഞാന്‍ മരണപ്പെടുകയും ചെയ്‌തേനെ.... നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ കുഞ്ഞു കാര്യങ്ങള്‍ക്കും ഒരു നിയതി കാത്തിരിക്കുന്നുണ്ട്.  നമുക്ക് ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളും കാരണമില്ലാതെയല്ല സംഭവിക്കുന്നത്.  ജീവിതമാണ്... ഉയര്‍ച്ചകളും താഴ്ചകളും സംഭവിക്കും.  കാര്യങ്ങള്‍ നമുക്ക് അനുകൂലമല്ലാതെ വരുമ്പോള്‍ നിരാശപ്പെടാതെ പ്രതീക്ഷയോടെ അവനവനില്‍ വിശ്വസിച്ച് മുന്നോട്ട് പോവുക, നല്ലതുകള്‍ സംഭവിക്കുക തന്നെ ചെയ്യും - *ശുഭദിനം. മീഡിയ16*