*മീഡിയ16 *പ്രഭാത വാർത്തകൾ*2022 | മെയ് 20 | വെള്ളി

◼️ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും ബാധ്യതയില്ലെന്നു സുപ്രീം കോടതി വിധി. ജിഎസ്ടിയില്‍നിന്നു മാറിനില്‍ക്കാന്‍ സംസ്ഥാനങ്ങള്‍ക്കു നിയമനിര്‍മാണം നടത്താവുന്നതാണ്. ജിഎസ്ടി  നികുതി സംസ്ഥാനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന കോടതി വിധി കേന്ദ്ര സര്‍ക്കാരിനു പൊല്ലാപ്പാകും. വിധിയെ മറികടക്കാനുള്ള വഴി തേടുകയാണ് കേന്ദ്ര ധനമന്ത്രാലയം. വിധിയെ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സ്വാഗതം ചെയ്തു. സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിധിയാണെന്ന് ധനമന്ത്രി പറഞ്ഞു.

◼️പാലക്കാട്ടെ മുട്ടിക്കുളങ്ങരയിലെ പാടത്ത് രണ്ടു പൊലീസുകാര്‍ മരിച്ചത് കാട്ടുപന്നികളെ പിടിക്കാന്‍ വച്ച വൈദ്യുതിക്കെണിയില്‍ കുടുങ്ങിയാണെന്ന് കണ്ടെത്തി. കെണിവച്ച നാട്ടുകാരായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണു മരിച്ചത്. ശരീരത്തില്‍ പൊള്ളലേറ്റ അടയാളങ്ങളുണ്ടായിരുന്നു. രാവിലെ വൈദ്യുതിക്കെണി പരിശോധിക്കാന്‍ എത്തിയപ്പോഴാണ് രണ്ടുപേരേയും ഷോക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ വൈദ്യുതിക്കെണി ഒളിപ്പിച്ചു. മൃതദേഹം രണ്ടിടത്തേക്കു മാറ്റിയിട്ടെന്നും കസ്റ്റഡിയിലുള്ളവര്‍ മൊഴി തന്നെന്നു പോലീസ്.

◼️അരിവില കുതിച്ചുയരുന്നു. ഒരാഴ്ചക്കിടെ ജയ, സുരേഖ അരിയുടെ വില അഞ്ചു രൂപ വരെ കൂടി. ആന്ധ്ര പ്രദേശില്‍ നിന്ന് ജയ അരിയുടെ വരവ് കുറഞ്ഞതാണു കാരണം. ജയ അരിക്ക് വില കിലോഗ്രാമിന് 39 രൂപയായി. കഴിഞ്ഞ ആഴ്ച 34 രൂപയായിരുന്നു. സുരേഖ അരിയുടെ വില 33 രൂപയില്‍നിന്ന് 37 രൂപയായി.

◼️ഡീസലിന് വിപണി വിലയേക്കാള്‍ വില ഈടാക്കുന്നതിനെതിരേ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാറിനും പൊതുമേഖലാ എണ്ണ കമ്പനികള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. കെഎസ്ആര്‍ടിസി ആര്‍ബിട്രേഷന്‍ കോടതിയെ സമീപിക്കണമെന്ന ഹൈക്കോടതി ഉത്തരവും സ്റ്റേ ചെയ്തു. അമിതവില ഈടാക്കുന്നത് ഗൗരവമേറിയ വിഷയമാണെന്ന് ജസ്റ്റിസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

◼️കനത്ത മഴക്കു നേരിയ ശമനമായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇന്നു  യെല്ലോ അലേര്‍ട്ട്. 23 വരെ മഴക്കു സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പെരിങ്ങല്‍കുത്ത് ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. തിരുവനന്തപുരം അരുവിക്കര ഡാമിന്റെ രണ്ടാമത്തെ ഷട്ടര്‍ 20 സെന്റീമീറ്ററും മൂന്നാമത്തെയും നാലാമത്തെയും ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതവും തുറന്നു. ഇടുക്കി കല്ലാര്‍ ഡാമിന്റെ ഷട്ടര്‍ ഇന്നു മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ വിവിധ സമയങ്ങളില്‍ തുറക്കും.

◼️മഴക്കെടുതികള്‍ കൈകാര്യം ചെയ്യാന്‍ റവന്യൂ മന്ത്രി കെ. രാജന്റെ ഓഫീസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍ നമ്പര്‍ - 8078548538. കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു തുറമുഖ വകുപ്പ് ബേപ്പൂര്‍ തുറമുഖത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് കണ്‍ട്രോള്‍ റൂം ജൂണ്‍ ഒന്നിനു തുറക്കും. വി എച്ച് എഫ് ചാനല്‍ 16 ല്‍ പോര്‍ട്ട് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. ഫോണ്‍: 0495 2414039, 2414863.

◼️മഴമൂലം ഒരാഴ്ചയോളം മാറ്റിവച്ച തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് മഴ ഇല്ലെങ്കില്‍ ഇന്നു വൈകുന്നേരം നാലിനു പൊട്ടിച്ചുതീര്‍ക്കും. തേക്കിന്‍കാട് മൈതാനിയില്‍ വിന്യസിപ്പിച്ച വെടിക്കെട്ടു സാധനങ്ങള്‍ക്കു രാപകല്‍ പോലീസ് റവന്യൂ ഉദ്യോഗസ്ഥരുടെ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

◼️പന്തീരാണ്ടുകാലം കുഴിലിട്ടാലും കെപിസിസി പ്രസിഡന്റ് സുധാകരന്‍ പട്ടിയുടെ വാലുപോലെയാണെന്ന് അധിക്ഷേപിച്ചെന്ന് ആരോപിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പോലീസില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കെതിരേ 'ചങ്ങല പൊട്ടിച്ച നായ' പരാമര്‍ശം നടത്തിയതിനു കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരേ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കേസെടുത്തിരിക്കേയാണ് ഇങ്ങനെയൊരു തിരിച്ചടി.

◼️ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെതിരായ നടപടികള്‍ താക്കീത് നല്‍കി അവസാനിപ്പിച്ചു.  നയപരമായ തീരുമാനങ്ങളില്‍ ഉത്തരവിറക്കുമ്പോള്‍ സര്‍ക്കാരിനെ അറിയിക്കണം എന്ന മുന്നറിയിപ്പോടെയാണ് നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിച്ചത്. മുല്ലപ്പെരിയാര്‍ ബേബിഡാമിലെ മരം മുറിക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് അനുമതി നല്‍കിയതാണ് നടപടികള്‍ക്കു കാരണം.

◼️ജന്‍ റം എ സി ലോ ഫ്ളോര്‍ ബസുകള്‍ പൊളിച്ചു വില്‍ക്കുന്നു. ഹൈക്കോടതി നിര്‍ദ്ദേശാനുസരണമാണ് തീരുമാനം. തേവരയില്‍ കഴിഞ്ഞ നാലു വര്‍ഷമായി കിടന്നിരുന്ന 28  ബസുകളില്‍ 10 എണ്ണമാണ് സ്‌ക്രാപ്പ് ചെയ്യുന്നത്.

◼️കൊടിയത്തൂര്‍ ഗ്രാമീണ ബാങ്കിലെ 27 ലക്ഷം രൂപയുടെ സ്വര്‍ണ പണയ തട്ടിപ്പില്‍ അന്വേഷണം നടക്കുന്നതിനിടെ അപ്രൈസര്‍ ജീവനൊടുക്കി. മുക്കം സ്വദേശി മോഹനനാണ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

◼️എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. പൊലീസ് ട്രെയിനിംഗ് കോളജിലെ ഇന്‍സ്പെക്ടര്‍ ആദര്‍ശിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

◼️തിരുവനന്തപുരം ഡോണ്‍ ബോസ്‌കോ സ്‌കൂളില്‍നിന്നു നാലു കുട്ടികള്‍ ചാടി രക്ഷപ്പെട്ടു. ശുചിമുറിയുടെ ഗ്രില്ലുകള്‍ പൊളിച്ചാണ് രക്ഷപ്പെട്ടത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കൗണ്‍സിലിംഗിനുവേണ്ടി കൈമാറിയ കുട്ടികളാണ് രക്ഷപ്പെട്ടത്. കാണാതായവരില്‍ ഒരു കുട്ടി വീട്ടില്‍ എത്തിയിട്ടുണ്ട്.

◼️മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയതിനു കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരേ തിരിയുന്ന സിപിഎം നേതാക്കള്‍ ആളുകളെ ഏതെല്ലാം ഭാഷയിലാണു വിശേഷിപ്പിച്ചിട്ടുള്ളതെന്ന് ഓര്‍ക്കുന്നതു നല്ലതാണെന്ന് രമേശ് ചെന്നിത്തല. അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന തെറ്റായ ധാരണ ആര്‍ക്കും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

◼️വെള്ളൂരിലെ കേരള പേപ്പര്‍ പ്രോഡക്റ്റ്‌സ് ലിമിറ്റഡിനെ രാജ്യത്തെ പേപ്പര്‍ വ്യവസായരംഗത്തെ മുന്‍നിര കമ്പനിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്പനി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. നാലു ഘട്ടങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മൂവായിരം കോടി രൂപയുടെ വിറ്റുവരവും അഞ്ചു ലക്ഷം മെട്രിക് ടണിന്റെ ഉത്പാദനവുമാണ് പ്രതീക്ഷിക്കുന്നത്.

◼️തിരുവനന്തപുരം പാളയത്ത് പൊലീസ് ക്വാര്‍ട്ടേഴ്സിലെ പാര്‍ക്കിംഗ് ഏരിയയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍. എആര്‍ ക്യാംപിലെ ഗ്രേഡ് എ എസ് ഐ ബിനോയ് രാജ് (47) ആണ് മരിച്ചത്.

◼️തിരുവനന്തപുരം വെമ്പായത്ത് വിവാഹ വീട്ടിലെ ടെറസില്‍നിന്നു ഷിബു എന്ന യുവാവു വീണു മരിച്ച സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തു. ഷിബുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിവാഹം തടസമില്ലാതെ നടക്കാന്‍ നിര്‍ബന്ധിച്ചു ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തിച്ചവരാണ് പിടിയിലായത്. ആന്തരിക രക്തസ്രാവംമൂലമാണ് ഷിബു മരിച്ചത്. വധുവിന്റെ സഹോദരന്‍ വിഷ്ണു (30), സുഹൃത്തുക്കളായ ശരത്കുമാര്‍, (25), നിതീഷ് (21) എന്നിവരാണ് പിടിയിലായത്.

◼️ആലുവയില്‍ കള്ളുഷാപ്പിലെ ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ചിരുന്ന രണ്ടായിരം ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. ഷാപ്പു ജീവനക്കാരന്‍ ആലങ്ങാട് സ്വദേശി അഭിഷേകിനെ എക്സൈസ് കസ്റ്റഡിയിലെടുത്തു.

◼️നിക്ഷേപിച്ച പണം ഇരട്ടിപ്പിച്ചു നല്‍കാമെന്നു വാഗ്ദാനം നല്‍കി അഞ്ചു പേരില്‍നിന്ന് 20 ലക്ഷം തട്ടിയെടുത്ത സംഘത്തെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു വനിതകള്‍ ഉള്‍പ്പടെ നാലു പേരാണ് പിടിയിലായത്. അടിമാലി പൊളിഞ്ഞ പാലം പുറപ്പാറയില്‍ സരിത എല്‍ദോസ് (29), കോട്ടയം കാണക്കാരി പട്ടിത്താനം ചെരുവില്‍ ശ്യാമള കുമാരി പുഷ്‌കരന്‍ ( സുജ - 55), ജയകുമാര്‍ (42), വിമല്‍ പുഷ്‌കരന്‍ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

◼️കോഴിക്കോട് ജില്ലയിലെ 70 സ്വകാര്യ ബസുകള്‍ക്കെതിരെ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം നടപടിയെടുത്തു. 1,49,000 രൂപ പിഴ ഈടാക്കി. മൂന്നു ബസുകളുടെ സര്‍വീസ് നിര്‍ത്തിവയ്പിച്ചു. ശരിയായ പരിചരണമില്ലാതെ സര്‍വീസ് നടത്തുന്ന ബസുകളുടെ ഫിറ്റ്‌നസ് റദ്ദ് ചെയ്യുമെന്ന് എന്‍ഫോഴ്‌സ് മെന്റ് ആര്‍ടിഒ അറിയിച്ചു

◼️ആലുവ ബിനാനിപുരത്ത് പാടത്ത് കളിക്കാന്‍ ഇറങ്ങിയ പതിനാലുകാരന്‍ ചതുപ്പില്‍ മുങ്ങി മരിച്ചു. ബിനാനിപുരം സ്വദേശി ആദിത്യന്‍ സജീവനാണ് മരിച്ചത്.

◼️അധ്യാപകനെന്ന വ്യാജേന ഏഴാം ക്ലാസ് വിദ്യാര്ത്ഥിയോട് അശ്ലീലം സംസാരിച്ചയാള്‍ അറസ്റ്റില്‍. വിമാനത്താവളത്തില്‍ വച്ചാണ് 44 കാരനായ പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശി അബ്ദുല്‍ മനാഫിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ വിദേശത്തായിരുന്നു.  

◼️സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ 337 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2065 ഒഴിവുകളുണ്ട്. പരീക്ഷാ വിജ്ഞാപനം  വെബ്സൈറ്റുകളില്‍ ലഭിക്കും. ജൂണ്‍ 13 വരെ അപേക്ഷിക്കാം.

◼️റോഡിലുണ്ടായ തര്‍ക്കത്തില്‍ ഒരാളെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവ്. 34 വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് സുപ്രീംകോടതി സിദ്ദുവിനെ ശിക്ഷിച്ചത്. നേരത്തെ പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി മൂന്നുവര്‍ഷത്തെ തടവിനു വിധിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് സുപ്രീംകോടതിയിലെത്തിയ സിദ്ദു അനുകൂല വിധി നേടിയിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട ഗുര്‍നാം സിംഗിന്റെ ബന്ധുക്കള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് ഒരു വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്.

◼️രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ തുടരുന്നവര്‍ക്കും നീതി ലഭിക്കണമെന്ന് മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം മോചിതനായ പേരറിവാളന്‍. ജയിലില്‍ തന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത് അമ്മ അര്‍പ്പുതം അമ്മാളെന്ന ശക്തിയാണെന്ന് പേരറിവാളന്‍ പറഞ്ഞു.

◼️രാജീവ് ഗാന്ധി വധക്കേസില്‍ കുറ്റവിമുക്തനായ പേരറിവാളനും അമ്മ അര്‍പ്പുതം അമ്മാളും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരില്‍ കണ്ട് നന്ദി അറിയിച്ചു. ചെന്നൈ വിമാനത്താവളത്തിലായിരുന്നു കൂടിക്കാഴ്ച. മോചനത്തിനായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ക്ക് ഇരുവരും നന്ദി പറഞ്ഞു. പേരറിവാളനെ ചേര്‍ത്തണച്ചുകൊണ്ടാണ് സ്റ്റാലിന്‍ സ്വീകരിച്ചത്.

◼️മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അഞ്ചു ദിവസത്തേക്ക് അടച്ചു. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവിന്റെ ഭീഷണിക്കു പിന്നാലെയാണ് ശവകുടീരം അടച്ചിടാന്‍ തീരുമാനിച്ചത്.

◼️കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലണ്ടനിലേക്ക്. പ്രഭാഷണ പരമ്പരകളില്‍ പങ്കെടുക്കാനാണ് ലണ്ടന്‍ യാത്രയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല. കേംബ്രിഡ്ജ് സര്‍വകലാശാല സംഘടിപ്പിക്കുന്ന ഇന്ത്യ @ 75 എന്ന സംവാദത്തിലും ലണ്ടനില്‍ 'ഐഡിയാസ് ഫോര്‍ ഇന്ത്യ' എന്ന കോണ്‍ഫറന്‍സിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.

◼️ബാംഗളൂരുവിലെയും ഭോപ്പാലിലെയും നിരവധി പ്രമുഖ സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി അയച്ചത് തമിഴ്‌നാട്ടിലെ 17 കാരനായ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ വികസിപ്പിച്ച ബോട്ടിലൂടെ. വിദേശിക്കു വേണ്ടിയാണ് പന്ത്രണ്ടാം ക്ലാസുകാരനായ വിദ്യാര്‍ത്ഥി ബോട്ട് വികസിപ്പിച്ചത്. ഈ ബോട്ട് ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും മധ്യപ്രദേശ് പൊലീസ് വിദ്യാര്‍ത്ഥിക്ക് നോട്ടീസ് നല്‍കി.

◼️ഗൂഡല്ലൂരില്‍ മാനസികാസ്വാസ്ഥ്യമുള്ള അമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പതിനേഴുകാരന്‍ ഉള്‍പ്പെടെ രണ്ടു പേരെ പോലീസ്  അറസ്റ്റു ചെയ്തു. മദ്യ ലഹരിയിലാണ് ഇവര്‍ ബലാത്സംഗം ചെയ്തതെന്ന് പോലീസ്. മൂന്നു വര്‍ഷമായി ഗൂഢല്ലൂരിലെ തെരുവില്‍ കഴിഞ്ഞിരുന്ന സ്ത്രീയെയാണ് ബലാല്‍സംഗം ചെയ്തു കൊന്നത്.

◼️രാജ്യത്തെ വാക്സീനേഷന്‍ പുരോഗതി വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി വിളിച്ച യോഗം ഇന്ന്. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യസെക്രട്ടറിമാര്‍ പങ്കെടുക്കും. ആരെയും നിര്‍ബന്ധിച്ച് വാക്സീന്‍ എടുപ്പിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

◼️കര്‍ണാടകത്തില്‍ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പാഠഭാഗം സിലബസില്‍നിന്ന് ഒഴിവാക്കി. പത്താം ക്ലാസ് സാമൂഹ്യപാഠം പുസ്തകത്തില്‍ നിന്നാണ് ഗുരുവിനെ കുറിച്ചുള്ള ഭാഗം ഒഴിവാക്കിയത്. തമിഴ് സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാറിനെക്കുറിച്ചുള്ള പാഠഭാഗവും നീക്കിയിട്ടുണ്ട്.

◼️ആഗോള തലത്തില്‍ ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം 77.74 എന്ന നിലയിലേക്ക്  ഇടിഞ്ഞു.

◼️കോണ്‍ഗ്രസിനോട് ഗുഡ്ബൈ പറഞ്ഞു സാമൂഹ്യമാധ്യമങ്ങളില്‍ പോസിറ്റിട്ട പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ ബിജെപിയില്‍ ചേര്‍ന്നു.

◼️ദളിത് പിന്നാക്ക വിഭാഗങ്ങളുമായി കൂടുതല്‍ അടുക്കണമെന്ന് ബിജെപി നേതൃയോഗത്തില്‍ നിര്‍ദേശം. ദളിത് വിരുദ്ധ പാര്‍ട്ടിയെന്ന ആക്ഷേപം മറികടക്കണമെന്നാണു ബിജെപി ദേശീയ സെക്രട്ടറിമാരുടെ യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്.  രാജസ്ഥാനിലെ ജയ്പൂരില്‍ നടക്കുന്ന യോഗത്തില്‍ പാര്‍ട്ടി പ്രസിഡന്റ് ജെപി നഡ്ഡ അധ്യക്ഷനായി.

◼️ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയ നടപടി പുനഃപരിശോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. 2016 ലാണ് സൈറസ് മിസ്ത്രിയെ നീക്കിയത്. 2012 ലാണ് രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി സൈറസ് മിസ്ത്രി ടാറ്റ സണ്‍സിന്റെ തലപ്പത്ത് എത്തിയത്.

◼️പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി 24 നു ജപ്പാനിലെ ടോക്കിയോയില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തും. ഇന്ത്യ, അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിന്റെ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് രാഷ്ട്രത്തലവന്മാര്‍ എത്തുന്നത്.

◼️ശ്രീലങ്കയുടെ അന്താരാഷ്ട്ര വായ്പാ തിരിച്ചടവ് മുടങ്ങി. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിനും വിവിധ രാജ്യങ്ങള്‍ക്കും കരാര്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷം ആദ്യം അടയ്ക്കേണ്ട എട്ടു കോടി ഡോളറാണ് മുടങ്ങിയത്. ചരിത്രത്തില്‍ ഇതാദ്യമായാണ് ലങ്കയ്ക്ക് ആഗോള വായ്പകളുടെ തിരിച്ചടവു മുടങ്ങിയത്.

◼️വിലക്കയറ്റത്തിനെതിരേ ഇറാനിലും കലാപം. അവശ്യവസ്തുക്കള്‍ക്ക് നാലിരട്ടി വില വര്‍ധിച്ചതോടെയാണ് ഇറാനില്‍ ജനം തെരുവിലിറങ്ങിയത്. ഇറാനില്‍ പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു.

◼️വിവാഹത്തിന് റോഡില്‍ വാഹനങ്ങള്‍ കൊണ്ട് അഭ്യാസം കാണിക്കുകയും വെടിവയ്ക്കുകയും ചെയ്തതിന് കുവൈറ്റില്‍   മൂന്നു പേരെ അറസ്റ്റു ചെയ്തു. വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെയാണ് നടപടി. വിവാഹ വീട്ടില്‍നിന്ന് ഒരു എ.കെ 47 തോക്ക് കണ്ടെടുത്തു.

◼️തുര്‍ക്കിയില്‍ നടക്കുന്ന വനിതകളുടെ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം. ചാമ്പ്യന്‍ഷിപ്പിലെ 52 കിലോഗ്രാം വിഭാഗം ഫൈനലില്‍ തായ്‌ലന്‍ഡിന്റെ ജുറ്റ്മാസ് ജിറ്റ്പോങിനെ ഇടിച്ചിട്ടാണ്  ഇന്ത്യയുടെ നിഖാത്ത് സരിന്‍ സ്വര്‍ണമണിഞ്ഞത്്. ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ വനിതാ താരമാണ് സരീന്‍.

◼️ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത്, പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ടൈറ്റന്‍സ് ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം 18.4 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് മറികടന്നു. ഈ ജയത്തോടെ 14 കളികളില്‍ നിന്ന് 16  പോയന്റുമായി റോയല്‍ ചലഞ്ചേഴ്‌സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി. റോയല്‍ ചലഞ്ചേഴ്‌സിന്റെ ജയത്തോടെ പഞ്ചാബ് കിങ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവര്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. നിര്‍ണായക മത്സരത്തില്‍ 54 പന്തില്‍ നിന്ന് 73 റണ്‍സെടുത്ത് ഫോമിലേക്കുയര്‍ന്ന വിരാട് കോലിയാണ് റോയല്‍ ചാലഞ്ചേഴ്‌സിന്റെ ടോപ് സ്‌കോറര്‍.

◼️2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 260.95 കോടി രൂപ സംയോജിത അറ്റാദായം നേടി. മൂന്നാം പാദത്തില്‍ 261.01 കോടി രൂപയായിരുന്നു ലാഭം. കമ്പനിയുടെ സംയോജിത ലാഭം സാമ്പത്തിക വര്‍ഷാടിസ്ഥാനത്തില്‍ 1328.70 കോടി രൂപയാണ്. ആസ്തി മൂല്യത്തില്‍ 11.15 ശതമാനമാണ് ഒരു വര്‍ഷത്തിനിടെ കൈവരിച്ച വളര്‍ച്ച. മുന്‍ വര്‍ഷം 27,224.22 കോടി രൂപയായിരുന്ന ആസ്തി ഇത്തവണ 30,260.82 കോടി രൂപയിലെത്തി. കമ്പനിയുടെ വാര്‍ഷിക പ്രവര്‍ത്തന വരുമാനം 6061.02 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 6330.55 കോടി രൂപയായിരുന്നു. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 0.75 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യാനും കമ്പനി ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.

◼️ഇന്ത്യയിലെ മണി മാനേജ്‌മെന്റ് സംവിധാനത്തില്‍ കൂടുതല്‍ വിപൂലീകരണവുമായി വാള്‍മാര്‍ട്ട്. അനുബന്ധ സ്ഥാപനമായ ഫോണ്‍പേയിലൂടെ രണ്ട് വെല്‍ത്ത് മാനേജ്‌മെന്റ് സംരംഭങ്ങള്‍ 75 ദശലക്ഷം ഡോറിന്റെ എന്റര്‍പ്രൈസ് മൂല്യത്തോടെയാണ് ഏറ്റെടുക്കല്‍. ഇതോടെ അതിവേഗത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തെ മണി മാനേജ് സെഗ്മെന്റില്‍ റീട്ടെയ്ല്‍ ഭീമനായ ആമസോണിനൊപ്പം മുഖാമുഖം ഏറ്റെമുട്ടുകയാണ് വാള്‍മാര്‍ട്ട്. 50 ദശലക്ഷം ഡോളറിന് വെല്‍ത്ത് ഡെസ്‌ക്കിനേയും, 25 ദശലക്ഷം ഡോളറിന് ഏപ്പണ്‍ ക്യൂവി നേയുമാണ് ഫോണ്‍പേ സ്വന്തമാക്കുന്നത്.

◼️പുറത്തിറങ്ങിയപ്പോള്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെടാതിരിക്കുകയും എന്നാല്‍ കാലം ചെല്ലുമ്പോള്‍ കള്‍ട്ട് പദവി നേടുകയും ചെയ്യുന്ന സിനിമകള്‍ എല്ലാ ഭാഷകളിലുമുണ്ട്. ബോളിവുഡില്‍ അതിന്റെ ക്ലാസിക് ഉദാഹരണങ്ങളില്‍ ഒന്നാണ് 1971ല്‍ പുറത്തെത്തിയ ആനന്ദ്. ഇപ്പോഴിതാ നീണ്ട 51 വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന് ഒരു ഒഫിഷ്യല്‍ റീമേക്ക് സംഭവിക്കുകയാണ്. ആനന്ദ് നിര്‍മ്മിച്ച എന്‍ സി സിപ്പിയുടെ ചെറുമകന്‍ സമീര്‍ രാജ് സിപ്പിയാണ് റീമേക്ക് നിര്‍മ്മിക്കുന്നത് എന്നതും കൌതുകം. രാജേഷ് ഖന്ന കത്തി നിന്ന കാലത്ത് പുറത്തെത്തിയ ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഒടിടി പ്ലാറ്റ്ഫോമില്‍ ഈ ചിത്രം നിലവില്‍ ലഭ്യമാണ്.

◼️വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ കൈയടികള്‍ നേടിക്കൊണ്ടിരിക്കുന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. പൃഥ്വിരാജ് നായകനായ ജന ഗണ മനയാണ് അദ്ദേഹത്തിന്റേതായി അവസാനം പ്രദര്‍ശനത്തിനെത്തിയത്. പൃഥ്വിരാജിന്റെ കഥാപാത്രത്തോളം തന്നെ പ്രാധാന്യമുള്ള ഒരു പൊലീസ് വേഷമായിരുന്നു അത്. പുറത്തിറങ്ങാനിരിക്കുന്ന ഹെവന്‍ എന്ന ചിത്രത്തിലും പൊലീസ് യൂണിഫോമിലാണ് സുരാജ്. നവാഗതനായ ഉണ്ണി ഗോവിന്ദ്രാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. അഭിജ, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, അലന്‍സിയര്‍, സുധീഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ജൂണ്‍ മാസത്തില്‍ തിയറ്ററുകളില്‍ എത്തും.

◼️പുതിയ എക്സ് ഇസെഡ് എസ് വേരിയന്റിനൊപ്പം ടാറ്റ മോട്ടോഴ്‌സ് ഹാരിയര്‍ എസ്യുവി മോഡല്‍ ലൈനപ്പ് വിപുലീകരിച്ചു. എക്സ് ഇസെഡ് നും റേഞ്ച്-ടോപ്പിംഗ് എക്സ് ഇസെഡ് + ട്രിമ്മുകള്‍ക്കും ഇടയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. പുതിയ ടാറ്റ ഹാരിയര്‍ എക്സ് ഇസെഡ് എസ് ന് 20 ലക്ഷം രൂപയുംഎക്സ് ഇസെഡ് എസ് ഡ്യുവല്‍ ടോണ്‍, എക്സ് ഇസെഡ് എ എസ് ഡ്യുവല്‍ ടോണ്‍ വേരിയന്റുകള്‍ക്ക് യഥാക്രമം 20.20 ലക്ഷം രൂപയും 21.50 ലക്ഷം രൂപയുമാണ് വില. എക്സ് ഇസെഡ് എസ്, എക്സ് ഇസെഡ് എ എസ് ഡാര്‍ക്ക് എഡിഷന്‍ യഥാക്രമം 20.30 ലക്ഷം രൂപയ്ക്കും 21.60 ലക്ഷം രൂപയ്ക്കും വാഗ്ദാനം ചെയ്യുന്നു, അതേസമയംഎക്സ് ഇസെഡ് എ എസ്  വേരിയന്റിന് 21.30 ലക്ഷം രൂപ വിലയുണ്ട്. എക്സ് ഇസെഡ് നെ അപേക്ഷിച്ച്, പുതിയ ടാറ്റ ഹാരിയര്‍ എക്സ് ഇസെഡ് എസ്  വേരിയന്റിന് ഏകദേശം 1.25 ലക്ഷം രൂപ - 1.30 ലക്ഷം രൂപ വില കൂടുതലാണ്. ടോപ്പ് എന്‍ഡ് എക്സ് ഇസെഡ് + ട്രിമ്മിനെ അപേക്ഷിച്ച് ഇത് ഏകദേശം 35,000 രൂപ കുറവാണ്.

◼️സാങ്കല്പ്പികമായ ശാസ്ത്ര കഥകളുടെപിതാവായി അറിയപ്പെടുന്ന ഷുള്‍ വേണ്‍ രചിച്ച 'എ ജേര്‍ണി ടു ദ സെന്റര്‍ ഓഫ് എര്‍ത്ത്' എന്ന പുസ്തകത്തിന്റെ സംഗ്രഹിത പുനരാഖ്യാനമാണ് 'ഭൂമിയുടെ കേന്ദ്രത്തിലേക്കൊരു യാത്ര'. പള്ളിയറ ശ്രീധരന്‍. സൈകതം ബുക്സ്. വില 58 രൂപ.

◼️ആളുകള്‍ പതിവായി നേരിടുന്ന രണ്ട് ഉദരസംബന്ധമായ പ്രശ്‌നങ്ങളാണ് മലബന്ധവും, അതുപോലെ തന്നെ വയറിളക്കവും. ഈ രണ്ട് പ്രശ്‌നങ്ങള്‍ക്കും ഒരുപോലെ പരിഹാരം കാണാന്‍ സഹായിക്കുന്നൊരു ഭക്ഷണമാണ് ആപ്പിള്‍. ആപ്പിളില്‍ 64 ശതമാനം 'ഇന്‍സൊല്യൂബള്‍ ഫൈബര്‍' ഉം 36 ശതമാനം 'സൊല്യൂബള്‍ ഫൈബര്‍'ഉം അടങ്ങിയിരിക്കുന്നു. ഇത് രണ്ട് രീതിയിലാണ് വയറിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്. ആപ്പിളിന്റെ അകത്ത്, 'സൊല്യൂബള്‍ ഫൈബര്‍' ആണ് അധികവും കാണുന്നത്. അതേസമയം തൊലിയുടെ ഭാഗങ്ങളിലാണെങ്കില്‍ 'ഇന്‍സൊല്യൂബള്‍ ഫൈബര്‍' ആണ് കൂടുതലും. ഇതില്‍ 'സൊല്യൂബള്‍ ഫൈബര്‍' മലം, 'ജെല്‍' പരുവത്തിലാക്കാന്‍ സഹായിക്കുന്നു. ഈ ഫൈബര്‍ ദഹനം പതുക്കെയും ആക്കിത്തീര്‍ക്കുന്നു. ഇത് വയറിളക്കം നേരിടുന്ന സാഹചര്യങ്ങളില്‍ സഹായകമായി വരികയാണ് ചെയ്യുന്നത്. എന്നാല്‍ തൊലിയില്‍ അടങ്ങിയിരിക്കുന്ന 'സൊല്യൂബള്‍ ഫൈബര്‍' മലത്തിന്റെ ഘടനയെ സ്വാധീനിക്കുന്നു. ഇത് കുടലില്‍ നിന്ന് മലം പെട്ടെന്ന് പുറന്തള്ളപ്പെടുന്ന പരുവത്തിലെത്തിക്കാന്‍ സഹായിക്കുന്നു. അപ്പോള്‍ മലബന്ധം നേരിടുന്ന സാഹചര്യങ്ങളില്‍ ഇത് സഹായകമാകുന്നു. രണ്ട് തരം ഉദരപ്രശ്‌നങ്ങള്‍ നേരിടുന്നവരും ആപ്പിള്‍ കഴിക്കേണ്ടതിന്റെ ആവശ്യകത ഇതോടെ വ്യക്തമായില്ലേ?

*ശുഭദിനം*

അവന്‍ പഠനത്തില്‍ വളരെ പിന്നോക്കമായിരുന്നു.  അവസാനം ഗുരു അവനോട് വീട്ടില്‍ പോയി തന്റെ മാതാപിതാക്കളെ സഹായിക്കാന്‍ ആവശ്യപ്പെട്ടു.  അങ്ങനെ അവന്‍ തന്റെ വീട്ടില്‍ തിരിച്ചെത്തി.  പിറ്റേന്ന് തന്നെ കാലികളെ മേയ്ക്കാന്‍ അവന്‍ പുറപ്പെട്ടു.  ദാഹം തോന്നിയപ്പോള്‍ അടുത്തുള്ള കിണറില്‍ നിന്നും വെള്ളം കോരി.  കയറുകെട്ടിയ തൊട്ടിയിലാണ് വെള്ളം കോരുന്നത്.  ശ്രദ്ധിച്ചുനോക്കിയപ്പോള്‍ പലതവണ കയറുരഞ്ഞ് കല്ലിന് തേയ്മാനം വന്നിരിക്കുന്നത് കണ്ടു.  തൊട്ടടുത്ത് നിന്നിരുന്ന സ്ത്രീ പറഞ്ഞു:  കയറിന് കല്ലിനേക്കാള്‍ കാഠിന്യം കുറവാണെങ്കിലും ദീര്‍ഘനാള്‍ ഭാരവുമായി ആ കല്ലില്‍ ഉരസിയതുകൊണ്ടാണ് അവിടെ തേയ്മാനം ഉണ്ടായത്.  ശിഷ്യന്‍ അപ്പോള്‍ തന്നെ ഗുരുകുലത്തിലേക്ക് മടങ്ങി.  ഗുരുവിനോട് ചോദിച്ചു:  കാഠിന്യമേറിയ കല്ലില്‍ കയറിന് അടയാളം ഉണ്ടാക്കാന്‍ സാധിച്ചെങ്കില്‍ നിരന്തരമായി പരിശ്രമിച്ചാല്‍ എനിക്കും പഠിക്കാന്‍ കഴിയില്ലേ.. അന്ന് മുതല്‍ അവന്‍ പഠനം പുനഃരാരാംഭിച്ചു.  പ്രതിഭയേക്കാള്‍ പ്രധാനമാണ് പ്രയത്‌നം.  പാടവം കൊണ്ട് കീഴടക്കാന്‍ സാധിച്ചില്ലെങ്കില്‍ പരിശ്രമം കൊണ്ട് അതിനെ മറികടക്കാന്‍ ശ്രമിക്കണം.  ജന്മം കൊണ്ട് എല്ലാവരും സമര്‍ത്ഥരാകണമെന്നില്ല.  പക്ഷേ, ആഗ്രഹിക്കുന്ന മേഖല പരിശ്രമം കൊണ്ട് നമുക്ക് നേടിയെടുക്കാന്‍ സാധിക്കുക തന്നെ ചെയ്യും. - *ശുഭദിനം.* 
MEDIA 16 NEWS