*മീഡിയ16*പ്രഭാത വാർത്തകൾ*2022 | മെയ് 19 | വ്യാഴം*

◼️കെടുകാര്യസ്ഥത മൂലം സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കും. അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടിക്ക് വിജിലന്‍സിനു കൈമാറും. പരാതികള്‍ പരിഹരിക്കാനും നിരസിക്കാനും സമയ പരിധി നിശ്ചയിക്കും. ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ച നാലാം ഭരണ പരിഷ്‌ക്കാര കമ്മീഷന്റെ ശുപാര്‍ശകളിലാണ് സുപ്രധാനമായ ഈ തീരുമാനങ്ങള്‍. ഓഡിറ്റിന് ഇലക്ട്രോണിക് സംവിധാനം ഉപയോഗപ്പെടുത്താനും കെഎസ്ഇബിയുടെ എല്ലാ സേവനങ്ങളും സേവനാവകാശ നിയമത്തിന്റെ കീഴില്‍ കൊണ്ടുവരാനും തീരുമാനിച്ചു.

◼️മന്ത്രിസഭയുടെ ശുപാര്‍ശ അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കണ്ടെതെന്ന് സുപ്രീം കോടതി. രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളനെ മോചിപ്പിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിലാണ് സുപ്രധാന പരാമര്‍ശം. സര്‍ക്കാരിന്റെ ചുരുക്കം മാത്രമാണ് ഗവര്‍ണര്‍. സ്വന്തമായി തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. മോചിപ്പിക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ ശുപാര്‍ശ 2015 ല്‍ കിട്ടിയിട്ടും നടപടിയെടുക്കാതിരുന്ന ഗവര്‍ണറുടെ ഓഫീസിനെ കോടതി വിമര്‍ശിച്ചു.

◼️മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിച്ച കോടതി നടപടി രാജ്യത്തെ നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. പ്രതികള്‍ തീവ്രവാദികളും കൊലപാതകികളുമാണ്. മാനുഷിക പരിഗണന നല്‍കി ഗാന്ധി കുടുംബം അവര്‍ക്കു മാപ്പു നല്‍കി. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് അതല്ല. കോടതിവിധി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

◼️പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ വേഗത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരം സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി. ഓഹരികള്‍ വില്‍ക്കാനും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള അധികാരങ്ങളാണ് നല്‍കിയത്. നേരത്തെ ഇതിനു കേന്ദ്ര മന്ത്രിസഭയുടെ അനുമതി ആവശ്യമായിരുന്നു.

◼️മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഏറ്റവും ദുരന്ത സാധ്യതയുള്ള പ്രദേശത്തെ ആളുകളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പട്ടിക വില്ലേജ് ഓഫിസര്‍, പോലീസ്, അഗ്‌നിശമന രക്ഷാസേന എന്നിവരെയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയേയും ഏല്‍പ്പിക്കണം. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, മേധാവികള്‍, സേനാ പ്രതിനിധികള്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചു നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◼️ഒരാഴ്ചയോളമായി തുടരുന്ന മഴമൂലം പലയിടത്തും വന്‍നാശം. വന്‍തോതില്‍ കൃഷി നശിച്ചു. കൊയ്യാറായ നെല്ലു മുങ്ങിപ്പോയതുമൂലം ഭീമമായ നഷ്ടം. മണ്ണിടിഞ്ഞും മരങ്ങള്‍ വീണും നാശനഷ്ടങ്ങള്‍. തീരപ്രദേശങ്ങളില്‍ കടലാക്രമണങ്ങളും ശക്തമായി.

◼️താമരശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. കോഴിക്കോട്ടേക്ക് വരികയായിരുന്ന ഒഴിഞ്ഞ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ആറാം വളവിന് മുകളിലാണ് അപകടമുണ്ടായത്. ചുരത്തില്‍ ഗതാഗത കുരുക്കുക്ക് മണിക്കൂറുകളോളം നീണ്ടു.

◼️ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ മേഖലയില്‍ ശക്തമായ കടല്‍ ക്ഷോഭം. വലിയഴീക്കല്‍ പാലത്തിനു സമീപമുള്ള പ്രദേശത്താണ് ഉച്ചക്കുശേഷം കടല്‍ക്ഷോഭം ഉണ്ടായത്. ആലപ്പുഴ കൊല്ലം തീരദേശങ്ങളിലെ ജനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണിത്. അപ്രോച്ച് റോഡിലും വെള്ളം കയറി. ഇതോടെ ഗതാഗതം ദുഷ്‌കരമായി.

◼️തമിഴ്സംഘം തട്ടിയെടത്ത 11 മല്‍സ്യത്തൊഴിലാളികള്‍ അടങ്ങിയ ബോട്ട് തീരദേശ പോലീസ് മോചിപ്പിച്ചു. വൈപ്പിന്‍ കാളമുക്കില്‍നിന്നു മല്‍സ്യബന്ധനത്തിനു പോയ ബോട്ടാണ് കഴിഞ്ഞ 12 ന് കൊച്ചി ഉള്‍ക്കടലില്‍ തമിഴ്സംഘം തട്ടിയെടുത്തത്. തമിഴ്നാട്ടിലെ തേങ്ങാപട്ടണത്തുനിന്നാണ് പോലീസ് മല്‍സ്യത്തൊഴിലാളികളെ മോചിപ്പിച്ചത്. തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയ അരുള്‍രാജിനേയും സംഘത്തേയും ഉടനേ അറസ്റ്റു ചെയ്യുമെന്നു കോസ്റ്റല്‍ പോലീസ്.

◼️കാസര്‍കോട് ജില്ലയിലെ ചെര്‍ക്കാപ്പാറയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് ആണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. ദില്‍ജിത്ത്  (14), നന്ദഗോപന്‍ (12) എന്നിവരാണ് മരിച്ചത്.

◼️തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തെ എതിര്‍ക്കുന്നവര്‍ക്ക് ജനം മറുപടി നല്‍കി. വികസനത്തെ എതിര്‍ക്കുന്നവര്‍ക്ക് ഇത്രയും സീറ്റുകള്‍ ആവശ്യമില്ലെന്നാണു ജനം വിധിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.

◼️മുല്ലപ്പെരിയാര്‍ മരംമുറിക്ക് അനുമതി നല്‍കിയ സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ കുറ്റവിമുക്തനാക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. ബേബി ഡാമിനു സമീപത്തെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ഉത്തരവിറക്കിയതിന്റെ ഉത്തരവാദിത്തം ബെന്നിച്ചനു മാത്രമല്ല. സര്‍വീസില്‍നിന്നു മാറ്റിനിര്‍ത്താനുള്ള കുറ്റം ബെന്നിച്ചന്‍ ചെയ്തിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

◼️വെള്ളൂരിലെ കേരള സര്‍ക്കാറിന്റെ കേരള പേപ്പര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് ഇന്നു പ്രവര്‍ത്തനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഏറ്റെടുത്താണ് കേരള സര്‍ക്കാര്‍ കെപിപിഎല്‍ ആരംഭിച്ചത്.  

◼️കോട്ടയം ചിങ്ങവനം റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ പണികള്‍ക്കായി മലബാറിലെ ട്രെയിനുകള്‍ റദ്ദാക്കിയതോടെ യാത്രക്കാര്‍ വലഞ്ഞു. ഇന്നു മുതല്‍ പരശുറാം എക്സ്പ്രസും ജനശതാബ്ദിയും റദ്ദാക്കിയിട്ടുണ്ട്. ഷൊര്‍ണൂര്‍ വരെയെങ്കിലും ട്രെയിന്‍ ഓടിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

◼️ബാഗിലുണ്ടായിരുന്ന ചിപ്‌സ് അടക്കമുള്ള ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ജൂനിയര്‍ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചു. വയനാട് വൈത്തിരിക്കടുത്ത ലക്കിടി ജവഹര്‍ നവോദയ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് പത്താംക്ലാസ് വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ആറു വിദ്യാര്‍ത്ഥികളാണ് രാത്രി വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്.

◼️തൃശൂര്‍ നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ യുവാവും യുവതിയും മരിച്ച നിലയില്‍. പാലക്കാട് കൊട്ടേക്കാട് സ്വദേശി ഗിരിദാസ് (39), തൃശൂര്‍ കല്ലൂര്‍ സ്വദേശി രേഷ്മ (31) എന്നിവരാണ് മരിച്ചത്. ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുന്ന രേഷ്മയെ മദ്യം കഴിപ്പിച്ച് കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കുകയായിരുന്നു.

◼️എറണാകുളം മംഗള എക്സ്പ്രസ്സിന്റെ എന്‍ജിന്‍ തൃശൂരില്‍ വേര്‍പെട്ടു. വേഗത കുറവായതിനാല്‍ അപകടമൊഴിവായി. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. എറണാകുളം നിസ്സാമുദ്ദീന്‍ മംഗള എക്സ്പ്രസ് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് എടുത്തതിനു പിറകേയാണ് ബോഗിയില്‍നിന്ന് വേര്‍പെട്ട് എന്‍ജിന്‍ മുന്നോട്ടു പോയത്.

◼️തക്കാളിക്കു തീവില. ഒരു കിലോ 25 രൂപയായിരുന്ന തക്കാളിക്ക് ഇപ്പോള്‍ 65 രൂപക്ക് മുകളിലാണു വില.

◼️കൊച്ചി ഇന്‍ഫോപാര്‍ക്ക് പ്രദേശത്ത് ടെക്കികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലഹരിവസ്തുക്കള്‍ വിറ്റിരുന്ന കായിക അധ്യാപകനടക്കമുള്ള മൂന്നംഗ സംഘം പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശി കപ്പില്‍ സനില്‍, തിരുവല്ല സ്വദേശിയും കായിക അധ്യാപകനുമായ അഭിമന്യൂ സുരേഷ്, തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമൃത എന്നിവരാണു പിടിയിലായത്.

◼️പ്രസവിച്ചയുടന്‍ കുഞ്ഞിനെ കൊന്നു ചാലില്‍ തള്ളിയ അമ്മ അറസ്റ്റില്‍. തൃശൂര്‍ മലക്കപ്പാറ സ്വദേശിനിയും അവിവാഹിതയുമായ സിന്ധു എന്ന 23 കാരിയെയാണ് അറസ്റ്റു ചെയ്തത്. ബിരുദ വിദ്യാര്‍ത്ഥിനിയാണ് സിന്ധു.

◼️നിരീശ്വരവാദികളുടെ ഗ്രൂപ്പുകള്‍ വിശ്വാസികളായ പെണ്‍കുട്ടികളെ സഭയില്‍നിന്ന് അകറ്റുകയാണെന്ന് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ഇത്തരം ഗ്രൂപ്പുകള്‍ക്ക് സംസ്ഥാനം മുഴുവനും നെറ്റ് വര്‍ക്ക് ഉണ്ടെന്നും തൃശൂര്‍ മെത്രാനായ 18 വര്‍ഷത്തിനിടെ അമ്പതിനായിരത്തോളം പേര്‍ കുറഞ്ഞെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.  അതിരൂപത കുടുംബവര്‍ഷ പരിപാടിയോടനുബന്ധിച്ചുള്ള കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◼️കേന്ദ്രഭരണപ്രദേശമായ ഡല്‍ഹിയുടെ ലഫ്നന്റ് ജനറല്‍ അനില്‍ ബൈജാല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് രാജിയെന്നാണ് വിശദീകരണം. ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരുമായി കലഹിത്തിലായിരുന്നു ഗവര്‍ണര്‍.

◼️ഡിആര്‍ഡിഒയും നാവിക സേനയും സംയുക്തമായി വികസിപ്പിച്ച കപ്പല്‍വേധ മിസൈലിന്റെ ആദ്യ പരീക്ഷണം വിജയം. നാവികസേനയുടെ ഹെലികോപ്റ്ററില്‍നിന്ന് ഒഡീഷ തീരത്തെ ചാന്ദിപൂരിലാണു പരീക്ഷണം നടത്തിയത്.

◼️എഡ്യുടെക് കമ്പനിയായ വേദാന്തു 424 ജീവനക്കാരെ പിരിച്ചുവിടുന്നു. കമ്പനി പുറത്തുവിട്ട ബ്ലോഗ് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൊത്തം ജീവനക്കാരുടെ എഴു ശതമാനത്തെയാണ് പിരിച്ചുവിടുന്നത്.

◼️ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ തലപ്പത്തു നിന്ന് പ്രഫുല്‍ പട്ടേലിനെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയേയും പുറത്താക്കി സുപ്രീം കോടതി. പുറത്താക്കല്‍ നടപടിക്കു പിന്നാലെ കോടതി മൂന്നംഗ താല്‍ക്കാലിക ഭരണസമിതിയെ എ.ഐ.എഫ്.എഫിന്റെ ഭരണ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. ജസ്റ്റിസ് അനില്‍ ആര്‍. ദാവെയുടെ നേതൃത്വത്തിലാണ് പുതിയ സമിതി.

◼️ഐപിഎല്ലില്‍ അവസാന പന്തിലേക്ക് നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ റണ്‍മലയ്ക്ക് മുന്നില്‍ പൊരുതിവീണ് പ്ലേഓഫ് കാണാതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്തായി. അതേസമയം കൊല്‍ക്കത്തയെ രണ്ട് റണ്‍സിന് പരാജയപ്പെടുത്തിയാണ് ലഖ്നൗ പ്ലേഓഫ് ഉറപ്പാക്കുകയത്. 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 208 റണ്‍സെടുക്കാനേയായുള്ളൂ. അവസാന ഓവറുകളില്‍ റിങ്കും സിംഗും സുനില്‍ നരെയ്‌നും നടത്തിയ വെടിക്കെട്ടിനും കൊല്‍ക്കത്തയെ രക്ഷിക്കാനായില്ല. നേരത്തെ ക്വിന്റണ്‍ ഡികോക്ക് 70 പന്തില്‍ നിന്ന് നേടിയ 140 റണ്‍സാണ് ലഖ്‌നൗവിനെ കൂറ്റന്‍ സ്‌കോര്‍ നേടാന്‍ സഹായിച്ചത്.

◼️പെട്രോകെമിക്കലുകളിലെ മാര്‍ജിന്‍ ഞെരുക്കവും ഇന്ധന വില്‍പ്പനയിലെ നഷ്ടവും കാരണം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) നാലാംപാദ അറ്റാദായത്തില്‍ 31.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 6,021.88 കോടി രൂപയായിരുന്നു കമ്പനിയുടെ സ്റ്റാന്‍ഡ്എലോണ്‍ അറ്റാദായം. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ 8,781.30 കോടി രൂപയായിരുന്നു അറ്റാദായം. പാദ അടിസ്ഥാനത്തില്‍, മുന്‍ പാദത്തിലെ ലാഭമായ 5,860.80 കോടി രൂപയേക്കാള്‍ കൂടുതലാണിത്. എന്നാല്‍, എണ്ണവില കുതിച്ചുയര്‍ന്നതോടെ, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2.06 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 1.63 ലക്ഷം കോടി രൂപയായിരുന്നു.

◼️സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി റിലയന്‍സ് റീട്ടെയില്‍. എല്‍വിഎംഎച്ചിന്റെ സെഫോറ മാതൃകയില്‍ മള്‍ട്ടി-ബ്രാന്‍ഡ് സ്റ്റോറുകളും ഉല്‍പ്പന്നങ്ങളും റിലയന്‍സ് അവതരിപ്പിക്കും. വരും വര്‍ഷങ്ങളില്‍ രാജ്യത്തുടനീളം 400 എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍ ആരംഭിക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. റിലയന്‍സ് 4,000-5,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഷോറൂമുകള്‍ക്കായി ഡല്‍ഹിയിലെയും മുംബൈയിലെയും മാളുകളില്‍ റിലയന്‍സ് അന്വേഷണം നടത്തി. ആദ്യ ഷോറൂം മൂംബൈയിലെ ജിയോ വേള്‍ഡ് സെന്ററിലായിരിക്കും ആരംഭിക്കുക എന്നാണ് വിവരം.

◼️രജിഷ വിജയനെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന കീടത്തിന്റെ പുതിയ സ്നീക്ക് പീക്ക് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. രജിഷ തന്നെ നായികയായ ഖോ ഖോയ്ക്കു ശേഷം രാഹുല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ശ്രീനിവാസനും വിജയ് ബാബുവുമാണ് മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ രചനയും സംവിധായകന്റേത് തന്നെയാണ്. രഞ്ജിത് ശേഖര്‍ നായര്‍, മണികണ്ഠന്‍ പട്ടാമ്പി, ആനന്ദ് മന്‍മഥന്‍, മഹേഷ് എം നായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

◼️കലാഭവന്‍ ഷാജോണ്‍ ഡി വൈ എസ് പി മാണി ഡേവിസാകുന്ന 'പ്രൈസ് ഓഫ് പോലീസി ' ന്റെ പൂജ കൊച്ചിയില്‍ നടന്നു. അമ്മ സംഘടനയുടെ ആസ്ഥാനമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ സംവിധായകന്‍ ജോഷി ആദ്യതിരിതെളിച്ചു. ഇന്‍വെസ്റ്റിഗേറ്റീവ് ജോണറാണ് ചിത്രം. എ ബി എസ് സിനിമാസിന്റെ ബാനറില്‍ അനീഷ് ശ്രീധരന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഉണ്ണി മാധവാണ്. രാഹുല്‍ കല്യാണാണ് രചന. മിയ, രാഹുല്‍ മാധവ് , റിയാസ്ഖാന്‍ , തലൈവാസല്‍ വിജയ്, സ്വാസിക, മറീന മൈക്കിള്‍ , വൃദ്ധി വിശാല്‍ , സൂരജ് സണ്‍, ജസീല പര്‍വീണ്‍, വി കെ ബൈജു , കോട്ടയം രമേഷ് , അരിസ്റ്റോ സുരേഷ്, നാസര്‍ ലത്തീഫ്, ഷഫീഖ് റഹ്‌മാന്‍ , ബിജു പപ്പന്‍ , പ്രിയാമേനോന്‍ , സാബു പ്രൗദീന്‍, മുന്‍ഷി മധു , റോജിന്‍ തോമസ് എന്നിവരും അഭിനയിക്കുന്നു.

◼️മലയാള സിനിമാതാരങ്ങളുടെ ഇഷ്ട വാഹനമായി മാറുകയാണ് ടൊയോട്ട വെല്‍ഫയര്‍. മോഹന്‍ലാലിനും സുരേഷ് ഗോപിക്കും ഫഹദ് ഫാസിലിനും വിജയ് ബാബുവിനും പിന്നാലെ വെല്‍ഫയറിന്റെ ആഡംബരത്തില്‍ നടന്‍ നിവിന്‍ പോളിയും. കൊച്ചിയിലെ നിപ്പോണ്‍ ടൊയോട്ടയില്‍ നിന്നാണ് താരം പുതിയ വാഹനം ഗാരിജിലെത്തിച്ചത്. ഒരു വേരിയന്റില്‍ മാത്രം ലഭിക്കുന്ന വെല്‍ഫയറിന്റെ കേരള എക്‌സ്‌ഷോറൂം വില 90.80 ലക്ഷം രൂപയാണ്. ഓണ്‍റോഡ് വില ഏകദേശം 1.13 കോടി രൂപയും.

◼️ചുറ്റുമുള്ള ചതിക്കുഴികളെക്കുറിച്ച് കുട്ടികള്‍ക്കു മുന്നറിയിപ്പു നല്‍കുന്ന അഹങ്കാരികളായ ലഗോണ്‍കോഴികള്‍, സന്തോഷം എന്നത് എന്താണെന്നു ഭൂമിയെയും ജീവജാലങ്ങളെയും തൊട്ടറിയുന്നതിലൂടെ ഒരു കുട്ടി തിരിച്ചറിയുന്ന സന്തോഷത്തിന്റെ അര്‍ഥം, ജന്മനാ ഒറ്റക്കണ്ണനായ ഒരു ചെന്നായ ആടുകളെ യഥേഷ്ടം കൊന്നുതിന്നാന്‍ വേണ്ടി വിദഗ്ധമായി ഒരു സൂത്രം പ്രയോഗിച്ച മാലാഖച്ചെന്നായ് എന്നീ കഥകളുള്‍പ്പെടെ കുമ്മിണിക്കുഞ്ഞന്‍, മണ്ടന്‍മുതലാളി... തുടങ്ങി പതിനേഴു കഥകള്‍. കൊച്ചുകുട്ടികള്‍ക്കു വായിച്ചു രസിക്കാനും ശരിതെറ്റുകളെയും നന്മതിന്മകളെയും കുറിച്ച് തിരിച്ചറിവുണ്ടാകാനും കൂട്ടുനില്‍ക്കുന്ന പുസ്തകം. 'മാജിക് ബക്കറ്റ്'. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്. മാതൃഭൂമി. വില 88 രൂപ.

◼️കണ്ണിനെ ബാധിക്കുന്ന പലതരം അസുഖങ്ങളുമുണ്ട്. ഇവയ്ക്കെല്ലാം പിറകില്‍ പല കാരണങ്ങളും വരാറുണ്ട്. ഇവയെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ കാഴ്ചയെ തന്നെയാണ് ബാധിക്കുക. കണ്ണില്‍ കറുത്ത നിറത്തിലോ ഗ്രേ (ചാരനിറം) നിറത്തിലോ ചെറിയ കുത്തുകളോ വരകളോ വല പോലെയുള്ള ഘടനകളോ എല്ലാം വരുന്നത് കണ്ണിനുള്ളിലെ റെറ്റിന എന്ന ഭാഗത്ത് നിന്ന് രക്തം പുറത്തേക്ക് വിടുന്ന ചെറിയ ഞരമ്പുകളില്‍ ബ്ലോക്ക് വരുന്നതോടെയാണ്. 'റെറ്റിനല്‍ വെയിന്‍ ഒക്കല്‍ഷന്‍' എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. പ്രധാനമായും കൊളസ്ട്രോള്‍ അധികരിക്കുമ്പോഴാണ് മിക്കവരിലും ഈ പ്രശ്നം കാണപ്പെടുന്നത്. അല്ലാതെയും വരാം. ആ സാധ്യത ഇല്ലെന്നല്ല. പക്ഷേ കൊളസ്ട്രോള്‍ മൂലം ഈ പ്രശ്നം നേരിടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. വളരെ ലളിതമായി രക്തം പരിശോധിക്കുന്നതിലൂടെ തന്നെ കൊളസ്ട്രോള്‍ നില കണ്ടെത്താന്‍ സാധിക്കും. ചിലപ്പോള്‍ ഒരു കണ്ണില്‍ മാത്രം കാഴ്ചാപ്രശ്നവും, വേദനയുമെല്ലാം ഇതിന്റെ ഭാഗമായി അനുഭവപ്പെടാം. ഇക്കാര്യവും ഡോക്ടറെ ധരിപ്പിക്കാവുന്നതാണ്.  കൊളസ്ട്രോള്‍ മാത്രമല്ല, ഷുഗര്‍, ബിപി എന്നിങ്ങനെയുള്ള ജീവിതശൈലീ രോഗങ്ങളും നിയന്ത്രിച്ചില്ലെങ്കില്‍ കണ്ണുകള്‍ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. സമയത്തിന് ചികിത്സയെടുത്തില്ലെങ്കില്‍ ഒരുപക്ഷേ പിന്നീട് വീണ്ടെടുക്കാനാവാത്ത വിധം കാഴ്ച നഷ്ടപ്പെട്ടുപോകാനും സാധ്യതകളേറെയാണ്. അതുകൊണ്ട് കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒട്ടും വച്ചുതാമസിപ്പിക്കാതെ തന്നെ കൈകാര്യം ചെയ്യുക.

*ശുഭദിനം*

അയാള്‍ ഒരു നിരീശ്വരവാദിയായിരുന്നു. മാത്രമല്ല, മുഴുക്കുടിയനും.  ഒരിക്കല്‍ ഒരു പുരോഹിതന്‍ അയാളെ പരിചയപ്പെട്ടു.  നിരന്തരം പുരോഹിതന്‍ അയാളോട് സംസാരിക്കുമായിരുന്നു.  അവസാനം അയാള്‍ക്ക് മാനസാന്തരം സംഭവിച്ചു. തന്റെ ചീത്തശീലങ്ങളില്‍ നിന്നും എല്ലാം അയാള്‍ മുക്തനായി.  പുരോഹിതന്റെ നിര്‍ദ്ദേശപ്രകാരം അയാള്‍ക്ക് നല്ലൊരു ജോലി ലഭിക്കുകയും അയാള്‍ സമ്പന്നനാവുകയും ചെയ്തു.  അയാളുടെ നാട്ടില്‍ ഒരു ദേവാലയം പണിയാന്‍ അയാള്‍ തീരുമാനിച്ചു. പള്ളി പണിതതിന് ശേഷം അയാള്‍ പുരോഹിതനെ ചെന്ന് കണ്ടു.  എന്നിട്ട് ഇങ്ങനെ ചോദിച്ചു.  ' ഞാന്‍ ഈ ഗ്രാമത്തില്‍ പണിയുന്ന പള്ളിയുടെ ഫലകത്തില്‍ എന്താണ് എഴുതേണ്ടത്?  പുരോഹിതന്‍ ഒരു മറുചോദ്യമുന്നയിച്ചു. നിങ്ങള്‍ക്ക് അതില്‍ എന്തെഴുതാനാണ് തോന്നുന്നത്? .  ഈ ദേവാലയം ഞാന്‍ നിര്‍മ്മിച്ചു എന്ന്.  അയാള്‍ പറഞ്ഞു.  നിങ്ങള്‍ മാത്രമാണോ ഈ ദേവാലയം നിര്‍മ്മിച്ചത്?  വീണ്ടും പുരോഹിതന്റെ ചോദ്യം.  അല്ല ഗ്രാമവാസികള്‍ മുഴുവനുമുണ്ടായിരുന്നു. പിറ്റേദിവസം അയാള്‍ പറഞ്ഞു: ഈ ദേവാലയും ഞാനും മറ്റ് വിശ്വാസികളും ചേര്‍ന്ന നിര്‍മ്മിച്ചു..  ഇതില്‍ ദൈവത്തിന് സമര്‍പ്പിക്കുന്ന ഒരു വാക്കുപോലുമില്ലല്ലോ.. പുരോഹിതന്‍ ചോദിച്ചു:  അയാള്‍ കുറിപ്പ് തിരുത്തി.  ഈ ദേവാലയം ഞാനും മററ് വിശ്വാസികളും ചേര്‍ന്ന് ദൈവാരാധനയക്ക് വേണ്ടി നിര്‍മ്മിച്ചു... ഇതില്‍ ദൈവാരാധന എന്നത് വളരെ ചെറിയ അക്ഷരത്തിലായിരുന്നു എഴുതിയിരുന്നത്.  അയാളുടെ പേര് ഏറ്റവും വലിയ അക്ഷരത്തിലും.  ചെയ്തത് ഒരു സല്‍പ്രവര്‍ത്തിയാണെങ്കിലും സ്വന്തംപേര്  മുഴുപ്പിച്ചുകാണിക്കുന്ന ചിലരെ നമുക്ക് കാണാന്‍ സാധിക്കും.  അവരുടെ സംസാരത്തിലെ പ്രധാന നായകന്‍ 'ഞാന്‍' ആയിരിക്കും.  ആത്മാഭിമാനം ഏതൊരാള്‍ക്കും വേണ്ട ഒന്നാണ്.  അതുള്ളവര്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും.  എന്നാല്‍ ആത്മാഭിമാനം അതിരുകവിഞ്ഞാല്‍ അഹന്തയായിമാറും.  അഹന്ത അപകടകാരിയാണ്.  വ്യക്തിത്വത്തിന്റെ തകര്‍ച്ചയാണ്. ഏത് ഉയരങ്ങളില്‍ എത്തിയാലും സ്വയം വിനയാന്വതനാകാനും ആത്മാഭിമാനമുള്ളവരാകാനും നമുക്കും സാധിക്കട്ടെ - *ശുഭദിനം.* 

MEDIA 16 NEWS