◼️കോണ്‍ഗ്രസ് പാര്‍ട്ടി പദവികളില്‍ 50 വയസിനു താഴെയുള്ളവര്‍ക്ക് 50 ശതമാനം സംവരണം. രാഷ്ട്രീയകാര്യ സമിതികള്‍ രൂപീകരിക്കും. പ്രവര്‍ത്തക സമിതിയുടെ മേല്‍നോട്ടത്തിന് മുതിര്‍ന്ന നേതാക്കള്‍ അടങ്ങുന്ന ഉപദേശക സമിതി വരും. ഒരു കുടുംബത്തില്‍നിന്ന് ഒരു സ്ഥാനാര്‍ത്ഥി മാത്രം. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ സമാപിച്ച ചിന്തന്‍ ശിബിരത്തിലെ തീരുമാനങ്ങളാണിവ. കര്‍മപദ്ധതികള്‍ നടപ്പാക്കാന്‍ പ്രത്യേക സമിതിക്കു രൂപം നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.
◼️ബിജെപിക്കെതിരേ വിശാല മുന്നണിക്കു ശ്രമിക്കുന്നതിനു മുമ്പേ പാര്‍ട്ടിയെ ശക്തമാക്കണമെന്നു കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍. വിലക്കയറ്റത്തിനെതിരേയും ബാലറ്റ് പേപ്പര്‍ വോട്ടെടുപ്പുരീതി ആവശ്യപ്പെട്ടും രാജ്യവ്യാപക സമരം. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയ പദയാത്ര. പദവി ഒരാള്‍ക്ക് അഞ്ചു വര്‍ഷം മാത്രം. കുടുംബത്തിലെ രണ്ടാമനെ സ്ഥാനാര്‍ത്ഥിയാക്കണമെങ്കില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം വേണം. പിസിസികളുടെയും ഡിസിസികളുടെയും പ്രവര്‍ത്തനം വിലയിരുത്താന്‍ സമിതി. ബ്ലോക്ക് കമ്മിറ്റികള്‍ക്കു താഴെ കമ്മിറ്റി. കേരള മാതൃകയില്‍ പാര്‍ട്ടി പരിശീലന കേന്ദ്രം. ന്യൂനപക്ഷ, ദളിത്, വനിതാ വിഭാഗങ്ങള്‍ക്കും കൂടുതല്‍ അവസരം. ചിന്തന്‍ ശിബറിലെ പ്രധാന തീരുമാനങ്ങള്‍ ഇതെല്ലാമാണ്.
◼️വിശ്വാസം തിരിച്ചുപിടിക്കാന്‍ പദവി നോക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് രാഹുല്‍ ഗാന്ധി . വിജയത്തിന് കുറുക്കവഴികളില്ല. അധ്വാനിച്ചാല്‍ വിജയം ഉറപ്പാണ്. രാഹുല്‍ പറഞ്ഞു. ചിന്തന്‍ ശിബിരത്തില്‍ നേതാക്കളായ നാനൂറ്റമ്പതോളം പേരാണു പങ്കെടുത്തത്. എഐസിസി പ്രസിഡന്റു സ്ഥാനം ഏറ്റെടുക്കണമെന്ന് രാഹുലിനോടും പ്രിയങ്കയോടും നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇരുവരും നിരസിച്ചു.
◼️കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും ചേര്‍ന്ന് നാലാം മുന്നണി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് എന്ന സഖ്യം പ്രഖ്യാപിച്ചത്. കേരളത്തിലും സര്‍ക്കാര്‍ രൂപീകരിക്കും. ജനക്ഷേമ സഖ്യം കേരളത്തിലെ നാലു കോടി ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കും. ഡല്‍ഹിയിലേപോലെ കേരളത്തിലും സൗജന്യ വൈദ്യുതി വേണ്ട? അഴിമതി ഇല്ലാതാക്കണ്ടേ? കേജരിവാള്‍ ചോദിച്ചു. കിഴക്കമ്പലത്തു നടന്ന സമ്മേളനത്തില്‍ ട്വന്റി 20 കോര്‍ഡിനേറ്റര്‍ സാബു ജേക്കബിന്റെ പ്രവര്‍ത്തനങ്ങളെ കേജ്രിവാള്‍ അഭിനന്ദിച്ചു.
◼️സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ. അഞ്ചു ജില്ലകളില്‍ റെഡ് അലേര്‍ട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.
◼️മഴ ഭീഷണി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി. സേനയുടെ അഞ്ഞൂറംഗ സംഘം അരക്കോണത്തുനിന്ന് കേരളത്തിലെത്തും. വിവിധ ജില്ലകളില്‍ സംഘത്തെ വിന്യസിപ്പിക്കും.
◼️ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി എ.എ. റഹീം എംപി തുടരും. കൊല്‍ക്കത്തയില്‍ നടന്ന ഡിവൈഎഫ്ഐ അഖിലേന്ത്യ സമ്മേളനത്തിലാണ് തീരുമാനം. ഹിമാഗ്നരാജ് ഭട്ടാചാര്യയാണ് ജനറല്‍ സെക്രട്ടറി. വി.കെ. സനോജ് , ജെയ്ക്ക് സി തോമസ് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായി. വി വസീഫ് വൈസ് പ്രസിഡന്റാണ്. ചിന്ത ജെറോം, ഷിജുഖാന്‍, ഗ്രീഷ്മ അജയ്ഘോഷ് തുടങ്ങിയവര്‍ കേന്ദ്രകമ്മിറ്റിയിലുണ്ട്.
◼️ക്ഷേത്രങ്ങളുടെ സംരക്ഷണം വിശ്വാസികള്‍ക്കു നല്‍കണമെന്ന് ദക്ഷിണ ഭാരത സന്യാസി സംഗമം. കേരളം, തമിഴ്നാട്, കര്‍ണാടകം സംസ്ഥാനങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ പങ്കെടുത്ത സമ്മേളനമാണ് ഈ ആവശ്യം ഉന്നയിച്ചത്. ക്ഷേത്രഭരണം രാഷ്ട്രീയ വിമുക്തമാക്കണം. വിശ്വാസികളെ സംഘടിപ്പിച്ച് ക്ഷേത്ര സംരക്ഷണ സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു.
◼️കാരാപ്പുഴ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ ചൊവ്വാഴ്ച രാവിലെ പത്തിന് അഞ്ചു സെന്റി മീറ്റര്‍ തുറക്കും പുഴയിലെ നീരൊഴുക്ക് വര്‍ദ്ധിക്കുന്നതിനും ജലനിരപ്പ് 65 മുതല്‍ 85 സെന്റീ മീറ്റര്‍ വരെ ഉയരുന്നതിനും സാധ്യത. കാരാപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
◼️മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴി ഇരട്ടക്കൊലകേസില്‍ പാലക്കാട് അഡീഷണല്‍ ജില്ലാ കോടതി ഇന്ന് വിധി പറയും. സഹോദരങ്ങളും എ പി സുന്നി പ്രവര്‍ത്തകരുമായ പള്ളത്ത് നൂറുദ്ദീന്‍, ഹംസ എന്നിവരെ വെട്ടിക്കൊന്ന കേസില്‍ 25 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2013 നവംബര്‍ 21 നായിരുന്നു കൊലപാതകം നടന്നത്. കാഞ്ഞിരപ്പുഴ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചേലോട്ടില്‍ സിദ്ദീഖ് ആണ് ഒന്നാംപ്രതി.
◼️കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടു ദിവസത്തിനിടെ രണ്ടര കോടിയോളം രൂപ വില വരുന്ന അഞ്ചു കിലോ സ്വര്‍ണമാണ് പിടികൂടിയത്. ആറുപേരെ അറസ്റ്റു ചെയ്തു. താമരശ്ശേരി സ്വദേശി നിസാര്‍, കോഴിക്കോട് സ്വദേശികളായ കൊമ്മേരി റംഷാദ്, അബൂബക്കര്‍ സിദ്ധിഖ്, മുഹമ്മദ് നിഷാദ്, കാസര്‍കോട് സ്വദേശി മുഹമ്മദ് അജ്മല്‍, മലപ്പുറം സ്വദേശി ഷെയ്റ എന്നിവരാണ് പിടിയിലായത്. ബാഗിനുള്ളില്‍ ഒളിപ്പിച്ചും ചെറിയ വയറിന്റെ രൂപത്തിലാക്കിയും ക്യാപ്‌സ്യൂളാക്കിയുമാണ് സ്വര്‍ണം കടത്തിയത്.
◼️എക്സൈസ്- തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കണ്ണൂര്‍ തളാപ്പില്‍ മന്ത്രിയുടെ വാഹനം ഡിവൈഡറില്‍ ഇടിച്ച് ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മന്ത്രിയെ മറ്റൊരു വാഹനത്തില്‍ വീട്ടില്‍ എത്തിച്ചു.
◼️നടനും നിര്‍മാതാവുമായ വിജയ് ബാബു പീഡിപ്പിച്ചെങ്കില്‍ പിന്നെ എന്തിനാണു നടി വീണ്ടും വീണ്ടും അയാളുടെ പിറകേ പോയതെന്ന് നടി മല്ലിക സുകുമാരന്‍. പരാതിക്കാരിയോടു മറ്റുള്ളവര്‍ ഇതു ചോദിക്കണമെന്ന് മല്ലിക പറയുന്നു. കൗമുദി മൂവീസിനു നല്‍കിയ അഭിമുഖത്തിലാണ് ഇങ്ങനെ പ്രതികരിച്ചത്.
◼️പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് അകമ്പടിപോയ കാറും മുഖ്യ ആസൂത്രകന്റേത് എന്ന് സംശയിക്കുന്ന ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. കാറില്‍നിന്നാണ് ഫോണ്‍ പൊലീസിനു കിട്ടിയത്. എസ്ഡിപിഐയുടെ കൊടി, ആയുധം വയ്ക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ചാക്ക്, എന്നിവയും കാറില്‍നിന്ന് കിട്ടി.
◼️സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഇളവുതേടി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. എറണാകുളം തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. കര്‍ദിനാളിനോടും കൂട്ടുപ്രതികളോടും ഇന്നു കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.
◼️തൃക്കാക്കരയില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ സൗഹൃദ മത്സരമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സില്‍വര്‍ ലൈന്‍ പദ്ധതിയോട് ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന് മനസ്സിലാക്കിയാണ് തെരഞ്ഞെടുപ്പ് സമയത്ത് കല്ലിടല്‍ നിര്‍ത്തിയത്. അനുമതി നല്‍കില്ലെന്ന് വ്യക്തമാക്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനിയില്‍ മെട്രോമാന്‍ ഇ ശ്രീധരനുമായുള്ള കൂടികാഴ്ച്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു വി മുരളീധരന്‍.
◼️സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ 42 വാര്‍ഡുകളിലേക്ക് നാളെ വോട്ടെടുപ്പ്. ബുധനാഴ്ചയാണു വോട്ടെണ്ണല്‍.
◼️ഭാര്യാ സഹോദരന്‍ മകളെ പീഡിപ്പിച്ചെന്ന വ്യാജ പോക്സോ പരാതിയില്‍ കുഞ്ഞിന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് പൊലീസാണ് പിതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തത്. നാലു വയസുകാരിയായ മകളെ ഭാര്യയുടെ സഹോദരന്‍ പീഡിപ്പിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ജനുവരിയിലാണ് ഇയാള്‍ വഴിക്കടവ് പൊലീസില്‍ പരാതി നല്‍കിയത്.
◼️മുതിര്‍ന്ന എന്‍സിപി നേതാവ് ശരദ് പവാറിനെതിരേ ഫേസ് ബുക്കില്‍ പോസ്റ്റിട്ട മറാത്തി നടി കേതകി ചിതാലെയെ അറസ്റ്റ് ചെയ്തു. 'പവാര്‍ ഹിന്ദുക്കള്‍ക്കെതിരാണെന്നും നരകം കാത്തിരിക്കുന്നുണ്ടെന്നും' എഴുതിയ മറ്റൊരാളുടെ പോസ്റ്റ് ഷെയറ് ചെയ്തതിനെതിരെ ഒരാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കേതകിയെ കോടതി 18 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
◼️ഈ മാസം 31 വരെ ഗോതമ്പ് സംഭരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. വിപണിയിലെ വിലക്കയറ്റവും കയറ്റുമതിയിലെ കുതിപ്പുംമൂലം ഈ വര്‍ഷം ഗോതമ്പ് സംഭരണം മന്ദഗതിയിലായിരുന്നു. വില കൂടിയതോടെ കര്‍ഷകര്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് വന്‍തോതില്‍ ഗോതമ്പ് വിറ്റതാണു കാരണം.
◼️കാഷ്മീരില്‍ കാഷ്മീരി പണ്ഡിറ്റുകള്‍ക്കുനേരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. ബുദ്ഗാം മേഖലയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്എച്ച്ഒയെ സ്ഥലം മാറ്റി.
◼️പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നേപ്പാള്‍ സന്ദര്‍ശിക്കും. ശ്രീബുദ്ധന്റെ 2566 ാം പിറന്നാളാഘോഷങ്ങളോടനുബന്ധിച്ചാണ് സന്ദര്‍ശനം. നേപ്പാളിലെ ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയില്‍ എത്തുന്ന പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തും.
◼️യുഎഇ ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ അനുശോചിക്കാന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അബുദാബിയിലെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ അബുദാബിയിലെത്തിയ അദ്ദേഹത്തെ ഉന്നതതല പ്രതിനിധി സംഘം സ്വീകരിച്ചു.
◼️ഫ്ളോറിഡ തീരത്ത് ചത്ത് അടിഞ്ഞുകൂടിയ കൂറ്റന്‍ സ്‌പേം തിമിംഗലത്തിന്റെ വയറ്റില്‍ പ്ലാസ്റ്റിക് ബാഗുകള്‍ അടക്കമുള്ള മാലിന്യക്കൂമ്പാരം. 47 അടി നീളമുള്ള കൂറ്റന്‍ തിമിംഗലത്തെ പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് വയറില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ലഭിച്ചത്.
◼️വിഖ്യാതമായ തോമസ് കപ്പ് ബാഡ്മിന്റണില്‍ ചരിത്രത്തിലാദ്യമായി കിരീടം സ്വന്തമാക്കി ഇന്ത്യ. ഇന്നലെ നടന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരും 14 തവണ ചാമ്പ്യന്‍മാരുമായ കരുത്തരായ ഇന്തോനേഷ്യയെ അട്ടിമറിച്ചാണ് ഇന്ത്യ കീരീടം സ്വന്തമാക്കിയത്. ഫൈനലില്‍ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ കന്നികിരീടമുറപ്പിച്ചത്. സിംഗിള്‍സില്‍ ലക്ഷ്യയും ശ്രീകാന്തും വിജയിച്ചപ്പോള്‍ ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യവും വിജയഭേരി മുഴക്കി. ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശില്‍പി.
◼️തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തില്‍ ആദ്യമായി കിരീടം നേടിയ ഇന്ത്യന്‍ ടീമിന് ഒരു കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് കേന്ദ്ര കായിക മന്ത്രാലയം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപനം നടത്തിയത്.
◼️ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 24 റണ്‍സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് ഒരു മത്സരം ശേഷിക്കേ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി നിലനിര്‍ത്തി. നിലവില്‍ 16 പോയന്റുമായി രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തെത്തി. രാജസ്ഥാന്‍ ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
◼️രാജ്യത്തെ വിദേശ നാണ്യ ശേഖരത്തില്‍ 1.774 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടായെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മെയ് 6 വരെയുള്ള കണക്ക് പ്രകാരം 595.954 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള വിദേശ നാണ്യ ശേഖരമാണ് ഇപ്പോഴുള്ളത്. ഇതിന് മുന്‍പുള്ള ആഴ്ച്ചകളില്‍ ആകെ ശേഖരം 2.695 ബില്യണ്‍ യുഎസ് ഡോളര്‍ ഇടിഞ്ഞ് 597.728 ബില്യണ്‍ ഡോളറിലെത്തിയെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. വിദേശ നിക്ഷേപകര്‍ രാജ്യത്ത് നിന്നും പണം പിന്‍വലിക്കുന്ന പ്രവണത വര്‍ധിക്കുന്നതിനാല്‍ രൂപ ഒട്ടേറെ സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് വരെയുള്ള ആറ് മാസക്കാലയളവിനിടയില്‍ രാജ്യത്തെ വിദേശ നാണ്യ വിനിമയത്തില്‍ 28.05 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇടിവാണുണ്ടായത്.
◼️എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ് (എല്‍ഐസി എച്ച്എഫ്എല്‍) തിരഞ്ഞെടുത്ത വായ്പക്കാര്‍ക്ക് ഭവനവായ്പാ പലിശ നിരക്ക് 20 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചു. 6.7 ശതമാനത്തില്‍ നിന്ന് 6.9 ശതമാനമായിയാണ് ഉയര്‍ത്തിയത്. സിബില്‍ സ്‌കോര്‍ 700-ഉം അതിനുമുകളിലും ഉള്ളവര്‍ക്ക്, നിരക്ക് വര്‍ധന് 20 ബേസിസ് പോയിന്റ് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അതേസമയം സിബില്‍ സ്‌കോര്‍ 700-ല്‍ താഴെയുള്ള ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധന 25 ബേസിസ് പോയിന്റാണ്.
◼️ഷറഫുദ്ദീനെ ടൈറ്റില്‍ കഥാപാത്രമാക്കി ആന്റണി സോണി സംവിധാനം ചെയ്ത പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. മറ്റുള്ളവരുടെ ഏത് കാര്യത്തിനും ഓടിയെത്താന്‍ മടിയില്ലാത്ത ആളാണ് ചിത്രത്തിലെ നായക കഥാപാത്രമായ പ്രിയദര്‍ശന്‍. നൈല ഉഷയും അപര്‍ണ ദാസുമാണ് ചിത്രത്തിലെ നായികമാര്‍. ചിത്രത്തിന്റെ രചന അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ്. സംഗീതം ലിജിന്‍ ബാംബിനോ, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, പ്രജീഷ് പ്രേം.
◼️നിരഞ്ജ് മണിയന്‍പിള്ളയെ നായകനാക്കി സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന വിവാഹ ആവാഹനം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പുതുമുഖ താരം നിതാരയാണ് നായിക. സാമൂഹിക ആക്ഷേപഹാസ്യ ചിത്രം എന്നു ഓര്‍മ്മപ്പെടുത്തുന്നതാണ് പോസ്റ്റര്‍ അജു വര്‍ഗീസ്, പ്രശാന്ത് അലക്സാണ്ടര്‍, സുധി കോപ്പ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് മറ്റ് താരങ്ങള്‍.
◼️ലോകത്തിലെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നാണ് ഫോക്‌സ്വാഗണ്‍ ഗ്രൂപ്പ്. ഓട്ടോമോട്ടീവ് മേഖലയിലെ പ്രശസ്തരായ പല കമ്പനികളും ഇന്ന് ഫോക്‌സ്വാഗണ്‍ കുടക്കീഴില്‍ വരുന്നു. ഔഡി, പോര്‍ഷെ, ലംബോര്‍ഗിനി, ബെന്റ്‌ലി എന്നിവയാണ് ഫോക്‌സ്വാഗണ്‍ ഗ്രൂപ്പിന്റെ ഭാഗമായ ചില കമ്പനികള്‍. ഇപ്പോള്‍, ഈ ജര്‍മ്മന്‍ ഓട്ടോ ഭീമന്‍ ഒരു ഐക്കണിക് അമേരിക്കന്‍ ബ്രാന്‍ഡായ സ്‌കൌട്ടിനെ പുനരുജ്ജീവിപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഈ പുതിയ ബ്രാന്‍ഡിന് കീഴില്‍, അമേരിക്കയിലെ ഓട്ടോമോട്ടീവ് വിപണിയുടെ ഒരു പങ്ക് പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ ഫോക്‌സ്വാഗണ്‍ ഒരു പുതിയ ഇലക്ട്രിക് പിക്കപ്പും എസ്യുവിയും വില്‍ക്കും എന്നും റിപ്പോര്‍ട്ടുണ്ട്.
◼️സ്വന്തം വീഴ്ചകളെക്കുറിച്ചുള്ള ബോധത്തില്‍നിന്ന് ഉരുത്തിരിയുന്ന ഈ ആത്മീയയാത്ര അവസാനിക്കുന്നത് തന്റെ ജീവിതത്തിലെ നിര്‍ണായകമായ മുഹൂര്‍ത്തത്തില്‍ എല്ലാവരോടും മാപ്പപേക്ഷിച്ചുകൊണ്ടാണ്. കരുണയും ക്ഷമയും പഠിപ്പിക്കുകയും സ്വന്തം ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുകയും ചെയ്യുന്ന ദലൈലാമയുടെ ദൃഷ്ടാന്തം ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള എല്ലാ മതവിശ്വാസികള്‍ക്കും പാഠമാണ്. 'കെടുകാറ്റിലെ നെയ്ത്തിരി'. ജിജി തോംസണ്‍. ഡിസി ബുക്സ. വില 142 രൂപ.
◼️ദിവസവും കഴിക്കാനായി തെരഞ്ഞെടുക്കുന്ന ഭക്ഷണം, അതിനുള്ള സമയം, അളവ് എല്ലാം ശ്രദ്ധിക്കുക. ഏത് തരം ഡയറ്റാണ് പിന്തുടരുന്നത് എങ്കിലും വയറ്റിനകത്തുള്ള ആരോഗ്യകരമായ ബാക്ടീരിയകളെ നിലനിര്‍ത്തുകയും അവയെ ശക്തിപ്പെടുത്തുകയും വേണം. ഈ ബാക്ടീരിയകളാണ് കാര്യമായും വയറിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നത്. വിഷാദം, ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്നങ്ങളുടെ കാര്യത്തില്‍ പോലും വയറ്റിനകത്തെ ഈ ബാക്ടീരിയക്കൂട്ടങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. ഇത്തരത്തില്‍ വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ 'പ്രോബയോട്ടിക്സ്' എന്നാണ് വിളിക്കുന്നത്. അതുപോലെ ഇവയെ ഭക്ഷണം നല്‍കി ശക്തിപ്പെടുത്തി, നിലനിര്‍ത്തുന്ന ഭക്ഷണങ്ങളെ 'പ്രീബയോട്ടിക്സ്' എന്നും വിളിക്കുന്നു. ഈ രണ്ട് വിഭാഗത്തില്‍ പെടുന്ന ഭക്ഷണവും പതിവായി ഡയറ്റിലുള്‍പ്പെടുത്തിയാല്‍ വയറിന്റെ ആരോഗ്യം ഉറപ്പിക്കാമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. പ്രകൃത്യാ തന്നെ ഇവ രണ്ടും നമുക്ക് ലഭ്യമാണ്. ഉദാഹരണത്തിന് നേന്ത്രപ്പഴം, വെളുത്തുള്ളി, ഉള്ളി, ആപ്പിള്‍ എന്നിവയെല്ലാം പ്രീബയോട്ടിക് ഭക്ഷണങ്ങളുടെ കൂട്ടത്തിലുള്‍പ്പെടുന്നവയാണ്. തൈര് പോലുള്ള പുളിച്ച ഭക്ഷണസാധനങ്ങള്‍ പലതും പ്രോബയോട്ടിക്കും ആണ്. ഇതില്‍ കട്ടത്തൈര് ആണ് ഏറ്റവും മികച്ച പ്രോബയോട്ടിക് ആയി കണക്കാക്കപ്പെടുന്നത്. പ്രോബയോട്ടിക് ഭക്ഷണവും പ്രീബയോട്ടിക് ഭക്ഷണവും ധൈര്യമായി യോജിപ്പിച്ച് കഴിക്കാം. ദിവസത്തിലൊരിക്കലെങ്കിലും ഇവ ഡയറ്റിലുള്‍പ്പെടുത്താനും ശ്രദ്ധിക്കുക.
*ശുഭദിനം*
രാജാവ് തന്റെ മട്ടുപ്പാവില്‍ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ചിലന്തി വല നെയ്യുന്നത് കാണുന്നത്. ഏറെ നേരം പണിപ്പെട്ടിട്ടും ചിലന്തിക്ക് നൂല് തമ്മില്‍ യോജിപ്പിക്കാന്‍ സാധിച്ചില്ല. ഇത് കണ്ട് രാജാവ് സ്വയം പറഞ്ഞു: ഇവയൊക്കെ എന്തിന് ജന്മമെടുത്തതാണ്. ആര്‍ക്കെങ്കിലും എന്തെങ്കിലും ഉപകാരം ഇവയെയൊക്കെ കൊണ്ട് ഉണ്ടാകുമോ... മാസങ്ങള്‍ കടന്നുപോയി. രാജ്യം ആക്രമിക്കപ്പെട്ടു. രാജാവ് ഒരു ഗുഹയില്‍ അഭയം തേടി. രാജാവ് ഗുഹക്കുള്ളില്‍ കയറിയ നിമിഷം മുതല്‍ ഒരു ചിലന്തി ഗുഹാവാതിലില്‍ വല നെയ്യുന്നുണ്ടായിരുന്നു. ഏറെ നേരത്തെ അന്വേഷത്തിന് ശേഷം ശത്രുസൈന്യം ആ ഗുഹയ്ക്കരികിലും എത്തി. പൊട്ടാത്ത ചിലന്തിവലകണ്ടപ്പോള്‍ സൈന്യാധിപന്‍ പറഞ്ഞു: ഈ ഗുഹയില്‍ ആരും കയറിയിട്ടില്ല. ഉണ്ടെങ്കില്‍ ആ ചിലന്തിവല പൊട്ടിയേനെ, നമുക്ക് തിരിച്ച് പോകാം.. സുരക്ഷിതമേഖലയില്‍ ഇരിക്കുമ്പോള്‍ മറ്റുള്ളവരുടെ ജീവിതം അളന്നെടുക്കുന്നതില്‍ ചിലപ്പോള്‍ അബദ്ധങ്ങള്‍ സംഭവിച്ചേക്കാം. ആ സമയത്ത് സ്വന്തം അഹന്തയില്‍ നിന്നുമാത്രമേ മറ്റു ജീവിതങ്ങളെ നിരീക്ഷിക്കൂ.. ഓരോ ജീവിതത്തിനും അതിന്റെതായ തിരക്കഥകളുണ്ടാകും. പുറത്ത് നില്‍ക്കുന്നവര്‍ക്ക് അജ്ഞാതമയത്. അതിനെ സ്വന്തം അനുഭവങ്ങളുമായി താരതമ്യപ്പെടുത്തി വിലയിരുത്തുമ്പോഴാണ് അന്യരുടെ ജീവിതങ്ങള്‍ അടിസ്ഥാനരഹിതമായി തോന്നുന്നത്. പ്രാണനുള്ളവയ്‌ക്കെല്ലാം അതിന്റെതായ ചൂടും വെളിച്ചവുമുണ്ട്. ലോകത്തെ പ്രകാശിപ്പിക്കാനുള്ള വഴിവിളക്കാകാന്‍ സാധിച്ചില്ലെങ്കിലും സ്വയം ചലിക്കാനുള്ള റാന്തല്‍വെളിച്ചം എല്ലാവരുടേയും കയ്യിലുണ്ട്. അവരവര്‍ അപ്രസക്തരായിരിക്കുന്ന സ്ഥലത്ത് വെച്ച് കണ്ടുമുട്ടാന്‍ സാധിച്ചാല്‍ ഈ വെളിച്ചം നമുക്ക് തിരിച്ചറിയാന്‍ സാധിക്കുക തന്നെ ചെയ്യും - *ശുഭദിനം.*
MEDIA 16 NEWS