◼️സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് അയ്യായിരം കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ അനുമതി. 20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ തേടിയത്. ഈ വര്‍ഷത്തേക്കുള്ള വായ്പാ പരിധി കേന്ദ്രം നിശ്ചയിച്ചു തന്നിട്ടില്ല. അടുത്ത മാസം മുതല്‍ ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാത്ത സാഹചര്യത്തില്‍ മിക്ക സംസ്ഥാനങ്ങളും സഹായം തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു.
◼️ഡല്‍ഹിയില്‍ മുണ്ട്കാ മെട്രോ സ്റ്റേഷനു സമീപം മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 26 പേര്‍ വെന്തുമരിച്ചു. സിസിടിവി ക്യാമറകളും റൗട്ടറും നിര്‍മ്മിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. 40 പേര്‍ക്ക് പരിക്കേറ്റു. 70 പേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഉയര്‍ന്നേക്കാം. സ്ഥാപനമുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◼️ബിജെപി ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയും മഹാത്മാഗാന്ധിയുടെ ഘാതകരെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുകയാണെന്ന് എഐസിസി അധ്യക്ഷ സോണിയാഗാന്ധി. ജനാധിപത്യം ഭീഷണിയിലാണ്. കോണ്‍ഗ്രസിനെ ശക്തമാക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. രാജസ്ഥാനില്‍ ഉദയ്പുരില്‍ കോണ്‍ഗ്രസ് ചിന്തന്‍ ശിബിര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സോണിയ. കാലഘട്ടത്തിനും പുതിയ വെല്ലുവിളികള്‍ക്കും അനുസരിച്ച് പാര്‍ട്ടിയെ നവീകരിക്കണം. പ്രവര്‍ത്തനരീതികളില്‍ മാറ്റം വരുത്തണം. സോണിയ പറഞ്ഞു.
◼️യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അന്തരിച്ചു. 73 വയസായിരുന്നു. യുഎഇയില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയ്ക്ക് മൂന്നു ദിവസത്തെ അവധി. പ്രളയകാല പ്രതിസന്ധിയില്‍ കേരളത്തിനു സഹായഹസ്തം നീട്ടിയ യുഎഇ പ്രസിഡന്റ് എന്നും കേരളത്തിന്റെ സുഹൃത്തായിരുന്നെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയ പ്രമുഖരെല്ലാം അനുശോചിച്ചു.
◼️എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവു നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീം കോടതി. നഷ്ടപരിഹാരം നല്‍കാന്‍ 2017 ലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. 3704 ഇരകളില്‍ എട്ടു പേര്‍ക്കു മാത്രമാണ് നഷ്ടപരിഹാരം നല്‍കിയത്. ഇതിനെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചത്.
◼️സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പൊലീസുകാര്‍ക്കെതിരേ കേസെടുക്കണമെന്ന് ഡിജിപി അനില്‍ കാന്ത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപിയുടെ നിര്‍ദ്ദേശം. വര്‍ഗീയ സംഘര്‍ഷങ്ങളും കൊലപാതങ്ങളും സംസ്ഥാനത്തുണ്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. കൊലവിളി പ്രസംഗം നടത്തുന്ന സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും ഡിജിപി ആവശ്യപ്പെട്ടു.
◼️ഐജി ജി. ലക്ഷ്മണിന്റെ സസ്പെന്‍ഷന്‍ മൂന്നു മാസം കൂടി നീട്ടി. നാലു മാസമായി ഐജി സസ്പെന്‍ഷനിലാണ്. പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പിനു കൂട്ടുനിന്നുവെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിന്റെ നടപടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് സസ്പെന്‍ഷന്‍ നീട്ടിയത്.
◼️മോഡല്‍ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് അറസ്റ്റില്‍. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ഷഹാന തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. ദേഹത്ത് ചെറിയ മുറിവുകള്‍ ഉണ്ട്. സജാദ് ലഹരിമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു.
◼️കാലാവസ്ഥ അനുകൂലമായാല്‍ ഇന്നു വൈകുന്നേരം തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താന്‍ ധാരണ. കനത്ത മഴയെത്തുടര്‍ന്നാണ് 11 ന് പുലര്‍ച്ചെ നടക്കേണ്ടിയിരുന്ന വെടിക്കെട്ട് വൈകുന്നേരത്തേക്ക് മാറ്റിയത്. മഴ പെയ്തതോടെ വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു.
◼️തൃശൂര്‍ പൂരം വെടിക്കെട്ടു നടത്തേണ്ട വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് മദ്യലഹരിയില്‍ ചൈനീസ് പടക്കം പൊട്ടിച്ച് ആഘോഷിച്ച മൂന്നുപേരെ പൊലീസ് പിടികൂടി. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ടുപുരയ്ക്ക് സമീപം രാത്രി എട്ടരയോടെയാണ് യുവാക്കള്‍ വെടിക്കെട്ടു നടത്തിയത്. കോട്ടയം സ്വദേശികളായ അജി, ഷിജാബ്, തൃശൂര്‍ എല്‍ത്തുരുത്ത് സ്വദേശി നവീന്‍ എന്നിവരാണ് അറസ്റ്റിലായത്. യുവാക്കളുടെ കാറില്‍ നിന്ന് പടക്കങ്ങളും കണ്ടെത്തി.
◼️സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്കു സാധ്യത. ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.
◼️മലപ്പുറത്ത് പോക്സോ കേസില്‍ പ്രതിയായ മുന്‍ അധ്യാപകന്‍ കെ.വി ശശികുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പതിലധികം വിദ്യാര്‍ത്ഥികളാണ് സിപിഎം നേതാവായ അധ്യാപകനെതിരെ പരാതി നല്‍കിയത്. ശശികുമാറിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ചു എംഎസ്എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.
◼️തൊടുപുഴയില്‍ അമ്മയുടെ കാമുകന്‍ അരുണ്‍ ആനന്ദിന്റെ മര്‍ദനമേറ്റു മരിച്ച ഏഴു വയസുകാരന്റെ പിതാവു മരിച്ചതും കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച്. ഏഴു വയസുകാരന്റെ പിതാവ് ബിജു 2018 ല്‍ മരിച്ചത് കഴുത്തു ഞെരിച്ചുള്ള കൊലപാതകമാണെന്നാണ് രണ്ടാമതു നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ലഭിച്ച വിവരം. ബിജുവിന്റെ ഭാര്യ കാമുകന്‍ അരുണ്‍ ആനന്ദുമായി ചേര്‍ന്ന് കൊലപാതകം നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്. ഏഴു വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ അരുണ്‍ ആനന്ദിനെ കോടതി ഇക്കഴിഞ്ഞ ദിവസം 21 വര്‍ഷത്തെ കഠിനതടവിനു ശിക്ഷിച്ചിരുന്നു.
◼️സോളാര്‍ പീഡന കേസില്‍ ഹൈബി ഈഡന്‍ എംപിയെ സിബിഐ കൊച്ചിയില്‍ ചോദ്യം ചെയ്തു. ഹൈബി ഈഡന്‍ പ്രതിയായ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ നേരത്തെ തെളിവെടുപ്പു നടത്തിയിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി അനില്‍കുമാര്‍, അബ്ദുള്ള കുട്ടി, അനില്‍കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സഹദുള്ള എന്നിവരാണ് പ്രതികള്‍.
◼️എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും ഗുരുതരമായ അക്രമങ്ങള്‍ നടത്തുന്ന സംഘടനകളാണെന്ന് ഹൈക്കോടതി. എന്നാല്‍ ഇരു സംഘടനകളേയും നിരോധിച്ചിട്ടില്ല. പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സഞ്ജിത്ത് വധക്കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഈ പരാമര്‍ശം.
◼️വിദ്യാലയങ്ങളിലും പരാതി പരിഹാരസെല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. തിരുവനന്തപുരത്ത് വനിതാകമ്മീഷന്‍ അദാലത്തുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ വിദ്യാലയങ്ങളിലും അധ്യാപികമാര്‍, ജീവനക്കാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് പരാതിപ്പെടാനും പരിഹാരമുണ്ടാക്കാനും സംവിധാനം ഒരുക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടും. സതീദേവി പറഞ്ഞു.
◼️വിദ്യാത്ഥികള്‍ക്കെതിരെ ലൈംഗിക അധിക്ഷേപ പരാതിയെത്തുടര്‍ന്ന് ചേര്‍ത്തല എസ്എച്ച് നഴ്സിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പലായ കന്യാസ്ത്രീ സിസ്റ്റര്‍ പ്രീത മേരിയെ സസ്പെന്റ് ചെയ്തു. നഴ്സിംഗ് കൗണ്‍സിലിന്റേതാണ് നടപടി. ഒരുമിച്ച് നടക്കുകയോ പഠിക്കുകയോ ചെയ്താല്‍ കുട്ടികള്‍ തമ്മില്‍ സ്വവര്‍ഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ ആരോപിച്ചിരുന്നതായാണു കുട്ടികളുടെ പരാതി.
◼️ബിവറേജസ് മദ്യശാലയില്‍നിന്നു മദ്യം വാങ്ങി പോയവരെ എക്സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഭീഷണപ്പെടുത്തി മദ്യവും പണവും സ്വര്‍ണ്ണവും കവര്‍ന്ന രണ്ടു പേര്‍ പിടിയില്‍. കോഴിക്കോട് പുതിയങ്ങാടി സ്വദേശി ഫാത്തിമ മന്‍സിലില്‍ മക്ബൂല്‍, അത്തോളി കൊങ്ങന്നൂരിലെ മീത്തല്‍വീട്ടില്‍ ജറീസ് എന്നിവരാണ് പിടിയിലായത്.
◼️സുപ്രീംകോടതി അനുവദിച്ച പരോള്‍ സമയം കഴിഞ്ഞിട്ടും 34 തടവുകാര്‍ സംസ്ഥാനത്തെ ജയിലുകളിലേക്ക് തിരിച്ചെത്തിയില്ല. കൊവിഡ് കാല ഇളവെന്ന നിലയിലാണ് ദീര്‍ഘകാല പരോള്‍ അനുവദിച്ചത്. തടവുകാരെ കണ്ടെത്താന്‍ ജയില്‍ വകുപ്പ് പൊലീസിന്റെ സഹായം തേടും.
◼️പരോളിലിറങ്ങിയ തടവുകാരന്‍ തൂങ്ങിമരിച്ചു. വലംചുഴി സ്വദേശി ഗിരീഷ്‌കുമാര്‍ ആണ് മരിച്ചത്. കൊലക്കേസില്‍ ജീവപര്യന്തം തടവുകാരനായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ ജനുവരി 12 മുതല്‍ പരോളിലായിരുന്നു.
◼️മലമ്പുഴയിലെ പാലക്കാട് ജില്ലാ ജിയിലില്‍നിന്നും ചാടിപ്പോയ പ്രതി കുഴല്‍മന്ദം സ്വദേശി ഷിനോയി പിടിയില്‍. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ വച്ചാണ് പിടികൂടിയത്. അടിപിടിക്കേസിലാണ് കഴിഞ്ഞ മാസം ഇയാള്‍ അറസ്റ്റിലായത്. ജാമ്യമെടുക്കാന്‍ ആളില്ലാതെ റിമാന്‍ഡ് തുടരുകയായിരുന്നു.
◼️പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. കൊയിലാണ്ടി ചേരിയകുന്നുമ്മല്‍ താഴെ കുനി വീട്ടില്‍ ജിഷ്ണു (25) ആണ് പോക്സോ കേസില്‍ പിടിയിലായത്. വിദേശത്തേക്കു മുങ്ങിയിരുന്ന പ്രതിയെ ഒരു വര്‍ഷത്തിനു ശേഷമാണ് പൊലീസ് അറസ്റ്റു ചെയ്തത്.
◼️നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്റെ കൊലപാതകക്കേസില്‍ കൂട്ടുപ്രതിയായ നൗഷാദുമായി പൊലീസ് തെളിവെടുപ്പ് നടത്തി. വൈദ്യന്‍ ഷാബാ ഷെരീഫിനെ തടവില്‍ പാര്‍പ്പിച്ച ഷൈബിന്‍ അഷ്റഫിന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. കുളിമുറിയുടെ പൈപ്പുകള്‍ മുറിച്ച് അന്വേഷണ സംഘം പരിശോധിച്ചു. വൈദ്യന്റെ രക്തക്കറ കണ്ടെത്താനാണ് ശ്രമം. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനായിട്ടില്ല.
◼️പൈലറ്റായി പായുന്ന പൊലീസ് വാഹനത്തിനു വഴി തെറ്റിയാല്‍ പിറകേ വരുന്ന മന്ത്രി വെട്ടിലാകും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിനാണ് ഇങ്ങനെയൊരു അക്കിടി പറ്റിയത്. മാവേലിക്കരയില്‍ ആത്മബോധോദയ സംഘം സംഘടിപ്പിച്ച പരിപാടിയിലേക്കായിരുന്നു മന്ത്രിയുടെ യാത്ര. എന്നാല്‍ പൈലറ്റ് പോലീസ് എത്തിച്ചത് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള ഉദ്ഘാടകനായ ചെറുകോലിലെ പരിപാടിയിലേക്കാണ്. മന്ത്രിയുടെ വരവുകണ്ട് സംഘാടകരും സദസും അമ്പരന്നു. സ്റ്റേജിലുണ്ടായിരുന്ന കൊടിക്കുന്നില്‍ സുരേഷ് എംപി മന്ത്രി വീണ ജോര്‍ജിനോട് വേദി മാറിപ്പോയെന്നു പറഞ്ഞപ്പോഴാണ് അമളി പിണഞ്ഞെന്നു തിരിച്ചറിഞ്ഞത്. മന്ത്രിയെ വഴിതെറ്റിച്ച പോലീസുകാര്‍ക്കെതിരേ നടപടി ഉണ്ടാകും.
◼️ഇടവമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട ഇന്നു വൈകുന്നേരം അഞ്ചിനു തുറക്കും. ഇടവം ഒന്നായ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് നിര്‍മ്മാല്യദര്‍ശനവും പതിവ് അഭിഷേകവും മഹാഗണപതിഹോമവും നടക്കും. 19 ന് രാത്രി പത്തിന് ക്ഷേത്ര നട അടയ്ക്കും.
◼️പ്രശസ്ത കഥകളി ചുട്ടികുത്ത് കലാകാരന്‍ പരമേശ്വരന്‍ പിള്ള അന്തരിച്ചു. അഞ്ചു പതിറ്റാണ്ടോളം കഥകളി ചുട്ടി രംഗത്ത് സേവനം അനുഷ്ഠിച്ച കലാകാരനായിരുന്നു ചുട്ടി പരമേശ്വരന്‍ എന്നറിയപ്പെട്ട പരമേശ്വരന്‍ പിള്ള.
◼️പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് ബെംഗ്ലൂരുവില്‍ യുവതിക്കുനേരെ ആസിഡ് ആക്രമണം നടത്തിയ യുവാവ് നാഗേഷ് അറസ്റ്റില്‍. തമിഴ്നാട്ടിലെ തിരുവണ്ണാമലൈയില്‍ സന്യാസി വേഷത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സംഭവം നടന്ന് 16 ദിവസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ്. യുവതി ഓഫിസിലേക്ക് കോണിപ്പടി കയറവേ നാഗേഷ് കുപ്പിയില്‍ കരുതിയ ആസിഡ് മുഖത്തേയ്ക്ക് ഒഴിക്കുകയായിരുന്നു.
◼️ജമ്മു കാഷ്മീരില്‍ രണ്ടു പേരെ ഭീകരര്‍ വധിച്ചതില്‍ പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി. പുല്‍വാമയില്‍ പൊലീസ് ഉദ്യോഗസ്ഥനും ബുദ്ഗാമില്‍ സര്‍ക്കാര്‍ ജീവനക്കാരനായ കശ്മീരി പണ്ഡിറ്റും കൊല്ലപ്പെട്ടു. ബുദ്ഗാമില്‍ പ്രതിഷേധിച്ച് റോഡിലിറങ്ങിയ നാട്ടുകാരും പൊലീസും ഏറ്റുമുട്ടി.
◼️ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ് ആപ്പിനു കീഴിലുള്ള കമ്പനിയില്‍ വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കിയതോടെ കൂട്ട രാജി. ബൈജൂസ് ഏറ്റെടുത്ത വൈറ്റ് ഹാറ്റ് ജൂനിയര്‍ എന്ന കമ്പനിയിലെ 800 പേരാണ് രാജി വച്ചത്.
◼️ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് താത്കാലികമായി നിര്‍ത്തിവച്ചു. ട്വിറ്റര്‍ അക്കൗണ്ടുകളില്‍ അഞ്ചു ശതമാനം വ്യാജ അക്കൗണ്ടുകളാകാമെന്ന് ട്വിറ്റര്‍ വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് ഏറ്റെടുക്കല്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. 4,400 കോടി ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കുമെന്നാണു മസ്‌ക് പ്രഖ്യാപിച്ചിരുന്നത്.
◼️തോമസ് കപ്പ് ബാഡ്മിന്റണില്‍ ചരിത്രത്തിലാദ്യമായി ഫൈനലില്‍ കടന്ന് ഇന്ത്യ. 73 വയസ് പ്രായമുള്ള ടീം ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ ഫൈനല്‍. ഇന്നലെ നടന്ന സെമിയില്‍ 2016-ലെ ജേതാക്കളായ ഡെന്‍മാര്‍ക്കിനെ 3-2ന് തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. നാളെ നടക്കുന്ന നടക്കുന്ന ഫൈനലില്‍ ഇന്‍ഡൊനീഷ്യയാണ് ഇന്ത്യയുടെ എതിരാളികള്‍.
◼️ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ പഞ്ചാബ് കിങ്‌സിന് 54 റണ്‍സിന്റെ ജയം. പഞ്ചാബ് ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 70 റണ്‍സെടുത്ത ലിവിങ്സറ്റണും 66 റണ്‍സെടുത്ത ബെയര്‍സ്റ്റോയുമാണ് പഞ്ചാബിനായ് കൂറ്റന്‍ സ്‌കോര്‍ നേടിയത്.
◼️കഴിഞ്ഞവര്‍ഷം കായികലോകത്ത് പണം വാരിയ താരങ്ങളില്‍ മുമ്പനായി ഫുട്ബോള്‍താരം ലയണല്‍ മെസ്സി. അര്‍ജന്റീനക്കാരനായ പി.എസ്.ജി താരം കഴിഞ്ഞ 12 മാസത്തിനിടെ കളിക്കളത്തില്‍നിന്നും പുറത്തു നിന്നുമായി നേടിയെടുത്തത് 13 കോടി ഡോളറാണ്, അതായത് ഏകദേശം 1006 കോടി രൂപ. എന്‍.ബി.എ. താരം ലെബ്രോണ്‍ ജെയിംസാണ് രണ്ടാമത്. വരുമാനം 938 കോടി ഡോളര്‍. ഫുട്ബോളിലെ മറ്റൊരു സൂപ്പര്‍താരമായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 890 കോടി ഡോളര്‍ വരുമാനമുണ്ടാക്കി മൂന്നാംസ്ഥാനത്തുണ്ട്.
◼️രാജ്യത്ത് റീട്ടെയില്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നു. കോവിഡിന് ശേഷം ഇതാദ്യമായി ഏപ്രിലില്‍ തൊഴിലവസരങ്ങളുടെ വര്‍ധന ശതമാനം ഇരട്ടയക്കത്തിലെത്തിയതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഓഫ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) റിപ്പോര്‍ട്ടില്‍ പറയുന്നു. ഏപ്രിലില്‍ മാത്രം എല്ലാ മേഖലകളിലും കൂടി 88 ലക്ഷം പേരാണ് പുതുതായി ജോലി നേടിയത്. റീട്ടെയില്‍ മേഖലയില്‍ 47 ശതമാനം വാര്‍ഷിക വളര്‍ച്ച നേടിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികള്‍ക്കായുള്ള ഡിമാന്‍ഡില്‍ 15 ശതമാനം വാര്‍ഷിക വളര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തൊഴില്‍ ലഭ്യതയും ഇതോടൊപ്പം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു മാസങ്ങളിലായി 12 ദശലക്ഷം തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടായപ്പോള്‍ ഏപ്രിലില്‍ 8.8 ദശലക്ഷം തൊഴില്‍ വര്‍ധിക്കുകയായിരുന്നു.
◼️2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ കണ്‍സോളിഡേറ്റഡ് അറ്റ നഷ്ടം 992.05 കോടി രൂപയിലേക്ക് കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റ നഷ്ടം 7,585.34 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം കണ്‍സോളിഡേറ്റഡ് വരുമാനം നാലാം പാദത്തില്‍ 78,439.06 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 88,627.90 കോടി രൂപയായിരുന്നു. സ്റ്റാന്റെലോണ്‍ അടിസ്ഥാനത്തില്‍ 2020-21ലെ നാലാം പാദത്തിലെ അറ്റാദായമായ 1,645.68 കോടി രൂപയെ അപേക്ഷിച്ച് അവലോകന കാലയളവില്‍ 413.35 കോടി രൂപ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു.
◼️ശരത് അപ്പാനി, രതീഷ് കൃഷ്ണന്‍ എന്നിവരെ നായകന്‍മാരാക്കി ഫ്രെയിം മേക്കേഴ്സ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിച്ച് നവാഗതരായ ജിനു ജെയിംസ്, മാത്സണ്‍ ബേബി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സൈബീരിയന്‍ കോളനി എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രതീഷ് കൃഷ്ണന്‍ കോശിച്ചായന്റെ പറമ്പ് എന്ന ചിത്രത്തിലും നായകനായി അഭിനയിച്ചു. അഞ്ജലി റാവു ആണ് സൈബീരിയന്‍ കോളനിയിലെ നായിക. ടോണി തോമസിന്റെതാണ് കഥ.
◼️രജിഷ വിജയന്‍, പ്രിയ വാര്യര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സൂരജ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കൊള്ള എന്നു പേരിട്ടു. ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ഏറ്റുമാനൂരില്‍ ആരംഭിക്കും. ചിത്രത്തിന്റെ പൂജയും ടൈറ്രില്‍ ലോഞ്ചും സംവിധായകന്‍ സിബി മലയില്‍ നിര്‍വഹിച്ചു. വിനയ് ഫോര്‍ട്ട്,പ്രേംപ്രകാശ്, ഷെബിന്‍ ബെന്‍സണ്‍, പ്രശാന്ത് അലക്‌സാണ്ടര്‍, വിനോദ് പറവൂര്‍,ജിയോ ബേബി എന്നിവരാണ് മറ്റു താരങ്ങള്‍. ബോബി സഞ്ജയ് യുടെ കഥയ്ക്ക് ജാസിം ജലാല്‍,നെല്‍സണ്‍ ജോസഫ് എന്നിവിര്‍ ചേര്‍ന്ന് തിരക്കഥ എഴുതുന്നു.
◼️ആരാധകര്‍ ഏറെയുള്ള മിഡില്‍ വെയിറ്റ് സ്പോര്‍ട്സ് മോട്ടര്‍സൈക്കിള്‍ വിഭാഗത്തില്‍ പുതിയ മാറ്റങ്ങള്‍ കുറിക്കാന്‍ ട്രയംഫ് ട്രൈഡന്റ് 660. 2022 മോഡല്‍ ട്രൈഡന്റ് 660 ലോകവിപണിയില്‍ അവതരിപ്പിച്ചു. ഏറെ താമസമില്ലാതെ ഈ വാഹനം ഇന്ത്യയിലുമെത്തും. പുതിയ വര്‍ഷം പുതിയ നിറങ്ങളെന്ന ആശയത്തിനെ അടിസ്ഥാനപ്പെടുത്തിയാണ് ട്രൈഡന്റ് വിപണിയിലെത്തിയത്. മാറ്റ് ബാജ ഓറഞ്ച്, മാറ്റ് സ്റ്റോം ഗ്രേ എന്നീ പുതിയ ആകര്‍കമായ നിറങ്ങളോടെയാണ് 2022 ട്രൈഡന്റ് എത്തുന്നത്. 660സിസി ഇന്‍ലൈന്‍ 3 സിലിണ്ടര്‍ എന്‍ജിന് 79.8 ബിഎച്ച്പിയും 64എന്‍എം ടോര്‍ക്കും നല്‍കാന്‍ ശേഷിയുണ്ട്. 189 കിലോഗ്രാം ഭാരമള്ള വാഹനത്തിന് 6.95 ലക്ഷം രൂപയാണ് വില.
◼️സയന്‍സിനു പോലും ഒരു ദിശാമുഖമാറ്റം അനിവാര്യമായിരിക്കുന്നു. ആ പരിണാമത്തിന്റെ ഊടും പാവും യുക്തിഭദ്രമായി വിഭാവനം ചെയ്യുകയാണ് ഈ കൃതി. ലോകം മൊത്തമായി രംഗവേദിയും എല്ലാരുമെല്ലാരും കഥാപാത്രങ്ങളും ആയതിനാല്‍ കഥപറയലില്‍ ഇന്നോളമുള്ള രീതികളും പാതകളും അല്ല ഇതില്‍. നാളെ എത്തിച്ചേരും എന്ന് ഉറപ്പുള്ള സന്തുലിത പൊറുതിയിലേക്ക് കാര്യകാരണ സമ്മതിയുള്ള പ്രയാണപഥങ്ങള്‍ ആവിഷ്‌കരിക്കുന്ന ഇത്തരമൊരു കൃതി മലയാളത്തിലെന്നല്ല ലോകസാഹിത്യത്തില്‍ത്തന്ന് ആദ്യമാണ്. സി. രാധാകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍. 'കാലം കാത്തുവെക്കുന്നത്'. മാതൃഭൂമി. വില 450 രൂപ.
◼️ഉപ്പിന്റെ അംശം ഭക്ഷണത്തില്‍ തീരെ കുറഞ്ഞ് പോകുന്നത് പ്രമേഹ രോഗികളില്‍ അടക്കം ഹൃദയസ്തംഭനത്തിനും മരണത്തിനും കാരണമാകാമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഉപ്പിന്റെ അംശം തീരെ കുറയുന്നത് കൊളസ്ട്രോളും ഇന്‍സുലിന്‍ പ്രതിരോധവും വര്‍ധിപ്പിക്കുമെന്നാണ് പുതിയ നിരീക്ഷണപഠനങ്ങളിലെ കണ്ടെത്തല്‍. ആരോഗ്യവാ•ാരായ വ്യക്തികളില്‍ കുറഞ്ഞ സോഡിയം തോത് 2.5 മുതല്‍ 4.6 ശതമാനം വരെ ചീത്ത കൊളസ്ട്രോള്‍(എല്‍ഡിഎല്‍) തോതും 5.9 മുതല്‍ ഏഴ് ശതമാനം വരെ ട്രൈഗ്ലിസറൈഡ് തോതും വര്‍ധിപ്പിക്കുമെന്ന് കണക്കാക്കുന്നു. ഇത് ഹൃദയസ്തംഭനത്തിനുള്ള സാധ്യതയും പല മടങ്ങ് വര്‍ധിപ്പിക്കുന്നു. പ്രതിദിനം 3000 മില്ലിഗ്രാമില്‍ താഴെ സോഡിയം ഉപയോഗിക്കുന്നത് ഹൃദയാഘാതവും പക്ഷാഘാതവും മൂലമുള്ള മരണ സാധ്യത വര്‍ധിപ്പിക്കുന്നു. സോഡിയത്തിന്റെ തോത് വളരെയധികം താഴ്ന്നു പോകുന്നത് ക്ഷീണവും ദുര്‍ബലതയും ഉണ്ടാക്കും. ചില കേസുകളില്‍ തലച്ചോറില്‍ നീര്‍ക്കെട്ടുണ്ടാക്കുകയും തുടര്‍ന്ന് തലവേദന, ചുഴലി, കോമ, മരണം എന്നിവ സംഭവിക്കുകയും ചെയ്യാം. മുതിര്‍ന്നവരില്‍ സോഡിയം താഴ്ന്ന് പോകുന്നത് പല സങ്കീര്‍ണതകളിലേക്കും നയിക്കാമെന്നതിനാല്‍ ഇവരിലെ ഉപ്പിന്റെ ഉപയോഗം സംബന്ധിച്ച് ജാഗ്രത പുലര്‍ത്തണമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
*ശുഭദിനം*
ചാരവൃത്തി നടത്തിയതിനാണ് ആ യുവാവിനെ പിടിച്ചത്. അന്നു സന്ധ്യാമണി മുഴങ്ങുമ്പോള്‍ ആ യുവാവിനെ വെടിവെച്ചുകൊല്ലാന്‍ പട്ടാളമേധാവി ഉത്തരവിട്ടു. വിധികേട്ട് യുവാവിന്റെ പ്രണയിനി മണി മുഴക്കുന്നയാളിന്റെ അടുത്തെത്തി. ഇന്ന് സന്ധ്യക്ക് മണി മുഴക്കരുതെന്നും മണി മുഴക്കിയാല്‍ തന്റെ പ്രിയപ്പെട്ടവന്റെ ജീവന്‍ അപകടത്തിലാകുമെന്നും അവള്‍ പറഞ്ഞു. പക്ഷേ തന്റെ കൃത്യനിഷ്ഠയില്‍ വിശ്വസിച്ചിരുന്ന അയാള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. അവസാനം അവര്‍ ഒരു ഏണി ഉപയോഗിച്ച് ആ മണിഅടിക്കുന്ന കെട്ടിടത്തിന്റെ മുകളിലെത്തി മണിയില്‍ തൂങ്ങിപ്പിടിച്ചു കിടന്നു. അന്ന് കൃത്യസമയത്ത് അയാള്‍ മണിയടിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല. കാര്യമന്വേഷിച്ചെത്തിയവര്‍ ആ കെട്ടിടത്തിന്റെ മുകളില്‍ കയറിയപ്പോള്‍ കാണുന്നത്, മുറിവേറ്റ്, മണിയില്‍ തൂങ്ങിക്കിടക്കുന്ന യുവതിയെയാണ്. സ്ഥലത്തെത്തിയ പട്ടാളമേധാവി ആ യുവാവിനെ വെറുതെവിടാന്‍ ഉത്തരവിട്ടു. എല്ലാവരും ഉപേക്ഷിച്ചുപോകുമ്പോഴും ഉയിരാകുന്ന ഒരാളുടെ സാന്നിധ്യമെങ്കിലുമുണ്ടെങ്കില്‍ ഏത് തകര്‍ച്ചയിലും തളിരിടാനുള്ള ഒരു തന്മാത്ര അവശേഷിക്കും. ലോകം മുഴുവന്‍ അനുകൂലമാകും എന്ന് ആര്‍ക്കും ഉറപ്പുവരുത്താനാകില്ല. എന്നാല്‍ താന്‍ ലോകമായി കരുതുകയും തന്നെ ലോകമായി കാണുകയും ചെയ്യുന്ന അപൂര്‍വ്വം ആളുകളെ ആശ്രയിച്ചാണ് ഓരോ ജീവിതവും അതിന്റെ തണലും തായ് വേരും കണ്ടെത്തുന്നത്. ആനന്ദാനുഭൂതികള്‍ പങ്ക് വെയ്ക്കാന്‍ എല്ലാവരും കൂടെയുണ്ടാകും. എന്നാല്‍ ആപത്ത് വരുമ്പോള്‍ കൂടെ സഞ്ചരിച്ചാല്‍ തനിക്കത് അത്യാഹിതം വരുത്തിവെയ്ക്കും എന്ന് കരുതി പലരും തന്ത്രപൂര്‍വ്വം രക്ഷപ്പെടുന്നത് കാണാം. വ്യവസ്ഥകളോട് കൂടി തന്നെയാണ് എല്ലാ ബന്ധങ്ങളും. അത് വിശ്വാസത്തിന്റെതാകാം, നേട്ടങ്ങളുടേതാകാം, മാനസികോല്ലാസത്തിന്റെതാകാം. ഇവയ്ക്ക് കോട്ടം സംഭവിച്ചാല്‍ അന്നവസാനിക്കും ആത്മബന്ധങ്ങള്‍. എന്നാല്‍ അതിന് അപവാദമായി ചിലരുണ്ട്. കുറവുകളെ അംഗീകരിച്ച് ആപത്തിലും കൂടെ നില്‍ക്കുന്നവര്‍. അവരെ നമുക്ക് കണ്ടെത്താം, ചേര്‍ത്തുനിര്‍ത്താം - *ശുഭദിനം* MEDIA 16 News