◼️രാജ്യദ്രോഹക്കുറ്റ നിയമം മരവിപ്പിച്ച സുപ്രീംകോടതി ഉത്തരവ് വന്നെങ്കിലും ജയിലില്‍ കഴിയുന്ന ഭൂരിഭാഗം പേര്‍ക്കും മോചനസാധ്യത കുറവ്. രാജ്യദ്രോഹ കുറ്റത്തിനു പുറമേ, യുഎപിഎ വകുപ്പും ചേര്‍ത്താണ് മിക്കവര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുള്ളത്. രാജ്യത്ത് 876 കേസുകളിലായി പതിമൂവായിരം പേരെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലില്‍ അടച്ചിരിക്കുന്നത്. ഭീമാകൊറേഗാവ് കേസിലും പ്രതികള്‍ക്കെതിരെ രാജ്യദ്രോഹകുറ്റവും യുഎപിഎ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
◼️രാജ്യദ്രോഹക്കുറ്റ നിയമം മരവിപ്പിച്ച സുപ്രീംകോടതി നടപടിയില്‍ കേന്ദ്രസര്‍ക്കാരിന് അതൃപ്തി. എല്ലാവരും ബഹുമാനിക്കേണ്ട ഒരു ലക്ഷ്മണ രേഖയുണ്ടെന്ന് നിയമമന്ത്രി കിരണ്‍ റിജ്ജു പ്രതികരിച്ചു. പാര്‍ലമെന്റ് ചെയ്യേണ്ട കാര്യങ്ങളില്‍ സുപ്രീം കോടതി കൈകടത്തുന്നതു നന്നല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സുപ്രീംകോടതി വിധിയെ പ്രതിപക്ഷം സ്വാഗതം ചെയ്തു.
◼️കെഎസ്ആര്‍ടിസിയില്‍ ശമ്പളം മുടങ്ങിയ പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഗതാഗതമന്ത്രി ആന്റണി രാജു കൂടിക്കാഴ്ച നടത്തി. ശമ്പളം നല്‍കാനുള്ള പണം മാനേജ്മെന്റുതന്നെ കണ്ടെത്തട്ടെ എന്ന നിലപാട് മന്ത്രി ആവര്‍ത്തിച്ചു. അതേസമയം എല്ലാ മാസവും അഞ്ചാം തിയതിക്കുള്ളില്‍ ശമ്പളം നല്‍കാന്‍ വഴിയുണ്ടാക്കണമെന്നു മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
◼️അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനംമൂലം സംസ്ഥാനത്ത് ശക്തമായ മഴ. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്ര ഒഡീഷ തീരങ്ങളില്‍ കനത്ത മഴയാണ്. വീടിന് മുകളിലേക്ക് മരണം വീണ് ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു.
◼️ഭരണങ്ങാനം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉരുള്‍പൊട്ടി. ആളപായം ഇല്ല. ഇന്നലെ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കുറുമണ്ണിനു സമീപം രണ്ടുമാവ് ചായനാനിക്കല്‍ ജോയിയുടെ വീട് ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. സംഭവസമയത്ത് ആറു പേര്‍ വീട്ടിലുണ്ടായിരുന്നു.
◼️തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഞായറാഴ്ച വൈകുന്നേരത്തേക്കു മാറ്റിവച്ചു. ഇന്നലെ വൈകുന്നേരം ഏഴിനു നടത്താനിരുന്നതാണെങ്കിലും മഴമൂലം വീണ്ടും മാറ്റി.
◼️ആലപ്പുഴ പൊലീസ് ക്വാട്ടേഴ്സില്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവായ പൊലീസുകാരന്‍ റെനീസിനെ അറസ്റ്റു ചെയ്തു. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഭാര്യ നെജ്ലയെ പീഡിപ്പിച്ചതിനു ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചെന്നു പൊലീസ് അറിയിച്ചു.
◼️വാളയാര്‍ പീഡനക്കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് എസ്പി എം.ജെ സോജനെതിരെ ക്രിമിനല്‍ കേസ്. പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് പാലക്കാട് പോക്സോ കോടതിയുടെ ഉത്തരവ്. പീഢനമല്ല, ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം എന്ന മട്ടിലായിരുന്നു സോജന്റെ വിവാദ പരാമര്‍ശം.
◼️ശ്രീനിവാസന്‍ കൊലക്കേസില്‍ അറസ്റ്റിലായ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ജിഷാദിനെ സസ്പെന്‍ഡ് ചെയ്തു. കോങ്ങാട് ഫയര്‍ഫോഴ്സ് സേനാ യൂണിറ്റിലെ ജീവനക്കാരനാണ് ജിഷാദ്. യൂണിറ്റിലെ ഫയര്‍മാന്‍ അസോസിയേഷന്‍ സെക്രട്ടറിയുമാണ്. 2017 ല്‍ ഫയര്‍ഫോഴ്സ് സര്‍വീസില്‍ ചേര്‍ന്ന ഇയാള്‍ 14 വര്‍ഷമായി പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണു പോലീസ് റിപ്പോര്‍ട്ട്.
◼️മീ ടു ആരോപണങ്ങളുടെ പേരില്‍ മലപ്പുറം നഗരസഭയില്‍ സിപിഎം മൂന്നാംപടി വാര്‍ഡ് കൗണ്‍സിലര്‍ കെ.വി ശശികുമാര്‍ രാജിവച്ചു. മലപ്പുറം സെന്റ് ജമ്മാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്. ഇയാളെ സിപിഎം പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്തു.
◼️തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 19 സ്ഥാനാര്‍ത്ഥികള്‍. മുന്നണി സ്ഥാനാര്‍ത്ഥികളുടെ ഡമ്മി സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കും. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫിന് അപരനായി ചങ്ങനാശേരി സ്വദേശി ജോമോന്‍ ജോസഫ് പത്രിക നല്‍കിയിട്ടുണ്ട്.
◼️തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നെത്തും. സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസും പ്രസംഗിക്കും. സില്‍വര്‍ ലൈന്‍ സര്‍വേ കല്ലിടല്‍ നിര്‍ത്തിവച്ചതിനെക്കുറിച്ചും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന പ്രചാരണത്തെക്കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചേക്കും.
◼️കെ.വി തോമസിന്റെ നിലപാട് എല്‍ഡിഎഫിനു ഗുണം ചെയ്യില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. മലയാളികള്‍ നേരെ വാ നേരെ പോ എന്ന സ്വഭാവം ഉള്ളവരാണ്. കോണ്‍ഗ്രസ് ആണെന്ന് ഇപ്പോഴും പറയുകയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്ന സ്വഭാവം തൃക്കാക്കരക്കാര്‍ അംഗീകരിക്കില്ലെന്നും എ കെ ആന്റണി പറഞ്ഞു.
◼️ഇടതു സ്ഥാനാര്‍ത്ഥിക്കുവേണ്ടി പ്രചാരണം നടത്താനുള്ള കെ.വി തോമസിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് സഭയല്ല സിപിഎമ്മാണെന്നും യെച്ചൂരി പറഞ്ഞു.
◼️തൃക്കാക്കരയില്‍ ആംആദ്മി പാര്‍ട്ടി അനുയായികള്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കും. അരവിന്ദ് കേജ്രിവാള്‍ ഫാന്‍സ് ക്ലബ് എന്ന കൂട്ടായ്മയാണ് ഇങ്ങനെ തീരുമാനിച്ചത്. കൂട്ടായ്മയ്ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ആംആദ്മി സംസ്ഥാന കണ്‍വീനര്‍ പി.സി സിറിയക്. കഴിഞ്ഞ തവണ തൃക്കാക്കരയില്‍ ട്വന്റി ട്വന്റി 13,897 വോട്ട് നേടിയിരുന്നു. ഇത്തവണ ട്വന്റി ട്വന്റിയും മല്‍സരിക്കുന്നില്ല.
◼️കോഴിക്കോട് തൊണ്ടയാട് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം അന്വേഷിക്കും. പൂനെയിലും വിദേശത്തും നിര്‍മ്മിച്ചതാണു വെടിയുണ്ടകള്‍. ഇവയുടെ ബാലിസ്റ്റിക് പരിശോധന നടത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
◼️ഇകെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാര്‍ പൊതുവേദിയില്‍ പെണ്‍കുട്ടിയെ വിലക്കിയതിനെതിരേ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഖുറാന്‍ തത്വങ്ങള്‍ക്കും ഭരണഘടനയ്ക്കും വിരുദ്ധമായി മുസ്ലീം പുരോഹിതസമൂഹം സ്ത്രീകളെ അടിച്ചമര്‍ത്തുകയാണ്. മുസ്ലീം കുടുംബത്തില്‍ ജനിച്ചതുകൊണ്ടാണ് കുട്ടി അപമാനിക്കപ്പട്ടത്. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
◼️പ്രശസ്ത പത്രപ്രവര്‍ത്തകനും മാതൃഭൂമി മുന്‍ പത്രാധിപരുമായിരുന്ന വി.പി രാമചന്ദ്രന്‍ അന്തരിച്ചു. 98 വയസായിരുന്നു. കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം. കേരള പ്രസ്സ് അക്കാദമി മുന്‍ ചെയര്‍മാനായിരുന്നു. ദീര്‍ഘകാലം യുഎന്‍ഐ ലേഖകനായിരുന്നു. വെട്ടത്ത് പുത്തന്‍വീട്ടില്‍ രാമചന്ദ്രന്‍ എന്നാണ് മുഴുവന്‍ പേര്.
◼️നാദാപുരം വളയത്ത് ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. ബീഹാര്‍ സ്വദേശി മാലിക് (44) ആണ് കൊല്ലപ്പെട്ടത്. തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കാണ് കത്തിക്കുത്തില്‍ കലാശിച്ചത്. മാലികിനൊപ്പം ഉണ്ടായിരുന്ന രണ്ടുപേരെ വളയം പൊലീസ് കസ്റ്റഡിയിലെടുത്തു.
◼️തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി ഷിജുവിന്റെ മരണം കൊലപാതകം. ഒന്നിച്ചു മദ്യപിച്ചതിനിടെ പണം കൈക്കലാക്കാന്‍ കൊലപാതകം നടത്തിയ സുഹൃത്തുക്കളായ രണ്ടു പേര്‍ അറസ്റ്റിലായി. മേയ് മൂന്നാം തീയതി നെയ്യാറിലായിരുന്നു ഷിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. പരിക്കുകളുണ്ടായിരുന്നു. നെയ്യാറ്റിന്‍കര തത്തിയൂര്‍ സ്വദേശികളായ ഷിജിന്‍, മോഹനന്‍ എന്നിവരാണ് പിടിയിലായത്.
◼️മദ്യവുമായി പോയ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു. മധുരയിലെ വിരാഗനൂരിലാണ് 10 ലക്ഷം രൂപ വിലവരുന്ന മദ്യക്കുപ്പികളുള്ള വാഹനം മറിഞ്ഞത്. തൃശൂരിലെ മണലൂരില്‍നിന്ന് മദ്യവുമായി പോയതായിരുന്നു വാഹനം. മദ്യക്കുപ്പികള്‍ നിറച്ച പെട്ടികള്‍ റോഡില്‍ വീണതോടെ അവ പറുക്കിക്കൂട്ടാന്‍ ആളുകള്‍ ഓടിക്കൂടി. മദ്യക്കുപ്പികള്‍ പറുക്കുന്നതിന്റെ പേരില്‍ പ്രദേശത്ത് ചെറിയ സംഘര്‍ഷവും ഉണ്ടായി. ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.
◼️കള്ളപ്പണക്കേസില്‍ ജാര്‍ഖണ്ഡ് ഖനന വകുപ്പ് സെക്രട്ടറി പൂജ സിംഗാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തു. രണ്ടു ദിവസമായി നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 18 കോടി രൂപ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. കഴിഞ്ഞ വെള്ളിയാഴ്ച പൂജാ സിംഗാളുമായി അടുപ്പമുള്ളവരുടെ ഓഫീസുകളിലും വസതികളിലും റെയ്ഡ് നടത്തിയിരുന്നു. പൂജയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടില്‍നിന്ന് 19 കോടി രൂപ പിടിച്ചെടുത്തിരുന്നു.
◼️പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള 'മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുതിയ പുസ്തകം ഡല്‍ഹിയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രകാശനം ചെയ്തു. കേന്ദ്രമന്ത്രിസഭാംഗങ്ങളാണു സദസിലെ മുഖ്യതാരങ്ങള്‍. പ്രധാനമന്ത്രി മോദി മഹാപ്രതിഭാസമാണെന്നും സ്വപ്നങ്ങള്‍ എങ്ങനെ യാഥാര്‍ത്ഥ്യമാക്കാമെന്ന് ലോകത്തിനു കാട്ടിക്കൊടുത്തെന്നും വെങ്കയ്യനായിഡു പറഞ്ഞു. ഗുജറാത്തില്‍ മുഖ്യമന്ത്രിയായതു മുതലുള്ള 20 വര്‍ഷത്തെ മോദിയുടെ രാഷ്ട്രീയ വളര്‍ച്ചയും ഭരണ നൈപുണ്യവുമാണു പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നത്.
◼️ട്രെയിനിലെ ടോയ്‌ലറ്റില്‍ പ്രസവിച്ച ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി മുങ്ങി. ധന്‍ബാദ്-ആലപ്പുഴ ബൊക്കാറോ എക്‌സ്പ്രസിന്റെ മൂന്നാം ക്ലാസ് എസി കോച്ചിലെ ടോയ്‌ലറ്റിലാണ് യുവതി കുഞ്ഞിനെ പ്രസവിച്ച് വാഷ് ബേസിനില്‍ ഉപേക്ഷിച്ചത്. യാത്രക്കാര്‍ ടിടിഇയെ വിവരമറിയിച്ചതോടെ റെയില്‍വേ പോലീസെത്തി കുഞ്ഞിനെ വിശാഖപട്ടണത്തെ ഡിവിഷണല്‍ റെയില്‍വേ ആശുപത്രിയില്‍ എത്തിച്ചു.
◼️താജ്മഹല്‍ സ്ഥിതിചെയ്യുന്ന ഭൂമി ജയ്പൂര്‍ രാജകുടുംബത്തിന്റെതാണെന്ന അവകാശവാദവുമായി ബിജെപി എംപി. ജയ്പൂര്‍ രാജകുടുംബത്തില്‍ നിന്ന് മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഷാജഹാന്‍ ഭൂമി പിടിച്ചെടുത്തതാണെന്ന് രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി ദിയ കുമാരി പറഞ്ഞു.
◼️വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തില്‍ ഇസ്രായേല്‍ സൈനിക നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അല്‍ജസീറ ചാനല്‍ ലേഖികയെ ഇസ്രായേല്‍ സൈന്യം തലയ്ക്കു വെടിവെച്ചുകൊന്നു. ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷിറിന്‍ അബൂ അഖ്‌ലയാണ് തലയ്ക്കു വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇവര്‍ക്ക് 51 വയസായിരുന്നു.
◼️സൗദി അറേബ്യയിലെ ജൗഫ് പ്രദേശത്തുനിന്ന് ഒരു കോടി നിരോധിത ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. 24.8 കിലോഗ്രാം ഹാഷിഷും പിടികൂടി. കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
◼️ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡല്‍ഹിക്ക് എട്ട് വിക്കറ്റിന്റെ ആധികാരിക ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഉയര്‍ത്തിയ 161 റണ്‍സ് വിജയലക്ഷ്യം 11 പന്തുകള്‍ ബാക്കിനില്‍ക്കെ ഡല്‍ഹി മറികടന്നു. 62 പന്തില്‍ 89 റണ്‍സ് അടിച്ചെടുത്ത മിച്ചല്‍ മാര്‍ഷിന്റേയും 41 പന്തില്‍ 52 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടേയും പ്രകടനമാണ് ഡല്‍ഹിക്ക് അനായാസ ജയം സമ്മാനിച്ചത്.
◼️ആഗോള എയ്റോസ്പേസ് കമ്പനിയായ എയര്‍ബസ്, 2,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. നേരത്തെ 1,500 പേരെ നിയമിക്കാനായിരുന്നു തീരുമാനമെങ്കിലും ഇപ്പോള്‍ അത് 2000 ആയി ഉയര്‍ത്തുകയായിരുന്നു. ലോകത്തിലെ ആദ്യത്തെ സീറോ എമിഷന്‍ കൊമേഴ്സ്യല്‍ എയര്‍ക്രാഫ്റ്റായ സീറോ നിര്‍മ്മിക്കുന്നതില്‍ ഇന്ത്യ വലിയ പങ്കുവഹിക്കുന്നുണ്ട്. വികസിപ്പിച്ച സിമുലേഷനുകള്‍, കൂളിംഗ് സിസ്റ്റങ്ങള്‍, ഫ്യൂവല്‍ സെല്‍ സുരക്ഷാ വിശകലനം എന്നിവയില്‍ ആഗോള സാങ്കേതിക കേന്ദ്രങ്ങളെ പിന്തുണച്ച് ഇന്ത്യന്‍ ടീം വിമാനം നിര്‍മ്മിക്കുന്നതില്‍ വലിയ സംഭാവന ചെയ്യുന്നു.
◼️ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തന്‍ പ്രതീക്ഷ. ഈ വര്‍ഷം റിയല്‍ എസ്റ്റേറ്റ് മേഖലയിലെ എന്‍ആര്‍ഐ നിക്ഷേപത്തില്‍ 12 ശതമാനം വളര്‍ച്ചയുണ്ടായേക്കും. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റിലെ എന്‍ആര്‍ഐ നിക്ഷേപം 13.1 ബില്യണ്‍ ഡോളറായിരുന്നു. എന്‍ആര്‍ഐകള്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ മടങ്ങിത്തുടങ്ങിയതായി 360 റിയല്‍റ്റേഴ്സിന്റെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ആസ്തികള്‍ വാങ്ങുന്ന എന്‍ആര്‍ഐകളില്‍ വലിയൊരു വിഭാഗവും തെരഞ്ഞെടുക്കുന്നത് ആഡംബര വസ്തുക്കളാണ്.
◼️സിജു വില്‍സണിനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന വരയന്‍ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ആയി. ഏദനിന്‍ മധു നിറയും എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ ആണ്. പ്രകാശ് അലക്സ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സന മൊയ്തൂട്ടി ആണ്. സത്യം സിനിമാസിന്റെ ബാനറില്‍ എ ജി പ്രേമചന്ദ്രന്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കുടുംബചിത്രം ഹാസ്യത്തിനും ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ഒന്നാണ്.
◼️മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'ട്വല്‍ത്ത് മാന്‍'. കെ ആര്‍ കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് 'ട്വല്‍ത്ത് മാന്‍' എത്തുക. ഒരു ത്രില്ലര്‍ ചിത്രം തന്നെയാകും ട്വല്‍ത്ത് മാനും.'ട്വല്‍ത്ത് മാന്‍' എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. 'ട്വല്‍ത്ത് മാനി'ലെ അനുശ്രീയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. 'ഷൈനി' എന്ന ഒരു കഥാപാത്രമായിട്ടാണ് അനുശ്രീ 'ട്വല്‍ത്ത് മാനി'ല്‍ അഭിനയിക്കുക. ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ 20നാണ് റിലീസ് ചെയ്യുക.
◼️യമഹയുടെ 150 സിസി എഫ്ഇസഡ് സീരീസ് മോട്ടോര്‍സൈക്കിളുകളുടെ വില ഈ മാസം ഇന്ത്യയില്‍ വര്‍ധിപ്പിച്ചു. വര്‍ധനവ് നാമമാത്രമാണ് എന്നും ഏറ്റവും ഉയര്‍ന്നത് സ്റ്റാന്‍ഡേര്‍ഡ് എഫ്ഇസെഡ് എഫഐക്ക്1,800 രൂപയും ഏറ്റവും കുറഞ്ഞ വര്‍ദ്ധനവ് എഫ്ഇസെഡ് എസ് എഫഐക്ക് 1,000 രൂപയുമാണ്. അതേസമയം, ഈ ബൈക്കുകളുടെ നിയോ -റെട്രോ പതിപ്പായ എഫ്ഇസഡ് എക്‌സിന് മുമ്പത്തേക്കാള്‍ 1,600 രൂപ വില കൂടുതലാണ്.
◼️നല്ല നിലാവുള്ള ദിവസം. നേരം പാതിരാവ് കഴിഞ്ഞിട്ടുണ്ട്. ചങ്ങലയുടെ താളത്തിലുള്ള കിലുക്കം കേട്ടു. വഴിയരികില്‍ താമസിക്കുന്നവര്‍ ഉറക്കം വിട്ടെഴുന്നേറ്റ് ആണവരവ് കാണാന്‍ പുറത്തേക്കിറങ്ങി. ചങ്ങലയുടെ കിലുക്കം കൂടുതല്‍ അടുത്തായി. വലിയ കൊമ്പനും ചെറിയ കൊമ്പനും തിടുക്കത്തില്‍ കയറ്റം കയറിവരുന്നുണ്ട്. 'ചങ്ങല'. കെ ആര്‍ വിശ്വനാഥന്‍. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 157 രൂപ.
◼️ഒരു വ്യക്തിയ്ക്ക് സാധാരണയേക്കാള്‍ കൂടുതല്‍ മുടി കൊഴിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവരില്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ ഒളിഞ്ഞിരിക്കാം. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് മുടികൊഴിച്ചിലിന് പിന്നിലെ പ്രധാനകാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രസവം, ആര്‍ത്തവവിരാമം, തൈറോയ്ഡ് പ്രശ്നങ്ങള്‍ എന്നിവ മൂലമുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉള്‍പ്പെടെ പലതരം അവസ്ഥകള്‍ മുടികൊഴിച്ചിലിന് കാരണമാകും. കൂടാതെ, പിസിഒഎസ് പോലെയുള്ള അമിത ആന്‍ഡ്രോജന്‍ അല്ലെങ്കില്‍ ഇന്‍സുലിന്‍ പ്രതിരോധം കൊണ്ട് എന്‍ഡോക്രൈന്‍ ഡിസോര്‍ഡേഴ്സ് മുടി കൊഴിച്ചിലിന് കാരണമാകും. മുടികൊഴിച്ചിലിന്റെ മറ്റൊരു കാരണം ശാരീരികവും വൈകാരികവുമായ സമ്മര്‍ദ്ദമാണ്. ശാരീരികമോ വൈകാരികമോ ആയ ആഘാതത്തിന് ശേഷവും മുടികൊഴിയാം. എന്നാല്‍ അത് അത്തരം മുടികൊഴിച്ചില്‍ താല്‍ക്കാലികമാണ്. ഭക്ഷണക്രമവും മുടികൊഴിച്ചിലില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തും. ഉയര്‍ന്ന ഗ്ലൈസെമിക് കാര്‍ബോഹൈഡ്രേറ്റ്, പൂരിത കൊഴുപ്പ്, ട്രാന്‍സ് ഫാറ്റ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണക്രമം മുടികൊഴിച്ചില്‍ ബാധിക്കും. മുടി കൊഴിച്ചിലുമായി പാലുല്‍പ്പന്നങ്ങളുടെ ഉപഭോഗവും ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ശരീരത്തിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയോ വീക്കമോ ഉത്തേജിപ്പിക്കുന്നു. പ്രോട്ടീന്റെയും ഇരുമ്പിന്റെ കുറവ് അമിതമായ മുടി കൊഴിച്ചിലിന് കാരണമാകും. ഭക്ഷണത്തിന് പുറമേ, ഒരാള്‍ കഴിക്കുന്ന മരുന്നുകളും മുടിയുടെ ആരോഗ്യത്തെ ബാധിക്കും.'അര്‍ബുദം, സന്ധിവാതം, വിഷാദം, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, സന്ധിവാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളുടെ ഒരു പാര്‍ശ്വഫലമായും മുടികൊഴിച്ചില്‍ ഉണ്ടാകാം.
*ശുഭദിനം*
ഇത് പത്മാവതിയമ്മ, മധുരൈ സ്വദേശിനി. ഇപ്പോള്‍ വയസ്സ് 86. ഇത് ഇവരുടെ കഥയാണ്. തന്റെ 17 മത്തെ വയസ്സില്‍ ആയിരുന്നു ഇവരുടെ വിവാഹം. ഒരു ബിരുദധാരി ആകാനായിരുന്നു ഇവരുടെ ആഗ്രഹം. പക്ഷെ കുടുംബജീവിത്തിന്റെ തിരക്കില്‍ അതൊന്നും നടന്നില്ല. 40 വയസ്സായപ്പോള്‍ വീണ്ടും പഴയ ആ ആഗ്രഹത്തെ പൊടിതട്ടിയെടുത്തു. അങ്ങനെ മധുരൈ കാമരാജ് സര്‍വ്വകലാശാലയുടെ വിദൂരവിദ്യാഭ്യാസത്തിലൂടെ 42-ാം വയസ്സില്‍ ബി.കോം ബിരുദം നേടി. പിന്നെയും ആഗ്രഹം ബാക്കി. അങ്ങനെ എം.കോംമും സമാന്തരമായി സി എ യും പഠിക്കാന്‍ തീരുമാനിച്ചു. അങ്ങനെ 45-ാം വയസ്സില്‍ സി എ ക്ക് ചേര്‍ന്നു. ഇതിനോടൊപ്പം തന്നെ തന്റെ 3 മക്കളും ഭര്‍ത്താവും അടങ്ങുന്ന കുടുംബത്തിന്റെ കാര്യങ്ങളും അവര്‍ നല്ലവണ്ണം നോക്കി. പഠനം അവര്‍ക്കൊരു തപസ്യയായിരുന്നു. അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴും പഠിക്കും. അതിനായി അവര്‍ ചുമരില്‍ കുറിപ്പുകള്‍ എഴുതിയിടുമായിരുന്നു. വീടിനകത്തു നടക്കുമ്പോഴെല്ലാം അവര്‍ പഠനത്തില്‍ തന്നെയായിരുന്നു. ചില ദിവസം ബന്ധുക്കള്‍ വിരുന്നു വന്നപ്പോഴും അവര്‍ക്ക് വേണ്ട് എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ത്ത് അവര്‍ പരീക്ഷയ്ക്ക് പോകുമായിരുന്നു. അങ്ങനെ ചെറുപ്പക്കാര്‍ക്ക് പോലും കടുകട്ടിയായ സി എ അവര്‍ തന്റെ 50-ാം വയസ്സില്‍ നേടിയെടുത്തു. അതും എല്ലാ പേപ്പറും ആദ്യശ്രമത്തില്‍ തന്നെ. ഇപ്പോള്‍ അവര്‍ക്ക് 86 വയസ്സുണ്ട്. ഈ പ്രായത്തിലും അവര്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി പ്രാക്ടീസ് ചെയ്യുന്നു... പ്രായം ഒരു നമ്പര്‍ മാത്രമാണെന്ന് കരുതുന്നവര്‍ക്ക് സ്വപ്നങ്ങള്‍ക്ക് എക്‌സപയറി ഡേറ്റ് ഉണ്ടാകില്ല. അവര്‍ പരിശ്രമിച്ചുകൊണ്ടേയിരിക്കും... ഏത് പ്രതികൂല കാലാവസ്ഥയേയും അനുകൂലമാക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.. ഒരിക്കല്‍ വിജയം അവരെ തേടിയെത്തുക തന്നെ ചെയ്യും. എന്തുകൊണ്ടെന്നാല്‍ നിശ്ചയദാര്‍ഢ്യത്തിന്റെ വഴി വിജയത്തിലേക്കുള്ളതാണ്. - *ശുഭദിനം* .
MEDIA 16 News