10 മാസം പ്രായമായ കുഞ്ഞ് ഉറങ്ങാത്തതിന് മുഖത്തടിച്ചു, കർണപുടം പൊട്ടി, ആയ അറസ്റ്റിൽ

കൊച്ചി: പത്ത് മാസം പ്രായമുള്ള കുഞ്ഞ് ഉറങ്ങാത്തതിന് ഉപദ്രവിച്ച കേസിൽ ആയ അറസ്റ്റിൽ. മുഖത്തടിയേറ്റ് കുഞ്ഞിന്റെ കർണപുടം പൊട്ടിയ കേസിൽ പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യു (48) ആണു പിടിയിലായത്. കഴിഞ്ഞ 21നാണ് കേസിനാസ്‌പദമായ സംഭവം.

എരുവേലി സ്വദേശിയായ ഡോക്ടറുടെ വീട്ടിൽ കുഞ്ഞിനെ പരിചരിക്കാനെത്തിയ സാലി കുട്ടി ഉറങ്ങാത്തിന്റെ ദേഷ്യത്തിൽ മുഖത്തിടിക്കുകയായിരുന്നു. സിസി ടിവിയിൽ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് ഇവരെ അന്ന് തന്നെ ജോലിയിൽ നിന്നും പറഞ്ഞ് വിടുകയും ചെയ്തു. എന്നാൽ പിന്നീട് കുഞ്ഞിന്റെ ചെവിയിൽനിന്ന് രക്തം വരുന്നത് ശ്രദ്ധയിൽപ്പെട്ട് ചികിത്സ തേടിയപ്പോഴാണ് കർണപുടം പൊട്ടിയെന്ന് വ്യക്തമായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.