കെ.എസ്.ആർ.ടി.സി അടക്കമുള്ള വൻകിട ഉപഭോക്തക്കൾക്ക് നൽകുന്ന ഡീസൽ സബ്സിഡി തടയാനാകില്ലെന്ന് സുപ്രീംകോടതി. സബ്സിഡി നൽകാതെ കെ.എസ്.ആർ.ടി.സിക്ക് പിടിച്ചു നിൽക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കെ.എസ്.ആർ.ടി.സിക്ക് നൽകി വന്ന ഡീസൽ സബ്സിഡി എണ്ണക്കമ്പനികൾ റദ്ദാക്കിയിരുന്നു. ഇതിനെതിരെ കെ.എസ്.ആർ.ടി.സി ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. ഹൈക്കോടതി വിധിക്കെതിരെ എണ്ണക്കമ്പനികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. വൻകിട ഉപഭോക്താവാണെന്ന കാരണം പറഞ്ഞ് ഡീസൽ സബ്സിഡി നൽകാതിരിക്കുന്നത് ശരിയല്ലെന്ന് കോടതി പറഞ്ഞു. കെ.എസ്.ആർ.ടി.സിക്ക് സബ്സിഡി നൽകാതിരുന്നാൽ അടച്ചു പൂട്ടേണ്ടി വരും. പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സിയുടെ നഷ്ടം ജനങ്ങളുടേത് കൂടിയാണ്. വൻകിട ഉപഭോക്താക്കളിൽ സാമ്പത്തിക ഭദ്രതയുള്ള സ്ഥാപനങ്ങളെ സബ്സിഡിയിൽ നിന്ന് ഒഴിവാക്കുകയാണ് വേണ്ടതെന്നും കോടതി നിർദ്ദേശിച്ചു.