തിരുവനന്തപുരം : വർഷങ്ങൾനീണ്ട കാത്തിരിപ്പിനൊടുവിൽ കിഴക്കേക്കോട്ടയിലെ മേൽനടപ്പാലം യാഥാർഥ്യമാകുന്നു. മേയ് ആദ്യവാരം പാലം തുറന്നുകൊടുക്കാനാണ് തീരുമാനം. നിർമാണ പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തിയായി. തലസ്ഥാനത്തെ കലാസാംസ്കാരിക മേഖലയിലെ പ്രമുഖരുടെ ചിത്രങ്ങൾ വരച്ചുചേർക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്ന ജോലിയും അവശേഷിക്കുന്നുണ്ട്. രണ്ടാഴ്ചയ്ക്കകം ഇവ പൂർത്തിയാക്കും.
കോർപ്പറേഷന്റെ മേൽനോട്ടത്തിൽ നാലുകോടി രൂപ ചെലവിൽ ആക്‌സോ എൻജിനിയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമാണച്ചുമതല. 102 മീറ്റർ നീളമുള്ള മേൽപ്പാലത്തിന് സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ മേൽപ്പാലം എന്ന ബഹുമതികൂടിയുണ്ട്. ഗാന്ധിപാർക്കിനു സമീപത്തുനിന്ന് ആരംഭിക്കുന്ന ആകാശപ്പാത ആറ്റുകാൽ ബസ് സ്റ്റോപ്പ്, കോവളം, വിഴിഞ്ഞം ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിലൂടെ പാളയം, സ്റ്റാച്യു ബസ് സ്റ്റോപ്പുകളുടെ ഭാഗത്ത് അവസാനിക്കും. ഇതിൽ ഗാന്ധിപാർക്കിനു സമീപവും കോവളം ബസ് സ്റ്റോപ്പ് ഭാഗത്തും ലിഫ്റ്റ് ഉണ്ട്. ആറ്റുകാൽ ബസ് സ്റ്റോപ്പ്, കോവളം ബസ് സ്റ്റോപ്പ് ഭാഗം, പാളയം ഭാഗം, ഗാന്ധിപാർക്കിനു സമീപം എന്നിവിടങ്ങളിൽ ഇറങ്ങാനും കയറാനും സൗകര്യവുമുണ്ട്.
35 സി.സി.ടി.വി. ക്യാമറ, പോലീസ് കൺട്രോൾ റൂം, ടൂറിസം ഇൻഫർമേഷൻ സെന്റർ, വൈഫൈ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കലാസാംസ്കാരിക മേഖലയിലെ പ്രമുഖരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ അഭിമാനം അനന്തപുരി സ്‌ക്വയർ, മഹാത്മാഗാന്ധി, നെഹ്‌റു, അംബേദ്കർ, എ.പി.ജെ.അബ്ദുൽകലാം, ഇ.എം.എസ്. എന്നിവരുടെ 15 അടി ഉയരമുള്ള ചിത്രങ്ങൾ എന്നിവയാണ് പ്രധാന ആകർഷണം.