ശ്രീലങ്കന്‍ പ്രധാനമന്ത്രി രാജിവച്ചതായി വാര്‍ത്ത തള്ളി രജപക്‌സെയുടെ ഓഫിസ്‌

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവച്ചതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് ഗോതബായ രജപക്‌സെക്ക് പ്രധാനമന്ത്രി രാജിക്കത്ത് സമര്‍പ്പിച്ചെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ വാര്‍ത്ത പ്രധാനമന്ത്രിയുടെ ഓഫിസ് നിഷേധിച്ചു. ശ്രീലങ്കയിലെ രാഷ്ട്രീയ അസ്ഥിരതയ്ക്കിടയിലാണ് അഭ്യൂഹങ്ങള്‍.കര്‍ഫ്യൂ നാളെ രാവിലെ വരെ തുടരുമെങ്കിലും ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്കു തടയിടാനായി സര്‍ക്കാര്‍ രാജ്യവ്യാപകമായി സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ്, യൂട്യൂബ്, സ്‌നാപ് ചാറ്റ്, ഇന്‍സ്റ്റഗ്രാം എന്നിവയുള്‍പ്പെടെ പന്ത്രണ്ടോളം സമൂഹിക മാധ്യമങ്ങള്‍ക്കാണ് വിലക്ക്. കൊളംബോയില്‍ പ്രതിഷേധ സമരം നടത്തിയ 700 ഓളം പേര്‍ അറസ്റ്റിലായി.രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ രോഷാകുലരായ ജനങ്ങള്‍ തന്റെ വീട് ആക്രമിക്കാന്‍ ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് സുരക്ഷാ സേനയ്ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിക്കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജി വയ്ക്കുംവരെ പ്രതിഷേധം തുടരുമെന്ന് ശ്രീലങ്കന്‍ പ്രതിപക്ഷനേതാവ് സജിത്ത് പ്രേമദാസ ട്വന്റിഫോറിനോട് പ്രതികരിച്ചു. സര്‍ക്കാര്‍ രാജിവച്ചാല്‍ സാമ്പത്തിക മേഖല തിരിച്ചുവരും. രാജ്യത്ത് കുടുംബാധിപത്യമാണ് നിലനില്‍ക്കുന്നത്. അന്താരാഷ്ട്ര സമൂഹം ശ്രീലങ്കന്‍ ജനതയുടെ വികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.