ആറ്റിങ്ങൽ: യുവാക്കളെ തെറ്റായ പ്രവണതകൾക്ക് അണിനിരത്താൻ വർഗീയ ശക്തികൾ ശ്രമിക്കുന്നുവെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയ രാഘവൻ പറഞ്ഞു. ഡി.വൈ.എഫ്.ഐ 15ാമത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാമത്ത് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ഡി.വൈ.എഫ്.ഐയ്‌ക്ക് ചരിത്രപരമായ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി. വിനീത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മന്ത്രി വി. ശിവൻകുട്ടി, സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, വി. ജോയി എം.എൽ.എ, ബി.പി. മുരളി, ആർ. രാമു, എസ്. ലെനിൻ, ഒ.എസ്. അംബിക എം.എൽ.എ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.പി. പ്രമോഷ് എന്നിവർ പങ്കെടുത്തു. ഇന്നലെ വൈകിട്ട് ആറ്റിങ്ങൽ നാലുമുക്ക് ജംഗ്ഷനിൽ നിന്ന് യുവജന റാലി സംഘടിപ്പിച്ചു.
പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 9ന് പി. ബിജു നഗറിൽ ( മാമം സൺ ഓഡിറ്റോറിയം) മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി. വിനീത് അദ്ധ്യക്ഷത വഹിക്കും.