കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിന് ഉജ്വല സ്വീകരണവുമായി സി.പി.എം. ചുവന്ന ഷാള്‍ അണിയിച്ചാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
നിറമേതായാലും ഷാള്‍ അല്ലേ എന്നതായിരുന്നു ചുവന്ന ഷാളിനെ കുറിച്ചുള്ള കെ.വി തോമസിന്റെ പ്രതികരണം. പറയാനുള്ളത് സെമിനാറില്‍ പറയും. കൂടുതല്‍ കാര്യങ്ങള്‍ക്കായി എല്ലാവരും കാത്തിരിക്കൂ എന്നും കെ.വി തോമസ് പറഞ്ഞു.
കെ- റെയിലിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ വികസന കാര്യങ്ങളില്‍ യോജിപ്പ് വേണമെന്നായിരുന്നു കെ.വി തോമസിന്റെ മറുപടി. ഗുണവും ദോഷവും തിരിച്ചറിഞ്ഞുവേണം വിയോജിക്കാന്‍. തന്റെ ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രിയും നേതാവും കരുണാകരനായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിന്റെ വിഷയത്തില്‍ എല്ലാ പാര്‍ട്ടികളും യോജിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിക്കാനും കെ.വി. തോമസ് മറന്നില്ല. പിണറായി കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിമാരിലൊരാളാണെന്നും കെ.വി തോമസ് പറഞ്ഞു. കെ.വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനകളുണ്ട്.