കൊച്ചി: നടന്‍ ശ്രീനിവാസന്റെ ആരോഗ്യനില സംബന്ധിച്ച വ്യാജവാര്‍ത്തകളെ തള്ളി സംവിധായകന്‍ സജിന്‍ ബാബു. ശ്രീനിവാസന് ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ മാത്രമാണുള്ളത്. അദ്ദേഹം ഉടന്‍ ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തുമെന്നും സജിന്‍ ബാബു പ്രതികരിച്ചു.
മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് പ്രകാരം ആശുപത്രിയില്‍ പ്രവേശിച്ച് ഡയാലിസിസ് നടത്തുകയാണ്. അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മാത്രമാണുള്ളത്. മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആവുമെന്ന് പ്രതീക്ഷിക്കുന്നതായും സജിന്‍ ബാബു പറഞ്ഞു. ശ്രീനിവാസന്റെ ഭാര്യയോടും അടുത്ത സുഹൃത്തിനോടും സംസാരിച്ചതായും അദ്ദേഹം പറഞ്ഞു. ശ്രീനിവാസന്റെ ചിത്രം എന്ന പേരില്‍ പ്രചരിക്കുന്നത് അയാള്‍ ശശി എന്ന സിനിമയ്ക്കായി ചെയ്ത മേക്കോവറിന്റെ ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളുടെ കാര്യം പറഞ്ഞപ്പോള്‍ ശ്രീനിവാസന്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞതായി നിര്‍മാതാവും തിരക്കഥാകൃത്തുമായ മനോജ് രാംസിങ്ങും ഫെയ്‌സ്ബുക്കില്‍ പ്രതികരിച്ചിട്ടുണ്ട്. ആള്‍ക്കാര്‍ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്... കൂടുതലായി പോയാല്‍ കുറച്ചു മനോജിന് തന്നേക്കാം 'മിനിറ്റുകള്‍ക്ക് മുന്‍പ് ഐ.സി.യു.വില്‍ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണില്‍ സംസാരിച്ചപ്പോള്‍, ശ്രീനിയേട്ടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോള്‍ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളില്‍ പറഞ്ഞത്. ആ മറുപടി കൊണ്ടു തന്നെ ഞാനായി ഈ പോസ്റ്റില്‍ ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ലെന്ന് മനോജ് രാംസിങ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.