നടി കാവ്യ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ്,തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

കൊച്ചി:വധഗൂഢാലോചന കേസിൽ നടി കാവ്യാമാധവന് ക്രൈംബ്രാഞ്ച് നോട്ടിസ്. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം. കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കുമെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ അറിയിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും വധഗൂഢാലോചന കേസിലെ സാക്ഷി ബാലചന്ദ്രകുമാറും പറയുന്ന മാഡം കാവ്യ മാധവന്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. കേസില്‍ കാവ്യയെ ചോദ്യം ചെയ്യണമെന്ന് കാണിച്ച് കോടതിയില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. നിലവില്‍ കാവ്യ മാധവന്‍ സംസ്ഥാനത്തിന് പുറത്താണെന്നാണ് വിവരം.