*ജലശുചിത്വയജ്ഞം ചെമ്മരുതിയിൽ ജലനടത്തവും ജലസഭയും*

ചെമ്മരുതി : സംസ്ഥാന സർക്കാരിന്റെ തെളിനീരൊഴുകും നവകേരളം-സമ്പൂർണ ജലശുചിത്വ യജ്ഞത്തിന്റെ ഭാഗമായി ചെമ്മരുതി ഗ്രാമപ്പഞ്ചായത്ത് ജലനടത്തവും ജലസഭയും സംഘടിപ്പിച്ചു.
മലിനമായിക്കൊണ്ടിരിക്കുന്ന ജലസ്രോതസ്സുകൾ വീണ്ടെടുക്കുക, പുഴകളും നീർച്ചാലുകളും പുനരുജ്ജീവിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ ജനകീയ പങ്കാളിത്തത്തോടെയായിരുന്നു പരിപാടി.

ചെമ്മരുതിയിലെ പ്രധാന ജലസ്രോതസ്സായ അയിരൂർ പുഴ ചെമ്മരുതിയിലേക്ക് പ്രവേശിക്കുന്ന മുത്താന പണയിൽ ക്ഷേത്രത്തിന് സമീപത്തുനിന്നു ജലനടത്തം ആരംഭിച്ചു.
പുഴ ഒഴുകുന്ന വിവിധ പ്രദേശങ്ങളിലൂടെ ഇലകമൺ പഞ്ചായത്ത് അതിർത്തിയായ തെങ്ങിനാമൂല വരെയായിരുന്നു പുഴനടത്തം. പുഴ മലിനമാകുന്ന അവസ്ഥ, അതിനു കാരണം, റാമ്പുകളും തടയണകളും സംരക്ഷണഭിത്തികളും നിർമിക്കേണ്ട സ്ഥലങ്ങൾ എന്നിവ പഠനവിധേയമാക്കി.

വർക്കല മേജർ ഇറിഗേഷൻ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, പാളയംകുന്ന് ഗവ. എച്ച്.എസ്.എസിലെ എസ്.പി.സി. വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ, അധ്യാപകർ, അങ്കണവാടി പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ശാസ്ത്രസാഹിത്യ പരിഷത്ത്, ഹരിതകർമസേനാ പ്രവർത്തകർ, യൂത്ത് ക്ലബ്ബ് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി, യുവജന സംഘടനാപ്രവർത്തകർ എന്നിവർ പങ്കാളികളായി.
വണ്ടിപ്പുര കാങ്കുളത്ത് കാവിനു സമീപം നടന്ന ജലസഭ ചെമ്മരുതി പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ ബിറിൽ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം സുശീലൻ, പഞ്ചായത്ത് അംഗങ്ങളായ ഗീത നളൻ, മണിലാൽ, ജി.ആർ.സുനിൽ, മോഹൻലാൽ, അഭിരാജ്, ശശികല, ശ്രീലത, ശാസ്ത്രസാഹിത്യ പരിഷത്തിലെ ടി.കുമാർ, ആസൂത്രണസമിതി വൈസ് ചെയർമാൻ കർമചന്ദ്രൻ നമ്പൂതിരി, അശോകൻ എന്നിവർ സംസാരിച്ചു.

ജലസഭയിൽ ഉയർന്നുവന്ന വിവിധ വിഷയങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരോട് ശുപാർശ ചെയ്തു.