നെടുമങ്ങാട് • അമ്പലപ്പുഴ കാർ അപകടത്തിൽ ഗുരുതരമായ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആനാട് നെട്ടറക്കോണം സ്വദേശി ഷൈനിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു . ഐസിയുവിൽ നിന്ന് ഷൈനിയെ വാർഡിലേക്ക് മാറ്റി. അപകടത്തിൽ ഭർത്താവ് സുധീഷ് ലാലും ഏക മകൻ നിരഞ്ജനും സഹോദരൻ ഷൈജുവും അടുത്ത ബന്ധു അഭിരാഗും അടക്കം യാത്രയിൽ തനിക്കൊപ്പമുള്ള എല്ലാവരും മരിച്ച വിവരം ഷൈനി ഇനിയും അറിഞ്ഞിട്ടില്ല.മരുന്നുകളുടെ മയക്കം മാറി കണ്ണ് തുറക്കുമ്പോൾ കണ്ണീരൊഴുക്കി മകനെ തിരക്കുന്നുണ്ട് ഷൈനി. നെറ്റിയോട് ചേർന്നുള്ള മുറിവിൽ തയ്യൽ ഇട്ടിട്ടുണ്ട്. തലയിൽ രണ്ടിടത്ത് രക്തം കട്ട പിടിച്ചിട്ടുണ്ട്. വലത് കയ്യിൽ പൊട്ടലും, മുഖത്തും ദേഹത്തിന്റെ പലഭാഗങ്ങളിലും മുറിവുകളും ഉണ്ട്.ഗൾഫിൽ ജോലിക്കായി ഷൈനിക്ക് വീസ ലഭിച്ചതിനെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നെടുമങ്ങാട്ടു നിന്നുള്ള യാത്രയിൽ അമ്പലപ്പുഴയിൽ ബുധനാഴ്ച പുലർച്ചെ കുടുംബം സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഷൈനിയുടെ ഏക മകൻ നിരഞ്ജൻ(12), ഭർത്താവ് സുധീഷ് ലാൽ, സഹോദരൻ ഷൈജു, സുധീഷിന്റെ പിതൃസഹോദരൻ അഭിരാഗ് എന്നിവർ മരിച്ചു. സുധീഷ് ഓടിച്ച കാർ എതിരെ വന്ന ലോറിയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു .സുധീഷ് ലാലിന്റെയും നിരഞ്ജന്റെയും സഞ്ചയനം ആനാട്ട് നെട്ടറക്കോണത്തെ വീട്ടിൽ ഞായറാഴ്ച 9നും ഷൈജുവിന്റേയും, അഭിരാഗിന്റെയും സഞ്ചയനം ചൊവ്വാഴ്ച 9ന് പരുത്തികുഴിയിലെ വീടുകളിലുമാണ് നടക്കുക.