നടപടിയെടുക്കുന്നത് തെറ്റ്; കെ വി തോമസിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് പി.സി ചാക്കോ

കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ. സെമിനാറില്‍ പങ്കെടുത്തതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് കോണ്‍ഗ്രസ് ചരിത്രത്തിലാദ്യത്തെ സംഭവമാണെന്നും കെ വി തോമസിനെതിരെ നടപടിയെടുക്കുന്നത് തെറ്റാണെന്നും പി സി ചാക്കോ പറഞ്ഞു.അതേസമയം കെ വി തോമസിനെതിരായ നടപടി നേതൃത്വം കൂട്ടായെടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയായ നടപടിയല്ല. വിഷയത്തിന്റെ ഗൗരവവും വ്യാപ്തിയും എഐസിസിയെ വ്യക്തമായി ധരിപ്പിച്ചിട്ടുണ്ട് എന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെ സുധാകരന്‍ നല്‍കിയ പരാതിയില്‍ ഹൈക്കമാന്‍ഡ് കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. പാര്‍ട്ടി വിലക്ക് ലംഘിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിനാണ് നടപടി. കെ വി തോമസ് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് എഐസിസി അച്ചടക്ക സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കെ വി തോമസിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് താരിഖ് അന്‍വറും പ്രതികരിച്ചു.