പദ്ധതി നിർവഹണത്തിൽ മികവ്കാട്ടി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്.

കഴിഞ്ഞ സാമ്പത്തിക വർഷം പദ്ധതി  നിർവഹണത്തിലും സർക്കാരിന്റെ പ്രധാന പ്രോജക്ടുകൾ ഏറ്റെടുക്കുന്നതിനും മാതൃകാപരമായ പ്രവർത്തനങ്ങളാണ് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് കാഴ്ചവച്ചത്.

പദ്ധതിനിർവഹണത്തിൽ
ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാനതലത്തിൽ നാലാം സ്ഥാനത്തും എത്താൻ പഞ്ചായത്തിന് കഴിഞ്ഞു.117.97 ശതമാനം തുക ചെലവഴിക്കാൻ സാധിച്ചു.
 കേരള സർക്കാരിന്റെ സ്വപ്നപദ്ധതിയായ അതിദരിദ്രരെ കണ്ടെത്തുവാൻ വേണ്ടിയുള്ള പദ്ധതിയുടെ മോഡൽ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടത് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്താണ്. കൃത്യസമയത്ത് തന്നെ സർവ്വേ പൂർത്തിയാക്കി സർക്കാരിന് സമർപ്പിക്കുവാൻ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞു.സർക്കാരിന്റെയും, തദ്ദേശ വകുപ്പിന്റെയും പ്രശംസ ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്തിനു ലഭിച്ചു 
 ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് പരിശോധനയുമായി ബന്ധപ്പെട്ട് ഡിപ്പാർട്ട്മെന്റുകൾ തമ്മിൽ തർക്കം നിലനിൽക്കുന്ന അവസരത്തിലാണ് ഗ്രാമപഞ്ചായത്ത് എല്ലാ വിഭാഗം ജീവനക്കാരുടെയും സഹായത്തോടു കൂടി കൃത്യസമയത്ത് തന്നെ  പരിശോധിച്ച് ലിസ്റ്റ് സർക്കാരിൽ സമർപ്പിക്കാൻ കഴിഞ്ഞത്.

 പ്രത്യേക സംരക്ഷണം ലഭിക്കേണ്ട വിഭാഗമായ വൃദ്ധജനങ്ങളെ കണ്ടെത്തുവാനും അവർക്ക് ആവശ്യമായ സംരക്ഷണം നൽകുന്നതിനും വേണ്ടി ഗ്രാമപഞ്ചായത്തിനെ വയോജന സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ചു. വാർഡുകളിൽ നടത്തിയ സർവ്വേയിൽ 1700 വൃദ്ധജനങ്ങളെ കണ്ടെത്തുകയും, അതിന്റെ അടിസ്ഥാനത്തിൽ അവരുടെ ഗ്രാമസഭകൾ 14 വാർഡിലും വിളിച്ചു ചേർക്കുകയും ചെയ്തു. അവർക്ക് സർക്കാർ ഓഫീസുകളിൽ പ്രത്യേക പരിരക്ഷ ഇതിന്റെ ഭാഗമായി ലഭിക്കും.

 ബാലാവകാശ കമ്മീഷനുമായി സഹകരിച്ചുകൊണ്ട് ഗ്രാമപഞ്ചായത്തിനെ ബാലസൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കാനും ഈ വർഷം സാധിച്ചു. 18 വയസ്സിനു താഴെയുള്ള കുട്ടികളെ വീടുകൾതോറും സന്ദർശിക്കുകയും അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ വാർഡ് തല സമിതികൾ രൂപീകരിച്ചു. കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ, ലഹരി മാഫിയ തുടങ്ങിയവയിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ ഈ സമിതികൾ കൈക്കൊള്ളും. മൂന്നുമാസം കൂടുമ്പോൾ എല്ലാ വാർഡ് സമിതികളും വിഷയങ്ങൾ ചർച്ച ചെയ്യും.

ജൈവവൈവിധ്യ
 ബോർഡിന്റെ സഹായത്തോടെ മഹാകവി കുമാരനാശാൻ കവിത എഴുതിയ ചെമ്പകത്തറ നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. 260 വർഷം പഴക്കമുള്ള ഈ ചെമ്പക മരത്തെ പൈതൃകമരമായി പ്രഖ്യാപിച്ചു.
ചെമ്പകത്തെയും,പരിസരത്തെയും സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
 പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ഹരിത കർമ്മ സേന യുടെ പ്രവർത്തനങ്ങളും ശക്തമായി ഗ്രാമപഞ്ചായത്തിൽ നടന്നു വരുന്നു 
 ഗ്രാമപഞ്ചായത്തിലെ നാലു കിലോമീറ്ററോളം വരുന്ന കായൽ തീരങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ്  പദ്ധതിയുമായി ബന്ധപ്പെടുത്തി കണ്ടൽ തൈകൾ വച്ചുപിടിപ്പിക്കുന്ന പരിപാടിക്കും ഗ്രാമപഞ്ചായത്ത് നേതൃത്വം കൊടുക്കുന്നു. ഈ പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തിലെ കായൽതീരം സംരക്ഷിക്കുന്നതിനൊപ്പം തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂടുതൽ ദിവസം പണിയും ലഭ്യമാക്കാൻ കഴിയും.
കടൽ ക്ഷോഭത്തിൽ നിന്നും തീരദേശത്തെ സംരക്ഷിക്കാൻ കടൽ ഭിത്തിയിൽ കണ്ടൽ തൈകൾ വെച്ച് പിടിപ്പിച്ചു.ഇതിന്റെയും പരിപാലന ചുമതല തൊഴിലുറപ്പ് തൊഴിലാളികൾക്കാണ്.

 ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടുകൂടി അഞ്ചുതെങ്ങിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി സമ്പൂർണ്ണ കുടിവെള്ള പദ്ധതിക്ക്‌ രൂപം നൽകി. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ സംയുക്തമായാണ് ഈ പദ്ധതിക്ക് ആവശ്യമായ തുക ചെലവഴിക്കുന്നത്. 5.73 കോടി രൂപ യാണ് പദ്ധതിയുടെ ആകെ ചെലവ്. 1.30 ലക്ഷം രൂപ പദ്ധതിയുടെ
 പ്രാരംഭ പ്രവർത്തനത്തിനായി വാട്ടർ അതോറിറ്റിയിൽ അടച്ചു.
 പഞ്ചായത്തിലെ ടാക്സ് കളക്ഷന്റെ കാര്യത്തിലും മുന്നോട്ടുപോവാൻ ഗ്രാമപഞ്ചായത്തിന് സാധിച്ചു.97.41 ശതമാനം ടാക്സ് പിരിച്ചെടുക്കുവാൻ കഴിഞ്ഞു .

 മാതൃകാപരമായ ഇത്തരം പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി യുമായി സഹകരിച്ച് പ്രവർത്തിച്ച നിർവ്വഹണ ഉദ്യോഗസ്ഥർ,ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ ഗ്രാമവാസികൾ  എന്നിവർ ക്ക്‌ ഗ്രാമപഞ്ചായത്തിന്റെ നന്ദി പ്രസിഡന്റ്‌ വി.ലൈജു അറിയിച്ചു