*അധ്യാപകസമരം കാരണം അഞ്ഞൂറുപേർ തോറ്റു വിദ്യാർഥികൾ പ്രിന്‍സിപ്പാളിനെ ഓഫീസില്‍ പൂട്ടിയിട്ടു*

പ്രതിഷേധിക്കുന്ന വിദ്യാർഥികൾ
കോഴിക്കോട്: മുക്കം കെഎംസിടി പോളിടെക്‌നിക് കോളേജില്‍ വിദ്യാര്‍ഥികളുടെ സമരം തുടരുന്നു. അധ്യാപകരുടെ സമരം കാരണം പരീക്ഷ മുടങ്ങിയ 500 വിദ്യാര്‍ഥികള്‍ തോറ്റതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ചയാണ് വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്. സമരക്കാര്‍ പ്രിന്‍സിപ്പാളിനെ ഓഫീസില്‍ പൂട്ടിയിട്ട് ഉപരോധിച്ചു.

മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് അധ്യാപകര്‍ കഴിഞ്ഞ ജനുവരിയില്‍ നടത്തിയ സമരം കാരണമാണ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷ മുടങ്ങിയത്. അധ്യാപകസമരം ഒത്തുതീര്‍പ്പായതോടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്നും ആരും തോല്‍ക്കില്ലെന്നും കോളേജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇത് നടപ്പായില്ല. പരീക്ഷാഫലം വന്നപ്പോള്‍ 500 കുട്ടികള്‍ തോറ്റു. തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ അനിശ്ചിത കാല സമരം തുടങ്ങിയത്.

തുടര്‍ വിദ്യാഭ്യാസത്തേയും ജോലിയേയും ബാധിക്കുമെന്നതിനാല്‍ സപ്ലിമെന്ററി പരീക്ഷ എഴുതില്ലെന്നും റീ ടെസ്റ്റ് നടത്തണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം