തിരുവനന്തപുരം• തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ അനുജനും മുതിർന്ന രാജകുടുംബാംഗവുമായിരുന്ന ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയും തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും അടയാളമാണ് കാൻ 42 എന്ന ബെൻസ് കാർ. കവടിയാർ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന 1955 മോഡൽ മെഴ്സിഡീസ് ബെൻസ് 180 T കാർ യൂസഫലിക്കു സമ്മാനിക്കും.ജർമനിയിൽ നിർമിച്ച ബെൻസ് 12,000 രൂപ നൽകിയാണ് 1950കളിൽ രാജകുടുംബം സ്വന്തമാക്കുന്നത്. കർണാടകയിൽ റജിസ്ട്രേഷൻ നടത്തിയ കാർ വാഹനപ്രേമിയായ മാർത്താണ്ഡവർമയുടെ ശേഖരത്തിലെ ഏറ്റവും പ്രിയപ്പെട്ടതും ആയിരുന്നു. ബെംഗളൂരുവിൽ താമസിക്കുമ്പോൾ യാത്രയ്ക്ക് ഈ കാറാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്.38–ാം വയസ്സിൽ തുടങ്ങി സ്വയം ഓടിച്ചും യാത്രക്കാരനായും 40 ലക്ഷം മൈലുകൾ മാർത്താണ്ഡവർമ സഞ്ചരിച്ചെന്നാണു കണക്ക്. ഇതിൽ 23 ലക്ഷം മൈലുകളും ഈ ബെൻസിൽ തന്നെ. താണ്ടിയ ദൂരം അടയാളപ്പെടുത്തി ബെൻസ് കമ്പനി നൽകിയ മെഡലുകളും വാഹനത്തിനു മുന്നിൽ പതിച്ചിട്ടുണ്ട്. 85–ാം വയസ്സിലും മാർത്താണ്ഡവർമ ഇതേ വാഹനം ഓടിച്ചു.കാറിന് മോഹവില നൽകി വാങ്ങാൻ പല പ്രമുഖരും അദ്ദേഹത്തെ സമീപിച്ചിരുന്നു. റെക്കോർഡ് ദൂരം സഞ്ചരിച്ച ബെൻസിനെ അഭിമാന ചിഹ്നമായി മാറ്റാൻ ബെൻസ് കമ്പനി തന്നെ ആഗ്രഹിച്ചിരുന്നു. തിരിച്ചെടുക്കാമെന്നും പകരം 2 പുതിയ കാറുകൾ നൽകാമെന്നും പറഞ്ഞ് കമ്പനിയിലെ ഉന്നതർ അദ്ദേഹത്തെ സമീപിച്ചു. എന്നാൽ വാച്ച് മുതൽ 1936ൽ വാങ്ങിയ റോളി ഫ്ലക്‌സ് ക്യാമറയും കാറും ഉൾപ്പെടെ പുരാതനമായ എല്ലാ വസ്തുക്കളെയും പൊന്നുപോലെ സൂക്ഷിച്ചിരുന്ന മാർത്താണ്ഡവർമ കാറിനെ കൈവിട്ടില്ല.ആത്മമിത്രമായ യൂസഫലിക്ക് കാർ കൈമാറാനായിരുന്നു ഉത്രാടം തിരുനാളിന്റെ തീരുമാനം. യൂസഫലിയെ അബുദാബിയിലെ വസതിയിലെത്തി സന്ദർശിച്ച മാർത്താണ്ഡവർമ അദ്ദേഹത്തെ കവടിയാർ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു. 2012 ൽ യൂസഫലി പട്ടം കൊട്ടാരത്തിൽ എത്തിയപ്പോൾ കാർ സമ്മാനിക്കാനുള്ള ആഗ്രഹം ഉത്രാടം തിരുനാൾ അറിയിച്ചു. ഉത്രാടം തിരുനാൾ വിടവാങ്ങിയതോടെ, കാർ ഏറെക്കാലമായി മകൻ പത്മനാഭവർമയുടെയും ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഫൗണ്ടേഷന്റെയും സംരക്ഷണയിലാണ്. ഉത്രാടം തിരുനാളിന്റെ ആഗ്രഹ പ്രകാരം വൈകാതെ തന്നെ കാർ യൂസഫലിക്കു സമ്മാനിക്കാനാണു രാജകുടുംബത്തിന്റെ തീരുമാനം.