ഇന്നലെ രാവിലെയാണ് ഷമീര്‍ മുഹമ്മദ് – ആസിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. രാവിലെ കുഞ്ഞ് എണീറ്റില്ലെന്നും ബോധംകെട്ടു കിടക്കുകയായിരുന്നു എന്നുമാണ് ആദ്യം ആസിയ പൊലീസിനോടു പറഞ്ഞത്.
ഈന്തപ്പഴം വിഴുങ്ങിയതിനെ തുടര്‍ന്ന് കുട്ടി ബോധരഹിതനായെന്ന് പിന്നീട് ആസിയ പറഞ്ഞു. സംശയം തോന്നി വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകം തെളിഞ്ഞത്. കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ആസിയ സമ്മതിച്ചു.
ആസിയയും ഭര്‍ത്താവും കുറച്ചുകാലമായി അകന്നു കഴിയുകയാണ്. ഇതിനിടെ ആസിയ മറ്റൊരു വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. കുഞ്ഞിന്റെ കാര്യം ഈ ആണ്‍സുഹൃത്തിനോടു പറഞ്ഞിരുന്നില്ല. എന്നാല്‍ ഇയാള്‍ കുഞ്ഞിന്റെ കാര്യം അറിയുകയും വിവാഹത്തില്‍നിന്ന് ഒഴിയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതോടെ കുട്ടിയെ ഒഴിവാക്കാനാണ് ആസിയ കൊലപാതകം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം കൂടുതൽ പ്രതികൾ ഉണ്ടെന്ന് കുട്ടിയുടെ മുത്തച്ഛൻ ഇബ്രാഹിം പറഞ്ഞു. അമ്മ ഒറ്റയ്ക്കല്ല കൊലപാതകം നടത്തിയത്. ആസിയയുടെ സഹോദരിക്കും ഭർത്താവിനും മരണത്തിൽ പങ്കുണ്ട് സമഗ്ര അന്വേഷണം വേണമെന്ന് മുത്തച്ഛൻ ഇബ്രാഹിം പറഞ്ഞു.