കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണു, അഞ്ചു വയസുകാരന് ദാരുണാന്ത്യം

കോട്ടയം: അഞ്ചുവയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു. മുട്ടപ്പള്ളിയില്‍ രതീഷ് രാജന്റെ മകന്‍ ധ്യാന്‍ രതീഷ് ആണ് മരിച്ചത്.കോട്ടയം എരുമേലിയിലാണ് സംഭവം. കളിക്കുന്നതിനിടെ കാല്‍വഴുതി വീടിനോട് ചേര്‍ന്ന ആള്‍മറയില്ലാത്ത കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു.

ശബ്ദം കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ കണ്ടത് കുട്ടി കിണറ്റില്‍ വീണ് കിടക്കുന്നതാണ്. ഉടന്‍ തന്നെ കുട്ടിയെ പുറത്ത് എടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ തലയില്‍ മുറിവേറ്റിരുന്നു.