കവിയും പുല്ലാങ്കുഴൽ വാദകനുമായ ബിനു എം പള്ളിപ്പാട് അന്തരിച്ചു

കോട്ടയം: കവിയും പുല്ലാങ്കുഴൽ വാദകനുമായ ബിനു എം പള്ളിപ്പാട് അന്തരിച്ചു.  47 വയസായിരുന്നു.  പാൻക്രിയാസിലെ രോഗബാധയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു.  സംസ്കാരം സ്വദേശമായ ഹരിപ്പാട് നടക്കും. 1974ൽ ഹരിപ്പാടിന് സമീപം പള്ളിപ്പാടാണ് ജനനം. പള്ളിപ്പാട് നടുവട്ടം ഹൈസ്കൂളിലും പരുമല ദേവസ്വം ബോർഡ് കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1993 മുതൽ ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു. കവിതയോടൊപ്പം പുല്ലാങ്കുഴലും അഭ്യസിച്ച അദ്ദേഹം, ബാവുൽ ഗായകർക്കൊപ്പം കേരളത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് സംഗീത പരിപാടികൾ അവതരിപ്പിച്ചു.  2009ൽ പുറത്തിറങ്ങിയ പാലറ്റ് ആണ് ആദ്യ കവിതാ സമാഹാരം. എംജി, മദ്രാസ്, കേരള സർവകലാശാലകൾ അദ്ദേഹത്തിന്റെ കവിതകൾ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.