പ്രേം നസീറിന്റെ വീട് വിൽപ്പനയ്ക്ക്; പ്രചരണം വാസ്തവ വിരുദ്ധമെന്ന്‌ നടന്റെ കുടുംബം

ചിറയിൻകീഴ്: മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ ജന്മനാടായ ചിറയിൻകീഴിലെ വീട് വിൽപ്പനയ്ക്കെന്ന പ്രചാരണത്തിൽ പ്രതികരണവുമായി നടന്റെ മകൾ ലൈലയുടെ ഭർത്താവ് റഷീദ്. ലൈല കോട്ടേജ് വിൽക്കുന്നില്ലെന്നും വാസ്തവവിരുദ്ധമായ പ്രചരണമാണെന്നും റഷീദ്  പ്രതികരിച്ചു.എവിടെ നിന്നാണ് ഈ വാർത്ത വന്നതെന്ന് അറിയില്ല. പത്രമാധ്യമങ്ങളിലൊക്കെ വാർത്ത പ്രസിദ്ധീകരിച്ചതായി കണ്ടു. അതിൽ യാഥാർഥ്യമില്ല.പ്രേം നസീറിന്റെ ഇളയമകൾ റീത്തയുടെ മകളുടെ ഉടമസ്ഥയിലാണ് ഈ വീട്. റീത്ത കുടുംബസമേതം അമേരിക്കയിലാണ്. അവർക്ക് വീട് പുതുക്കിപ്പണിയാൻ ഉദ്ദേശമുണ്ടോ എന്നൊന്നും അറിയില്ല.വീടും പറമ്പും നോക്കാനാളില്ലാത്തതിനാലാണ് ഓഹരിയായി ലഭിച്ച വീടും പുരയിടവും വിൽക്കാനായി ഇപ്പോഴത്തെ അവകാശികൾ ശ്രമിക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ വന്നത്.ചിറയിൻകീഴ് പുളിമൂട് ജങ്ഷനു സമീപം കോരാണി റോഡിൽ കാട്ടുമുറാക്കൽ പാലത്തിനു സമീപമാണ് പ്രേംനസീർ എന്ന് പേര് പതിപ്പിച്ചിട്ടുള്ള ഇരുനില വീട് നിലകൊള്ളുന്നത്. അറുപതോളം വർഷം പഴക്കമുണ്ടെങ്കിലും കോൺക്രീറ്റിനോ ചുമരുകൾക്കോ കേടുപാടുകളൊന്നുമില്ല.പ്രേംനസീർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 31 വർഷമാകുന്നു. പ്രേംനസീറെന്ന അതുല്യ പ്രതിഭയുടെ ജന്മനാട്ടിലെ ഏക അടയാളമായിട്ടാണ് ഈ വീട് അവശേഷിക്കുന്നത്. പ്രേംനസീറിന്റെ മൂന്ന് മക്കളിൽ ഇളയമകളായ റീത്തയ്ക്കാണ് കുടുംബസ്വത്തായി ഈ വീട് ലഭിച്ചത്. അടുത്തകാലത്ത് ഈ വീട് റീത്ത തന്റെ മകൾക്ക് നൽകി. മകൾ ഇപ്പോൾ കുടുംബസമേതം അമേരിക്കയിൽ സ്ഥിരതാമസമാണ്.പ്രേംനസീറിന്റെ വീട് കാണാൻ നിരവധിപേരാണ് വിവിധ സ്ഥലങ്ങളിൽനിന്നും ചിറയിൻകീഴിൽ എത്തുന്നത്. സിനിമാരംഗത്തുള്ളവരും വീട് കാണാൻ എത്താറുണ്ട്. ചിറയിൻകീഴിനെ ലോകപ്രസിദ്ധമാക്കിയ മഹാപ്രതിഭയുടെ വീട് സ്മാരകമാക്കണമെന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളത്.