*വർക്കലയിൽ റെയിൽവേ രണ്ടാം നടപ്പാല നിർമാണം മുടങ്ങി*

വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ നിർമാണം തുടങ്ങിയ രണ്ടാമത്തെ നടപ്പാലം. മാർച്ച് മാസം പൂർത്തിയാക്കേണ്ട ജോലികൾ അനിശ്ചിതമായി നീളുകയാണ്

വർക്കല∙ ആയിരക്കണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ അത്യാവശ്യമായ രണ്ടാമത്തെ നടപ്പാലം നിർമാണം അനിശ്ചിതമായി വൈകുന്നതായി ആക്ഷേപം. ഇതിനകം അൻപത് ശതമാനം നിർമാണ ജോലികൾ പൂർത്തിയാക്കിയെങ്കിലും ചില സുരക്ഷാപ്രശ്നങ്ങളുടെ പേരിൽ റെയിൽവേ തടസ്സവാദം ഉന്നയിച്ചതും കരാറുകാരന്റെ നിലവിലെ ബില്ലുകൾ മാറാത്തതും കാരണം  നിർമാണം നിശ്ചിത സമയത്ത് പൂർത്തിയാക്കാനായില്ല. ഒന്നാം നമ്പർ പ്ലാറ്റ്ഫോമും രണ്ടാമത്തെ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്റെ ഇരുഭാഗത്തും തൂണുകൾ (ഐബീം) നാട്ടി പരസ്പരം ബന്ധിപ്പിക്കുന്ന പാലവും ഇതിനകം ഘടിപ്പിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബർ–നവംബർ മാസങ്ങളിലാണ് നിർമാണം ആരംഭിച്ചത്. പ്രത്യേക ക്രെയിൻ ഉപയോഗിച്ചും കോഴിക്കോട്ടെ ഖലാസികളുടെ സഹായത്താലും ആദ്യഘട്ടം ജോലികൾ പൂർത്തിയാക്കി. എന്നാൽ തൂണുകൾ ഉറപ്പിച്ച ശേഷം ഓവർഹെഡ് ലൈനും അതിനു മുകളിലൂടെയുള്ള നടപ്പാലവും തമ്മിൽ നിശ്ചിത അകലം പാലിക്കുന്നില്ലെന്ന സുരക്ഷാപ്രശ്നം റെയിൽവേ ഉയർത്തിക്കാണിച്ചത് കാരണം ജോലികൾ പതിയെ സ്തംഭനത്തിലേക്ക് നീങ്ങാനിടയായി. 

രണ്ടു കോടിയോളം രൂപ ചെലവുള്ള പാലം നിർമാണത്തിലെ ബില്ലുകൾ സമയത്ത് മാറാത്തതും ജോലി തുടരാൻ തടസ്സമായെന്നു കരാറുകാരനും പറയുന്നു. ഈ വർഷം മാർച്ചിൽ പൂർത്തിയാക്കേണ്ട ജോലികൾ അനിശ്ചിതമായി നീളുന്ന സ്ഥിതിയാണിപ്പോൾ. നിലവിൽ റെയിൽവേ ഉയർത്തിയ തടസ്സവാദം പരിഹരിച്ചു ജോലികൾ ഉടൻ പുനരാരംഭിക്കാമെന്ന് പ്രതീക്ഷയിലാണെങ്കിലും ബില്ലുകൾ മാറുന്നതിന് റെയിൽവേ തന്നെ കനിയണമെന്നതാണ് സ്ഥിതിയെന്നാണു കരാറുകാരൻ പറയുന്നത്.

വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷന്റെ മധ്യഭാഗത്ത് നിലവിലുള്ള നടപ്പാലത്തിന്റെ തെക്ക് ഭാഗത്താണ് പുതിയത് സ്ഥാപിക്കുന്നത്. എസ്കലേറ്റർ (ചലനകോവണിപ്പടി) സൗകര്യവും ഭാവിയിൽ പരിഗണിക്കുന്നുണ്ട്. സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി പ്ലാറ്റ്ഫോം ഉയരവും ഒപ്പം നീളം കൂട്ടൽ ജോലികളും മറ്റൊരു കരാർ പ്രകാരം ഇതോടൊപ്പം പുരോഗമിക്കുകയാണ്. 24 കോച്ചുകൾ വരെയുള്ള ട്രെയിനുകൾക്ക് ഇരു പ്ലാറ്റ്ഫോമിലും ഉൾക്കൊള്ളുന്ന രീതിയിൽ നിർത്താനാവശ്യമായ നവീകരണജോലികളും ഇടക്കാലത്ത് മന്ദഗതിയിലായിരുന്നുവെങ്കിലും പുന:രാരംഭിച്ചിട്ടുണ്ട്.